UPDATES

സ്ത്രീകളെ മാറ്റി നിര്‍ത്തരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്; എന്നാല്‍ ഇല്ലാത്ത ഉത്തരവിന്റെ പേരില്‍ നടക്കുന്നത് ഭരണഘടനാലംഘനം

സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന തരത്തില്‍ ഒരു നിയമവും ഇല്ലെന്നും വിഷയത്തില്‍ അടിയന്തിരമായി ഇടപെടുമെന്നും റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍

സ്ത്രീകളുടെ സാക്ഷിമൊഴിക്കും ഒപ്പിനും വിലകല്‍പ്പിക്കാത്ത റവന്യൂ ഓഫീസുകളുടെ നടപടി തെറ്റെന്ന് സര്‍ക്കാര്‍. എന്നിട്ടും തുടരുന്ന നിയമലംഘനം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് റവന്യൂവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍. സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താതെയിരിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെ ലംഘനമാണെന്ന് റവന്യൂ ഗൈഡ് വ്യക്തമാക്കുന്നു. എന്നാല്‍ പല തവണയായി ഇക്കാര്യം നിര്‍ദ്ദേശിച്ചിട്ടും റവന്യൂ ഓഫീസുകളില്‍ നിയമലംഘനം തുടരുകയാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഇറക്കിയ റവന്യൂ ഗൈഡിലാണ് സ്ത്രീകളുടെ സാക്ഷിമൊഴി സ്വീകരിക്കാത്തത് സംബന്ധിച്ച പരാമര്‍ശമുള്ളത്. 2015-ലും 2016-ലും 2017-ലും ഇറക്കിയ റവന്യൂ ഗൈഡില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമ്പോള്‍ ‘മൊഴിയെടുക്കല്‍’ എന്ന വിഭാഗത്തില്‍ ഇക്കാര്യം വിശദീകരിക്കുന്നു. ‘പല ഓഫീസുകളിലും സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താതിരിക്കുന്നതായി കാണുന്നു. സ്ത്രീകളുടെ മൊഴി രേഖപ്പെടുത്താതിരിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതയുടെ ലംഘനമാണ്’ എന്ന് ഇതില്‍ പരാമര്‍ശമുണ്ട്.

Institutte of land and disaster management thiruvanandhapuram പ്രസിദ്ധീകരിച്ച 2015 ലെ റവന്യൂ ഗൈഡ് പേജ് 132

2017 -ലെ റവന്യൂ ഗൈഡിലും ഇക്കാര്യം ആവര്‍ത്തിച്ചിരിക്കുന്നു

എന്നാല്‍ ഇത്തരമൊരു കീഴ്‌വഴക്കം റവന്യൂ വകുപ്പിന് കീഴില്‍ ഉള്ള കാര്യം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ എ.ടി ജോസ് പറയുന്നു. എന്നാല്‍ കമ്മീഷ്ണറുടെ സാക്ഷിപത്രത്തോടൊപ്പം ഇറക്കുന്ന റവന്യൂ ഗൈഡില്‍ തുടര്‍ച്ചയായി ഇക്കാര്യം പ്രതിപാദിക്കുന്ന കാര്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഇക്കാര്യം പരിശോധിച്ചതിന് ശേഷം പ്രതികരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റവന്യൂ വകുപ്പില്‍ സാക്ഷിരേഖപ്പെടുത്തലുകളില്‍ നിന്ന് സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് സംബന്ധിച്ച് ‘അഴിമുഖം’ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു: (സ്ത്രീകളുടെ സാക്ഷിക്ക് പുല്ലുവില; ആണുങ്ങളുടെ ഒപ്പിന് മാത്രം വിലയുള്ള നമ്മുടെ വില്ലേജ് ഓഫീസുകള്‍) നിയമത്തിന്റെ അടിസ്ഥാനമില്ലാതെ വില്ലേജ് ഓഫീസുകള്‍ മുതലുള്ള റവന്യൂ ഓഫീസുകളില്‍ തുടര്‍ന്ന് വരുന്ന ഈ സമ്പ്രദായത്തെ പല റവന്യൂ ഉദ്യോഗസ്ഥരും എതിര്‍ക്കുകയും ചെയ്യുന്നു. തങ്ങള്‍ക്ക് അറിവില്ല എന്ന് മേലുദ്യോഗസ്ഥര്‍ പറയുമ്പോഴും സ്ത്രീകളുടെ സാക്ഷിമൊഴികളെ അവഗണിച്ച് പുരുഷന്‍മാരുടേതിന് മാത്രം വിലകല്‍പ്പിക്കുന്ന റവന്യൂ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ഉണ്ടെന്ന് തെളിയിക്കുന്നതാണ് റവന്യൂ ഗൈഡിലൂടെ സര്‍ക്കാര്‍ തുടര്‍ച്ചയായി നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ എന്ന് റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ പറയുന്നു.

വസ്തുതര്‍ക്കം മുതലായ കാര്യങ്ങളില്‍ സാക്ഷിമൊഴി രേഖപ്പെടുത്തുമ്പോള്‍ അതത് പ്രദേശത്ത് കാലങ്ങളായി ജീവിക്കുന്നവര്‍ തന്നെ വേണമെന്നുണ്ട്. സ്ത്രീകള്‍ വിവാഹം കഴിച്ച് മറ്റു സ്ഥലങ്ങളിലേക്ക് എത്തുന്നവരായതിനാല്‍ ആണ് സാക്ഷിമൊഴികള്‍ കണക്കിലെടുക്കേണ്ടതില്ല എന്ന പലപ്പോഴായി തീരുമാനമായത് എന്നാണ് ഇപ്പോഴും ഈ കീഴ്‌വഴക്കം തുടരുന്ന ചില വില്ലേജ് ഓഫീസര്‍മാര്‍ പറയുന്ന ന്യായം. മറ്റുചിലര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഇറക്കിയെന്ന് പറയപ്പെടുന്ന സര്‍ക്കുലറിന്റെ ബലത്തിലാണ് തങ്ങള്‍ ഇത് ചെയ്യുന്നതെന്ന് അവകാശപ്പെടുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു സര്‍ക്കുലറോ വ്യവസ്ഥയോ ഇല്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. റവന്യൂ ഗൈഡിലെ നിര്‍ദ്ദേശം അതിന് തെളിവായി അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന തരത്തില്‍ ഒരു നിയമവും ഇല്ലെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യന്‍ പ്രതികരിച്ചു. താന്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. “അത്തരത്തില്‍ ഒരു പ്രവണത ശ്രദ്ധയില്‍ പെട്ടിട്ടില്ല. സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന തരത്തില്‍ ഇവിടെ ഒരു നിയമവും ഇല്ല. അങ്ങനെ ചെയ്യാന്‍ പാടുള്ളതുമല്ല. എന്റെ അറിവില്‍ അങ്ങനെയൊരു നിയമമില്ല. റവന്യൂ വകുപ്പില്‍ ഇരിക്കുന്ന രണ്ട് വര്‍ഷക്കാലം കൊണ്ട് ഞാന്‍ മനസ്സിലാക്കിയ ഒന്നുണ്ട്. ഈ വകുപ്പില്‍ പതിവുകളാണ് പലതും, നിയമമല്ല. എന്തായാലും ഞാന്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടും.”

കാലാകാലങ്ങളായി തുടരുന്ന ഈ കീഴവഴക്കം മൂലം പ്രളയദുരിത ബാധിത പ്രദേശത്തെ ജനങ്ങളും ഏറെ ദുരിതമനുഭവിക്കുകയാണ്. ദുരന്തത്തില്‍ നിന്ന് കരകയറി വരുന്ന സാധാരണക്കാരെ പലപ്പോഴും അയല്‍സാക്ഷിമൊഴികളുടെ പേരില്‍ വില്ലേജ് ഓഫീസര്‍മാര്‍ വട്ടംകറക്കുന്നതായി റിപ്പോര്‍ട്ടുകളുമുണ്ട്.

സ്ത്രീകളുടെ സാക്ഷിക്ക് പുല്ലുവില; ആണുങ്ങളുടെ ഒപ്പിന് മാത്രം വിലയുള്ള നമ്മുടെ വില്ലേജ് ഓഫീസുകള്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍