UPDATES

ഭരണത്തിന്റെ വിലയിരുത്തലല്ല, മലപ്പുറത്ത് വിധിയെഴുതിയത് ബീഫിന്റെ രാഷ്ട്രീയം

കണ്‍കെട്ട് വിദ്യകള്‍ എക്കാലത്തും വിജയിക്കില്ലെന്ന താക്കീതാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് നല്‍കുന്നത്

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് നേടിയ വമ്പന്‍ വിജയത്തില്‍ അമ്പരന്ന് നില്‍ക്കുകയാണ് എല്‍ഡിഎഫും ബിജെപിയും. കുഞ്ഞാലിക്കുട്ടിയുടെ വിജയം രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചത് തന്നെയാണെങ്കിലും അതിന് ഇത്രത്തോളം കരുത്ത് ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് നേടിയ ഭൂരിപക്ഷത്തിനടുത്ത് എത്താനായില്ലെങ്കില്‍ അത് കുഞ്ഞാലിക്കുട്ടിയുടെ പരാജയമാകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്. ആകെ വോട്ട് ചെയ്തതിന്റെ 52 ശതമാനത്തോളം വോട്ടായിരുന്നു അഹമ്മദ് അന്ന് നേടിയത്. എന്നാല്‍ അതിലേറെ നേടി മലപ്പുറത്തു നിന്നും ആധികാരികമായി തന്നെയാണ് കുഞ്ഞാലിക്കുട്ടിയുടെ വിജയം. ഭരണവിരുദ്ധ വികാരമാണ് തന്റെ വിജയത്തിന് സഹായകമായതെന്ന് കുഞ്ഞാലിക്കുട്ടി അവകാശപ്പെടുന്നുണ്ടെങ്കിലും അത് എത്രത്തോളം ശരയാണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. പ്രതിപക്ഷത്തുള്ള ഒരു നേതാവായിട്ടും താന്‍ ജയിച്ചത് സര്‍ക്കാരിനോട് ജനങ്ങള്‍ക്കുള്ള എതിര്‍പ്പ് മൂലമാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ എംബി ഫൈസല്‍ ഇക്കുറി നേടിയ വോട്ടുകളുടെ എണ്ണം പരിശോധിച്ചാല്‍ ഭരണവിരുദ്ധ വികാരമല്ല മലപ്പുറത്ത് പ്രതിഫലിച്ചതെന്ന് വ്യക്തമാകും. 2014ല്‍ പികെ സൈനബ 2,42,984 വോട്ടുകളാണ് നേടിയത്. അത് ഒരു ലക്ഷത്തിലേറെ വര്‍ദ്ധിപ്പിച്ച് 3,44,307 വോട്ടുകളാക്കാന്‍ ഫൈസലിന് സാധിച്ചു. അതേസമയം 2014ല്‍ താന്‍ നേടിയ 64,705 വോട്ട് എന്നത് 65,662 വോട്ടാക്കാന്‍ മാത്രമാണ് ബിജെപിയുടെ എന്‍ ശ്രീപ്രകാശിന് സാധിച്ചത്. മണ്ഡലത്തില്‍ മൂന്ന് വര്‍ഷത്തിനിടെ ഒന്നര ലക്ഷത്തോളം വോട്ടര്‍മാരുടെ വര്‍ദ്ധനവ് ഉണ്ടായപ്പോഴാണ് ഇത്. ഇ അഹമ്മദിനേക്കാള്‍ ഭൂരിപക്ഷത്തില്‍ കുറവുണ്ടായെങ്കിലും അദ്ദേഹം നേടിയ 4,37,723 വോട്ടുകള്‍ 5,15,330 ആക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് സാധിച്ചു.

71.2 ശതമാനം പോളിംഗാണ് 2014ല്‍ മലപ്പുറത്തുണ്ടായത്. ഇത്തവണ അത് 71.33 ശതമാനമായി വര്‍ദ്ധിച്ചിരുന്നു. പോള്‍ ചെയ്തതിന്റെ 52 ശതമാനം വോട്ടുകളും അഹമ്മദ് നേടിയപ്പോള്‍ കുഞ്ഞാലിക്കുട്ടി 55 ശതമാനം വോട്ടുകളാണ് നേടിയത്. 36.8 ശതമാനം വോട്ടുകള്‍ എല്‍ഡിഎഫ് നേടി. എന്നാല്‍ വെറും ഏഴ് ശതമാനം മാത്രമാണ് ബിജെപിയ്ക്ക് ലഭിച്ചത്. ഇതില്‍ നിന്നും കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിച്ചത് കേരളത്തിലെ ഭരണവിരുദ്ധ വികാരമല്ല പകരം ബിജെപിയുടെ മുസ്ലിം വിരുദ്ധ നിലപാടുകളാണെന്ന് വ്യക്തമാകും. അഹമ്മദിനെതിരെ മത്സരിച്ച പല രാഷ്ട്രീയ പാര്‍ട്ടികളും ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെന്നതും ബിജെപി വിരുദ്ധ വികാരം പ്രകടമാക്കുന്നു. അതില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 47,853 വോട്ടുകള്‍ നേടിയ എസ്ഡിപിഐയുടെ അസാന്നിധ്യമാണ് ഏറ്റവും ശ്രദ്ധേയം. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പി ഇസ്മായിലും 29,216 വോട്ടുകള്‍ കഴിഞ്ഞ തവണ നേടിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനും എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവയ്ക്കുമായി ആകെ ലഭിച്ചത് 5,14,792 വോട്ടുകളായിരുന്നു. ഇതില്‍ നിന്നും 533 വോട്ടുകള്‍ മാത്രമാണ് ഇത്തവണ കുഞ്ഞാലിക്കുട്ടിക്ക് കുറഞ്ഞത്.

കുഞ്ഞാലിക്കുട്ടിയുടെ ജയം എളുപ്പമാക്കാനായി ഈ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നിന്നുവെന്ന് വേണം മനസിലാക്കാന്‍. കേന്ദ്രത്തിലെ ബിജെപിയുടെ ഭരണത്തോടുള്ള എതിര്‍പ്പ് തന്നെയാണ് ഇതിന് കാരണം. ബിജെപിയുടെ മുസ്ലിം വിരുദ്ധ നിലപാടുകളും ബീഫ് നിരോധനം പോലുള്ള വൈകാരിക ഇടപെടലുകളും ഇവിടുത്തെ മുസ്ലിം വോട്ടുകളെ ലീഗിലേക്ക് ഏകോപിപ്പിക്കുകയാണ് ചെയ്തത്. മുസ്ലിം വിരുദ്ധ നിലപാടുകള്‍ മലപ്പുറത്ത് തിരിച്ചടിയാകുമെന്ന് മുന്‍കൂട്ടിക്കണ്ട് ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശ് ബിജെപി ജയിച്ചാല്‍ ഹലാലാക്കിയ ബീഫ് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയതാണ് ഇതിന് ഏറ്റവും നല്ല തെളിവ്.

മലപ്പുറത്ത് ബീഫ് ലഭ്യമാക്കുമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഉറപ്പുപറയുമ്പോഴും സംഘപരിവാര്‍ സംഘടനകള്‍ ദേശീയ ബീഫ് നിരോധനം ആവശ്യപ്പെടുന്നത് അദ്ദേഹത്തിന്റെ വാക്കുകളിലെ പൊള്ളത്തരം വിളിച്ചുപറയുകയും ചെയ്തു. അടുത്തകാലത്ത് അധികാരത്തിലേറിയ ഉത്തര്‍പ്രദേശില്‍ ഉള്‍പ്പെടെ ബീഫിന്റെ പേരില്‍ ബിജെപി നടത്തുന്ന ആക്രമണങ്ങളും മലപ്പുറത്തെ വോട്ടര്‍മാരെ ചിന്തിപ്പിച്ചിട്ടുണ്ടാകും. സമീപകാലത്ത് നടന്ന പല തെരഞ്ഞെടുപ്പുകളിലും ബിജെപി നടത്തിയ മുന്നേറ്റം മലപ്പുറത്ത് യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ല. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിലും മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ എന്നിവിടങ്ങളിലെ തദ്ദേശ തെരഞ്ഞെടുപ്പുകളിലും ബിജെപി നേടിയ വിജയങ്ങള്‍ മലപ്പുറത്തും പ്രതിഫലിക്കുമെന്നാണ് ആദ്യം മുതല്‍ വിലയിരുത്തപ്പെട്ടിരുന്നത്.

ലീഗിന്റേത് വര്‍ഗ്ഗീയ കക്ഷികളെ കൂട്ടുപിടിച്ചുള്ള മുന്നേറ്റമാണെന്ന് പറയുമ്പോഴും എന്തുകൊണ്ടാണ് അങ്ങനെയൊരു കൂട്ടുകെട്ട് ഉണ്ടായതെന്ന് ചിന്തിക്കുന്നതും നല്ലതാണ്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ തണലില്‍ രാജ്യവ്യാപകമായി ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ തന്നെയാണ് അതിന് പ്രധാന കാരണം. ഹിന്ദുത്വ അജണ്ടയോട് ചെറുത്തുനില്‍ക്കാന്‍ മുസ്ലിം സംഘടനകള്‍ ഒന്നിച്ചു നില്‍ക്കണമെന്ന് അവര്‍ക്ക് തോന്നിയിരിക്കുന്നു. ബിജെപിയിലേക്കോ എല്‍ഡിഎഫിലേക്കോ വകമാറ്റപ്പെട്ടേക്കാമായിരുന്ന വോട്ടുകളെല്ലാം തന്നെ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് അതിനാലാണ്. ബിജെപിയുടെ വോട്ടുകളിലുണ്ടായ വ്യത്യാസവും ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്. 954 വോട്ടുകള്‍ മാത്രമാണ് ഇക്കുറി അവര്‍ അധികമായി നേടിയത്. കഴിഞ്ഞ തവണ ബിജെപിയ്ക്ക് വോട്ട് ചെയ്ത വോട്ടര്‍മാര്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടമായതിന്റെ തെളിവാണ് അത്. അതേസമയം 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ട് വിഹിതവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി വളരെയധികം വോട്ടുകള്‍ അവര്‍ക്ക് നഷ്ടമായെന്നും മനസിലാക്കാം. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ നിന്നുമായി 2016ല്‍ ബിജെപി സ്ഥാനാര്‍ത്ഥികളെല്ലാം ചേര്‍ന്ന് 73,477 വോട്ടുകള്‍ നേടിയിരുന്നു. എന്നാല്‍ ശ്രീപ്രകാശ് ഇക്കുറി നേടിയത് 65,662 വോട്ടുകളാണ്. അതായത് 7815 വോട്ടുകളുടെ കുറവാണ്. ഇതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പ് ബിജെപിയുടെ മുസ്ലിം വിരുദ്ധ നിലപാടുകളോടുള്ള വിലയിരുത്തലായിരുന്നുവെന്ന് പറയാന്‍ സാധിക്കുന്നത്.

മലപ്പുറം തെരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ചയായ വിഷയങ്ങളിലൊന്ന് ബീഫ് ആണ്. രാജ്യവ്യാപകമായി ബീഫ് നിരോധനം നടപ്പാക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ മാറിയും തിരിഞ്ഞും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയെങ്കിലും ചിലയിടങ്ങളില്‍ ബിജെപി നിലപാട് മയപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും മറ്റും ബീഫ് അനുകൂല നിലപാടുകള്‍ അവര്‍ സ്വീകരിച്ചത് ഇതിനാലാണ്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഭരണം നേടുകയെന്ന ലക്ഷ്യം ഉറപ്പിച്ചിറങ്ങിയിരിക്കുന്ന ബിജെപി മലപ്പുറം പോലുള്ള മുസ്ലിംഭൂരിപക്ഷ മേഖലകളില്‍ തങ്ങളുടെ നിലപാടുകള്‍ ഗുണം ചെയ്യില്ലെന്ന് മനസിലാക്കേണ്ടിയിരിക്കുന്നു. എല്‍ഡിഎഫിന് തെരഞ്ഞെടുപ്പില്‍ നേട്ടമോ കോട്ടമോ ഉണ്ടായിട്ടില്ലെങ്കിലും ഇടതുപക്ഷത്തിന് സ്വാധീനമുണ്ടായിരുന്ന പല മേഖലകളിലും ഇക്കുറി യുഡിഎഫിന് നേട്ടമുണ്ടായെന്നത് ശ്രദ്ധേയമാണ്. ബിജെപിയുടെ മുസ്ലിം വിരുദ്ധ നിലപാടുകള്‍ക്ക് മറുപടി നല്‍കാന്‍ മുസ്ലിംലീഗിന് സാധിക്കുമെന്ന് ഇവിടുത്തെ വോട്ടര്‍മാര്‍ ചിന്തിക്കുന്നു. അവര്‍ മുഖ്യശത്രുവായി കാണുന്നത് ബിജെപിയെയാണെന്നും വ്യക്തം.

കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷമോ ഫൈസലിന്റെ വിജയമോ എന്നതിന് അപ്പുറം ബിജെപിയുടെ തകര്‍ച്ചയായിരുന്നു അവര്‍ ആഗ്രഹിച്ചത്. അത് തെരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാകുകയും ചെയ്തു. എസ്ഡിപിഐയെയും വെല്‍ഫെയര്‍ പാര്‍ട്ടിയെയും കൂടാതെ ജമാഅത്ത്, ഇകെ സുന്നി പോലുള്ള സംഘടനകളും മുസ്ലിംലീഗിനാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തം. മോദി സര്‍ക്കാരിന്റെ വികസനം ചൂണ്ടിക്കാട്ടി സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്ത് നടത്തുന്ന കാവിവല്‍ക്കരണത്തെ മറച്ചു പിടിച്ചാണ് ഇക്കാലമത്രെയും ബിജെപി വോട്ട് തേടിയിരുന്നതും നേടിയിരുന്നതും. എന്നാല്‍ ഇത്തരം കണ്‍കെട്ട് വിദ്യകള്‍ എക്കാലത്തും വിജയിക്കില്ലെന്ന താക്കീതാണ് മലപ്പുറം ഉപതെരഞ്ഞെടുപ്പ് ബിജെപിയ്ക്ക് നല്‍കുന്നത്.

 

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍