UPDATES

ട്രെന്‍ഡിങ്ങ്

അഹിന്ദുക്കളുടെ ശബരിമല പ്രവേശനം: അയ്യപ്പ ധര്‍മ്മ പ്രചാരസഭ കോടതിയിലേക്ക്

ശബരിമലയെ മുന്‍നിര്‍ത്തി കേരളത്തില്‍ സംഘപരിവാര്‍ ശക്തികള്‍ ആസൂത്രണം ചെയ്യുന്ന വര്‍ഗ്ഗീയ ധ്രുവീകരണമാണ് ഈ ഹര്‍ജിയോടെ വ്യക്തമായിരിക്കുന്നത്

കേരളത്തിലെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായിരുന്ന ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കാന്‍ നീക്കം. അഖില ഭാരതീയ അയ്യപ്പ ധര്‍മ്മ പ്രചാര സഭയാണ് ഈ നീക്കത്തിന് പിന്നില്‍. കേരള സര്‍ക്കാരിനെയാണ് ഈ പൊതുതാല്‍പര്യ ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയിരിക്കുന്നത്.

1965ലെ ഹിന്ദു ക്ഷേത്ര പ്രവേശന ചട്ടത്തിലെ 3(എ) വകുപ്പ് പ്രകാരം ശബരിമലയില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് വിലക്കണം എന്നാണ് ആവശ്യം. അഹിന്ദുക്കളെ ശബരിമലയിലേക്ക് കൊണ്ടു പോകുന്ന ഉഗദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടും. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹര്‍ജ്ജിക്കാര്‍ സുപ്രിംകോടതിയിലോ ഏതെങ്കിലും ഹൈക്കോടതികളിലോ ഇക്കാര്യം ആവശ്യപ്പെട്ട് മറ്റ് പരാതികളൊന്നും നല്‍കിയിട്ടില്ലെന്നും അഡ്വ. ഉഷ നന്ദിനി വി തയ്യാറാക്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു. അടുത്തിടെ സുപ്രിംകോടതി വിധി പ്രഖ്യാപിച്ച ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്ന വിധിയുടെ പശ്ചാത്തലത്തില്‍ അഹിന്ദുക്കളെ ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കണമെന്നാണ് ആവശ്യം.

പത്തിനും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയിലുണ്ടായിരുന്ന വിലക്ക് നീക്കം ചെയ്ത സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ വിധി അടുത്തിടെയാണ് പുറത്ത് വന്നത്. ലിംഗ സമത്വം ഉറപ്പുവരുത്തുന്ന ഈ വിധി നടപ്പാക്കുന്നത് ആചാരങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ചുള്ള പ്രതിഷേധങ്ങള്‍ ശബരിമലയില്‍ ശക്തമായി തുടരുകയാണ്. ഇതിനിടെയാണ് അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ഹര്‍ജി നല്‍കാനുള്ള നീക്കം നടക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തോട് ബന്ധപ്പെട്ടാണ് വാവര് പള്ളിയും സ്ഥിതിചെയ്യുന്നത്. ശബരിമലയില്‍ അയ്യപ്പനെ തൊഴാന്‍ പോകുന്നവര്‍ വാവരെയും തൊഴുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമാണ്. അതിനാല്‍ തന്നെ എല്ലാ മതവിശ്വാസികള്‍ക്കും കാലാകാലങ്ങളായി ശബരിമലയില്‍ പ്രവേശിക്കാം. ഈ മതസൗഹാര്‍ദ്ദത്തെ തുരങ്കം വയ്ക്കുന്നതാണ് പുതിയ നീക്കം.

ശബരിമലയെ മുന്‍നിര്‍ത്തി കേരളത്തില്‍ സംഘപരിവാര്‍ ശക്തികള്‍ ആസൂത്രണം ചെയ്യുന്ന വര്‍ഗ്ഗീയ ധ്രുവീകരണമാണ് ഈ ഹര്‍ജിയോടെ വ്യക്തമായിരിക്കുന്നത്. ആര്‍എസ്എസ് അംഗങ്ങളായ അഭിഭാഷകരെക്കൊണ്ട് ഹര്‍ജി നല്‍കി ശബരിമലയില്‍ സ്ത്രീപ്രവേശനം വേണമെന്ന് വിധി സമ്പാദിച്ചത് സംഘപരിവാര്‍ തന്നെയാണെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. എന്നാല്‍ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേര് പറഞ്ഞ് അയ്യപ്പ ഭക്തന്മാരെ ഈ വിധിക്കെതിരെ തെരുവിലിറക്കുകയാണ് അവര്‍ ചെയ്തത്. പ്രതിഷേധ സമരമായി തുടങ്ങി ഇപ്പോള്‍ കനത്ത പ്രക്ഷോഭമാണ് ശബരിമലയില്‍ നടക്കുന്നത്. ശബരിമലയിലേക്ക് എത്തുന്ന മാധ്യമപ്രവര്‍ത്തകരും ഉദ്യോഗസ്ഥരുമുള്‍പ്പെടെയുള്ള സ്ത്രീകളെ തടയുകയും മര്‍ദ്ദിച്ച് തിരികെയോടിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. തുടര്‍ന്ന് പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തു. ശബരിമലയെ മുന്‍നിര്‍ത്തി വര്‍ഗ്ഗീയകലാപം സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ നീക്കമാണിതെന്നാണ് ആരോപണം. ഇതിലൂടെ കേരളത്തില്‍ ബിജെപിയെ രാഷ്ട്രീയമായി വളര്‍ത്താനുള്ള ഗൂഢാലോചനയാണ് ഇവര്‍ നടപ്പാക്കുന്നതെന്നും ആരോപിക്കപ്പെടുന്നു.

പ്രതിഷേധം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ളയുടെ ആഹ്വാനം ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. ശബരിമല വിഷയത്തെ പരമാവധി കത്തിച്ച് 2019ലെ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യുകയാണ് അവരുടെ ലക്ഷ്യം. നിലക്കലില്‍ സ്ത്രീകളെ തടയുകയും ആക്രമിക്കുകയും ചെയ്ത സമരാനുകൂലികളെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി ഓടിച്ചപ്പോള്‍ വിശ്വാസികളെ ക്രൂരമായി തല്ലിച്ചതച്ചത് ഒരു അഹിന്ദുവായ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണെന്ന് പറഞ്ഞ് ശ്രീധരന്‍ പിള്ള ഈ വിഷയത്തില്‍ വര്‍ഗ്ഗീയത കലര്‍ത്തിയിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് വേഷം കെട്ടിച്ച് സന്നിധാനത്തെത്തിക്കാന്‍ ശ്രമം നടക്കുന്നതായും പിള്ള ആരോപിച്ചു. ഇതിനെതിരെ പോലീസിലെ വിശ്വാസികള്‍ ഉണരണമെന്നാണ് പിള്ള പറയുന്നത്. ഇപ്പോള്‍ അഹിന്ദുക്കളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന ഹര്‍ജിയിലൂടെ ഈ വര്‍ഗ്ഗീയത ആളിക്കത്തിക്കാനാണ് നീക്കം നടക്കുന്നത്.

ഇതിനിടെ ശബരിമല ദക്ഷിണേന്ത്യയിലെ അയോധ്യയാണെന്നാണ് വിശ്വഹിന്ദു പരിഷത് വിശേഷിപ്പിക്കുന്നത്. അതിനാല്‍ തന്നെ അയോധ്യയില്‍ നടന്നതിന് സമാനമായ ആക്രമണങ്ങള്‍ കേരളത്തിലും ആസൂത്രണം ചെയ്യാനുള്ള നീക്കങ്ങളായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ഇന്ന് അയ്യപ്പ ദര്‍ശനം നടത്തിയ 52കാരിയുടെ കണ്ണില്‍ കണ്ടത് ആത്മീയ സാക്ഷാത്ക്കാരമല്ല, പച്ചയായ ഭയമാണ്

ആക്ടിവിസ്റ്റുകളെ മല ചവിട്ടിക്കണ്ട, അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചാല്‍ മതി

ശബരിമല LIVE: ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് ശബരിമല ദര്‍ശനത്തിന്; സുരക്ഷ ഒരുക്കി പോലീസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍