UPDATES

ട്രെന്‍ഡിങ്ങ്

‘ഡൈവോഴ്സ് ആവശ്യപ്പെടാമായിരുന്നല്ലോ, എന്തിനെന്നെ ഐഎസിന്റെ പേരില്‍ കുടുക്കി?’ എന്‍ഐഎ വെറുതെ വിട്ടിട്ടും റിയാസിന്റെ ദുരിതങ്ങള്‍ തീരുന്നില്ല

തന്നെ ഐഎസ് ഭീകരര്‍ക്ക്‌ ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഭാര്യയുടെ പരാതി, എന്നാല്‍ എന്‍ഐഎ റിയാസിനെതിരെയുള്ള കേസുകള്‍ തള്ളിക്കളഞ്ഞു

ഹിന്ദുമതത്തില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ മുസ്ലീം സമുദായക്കാരനായ യുവാവിനെ ഐഎസ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്യിച്ചുവെന്ന് ആരോപണം. കണ്ണൂര്‍ ന്യൂ മാഹി സ്വദേശിയായ റിയാസാണ് എല്ലാ കേസുകളില്‍ നിന്നും എന്‍ഐഎ മോചിപ്പിച്ചിട്ടും ഇന്നും സംശയത്തിന്റെ നിഴലില്‍ ജീവിക്കേണ്ടി വരുന്നുവെന്ന് പരാതിപ്പെടുന്നത്. തന്നെ ഐഎസ് തീവ്രവാദികള്‍ക്ക് ‘ലൈംഗിക അടിമ’യായി വില്‍ക്കാന്‍ റിയാസ് ശ്രമിച്ചുവെന്നായിരുന്നു ഭാര്യയുടെ പരാതിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മൂന്നിനാണ് റിയാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്. തന്നെ നിര്‍ബന്ധിതമായി മതം മാറ്റിയെന്നും ഐഎസിന് വില്‍ക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ച് ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഇതിനു പിന്നില്‍ മറ്റെന്തൊക്കെയോ കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്ന് റിയാസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

2013-ലാണ് റിയാസും പത്തനംതിട്ട സ്വദേശിയായ യുവതിയും തമ്മില്‍ പ്രണയത്തിലാകുന്നത്. ബംഗളുരുവില്‍ ഒരുമിച്ച് പഠിച്ചിരുന്ന ഇരുവരും 2016 മെയ് മാസത്തില്‍ വിവാഹിതരായി. പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ചെങ്കിലും ഇരു വീട്ടുകാരുടേയും പിന്തുണ വിവാഹത്തിനില്ലായിരുന്നു.

മൂന്നു മാസങ്ങള്‍ക്കു ശേഷം മാതാവ് കുളിമുറിയില്‍ വീണെന്നും അതിനാല്‍ അടിയന്തിരമായി വീട്ടിലെത്തണമെന്നും പെണ്‍കുട്ടിക്ക് പിതാവിന്റെ ഫോണ്‍ സന്ദേശം ലഭിച്ചു. എന്നാല്‍ വീട്ടിലെത്തിയപ്പോഴാണ് ഇത് പെണ്‍കുട്ടിയെ തിരിച്ചു വീട്ടിലെത്തിക്കാനുള്ള മാര്‍ഗമായിരുന്നുവെന്ന് മനസിലാകുന്നതെന്ന് റിയാസ് പറയുന്നു. താന്‍ വീട്ടുതടങ്കലിലാണെന്ന് പെണ്‍കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് റിയാസ് കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന് 2016 ഒക്‌ടോബറില്‍ കോടതി കേസ് പരിഗണിച്ചപ്പോള്‍ താന്‍ റിയാസിനെ സ്വന്തം ഇഷ്ടത്തിനാണ് വിവാഹം കഴിച്ചതെന്ന് വ്യക്തമാക്കിയതോടെ പെണ്‍കുട്ടിയെ റിയാസിനൊപ്പം വിടാന്‍ കോടതി ഉത്തരവായി.

ദമ്പതികള്‍ ഇതിനു പിന്നാലെ സൗദിയിലെ ജിദ്ദയിലേക്ക് പോവുകയും അവിടെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. എന്നാല്‍ അതിനു ശേഷം രണ്ടു മാസത്തിനുള്ളില്‍ പെണ്‍കുട്ടിയുടെ പിതാവിന് സുഖമില്ലെന്നും പെണ്‍കുട്ടി ഉടന്‍ വീട്ടിലെത്തണമെന്നും അറിയിപ്പ് വന്നു. “അവളുടെ അച്ഛന് സുഖമില്ലായിരുന്നു എന്നത് വാസ്തവമാണ്. എങ്കിലും ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ പോകുന്നതിന് ഞാന്‍ എതിരായിരുന്നു. പക്ഷേ, ഒടുവില്‍ ഞാന്‍ തന്നെയാണ് അവളെ എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി വിടുന്നത്”-റിയാസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് തുടരുന്നു.

എന്നാല്‍ ഇതിനു ശേഷം കാര്യങ്ങള്‍ മാറിമറിഞ്ഞു. 2017 നവംബറില്‍ ഹൈക്കോടതിയെ സമീപിച്ച പെണ്‍കുട്ടി റിയാസ് തന്നെ നിര്‍ബന്ധിതമായി മതം മാറ്റിയെന്നും ഐഎസിന് വില്‍ക്കാന്‍ ശ്രമിച്ചെന്നും കാണിച്ച് പരാതി നല്‍കുന്നു. “ഞാന്‍ എന്റെ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും നല്‍കിയാണ് അവളെ യാത്രയാക്കിയത്. എന്റെ ഭാര്യ വരുന്ന വിവരത്തിന് അവളുടെ ബോര്‍ഡിംഗ് പാസിന്റെ കോപ്പി കസിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. ആ ഞാന്‍ എങ്ങനെയാണ് ഭാര്യയെ തടവിലാക്കിയിരിക്കുകയാണെന്നും ഐഎസിന് വില്‍ക്കാന്‍ ശ്രമിച്ചെന്നും അവളുടെ കുടുംബക്കാര്‍ പറയുന്നത്? അവള്‍ തിരിച്ചു വരണമെന്ന് നിര്‍ബന്ധിച്ചപ്പോഴും ഞാനാണ് എല്ലാം അറേഞ്ച് ചെയ്തത്”-റിയാസ് പറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തുടര്‍ന്ന് നാട്ടിലെത്തിയ റിയാസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. “അറസ്റ്റിലായതോടെ സൗദിയില്‍ മാനേജര്‍ പദവിയിലുണ്ടായിരുന്ന എന്റെ ജോലി നഷ്ടപ്പെട്ടു, ഐഎസ് ബന്ധം ആരോപിക്കപ്പെട്ടതോടെ എന്റെ അടുത്ത വീട്ടുകാര്‍ പോലും എന്നെ ഉപേക്ഷിച്ചു. മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയുമായി പ്രണയത്തിലായി വിവാഹം കഴിക്കുന്നത് ഇത്രയേറെ കുഴപ്പങ്ങളുണ്ടാക്കുമെന്ന് ഞാന്‍ കരുതിയില്ല. സൗദിയില്‍ നിന്ന് ഞാന്‍ തിരിച്ചു വന്നത് എല്ലാവരേയും എല്ലാക്കാര്യങ്ങളും ബോധ്യപ്പെടുത്താമെന്ന പ്രതീക്ഷയോടെയാണ്. എന്നാല്‍ എന്‍ഐഎ എന്നെ അറസറ്റ് ചെയ്യുകയാണ് ചെയ്തത്”– റിയാസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

“എനിക്കെന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്ന് വിശ്വാസമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ അറസ്റ്റിലായി. ജാമ്യം ലഭിക്കുന്നതിന് മുമ്പ് 76 ദിവസം ജയിലില്‍ കഴിഞ്ഞു. എല്ലാവരും സംശയത്തോടെയാണ് എന്നെ നോക്കുന്നത്. എന്നോട് ഇടപഴകാന്‍ പോലും ആളുകള്‍ തയാറാകുന്നില്ല. എന്റെ സ്വന്തം വിട്ടുകാര്‍ക്ക് പോലും ഞാന്‍ അപരിചിതന്‍ എന്ന പോലെയാണ്”– റിയാസ് പറയുന്നു.

പരാതി നല്‍കിയതിനു ശേഷം ഭാര്യയുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് പറയുന്ന റിയാസ് ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു: “അവള്‍ക്ക് വേണമെങ്കില്‍ എന്നില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെടാമായിരുന്നല്ലോ. പക്ഷേ ഐഎസ് ബന്ധമാരോപിച്ചത് ക്രൂരമാണ്”.

റിയാസിനെതിരെ യുഎപിഎ അടക്കമുള്ള കുറ്റങ്ങളായിരുന്നു എന്‍ഐഎ ചുമത്തിയിരുന്നത്. എന്നാല്‍ ഐഎസ് ബന്ധം എന്ന ആരോപണം തള്ളിക്കളയുകയും യുഎപിഎ വകുപ്പുകള്‍ എന്‍ഐഎ ഒഴിവാക്കുകയും ചെയ്തതായി എറണാകുളം പോലീസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. “റിയാസിനെതിനെതിരെ ഒരു തെളിവുകളും കണ്ടെത്താന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഞങ്ങള്‍ അന്വേഷിക്കുന്ന കേസ് ഐപിസി സെക്ഷന്‍ 498(എ) പ്രകാരം ഒരു സ്ത്രീയോട് ഭര്‍ത്താവ് ക്രൂരത കാണിച്ചു എന്നതു മാത്രമാണ്”– പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍