UPDATES

കലയ്ക്ക് ജാതി ഇല്ലെന്നോ? ആര്‍എല്‍വി കോളേജിലെ ജാതി പീഡനം; കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ഉന്നതകല’യില്‍ ദളിതര്‍ക്കെന്ത് കാര്യം? തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത്‌ നൃത്താധ്യാപികയെ പുറത്തുനിര്‍ത്തുമ്പോള്‍

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ ദളിത് നൃത്താധ്യാപികയായ ഹേമലത ടീച്ചര്‍ നേരിടേണ്ടിവരുന്നത് കൊടിയ ജാതി പീഡനമാണെന്ന കാര്യം പുറത്തുവന്നിരുന്നു. ‘ഉന്നത’കലയില്‍ ദളിതരെ പിന്നണിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ഉദാഹരണമായിരുന്നു ടീച്ചറുടെ ജീവിതം. തൊഴിലിടത്തില്‍ താന്‍ നേരിട്ട ജാതി പീഡനത്തെ കുറിച്ചും അതിനെതിരെ നടത്തുന്ന നിയമ പോരാട്ടത്തെ കുറിച്ചും ഹേമലത ടീച്ചര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഇതായിരുന്നു: ഉന്നതകല’യില്‍ ദളിതര്‍ക്കെന്ത് കാര്യം? തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ദളിത്‌ നൃത്താധ്യാപികയെ പുറത്തുനിര്‍ത്തുമ്പോള്‍. എന്താണ് അവിടെ ശരിക്കും നടക്കുന്നത്? കൂടുതല്‍ വിവരങ്ങള്‍.

കൊച്ചി രാജാവായിരുന്ന കേരള വര്‍മ്മ തമ്പുരാന്‍ 1936 ല്‍ സ്ഥാപിച്ച രാധാലക്ഷ്മി വിലാസം അക്കാദമി ഓഫ് മ്യൂസിക് ആണ് ഇപ്പോഴത്തെ ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്, തൃപ്പൂണിത്തുറ. കേരളവര്‍മ്മയുടെ മകളുടെയും ഭാര്യയുടെയും പേരാണ് രാധയും ലക്ഷ്മിയും. പിന്നീട് 1956ല്‍ സര്‍ക്കാര്‍ ഈ കോളേജ് ഏറ്റെടുക്കുകയായിരുന്നു. 1998ല്‍ കോളേജ് മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തു. നേരത്തെ സവര്‍ണജാതിയില്‍ പെട്ട കുട്ടികളാണ് അധികവും ഇവിടെ പഠിച്ചിരുന്നത്. ഗവണ്‍മെന്റ് ഏറ്റെടുത്തതോടെയാണ് എല്ലാ വിഭാഗത്തില്‍ പെട്ട കുട്ടികളും ഇവിടെ പഠിക്കാന്‍ എത്തിത്തുടങ്ങിയത്. അതുകൊണ്ട് തന്നെ പുറത്തുള്ള ജാതി വിവേചനത്തിന്റെ പ്രശ്‌നങ്ങള്‍ കോളേജിനകത്തും പല രീതിയില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. അധ്യാപകരില്‍ ഭൂരിപക്ഷം പേരും സവര്‍ണ വിഭാഗത്തില്‍ പെട്ടവരായിരുന്നു.

ഹേമലത ടീച്ചറെ പോലെ ജാതി വിവേചനത്തിന് ഇരയായ ഒരാളാണ് ഭരതനാട്യത്തിന് മൃദംഗം വായിക്കുന്ന സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ് സാബു. സാബുവിന് എംപ്ലോയ്‌മെന്റ് വഴി നിയമനം ലഭിച്ചിട്ടും കോളേജ് അതോറിറ്റി ആദ്യ രണ്ട് വര്‍ഷം നിയമനം നല്‍കിയില്ല. തുടര്‍ന്ന് സാബു പട്ടികജാതി ക്ഷേമസമിതിയെ സമീപിക്കുകയായിരുന്നു. സംഘടനയുടെ ഇടപെടലിന്റെ ഫലമായി അവസാനത്തെ ഒരു വര്‍ഷമാണ് സാബുവിന് നിയമനം കിട്ടിയത്. ”സഹ അദ്ധ്യാപകരൊക്കെ നേരിട്ട് കാണുമ്പോള്‍ സംസാരിക്കുകയൊക്കെ ചെയ്യും. പക്ഷേ പ്രത്യക്ഷത്തില്‍ അല്ലാതെയുള്ള മാറ്റി നിര്‍ത്തല്‍ ഉണ്ട്. പഠിപ്പിക്കുന്ന കാലത്ത് അങ്ങനെ പ്രത്യക്ഷ അനുഭവം ഒന്നും ഉണ്ടായിട്ടില്ല. എന്നാല്‍ പുറമെ നിന്നു നോക്കുമ്പോള്‍ എന്തൊക്കെയോ പ്രശ്‌നങ്ങള്‍ അവിടെ ഉണ്ട്.

ഹേമ ടീച്ചറൊക്കെ ഒരു വര്‍ഷം പഠിപ്പിച്ച് ഇറങ്ങിയപ്പോള്‍ അവരുടെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ മോശം പരാമര്‍ശം നടത്തിയിരുന്നു. കുറച്ചു ടീച്ചര്‍മാര്‍ക്കും അങ്ങനെ ഒരനുഭവം ഉണ്ടായിരുന്നു. ടീച്ചര്‍ കേസിന് പോയിട്ടാണ് പിന്നെ അത് നീക്കിക്കൊടുത്തത്. കേസിന് പോകാനും അതിന്റെ പിറകെ നടക്കാനും ഒന്നും നമ്മള്‍ക്ക് പൈസയില്ല. പട്ടിക ജാതിക്കാരാണ്, സാമ്പത്തികമായി പിന്നോക്കമാണ് എന്നൊക്കെ അവര്‍ക്കറിയാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ കേസുമായി മുന്നോട്ട് പോകുകയില്ലെന്നും ഉറപ്പായിരുന്നു. എനിക്കും ടീച്ചറിനും മാത്രമല്ല വേറെ പല ടീച്ചേഴ്സിനും ഇത്തരം അനുഭവങ്ങള്‍ ഉണ്ട്. എന്നാല്‍ പലരും പുറത്ത് പറയാന്‍ മടിക്കുന്നത് ജാതി പുറത്ത് പറയാന്‍ മടിയുള്ളത് കൊണ്ടും പുറത്ത് പ്രോഗ്രാമുകള്‍ കിട്ടില്ല എന്ന് ഭയന്നിട്ടുമാണ്. ആര്‍ക്കെതിരെയാണോ പരാതി പറയുന്നത്, അവരുടെ കൂടെയാണ് പിന്നേയും പ്രോഗ്രാമിനും മറ്റും നടക്കേണ്ടത്. അവര്‍ നമ്മളെ പിന്നെ പരിപാടിക്ക് വിളിക്കണ്ട എന്ന് തീരുമാനിച്ചാല്‍ നമ്മുടെ വരുമാന മാര്‍ഗമാണ് ഇല്ലാതാവുക. കല കൊണ്ടാണല്ലോ ഞങ്ങളൊക്കെ ജീവിക്കുന്നത്. അതുകൊണ്ടാണ് എല്ലാവരും പുറത്ത് പറയാന്‍ മടിക്കുന്നത്.’‘ സാബു പറഞ്ഞു.

ഭരതനാട്യം ഡിപ്പാര്‍ട്‌മെന്റിലെ അധ്യാപികയായിരുന്ന ശ്യാമള ടീച്ചര്‍ക്ക് എംപ്ലായ്‌മെന്റ് വഴി കോളേജില്‍ നിന്നു ഇന്റര്‍വ്യൂ കാര്‍ഡ് വരികയും ടീച്ചര്‍ ഇന്റര്‍വ്യൂവിന് ഹാജരാവുകയും ചെയ്തു. അന്ന് ഇന്റര്‍വ്യൂ ചെയ്യാന്‍ പറ്റില്ല എന്ന് പറഞ്ഞുകൊണ്ട്, നിയമപ്രശ്‌നങ്ങള്‍ പറഞ്ഞ് കോളേജ് അധികൃതര്‍ ടീച്ചറെ തിരിച്ചയക്കുകയായിരുന്നു. ടീച്ചര്‍ നേരിട്ട് കോടതിയെ സമീപിക്കുകയും കോടതി ആ വര്‍ഷത്തെ ഇന്റര്‍വ്യൂ സ്റ്റേ ചെയ്യുകയും ചെയ്തു. എന്നാല്‍ പിറ്റേവര്‍ഷം ഇന്റര്‍വ്യൂവിന് വിളിക്കാതെയാണ് കോളേജ് ടീച്ചറോട് പ്രതികാരം ചെയ്തത്. പിന്നീട് 2017 വരെയുള്ള വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ടീച്ചര്‍ ഇന്റര്‍വ്യൂവിന് ഹാജരാകുന്നുണ്ടെങ്കിലും ഇതുവരെ ടീച്ചര്‍ക്ക് ഒരു അവസരം പോലും ലഭിച്ചിട്ടില്ല. 2002ല്‍ ആര്‍എല്‍വി കോളേജില്‍ നിന്ന് തന്നെ സെക്കണ്ട് ക്ലാസോടെ ഭരതനാട്യം എംഎ പഠനം പൂര്‍ത്തിയാക്കിയ ആളാണ് ശ്യാമള ടീച്ചര്‍.

”ഞാന്‍ 2002ല്‍ ആര്‍എല്‍വിയില്‍ നിന്ന് ഭരതനാട്യം കോഴ്‌സ് കഴിഞ്ഞതാണ്. അത് കഴിഞ്ഞിട്ട് ഇന്ന് വരെ എനിക്ക് അവിടെ നിയമനം ലഭിച്ചിട്ടില്ല. സാധാരണ എംപ്ലായ്‌മെന്റില്‍ നിന്നാണല്ലോ പോസ്റ്റിംഗ് നടക്കുന്നത്. എല്ലാവര്‍ഷവും ഇന്റര്‍വ്യൂന് വിളിക്കും. നിയമനം കിട്ടാറില്ല. 2013 ല്‍ ഇന്റര്‍വ്യൂന് വിളിച്ചിട്ട് എന്നെ അറ്റന്‍ഡ് ചെയ്യിപ്പിച്ചില്ല. അതിനെതിരെ ഒരു കേസോക്കെ കൊടുത്തിട്ടുണ്ടായിരുന്നു ഞാന്‍. ഇന്റര്‍വ്യൂന് വിളിച്ചിട്ട് ഞാന്‍ അവിടെ ചെന്നു. ഇന്റര്‍വ്യൂ തുടങ്ങുന്നത് വരെ ഒന്നും പറഞ്ഞില്ല. ആദ്യം എന്റെ പേരാണ് വിളിച്ചത്. എന്നിട്ട് എന്നോട് പറഞ്ഞു നിങ്ങളെ ഇന്റര്‍വ്യൂവില്‍ പങ്കെടുപ്പിക്കാന്‍ പറ്റില്ല എന്നും എന്തൊക്കെയോ നിയമ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും. കൃത്യമായ ഒരു കാരണം അവര്‍ പറഞ്ഞില്ല. ഞാന്‍ എസ്‌സിയാണ്. അതിന്റെ ഒരു അവഹേളനമായിട്ടാണ് അതെനിക്ക് തോന്നിയത്. ആ രീതിയിലാണ് ഞാന്‍ കേസ് കൊടുത്തത്. ഞാന്‍ ഹൈക്കോര്‍ട്ടില്‍ നേരിട്ട് കേസ് കൊടുക്കുകയായിരുന്നു. അവര്‍ അന്വേഷണത്തിന് കോളേജില്‍ വന്നിട്ടൊക്കെയുണ്ടായിരുന്നു. അധികൃതര്‍ എന്നോടു പറഞ്ഞത് ആ ഒരു പോസ്റ്റിലേക്ക് അല്ല വിളിച്ചത് എന്നാണ്. അങ്ങനെയാണെങ്കില്‍ അവര്‍ ഇന്റര്‍വ്യൂന് വിളിക്കാന്‍ പാടില്ലല്ലോ. അവര്‍ അതും ഇതും പറഞ്ഞ് ഒഴിവാക്കുകയാണ് ചെയ്തത്. ശരിക്കും ജൂനിയര്‍ ലെക്ചറുടെ പോസ്റ്റായിരുന്നു. അതിന്റെ ഇന്റര്‍വ്യൂ തന്നെയാണ് അവിടെ നടന്നത്. എപ്ലോയ്‌മെന്റ് നിയമന പ്രകാരം അവിടെ രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും ഓരോ വര്‍ഷം മാറിമാറി കൊടുക്കണം എന്നാണ്. ഞാന്‍ 2002ല്‍ കോഴ്‌സ് കഴിഞ്ഞതാണ്. ഇതിപ്പോള്‍ 2017 ആയി. ഇതുവരെയായിട്ടും ഒരു ഇന്റര്‍വ്യൂവിനും ഹാജരാകാതിരുന്നിട്ടും ഇല്ല. പതിനഞ്ച് വര്‍ഷമായിട്ട് ഞാന്‍ അവിടെ കയറിയിറങ്ങിയിട്ട് ഇതുവരെ ഒരു പോസ്റ്റിംഗ് തന്നിട്ടില്ല. വെറുതെ ഇന്റര്‍വ്യൂന് വിളിക്കും എന്നിട്ട് മാറ്റിനിര്‍ത്തും.

ഇന്റര്‍വ്യൂ കഴിഞ്ഞ് ലിസ്റ്റിടുമ്പോള്‍ നാല് സീറ്റേ ഉള്ളൂ എങ്കില്‍ അഞ്ചാമത്തെ റാങ്ക് ആയിട്ട് എന്റെ പേരിടുക. മൂന്നു സീറ്റാണെങ്കില്‍ എന്റെ പേര് നാലാമതായിട്ട് ഇടും. ഒരു സീറ്റ് ആണെങ്കില്‍ എന്റെ പേര് രണ്ടാമത് വരും. എനിക്ക് ഇതുവരെ ഉണ്ടായിട്ടുള്ള അനുഭവം അങ്ങനെയാണ്. എനിക്കെന്ന് മാത്രമല്ല ഈ എസ്‌സി വിഭാഗത്തില്‍ പെട്ട ഒരു വിധം എല്ലാവര്‍ക്കും ഇത് തന്നെയാണ് അനുഭവം. എസ്‌സിക്കാര്‍ക്ക് അവര്‍ കൊടുക്കില്ല. ഇപ്പോള്‍ എടുത്തിരിക്കുന്ന പോസ്റ്റുകള്‍ പരിശോധിച്ച് കഴിഞ്ഞാല്‍ അതില്‍ എല്ലാം ഈ നായന്മാരും നമ്പൂതിരിമാരും ആയിട്ടുള്ള ആളുകളാണ്. എസ്‌സിക്ക് ഒരു സീറ്റ് നിര്‍ബ്ബന്ധമായി ഉള്ളത് കൊണ്ട് അവര്‍ കാശ് കൊടുത്ത് ആരെങ്കിലും കേറുകയാണെങ്കില്‍ അവര്‍ക്കങ്ങ് കൊടുക്കും. അതല്ലെങ്കില്‍ വല്ല പാര്‍ട്ടിക്കാരുമായി പിടിപാടുള്ള ആളുകള്‍ക്കാണെങ്കില്‍ അവര്‍ക്ക് കൊടുക്കും. ഇപ്പോ എന്റെ കൂടെ തന്നെ എത്രയോ കുട്ടികള്‍ അറ്റന്‍ഡ് ചെയ്യുന്നുണ്ട് അവിടെ. ഒരാളും ഇന്നുവരെ കയറിയിട്ടില്ല. 35 വയസ് കഴിഞ്ഞ വിവാഹം കഴിക്കാത്ത സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്കൊരു പരിഗണന വേണം എന്ന് നിയമത്തില്‍ ഉള്ളതുകൊണ്ടാണ് ഹേമ ടീച്ചര്‍ക്ക് അവസരം കിട്ടുന്നത്.

ഇപ്പോള്‍ തന്നെ അവിടെ പിഎസ്‌സി നിയമനം നടന്നിട്ട് വര്‍ഷങ്ങളായി. ഇപ്പോള്‍ ഒരൊറ്റ ടീച്ചര്‍മാര്‍ പെര്‍മനന്റായിട്ട് ഇല്ല. എല്ലാ വര്‍ഷവും എംപ്ലായ്‌മെന്റില്‍ നിന്നാണ് വിളിക്കുന്നത്. എംപ്ലായ്‌മെന്റില്‍ നിന്ന് വിളിക്കുന്നു എന്നു പറഞ്ഞാല്‍ അതില്‍ പേര് റെജിസ്റ്റര്‍ ചെയ്തവര്‍ക്കൊന്നും അങ്ങനെ വല്യ ഗുണങ്ങള്‍ ഒന്നും ഇല്ല. കയറുന്ന ആള്‍ക്കാര്‍ തന്നെ വര്‍ഷങ്ങളായിട്ട് അവിടെ പിടിച്ചിരിക്കുകയാണ്. ഈ എംപ്ലായ്‌മെന്റ് നിയമം അനുസരിച്ച് ഒരു അവസരം എങ്കിലും ഒരാള്‍ക്ക് കൊടുക്കണം എന്നുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് ഞാന്‍ എംപ്ലായ്‌മെന്റ് വഴിയൊക്കെ കുറെ പ്രാവശ്യം കയറിയിറങ്ങിയതാണ്. അവര്‍ക്ക് പരാതി സ്വീകരിക്കാന്‍ വകുപ്പില്ല. കോളേജിലേക്ക് റിപ്പോര്‍ട്ട് കൊടുക്കാനെ പാറ്റുകയുള്ളൂ എന്നാണ് അവര്‍ പറയുന്നത്. ഞാന്‍ അവരോട് പറഞ്ഞു, ഇത്രയും വര്‍ഷമായിട്ട് കയറിക്കൊണ്ടിരിക്കുന്നത് സ്ഥിരമായിട്ട് കയറുന്നവര്‍ തന്നെയാണെന്ന്. അപ്പോള്‍ ഇത്രയും വര്‍ഷമായിട്ട് നിങ്ങള്‍ക്ക് ഇതുവരെ നിയമനം കിട്ടിയില്ലേ എന്നാണ് അവര്‍ എന്നോട് ഇങ്ങോട്ട് ചോദിക്കുന്നത്. കാലടി സംസ്കൃത സര്‍വകലാശാലയിലൊന്നും ഞാന്‍ അപേക്ഷിക്കാറില്ല. എവിടെ പോയാലും ഇതൊക്കെ തന്നെയാണ് അവസ്ഥ. ഇപ്പോള്‍ പിഎസ്‌സി വിളിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പരീക്ഷ കഴിഞ്ഞു. അതിന്റെ ലിസ്റ്റ് ഒന്നും വന്നിട്ടില്ല. ഇത് തന്നെ ഇപ്പോള്‍ മര്യാദക്കാണോ ലിസ്റ്റ് വരിക എന്ന കാര്യത്തില്‍ എനിക്കു വല്യ ഉറപ്പോന്നും ഇല്ല. പറവൂരിനടുത്ത് ഒരു സിബിഎസ്‌സി സ്‌കൂളില്‍ ടീച്ചറായി ജോലി ചെയ്യുകയാണ് ശ്യാമള ടീച്ചര്‍ ഇപ്പോള്‍.

”ആര്‍എല്‍വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സ് എന്നാണ് നിലവിലെ പേര്. ഫൈന്‍ ആര്‍ട്‌സിനെ തടയുക എന്ന ചില പ്രശ്‌നങ്ങളും അതിനകത്ത് ഉണ്ട്. എല്ലാറ്റിലും സവര്‍ണ ആധിപത്യം ഉറപ്പിക്കാന്‍ വേണ്ടിയിട്ടാണ് ഇവര്‍ ഇതൊക്കെ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നത്. അവിടെ പ്രിന്‍സിപ്പാള്‍ ഒക്കെ ആയിട്ട് വരുന്ന ആളുകള്‍ എപ്പോഴും സംഗീതവുമായി ബന്ധപ്പെട്ട ആളുകളാണ്.” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുന്‍ വിദ്യാര്‍ത്ഥി പറഞ്ഞു.

”താഴ്ന്ന ജാതിയില്‍ പെട്ട ആളുകള്‍ക്ക് ഈ പ്രൊഫഷനില്‍ നിന്ന് പോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പേര് വരെ മാറ്റിയിട്ട് പ്രോഗ്രാം ചെയ്യുന്ന ആളുകള്‍ ഒക്കെ അവിടെയുണ്ട്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ നിന്ന് വന്നിട്ട് വസ്ത്രധാരണ രീതിയില്‍ പോലും സവര്‍ണ സംഗീതഞ്ജരെ പോലെ നടക്കുന്നവരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്താണ് നിങ്ങള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ഞങ്ങള്‍ അവരോട് ചോദിച്ചപ്പോള്‍ അത് ഈ പ്രൊഫഷനില്‍ നിന്നു പോകാന്‍ വേണ്ടിയിട്ടാണ് എന്നാണ് അവര്‍ പറഞ്ഞത്. ഇത്തരം ജാതീയമായ വേര്‍തിരിവ് ത്തന്നെയാണ് ഹേമ ടീച്ചറെ പോലുള്ളവരെ ഇതില്‍ നിന്നു തടയുന്നത്.’‘ ഇയാള്‍ പറയുന്നു.

”ഞാന്‍ കുട്ടികളുടെ ജാതിയും മതവും ഒന്നും നോക്കാറില്ല. കുട്ടികളുടെ പെര്‍ഫോമന്‍സ് നോക്കിത്തന്നെയാണ് കുട്ടികളെ വിലയിരുത്തിയിരുന്നത്. അപ്പോള്‍ ചില എതിര്‍പ്പുകള്‍ ഒക്കെ ഉണ്ടാകാറുണ്ട്. ഞാന്‍ അതൊന്നും വകവെച്ചു കൊടുക്കാറില്ല.’‘ മുന്‍ പ്രിന്‍സിപ്പല്‍ വനജം ടീച്ചര്‍ പറഞ്ഞു. പുറത്തുള്ള ജാതി വിവേചനം കോളേജിനകത്തും ഉണ്ടാകാറുണ്ട് എന്നു തന്നെയാണ് ടീച്ചറുടെയും അഭിപ്രായം.

തനിക്കെതിരെയുള്ള ജാതി പീഡനത്തിന് നേതൃത്വം കൊടുത്തു എന്ന് ഹേമലത ടീച്ചര്‍ ആരോപിക്കുന്ന ഭരതനാട്യം ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് മാധവന്‍ നമ്പൂതിരി അഴിമുഖത്തോട് പറഞ്ഞത് ഇങ്ങനെയാണ്.

”ടീച്ചര്‍ അവിടെ പല പ്രാവശ്യം ഗസ്റ്റ് ലക്ചര്‍ ആയിട്ട് ഇരുന്നിട്ടുണ്ട്. ഈ ഇഷ്യൂ ഉണ്ടായ വര്‍ഷം അവിടെ മോഹിനിയാട്ടത്തില്‍ ഉണ്ടായിരുന്ന ഒരു കുട്ടി ഈ ടീച്ചര്‍ ഹരാസ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ട് ഒരു പരാതി പ്രിന്‍സിപ്പള്‍ക്ക് കൊടുത്തു. കോളേജ് യൂണിയനും ഒരു പരാതി പ്രിസിപ്പല്‍ക്ക് കൊടുത്തു. പ്രിന്‍സിപ്പാള്‍ പരാതിയില്‍ അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. അന്ന് ടീച്ചര്‍ ഗസ്റ്റായിരുന്നല്ലോ. അതുകൊണ്ട് പ്രിന്‍സിപ്പാള്‍ ആണ് നിയമന അതോറിറ്റി. പരാതി വ്യാജമാണെന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. കുട്ടിയും രക്ഷാകര്‍ത്താക്കളും പരാതി തന്നിട്ടുണ്ട്. ക്ലാസ്സിലെ മറ്റ് കുട്ടികളെയെല്ലാം വിളിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെ ഭയങ്കരമായിട്ട് കുട്ടിയെ ടീച്ചര്‍ ഹരാസ് ചെയ്യുന്നുണ്ട് എന്ന് പറഞ്ഞു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പാള്‍ അങ്ങനെ ചെയ്തത്. അല്ലാതെ നമുക്ക് വ്യക്തിപരമായിട്ട് ടീച്ചറിനോട് വിരോധത്തിന് സാധ്യതകള്‍ ഒന്നും ഇല്ല. ടീച്ചര്‍ ആരോപിക്കുന്നത് പോലെ ജാതിപരമായിട്ട് ഒരു ഇഷ്യൂ ഒന്നും ഇവിടെ ഇല്ല. ടീച്ചര്‍ ഇവിടെ അതിനു മുമ്പും വര്‍ക്ക് ചെയ്തിട്ടുണ്ടല്ലോ. കുട്ടിയുടെ പരാതി കോളേജ് യൂണിയന്റെ പരാതി, കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി ഇതെല്ലാം കോളേജില്‍ ലഭ്യമാണ്.”

എന്നാല്‍ ആ പ്രശ്‌നം അന്ന് അവസാനിച്ചതാണെന്നും അതിനെ കുറിച്ച് ഒന്നും പറയാനില്ല എന്നുമാണ് കോളേജില്‍ നിന്ന് വിരമിച്ച പ്രിന്‍സിപ്പല്‍ ഗോവിന്ദന്‍ നമ്പൂതിരി അഴിമുഖത്തോട് പറഞ്ഞത്.

ആര്‍എല്‍വി കോളേജില്‍ ജാതി വിവേചനം ഉള്ളതായി തങ്ങളുടെ ശ്രദ്ധയില്‍ അങ്ങനെ വന്നിട്ടില്ല എന്നു പറയുമ്പോഴും ഹേമടീച്ചറുടെയും സാബുവിന്റെയും പ്രശ്‌നത്തില്‍ തങ്ങള്‍ ഇടപെട്ടതായി പട്ടികജാതി ക്ഷേമ സമിതി എറണാകുളം ജില്ല സെക്രട്ടറി ശിവരാജന്‍ സമ്മതിക്കുന്നുണ്ട്.

”അവിടെ നിയമനം പിഎസ്‌സി വഴിയാണ് നടത്തേണ്ടത്. പിഎസ്‌സി വഴി അവിടെ നിയമനം നടക്കുന്നില്ല. താല്‍ക്കാലികമായിട്ട് അതാത് വര്‍ഷത്തേക്കുള്ള നിയമനങ്ങളാണ് നടക്കുന്നത്. അങ്ങനെ നടക്കുമ്പോള്‍ അവിടെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ വരുന്ന ആള്‍ക്കാരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചാണ് പലപ്പോഴും കാര്യങ്ങള്‍ നടക്കുന്നത്. അവിടത്തെ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടാക്കാന്‍ കഴിയണമെങ്കില്‍ അവിടത്തെ ഒഴിവുകള്‍ പിഎസ്‌സി വഴി നികത്തണം. ഞങ്ങളുടെ നിലപാട് അതാണ്. ഹേമലത ടീച്ചര്‍ ഞങ്ങളെ സമീപിച്ച സന്ദര്‍ഭങ്ങളിലൊക്കെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ ഞങ്ങള്‍ അത് പെടുത്തിയിട്ടുണ്ട്. ആ പരാതിയുമായി ബന്ധപ്പെട്ട് രണ്ട് വാദഗതികള്‍ ഉണ്ട്. ഞാന്‍ അതിലേക്കൊന്നും കടക്കുന്നില്ല. അവിടെ ഇപ്പോള്‍ വര്‍ഷാവര്‍ഷം നിയമനം നടക്കുകയാണ്. അപ്പോള്‍ നിലവില്‍ വരുന്ന ഇന്റര്‍വ്യൂ ബോര്‍ഡിന് താല്‍പര്യം ഉള്ള ആളെ നിയമിക്കുക എന്നുള്ളതാണ് അവിടെ നടക്കുന്നത്. ഡാന്‍സ്, അതുപോലെ തന്നെ വായ്പ്പാട്ട്, മൃദംഗം ഇതൊക്കെയാണല്ലോ അവിടെ പഠിപ്പിക്കുന്നത്. ഇതിലൊന്നും നമ്മളാരും വിദഗ്ധര്‍ ഒന്നും അല്ലല്ലോ. അതുകൊണ്ട് അതിന്റെ മെറിറ്റിലേക്ക് കടന്നിട്ട് നമ്മള്‍ക്ക് ഒന്നും പറയാന്‍ പറ്റില്ല.”

തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ ജാതി വിവേചനം ഉണ്ടെന്ന് തന്നെയാണ് ഞങ്ങള്‍ ബന്ധപ്പെട്ട ദളിത് വിഭാഗത്തില്‍ പെട്ട നിരവധി ഉദ്യോഗാര്‍ഥികളും പറയുന്നത്. 2016ല്‍ ഒരു ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതും ഈ ഒരു പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട്. അത് എസ്എഫ്‌ഐ – എബിവിപി രാഷ്ട്രീയ പ്രശ്‌നമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കലയ്ക്ക് ജാതിയില്ല എന്നു പറയുമെങ്കിലും ഏറ്റവും കൂടുതല്‍ ജാതി വിവേചനം നിലനില്‍ക്കുന്ന മേഖലയാണ് കലാരംഗം എന്ന് തെളിയിക്കുകയാണ് ഭരതനാട്യം നര്‍ത്തകിയായ ഹേമലത ടിച്ചറുടെയും മറ്റ് ദളിത് അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അനുഭവങ്ങള്‍.

സഫിയ ഫാത്തിമ

സഫിയ ഫാത്തിമ

എഡിറ്റോറിയല്‍ അസിസ്റ്റന്‍റ്, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍