UPDATES

വടകരയിൽ ‘കൊലയാളി ജയിക്കാതിരിക്കാൻ അടവുനയ’മെന്ന് ആർഎംപി; യുഡിഎഫിനെ പിന്തുണയ്ക്കും

ജയരാജന്റെ സ്ഥാനാർത്ഥിത്വത്തോടെ മറ്റ് പരിഗണനകളെല്ലാം അപ്രസക്തമായെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍.

വടകര സീറ്റിൽ മത്സരിക്കാനില്ലെന്ന് ആർഎംപി നേതൃത്വം. മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി പി ജയരാജന്റെ തോൽവി മാത്രമാണ് ലക്ഷ്യം. ഇതിനായി യുഡിഎഫിന് പിന്തുണ നൽകുമെന്ന് ആർഎംപി നേതാക്കളായ എൻ വേണു, കെകെ രമ എന്നിവർ അറിയിച്ചു. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പങ്കുള്ളയാളാണ് പി ജയരാജനെന്ന് ഇരുവരും ആരോപിച്ചു. ഒരു കൊലയാളി മണ്ഡലത്തിൽ ജയിക്കുന്നതിനോട് യോജിക്കാനാകില്ല.

സംസ്ഥാനത്താകമാനം അക്രമ രാഷ്ട്രീയത്തിനെതിരായ പ്രവർത്തനത്തിൽ പങ്കു ചേരുമെന്ന് കെകെ രമ പറഞ്ഞു. ആർഎംപി രൂപീകരിച്ചതിനു ശേഷം എല്ലാ തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു. എന്നാൽ ഇത്തവണ ജയരാജന്റെ തോൽവി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ നീക്കം. ഇതിനായി അടവുനയം സ്വീകരിക്കുമെന്ന് കെകെ രമ വ്യക്തമാക്കി.

അതെസമയം വടകരയിലെ സ്ഥാനാർത്ഥി ആരാണെന്ന കാര്യത്തിൽ യുഡിഎഫിൽ വ്യക്തത വന്നിട്ടില്ല. വിദ്യ ബാലകൃഷ്ണന്റെ പേരാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. വടകരയ്ക്കു പുറമെ മൂന്ന് ലോകസഭാ മണ്ഡലങ്ങളിൽ ആർഎംപി മത്സരിക്കുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഈ നിലപാടിൽ നിന്ന് പാർട്ടി പിന്നാക്കം പോകുകയാണെന്ന് അറിയുന്നു.

ജയരാജന്റെ സ്ഥാനാർത്ഥിത്വത്തോടെ മറ്റ് പരിഗണനകളെല്ലാം അപ്രസക്തമായെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍. ഏതുവിധേനയും ജയരാജന്റെ തോൽവി ഉറപ്പാക്കേണ്ട ബാധ്യത പാർട്ടിക്കുണ്ട്.

രണ്ടായിരത്തോളം വോട്ടാണ് ആർഎംപിക്ക് വടകര ലോകസഭാ മണ്ഡലത്തിലുള്ളത്. യുഡിഎഫ് സർക്കാരാണ് പി ജയരാജനെ രക്ഷിച്ചെടുത്തതെന്ന ആരോപണം ഇപ്പോഴും ആർഎംപി ശക്തമായി ഉന്നയിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍