UPDATES

റോഹിന്‍ഗ്യകള്‍ കേരളത്തിലേക്കെന്ന് കേന്ദ്ര മുന്നറിയിപ്പ്; 14 ട്രെയിനുകള്‍ നിരീക്ഷണത്തില്‍; ആരെയും കണ്ടെത്താനായില്ല

ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തുന്ന ആലുവ, പെരുമ്പാവൂര്‍ മേഖലകളിലെ റെയില്‍ വേ സ്റ്റേഷനുകളില്‍ പ്രത്യേത നിരീക്ഷണമാണ് നടത്തുന്നത്

ഇന്ത്യയില്‍ കുടിയേറിയ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ കേരളത്തിലേക്ക് കടക്കുന്നുവെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തുന്ന കൊച്ചിയില്‍ കര്‍ശന നിരീക്ഷണം തുടരുന്നു. രണ്ടാഴ്ച പിന്നിടുന്ന നിരീക്ഷണത്തില്‍ ഇതുവരെ റോഹിന്‍ഗ്യകളെന്ന് കരുതുന്ന ആരെയും തന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സൗത്ത് റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ നിന്നും കിട്ടുന്ന വിവരം. എന്നാല്‍ ജാഗ്രതയോടെയുള്ള നിരീക്ഷണം തുടരുകയാണെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ഇക്കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ടെങ്കിലും സംസ്ഥാന ആഭ്യന്തര വകുപ്പ് വഴി വന്ന റിപ്പോര്‍ട്ട് പ്രകാരം കേരള പൊലീസിന്റെ ഘടകമായ ഗവണ്‍മെന്റ് റെയില്‍വേ പൊലീസ്(ജിആര്‍പി) തങ്ങളുടെതായ സ്വന്തം അന്വേഷണത്തിലാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ട്രെയിനുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. നോണ്‍-ലോക്കല്‍ ട്രെയിനുകളില്‍ ആയിരിക്കും ഇവര്‍ എത്തുക എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇത്തരം ട്രെയിനുകള്‍ കര്‍ശന നിരീക്ഷണത്തിനു കീഴിലാക്കിയിരിക്കുകയാണ്. സംശയം തോന്നുവരെയെല്ലാം ചോദ്യം ചെയ്യുന്നുമുണ്ട്.

ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി എത്തുന്ന ആലുവ, പെരുമ്പാവൂര്‍ മേഖലകളിലെ റെയില്‍ വേ സ്റ്റേഷനുകളില്‍ പ്രത്യേത നിരീക്ഷണമാണ് ജിആര്‍പി നടത്തുന്നത്. സംശയം തോന്നുവരെ വിശദമായ പരിശോധനകള്‍ക്കാണ് വിധേയരാക്കുന്നത്. ഇവരുടെ ഐഡന്റി കാര്‍ഡുകള്‍ വാങ്ങി പരിശോധിക്കുകയും ഇവര്‍ എവിടെ നിന്നു വരുന്നുവെന്ന് പറയുന്നുവോ അവിടെ ബന്ധപ്പെട്ട് വിശദാംശങ്ങള്‍ എടുക്കുന്നുമുണ്ട്. കൂടാതെ കേരളത്തില്‍ ഇവര്‍ തൊഴില്‍ എടുക്കാന്‍ വന്നിടത്ത് ബന്ധപ്പെട്ട് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുമുണ്ട്. എന്നാല്‍ ഇത്തരം പരിശോധനകള്‍ക്കിടയില്‍ ഇതുവരെയും റോഹിന്‍ഗ്യകളായിട്ടുള്ള ആരെയും തന്നെ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൗത്ത് റെയില്‍വേ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ദക്ഷിണേന്ത്യയിലേക്ക് എത്തുന്നുവെന്നാണ് വിവരമെന്നും അതിനാല്‍ കേരളത്തില്‍ എത്തുന്നതിനു മുന്നേ കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇവര്‍ ഇറങ്ങാനും സാധ്യതയുണ്ടെന്നു പൊലീസ് കേന്ദ്രങ്ങള്‍ പറയുന്നു.

കൊച്ചി കൂടാതെ ഇവര്‍ വന്നെത്താന്‍ സാധ്യതയുള്ള എല്ലായിടത്തും ഇതുപോലെ ശക്തമായ നിരീക്ഷണം നടക്കുന്നുണ്ടെന്നും മറ്റിടങ്ങളില്‍ ആരെയെങ്കിലും കണ്ടെത്തിയതായി അറിയില്ലെന്നും കൊച്ചിയിലെ പൊലീസ് അധികൃതര്‍ പറയുന്നു. അതേസമയം ഇത്തരമൊരു സര്‍ക്കുലര്‍ ഇപ്പോള്‍ വരുന്നതിനും മുന്നേ തന്നെ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ വരവ് കേരളത്തില്‍ ഉണ്ടാകുമെന്ന അനുമാനത്തില്‍ കേരള പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥന്‍ പറയുന്നു. കേരള പൊലീസിന്റെ ഉത്തരവില്‍ ഇക്കാര്യം പ്രത്യേകമായി പറഞ്ഞിരുന്നു. അതിനെ തുടര്‍ന്ന് മാസങ്ങള്‍ക്കു മുന്നേ ഇക്കാര്യത്തില്‍ രഹസ്യാന്വേഷണം തുടങ്ങിയിരുന്നുവെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ഇങ്ങനെയയൊരു ഉത്തരവ് ഇറങ്ങാന്‍ കാരണമെന്നും ഈ ഉദ്യോഗസ്ഥന്‍ പറയുന്നു. കേരളത്തിലേക്ക് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ എത്തി എന്നത് കൊച്ചിയുടെ കാര്യത്തില്‍ വാസ്തവമല്ലെന്നും ഇദ്ദേഹം പറയുന്നുണ്ട്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ഉള്ളവരില്‍ നിന്നും വലിയതോതില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ ട്രെയിന്‍ വഴി കേരളത്തിലേക്ക് എത്തുന്നതായാണ് റെയില്‍വേ സംരക്ഷണ സേനയും പറയുന്നത്. ചെന്നൈയില്‍ നിന്നും പ്രിന്‍സിപ്പല്‍ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ ഈ വിവരം പറഞ്ഞ് സെപ്തംബര്‍ 26നു ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളില്‍ നിന്നായി വരുന്ന റോഹിന്‍ഗ്യകള്‍ പ്രധാനമായും തങ്ങളുടെ ലക്ഷ്യസ്ഥാനമായി കാണുന്നത് കേരളത്തെയാണെന്ന മുന്നറിയിപ്പാണ് സര്‍ക്കുലറില്‍ നല്‍കിയിരിക്കുന്നത്. റോഹിന്‍ഗ്യകളുടെ സാന്നിധ്യം ഉണ്ടാകാന്‍ സാധ്യതയുള്ള 14 ട്രെയിനുകളുടെ വിവരങ്ങളും സര്‍ക്കുലറില്‍ നല്‍കിയിട്ടുണ്ട്. ഈ വണ്ടികളില്‍ കര്‍ശന നിരീക്ഷണം ഉണ്ടാകണമെന്നാണ് പറഞ്ഞിരിക്കുന്നത്. സംശയമുളളവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുകയും റോഹിന്‍ഗ്യകളെ ട്രെയിനില്‍ കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ക്കായി അതാത് സ്ഥലത്തെ അധികാര പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൈമാറേണ്ടതാണെന്നും പറയുന്നു.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടാണ് റോഹിന്‍ഗ്യകളുടെ സാന്നിധ്യം ഇന്ത്യന്‍ സര്‍ക്കാര്‍ കാണുന്നത് എന്നതിനാല്‍ ഇവരുടെ കടന്നു വരവ് അതീവ പ്രാധാന്യത്തോടെ നിരീക്ഷിക്കണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ കുടിയേറിയിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഈ വിവരം കേരളം ഉള്‍പ്പെടെ തെക്കേയിന്ത്യന്‍ സംസ്ഥാന സര്‍ക്കാരുകളെ അറിയിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയപ്പോള്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ പൗരത്വത്തിന്റെ രേഖകള്‍ ഒന്നും തന്നെ കൈവശപ്പെടുത്താനുള്ള അവസരം റോഹിന്‍ഗ്യകള്‍ക്ക് ഉണ്ടാക്കരുതെന്ന നിര്‍ദേശവും കേന്ദ്രം നല്‍കിയിട്ടുണ്ട്.

വേരോടെ പിഴുതെറിയപ്പെട്ട ഒരു ജനത; നടുക്കടലില്‍ അഭയാര്‍ത്ഥികളായി റോഹിന്‍ഗ്യകള്‍

നമുക്കും റോഹിന്‍ഗ്യകൾക്കും ഇടയിൽ അധികം ദൂരമില്ല

കീടങ്ങളെ പോലെ പിടഞ്ഞുവീഴുന്ന മനുഷ്യര്‍; റോഹിംഗ്യന്‍ ക്യാമ്പിലെത്തിയ ഒരു വനിതഫോട്ടോഗ്രാഫറുടെ അനുഭവം

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍