UPDATES

ട്രെന്‍ഡിങ്ങ്

വഴികാട്ടുന്ന കേരളം; രാജ്യത്തിന് മുഴുവന്‍ മാതൃകയാക്കാവുന്ന ‘റോഷ്നി’ വിദ്യാഭ്യാസ പദ്ധതി രൂപമെടുത്തത് ബിനാനിപുരം ഗവ. ഹൈസ്‌കൂളിലാണ്

കേരളം എങ്ങനെയാണ് രാജ്യത്തിന് മാതൃകയാകുന്നതെന്നതിന് മികവുറ്റൊരു ഉദാഹരണം തന്നെയാണ് ടീം റോഷ്‌നി. ഇതിലൂടെ ഇനിയും നമുക്ക് നിരവധി ദില്‍ഷാദുമാരെ കിട്ടുമെന്ന് പ്രതീക്ഷിക്കാം.

അറുപതു വര്‍ഷത്തെ ചരിത്രമുണ്ട് ബിനാനിപുരം ഗവ.ഹൈസ്‌കൂളിന്. ഈ വിദ്യാലയം ഇപ്പോള്‍ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധ നേടിയിരിക്കുന്നത് ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലത്തോടെയാണ്. സ്‌കൂളിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഒരു വിദ്യാര്‍ത്ഥി വിജയിച്ചു. അതും ഇതര സംസ്ഥാനക്കാരനായ വിദ്യാര്‍ത്ഥി. ബിഹാറിലെ ദര്‍ബംഗ സ്വദേശി ഭൂട്ടോ സാജിദിന്റെ മകന്‍ മുഹമ്മദ് ദില്‍ഷാദ്. കേരളം മുഴുവന്‍ ദില്‍ഷാദിന്റെ വിജയം ആഘോഷിക്കുമ്പോള്‍ ബിനാനിപുരം സ്‌കൂളിന് സന്തോഷിക്കാന്‍ കാരണങ്ങള്‍ പിന്നെയുമുണ്ട്. ആകെ പന്ത്രണ്ട് വിദ്യാര്‍ത്ഥികളായിരുന്നു സ്‌കൂളില്‍ ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. എല്ലാവരും വിജയിച്ച കൂട്ടത്തില്‍ ദില്‍ഷാദിനെ കൂടാതെ മറ്റ് മൂന്നു ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍കൂടി സ്‌കൂളിന്റെ അഭിമാനം കാത്തു. ബബിത രാജ്, ദര്‍ഷ പര്‍വീണ്‍, അന്‍വര്‍. ഇംഗ്ലീഷിനും മലയാളത്തിനും എ പ്ലസ് മാര്‍ക്ക് നേടിയാണ് ഇവരുടെ വിജയം എന്നതുകൂടി അറിയുമ്പോഴാണ് ബിനാനിപുരം സ്‌കൂളിന്റെ നേട്ടങ്ങള്‍ക്ക് വലിപ്പം കൂടുന്നത്.

ഇടയാര്‍ വ്യവസായ മേഖലയ്ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ബിനാനിപുരം സ്‌കൂളിലെ ആകെ വിദ്യാര്‍ത്ഥികളില്‍ അമ്പതു ശതമാനവും ഇതര സംസ്ഥാനക്കാരായ കുട്ടികളാണ്. ഭൂട്ടോ സാജിദിനെ പോലെ, ജീവിതം തേടിയെത്തിയവര്‍ തങ്ങള്‍ക്ക് കിട്ടാതെ പോയ സൗഭാഗ്യങ്ങള്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ ആഗ്രഹിക്കുമ്പോള്‍, ആ ആഗ്രഹങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ഒരു വിദ്യാലയം തയ്യാറായതിന്റെ ഫലം കൂടിയാണ് മുഹമ്മദ് ദില്‍ഷാദും ബബിതയും ദര്‍ഷയും അന്‍വറുമെല്ലാം.

Also Read: മുഹമ്മദ് ദില്‍ഷാദ് എന്ന ബിഹാറി ബാലനിലൂടെ കേരളം വീണ്ടും ഇന്ത്യക്ക് മാതൃകയാകുമ്പോള്‍

ബിനാനിപുരം സ്‌കൂള്‍ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തിന് തന്നെ ഒരു മാതൃകയാണ്. കേരളത്തിന് മാത്രമല്ല, ഇന്ത്യയ്ക്ക് മൊത്തതില്‍ സ്വീകരിക്കാവുന്ന മാതൃക. സര്‍ക്കാര്‍-ഉദ്യോഗസ്ഥ തലങ്ങളില്‍ നിന്നും വേണ്ടത്ര ശ്രദ്ധ കിട്ടാതെ കിടന്നൊരു സ്‌കൂള്‍ കൂടിയാണിതെന്ന് അറിയുമ്പോഴാണ് ബിനാനിപുരം ഗവ. ഹൈ സ്‌കൂളിന്റെ ഇപ്പോഴത്തെ നേട്ടങ്ങളോട് കൂടുതല്‍ ബഹുമാനം തോന്നുന്നത്. ഈ നേട്ടങ്ങള്‍ പെട്ടെന്നൊരു ദിവസം സംഭവിച്ചതുമല്ല. വാര്‍പ്പ് മാതൃകകളില്‍ നടക്കുന്ന അധ്യാപനത്തിന് വിദ്യാര്‍ത്ഥികളില്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെന്നു മനസിലാക്കി വേറിട്ടു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തയ്യാറായ അധ്യാപകരും, തന്റെ അധികാരപരിധിയില്‍ നിന്നുകൊണ്ട് വിദ്യാഭ്യാസരംഗത്ത് എന്തൊക്കെ ഇടപെടല്‍ നടത്താമെന്നു കാണിച്ചു തന്ന ഒരു ജില്ല കളക്ടറും അവര്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറായി വിദ്യാഭ്യാസ വിചക്ഷണരും വിദഗ്ധരും വന്നതോടെയാണ് ബിനാനിപുരം സ്‌കൂള്‍ ദേശീയതലത്തില്‍ വരെ ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന പിന്തുണയായി എറണാകുളം ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ ‘റോഷ്‌നി’ പദ്ധതിയുടെ വിജയം. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് സ്വീകരിക്കാവുന്ന മാതൃക.

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍ തേടിയെത്തിയവര്‍ അധികമായി അധിവസിക്കുന്ന ജില്ലയാണ് എറണാകുളം. ഒരു സാമൂഹിക ഉത്തരവാദിത്വം എന്ന നിലയില്‍ അതിഥി തൊഴിലാളികളുടെ കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിച്ച് അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ ജില്ല ഭരണകൂടം അതീവശ്രദ്ധ ചെലുത്തുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം കുട്ടികളുടെ കാര്യത്തില്‍ ഉണ്ടാകുന്ന ഒരു പ്രധാന തടസ്സം ഭാഷയാണ്. ഭാഷപരമായ പരിമിതികള്‍ പഠന തുടര്‍ച്ചയെ ബാധിക്കുന്നുണ്ട്. കൂട്ടത്തോടെ കുട്ടികള്‍ കൊഴിഞ്ഞുപോകുന്ന പ്രവണതയും വര്‍ദ്ധിച്ചിരുന്നു. ഈയൊരു സാഹചര്യം മനസിലാക്കി, അതിനെ നേരിടാന്‍ ജില്ല ഭരണകൂടം തീരുമാനിച്ചു.

2015-16 അക്കാദമിക വര്‍ഷത്തിലെ കണക്കില്‍ എടയാര്‍ വ്യവാസ മേഖലയിലെ അമ്പത് ശതമാനത്തില്‍ അധികം ഇതരസംസ്ഥാന കുട്ടികളും പഠിക്കുന്നത് ബിനാനിപുരം ഗവ. ഹൈസ്‌കൂളില്‍ ആയിരുന്നു. ഈ കുട്ടികളും ഭാഷാപരമായ പരിമിതികള്‍ നേരിട്ടിരുന്നു. ഈ പ്രശ്‌നത്തിനുള്ള പരിഹാരം ഭാഷ ശാസ്ത്രജ്ഞനും രീതി ശാസ്ത്ര ഗവേഷകനും ക്രിട്ടിക്കല്‍ ഇ.എല്‍.ടി കണ്‍സള്‍ട്ടന്റുമായ ഡോ. കെ എന്‍ ആനന്ദന്റെ അക്കാദിമക ഉപദേശത്തില്‍ സ്‌കൂള്‍ ഗവേഷണ ഗ്രൂപ്പ് ഏറ്റെടുക്കയും കുട്ടികളുടെ ഭാഷാപ്രശ്‌നത്തിന് പരിഹാരമെന്ന നിലയില്‍ കോഡ് സ്വിച്ചിംഗ് (Its refers to the switching between two or more languages varieties in a single conversation) എന്ന ബോധനതന്ത്രം ഉപയോഗിക്കുകയും ചെയ്തു. ഈ ബഹുഭാഷ ക്ലാസ് രീതിശാസ്ത്രം അത്ഭുതകരമായ മാറ്റമാണ് ഉണ്ടാക്കിയത്. ഈ പദ്ധതിയെക്കുറിച്ച് മനസിലാക്കിയ ജില്ല കളക്ടര്‍ കെ മുഹമ്മദ് വൈ സഫിറുള്ള ഐഎഎസ് ‘റോഷ്‌നി’ പദ്ധതിയായി 2017-18 അക്കാദമിക് വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ മറ്റ് സ്‌കൂളുകളിലും നടപ്പാക്കുകയും അവിടങ്ങളിലും വിജയം നേടുകയും ചെയ്തു. ദേശീയതലത്തില്‍ റോഷ്‌നി പദ്ധതി അംഗീകരിക്കപ്പെടുകയും ഇന്ത്യയിലെ സുപ്രധാന സിവിലിയന്‍ അവാര്‍ഡുകളില്‍ ഒന്നായ സ്‌കോച്ച് അവാര്‍ഡിന് അര്‍ഹമാവുകയും ചെയ്തു.

"</p

എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ 20 സ്‌കൂളുകളിലെ 600-ല്‍ പരം ഇതരസംസ്ഥാന വിദ്യാര്‍ത്ഥികളെ റോഷ്‌നി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തിയ പരിശീലനത്തില്‍ മൂന്നു മാസത്തിനുള്ളില്‍ തന്നെ എഴുപത്തിയഞ്ച് ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്കും അധ്യായന ഭാഷയായ മലയാളം സംസാരിക്കാനും എഴുതാനും വായിക്കാനും കഴിഞ്ഞു. വീടുകളിലോ അവര്‍ താമസിക്കുന്ന ചുറ്റുപാടുകളിലോ മലയാളം സംസാരിക്കാനോ എഴുതാനോ വായിക്കാനോ സാഹചര്യം ഇല്ലായിരുന്നിട്ടു കൂടിയാണ് ദില്‍ഷാദിനെ പോലുള്ള കുട്ടികള്‍ മലയാളത്തില്‍ സ്വാധീനം നേടിയത് എന്നതാണ് റോഷ്നി പദ്ധതിയുടെ വിജയം. ഒരേ ക്ലാസില്‍ തന്നെ മൂന്നും നാലും ഭാഷക്കാരായ വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന സാഹചര്യമാണ് റോഷ്‌നി പദ്ധതി നടപ്പാക്കിയ സ്‌കൂളുകളില്‍ ഉണ്ടായിരുന്നത്. ഇവിടെയെല്ലാം കോഡ് സ്വിച്ചിംഗ് ബോധന തന്ത്രമാണ് കുട്ടികളില്‍ ഭാഷാസ്വാധീനം ഉണ്ടാക്കാന്‍ സഹായകമായത്.

വിജയകരമായ ടീം റോഷ്‌നിയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ചില വ്യക്തികളെ പ്രത്യേകം എടുത്ത് പറയേണ്ടതുമുണ്ട്. അതില്‍ ഒന്നാമത്തെയാളാണ് ഡോ. കെ എന്‍ ആനന്ദന്‍. റോഷ്‌നി പദ്ധതിയില്‍ ഉപയോഗിച്ചിരിക്കുന്ന കോഡ് സ്വിച്ചിംഗ് (Code switching), ഡിസ്‌കോഴ്‌സ് ഓറിയന്റഡ് പെഡഗോജി (Discourse Oriented Pedagogy-DOP) എന്നീ ആശയങ്ങള്‍ക്ക് കടപ്പാട് റോഷ്‌നി പദ്ധതിയുടെ അക്കാദമിക് കണ്‍സള്‍ട്ടന്റ് ആയ ഡോ. കെ എന്‍ ആനന്ദനോടാണ്. 2018 ജൂണില്‍ ഡോ. കെ എന്‍ ആനന്ദന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഒരു വിഷനിംഗ് വര്‍ക്ഷോപ്പ് നടത്തുകയുണ്ടായി. 1998 ഡിപിഇപി കാലഘട്ടത്തില്‍ കേരളത്തില്‍ നടപ്പാക്കിയ Second Language Acquisition Programme(SLAP), 2005 ലെ ആറാം ക്ലാസ് ഇംഗ്ലീഷ് പാഠപുസ്തക പരിഷ്‌കരണം, 2007 ലെ Acquistion of Competence in English (ACE), 2008 ലെ Kerala Curriculum Framework(KCF) എന്നിങ്ങനെ ഡോ. കെ എന്‍ ആനന്ദന്റെ നേതൃത്വത്തില്‍ നടന്ന രണ്ടാം ഭാഷ ബോധന പരിഷ്‌കരണങ്ങള്‍ കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ഗുണപരമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതേസമയം തുടര്‍ന്നു നടന്ന പരിഷ്‌കരണങ്ങളില്‍ കോഡ് സ്വിച്ചിംഗ്, ആഖ്യാന അവതരണം എന്നീ ബോധനതന്ത്രങ്ങള്‍ക്ക് പരിഗണന കിട്ടാതെയും പോയി.

കെ എന്‍ ആനന്ദന്റെ സാന്നിധ്യം കഴിഞ്ഞാല്‍ പ്രത്യേകം എടുത്തു പറയേണ്ടവരുടെ കൂട്ടത്തില്‍ ഉള്ളതാണ് ബിനാനിപുരം സ്‌കൂളിലെ അധ്യാപികയായ ജയശ്രീ കുളക്കുന്നത്. റോഷ്‌നി പദ്ധതിയുടെ അക്കാദമിക് കോര്‍ഡിനേറ്റര്‍ കൂടിയാണ് ജയശ്രീ ടീച്ചര്‍. 1997 ല്‍ സര്‍വീസില്‍ കയറുന്ന സമയം തൊട്ട് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് നടന്ന പരിഷ്‌കരണ പദ്ധതികളുടെ റിസോഴ്‌സ് പേഴ്‌സണ്‍ ആയി സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സ്‌കൂള്‍ തലത്തിലും പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള അധ്യാപികയാണ് ജയശ്രീ. അധ്യാപനത്തിന്റെ വാര്‍പ്പ് മാതൃകകള്‍ ഉപേക്ഷിച്ച് ബദല്‍ സംവിധാനങ്ങള്‍ പ്രയോഗിക്കാനും തന്റെ അനുഭവപരിചയത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് മുറികളില്‍ നൂതന ആശയങ്ങള്‍ പരീക്ഷിക്കാനും ജയശ്രീ ടീച്ചര്‍ മുന്‍കൈയെടുത്തതിന്റെ ഫലം കൂടിയാണ് റോഷ്‌നി പദ്ധതി. റോഷ്‌നി പദ്ധതിയെ കുറിച്ച് ജയശ്രീ ടീച്ചര്‍ പങ്കുവയ്ക്കുന്ന അനുഭവങ്ങള്‍;

“2014ലാണ് ബിനാനിപുരം സ്‌കൂളില്‍ എത്തുന്നത്. യു പി ക്ലാസിലെ അധ്യാപികയായിരുന്നു. ഞാനവിടെ എത്തുമ്പോള്‍ ദില്‍ഷാദിന്റെ ബാച്ച് ആറാം ക്ലാസിലാണ്. മുഴുവന്‍ കുട്ടികളില്‍ പകുതിയിലേറെയും ഇതരസംസ്ഥാനക്കാരായവര്‍. ഏതാണ്ടെല്ലാവരും തന്നെ മലയാളത്തില്‍ വളരെ പിന്നാക്കമായിരുന്നു. ഇംഗ്ലീഷിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഞാന്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ സയന്‍സും ഇംഗ്ലീഷുമായിരുന്നു. സയന്‍സും മലയാളത്തിലാണ് പഠിപ്പിക്കുന്നത്. കുട്ടികള്‍ക്ക് പഠിപ്പിക്കുന്ന കാര്യങ്ങളൊന്നും വേണ്ടപോലെ മനസിലാകുന്നില്ല. സ്‌കൂളിന്റെ മൊത്തം അവസ്ഥയും ആ രീതിയിലായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ നിന്നും വേണ്ടത്ര ശ്രദ്ധ കിട്ടാതെ കിടന്നൊരു വിദ്യാലയം കൂടിയായിരുന്നു ആ സമയത്ത് ബിനാനിപുരം സ്‌കൂള്‍. വേണ്ടത് മൊത്തത്തിലുള്ള മാറ്റമായിരുന്നു. ചില കാര്യങ്ങളൊക്കെ ചെയ്തു നോക്കിയെങ്കിലും ആ വര്‍ഷം അവയൊന്നും തന്നെ വിജയത്തിലെത്തിയില്ല.

അടുത്ത അധ്യയന വര്‍ഷത്തില്‍ കോഴിക്കോട് നിന്നും മംഗള ഭായി എന്ന ടീച്ചര്‍ ബിനാനിപുരം സ്‌കൂളിലേക്ക് സ്ഥലം മാറിയെത്തി. വേറിട്ട് ചിന്തിക്കുന്നൊരു അധ്യാപിക. ബിനാനിപുരം സ്‌കൂളിന്റെ അവസ്ഥയില്‍ കാതലായ മാറ്റം വേണമെന്ന് മംഗള ഭായി ടീച്ചര്‍ക്കും അതിയായ താത്പര്യമുണ്ടായി. അക്കൊല്ലം ഒന്നാം ക്ലാസില്‍ ചേര്‍ന്ന 12 കുട്ടികളില്‍ ഒമ്പതു പേരും ഇതര സംസ്ഥാനക്കാരായിരുന്നു. യുപി, ബിഹാര്‍, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികള്‍. മൂന്നു കുട്ടികള്‍ മാത്രമാണ് മലയാളികള്‍. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് അധ്യാപകര്‍ പറയുന്ന ഒന്നും മനസിലാകാത്ത അവസ്ഥ. ബാക്കി ക്ലാസുകളുടെ കര്യവും വ്യത്യസ്തമല്ല. എന്നാല്‍ കുട്ടികള്‍ നേരിടുന്ന പ്രതിസന്ധി ആരും കാര്യമായി എടുക്കുന്നുമില്ല. ഈ മനോഭവത്തില്‍ ഞങ്ങള്‍ വല്ലാതെ അസ്വസ്ഥരായിരുന്നു. ഉദ്യോഗസ്ഥരോട് പറയുമ്പോള്‍ അവര്‍ക്കാര്‍ക്കും ഒന്നും ചെയ്യാനില്ല. പക്ഷേ ഒന്നും ചെയ്യാതെ ശമ്പളം മാത്രം വാങ്ങി ഇതുമൊരു ജോലി എന്ന നിലയില്‍ കാര്യങ്ങള്‍ അവഗണിക്കാന്‍ ഞങ്ങള്‍ക്കായില്ല. ഡോ. കെഎന്‍ ആനന്ദന്‍ സാറിനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളതിനാല്‍ അദ്ദേഹവുമായി ഈ കാര്യങ്ങള്‍ സംസാരിച്ചു.അദ്ദേഹമാണ് കോഡ് സ്വിച്ചിംഗ്, ഡിസ്‌കോഴ്‌സ് ഓറിയന്റഡ് പെഡഗോജി എന്നീ ആശയങ്ങള്‍ പങ്കുവയ്ക്കുന്നത്.

ക്ലാസുകളിലെ പ്രശ്‌നം എന്തെന്നു വച്ചാല്‍, ടീച്ചര്‍ മോണോ ലിംഗ്വല്‍ ആയിരിക്കും കുട്ടികള്‍ മള്‍ട്ടി ലിംഗ്വലും. ഒരു ക്ലാസില്‍ തന്നെ പല ഭാഷകള്‍ സംസാരിക്കുന്ന കുട്ടികളാണ്. ഒരു ചിത്രം കാണിച്ച് അതില്‍ എന്താണെന്നു ചോദിച്ചാല്‍ മലയാളിയായ കുട്ടിക്ക് മനസിലാകും. മറ്റ് ഭാഷക്കാരായ കുട്ടികള്‍ക്ക് ഒന്നും മനസിലാകില്ല. അവിടെയാണ് കോഡ് സ്വിച്ചിംഗ് പ്രവര്‍ത്തിച്ചത്. കോഡ് സ്വിച്ചിംഗ് എന്നാല്‍, ലളിതമായി പറഞ്ഞാല്‍; ടീച്ചര്‍ മലയാളത്തില്‍ ചോദിക്കുന്ന ഒരു കാര്യം, ഇതരഭാഷക്കാരായ കുട്ടികളോട് അവരുടെ ഭാഷ അറിയാവുന്ന മറ്റൊരാള്‍ അതേ ചോദ്യം ആവര്‍ത്തിക്കും. പൂച്ചയാണ് ചിത്രത്തില്‍ എങ്കില്‍ മലയാളി കുട്ടികള്‍ പൂച്ചയെന്നും ഹിന്ദിക്കാര്‍ ബില്ലി എന്നും പറയും. പൂച്ച എന്തു ചെയ്യുന്നൂവെന്നു ചോദിച്ചാല്‍ രണ്ടുകൂട്ടരും പൂച്ച ഓടുന്നുവെന്നുപറയും, എന്നാലത് അവരവരുടെ ഭാഷയിലായിരിക്കും. അതായത് ടീച്ചര്‍ പറയുന്ന കാര്യം രണ്ട് ഭാഷകളിലായി സ്വിച്ച് ഓവര്‍ ചെയ്യുന്നു(എത്ര ഭാഷകളുണ്ടോ അത്രയും ഭാഷകളില്‍). ഇങ്ങനെ വരുമ്പോള്‍ തങ്ങള്‍ പറഞ്ഞ ആശയത്തിന് തത്തുല്യമായ മലയാളമാണ് ടീച്ചര്‍ പറഞ്ഞതെന്നു കുട്ടികള്‍ക്ക് മനസിലാകും. ഇതരഭാഷക്കാരായ കുട്ടികള്‍ പറയുന്നതിനെയെല്ലാം ഇത്തരത്തില്‍ കോഡ് സ്വിച്ച് ചെയ്തിട്ട് മലയാളം എന്ന കോഡിലേക്ക് മാറ്റുകയാണ്. പൂച്ച ഓടുന്നുവെന്നു ടീച്ചര്‍ പറയുകയും ബോര്‍ഡില്‍ എഴുതുകയും ചെയ്താല്‍ എല്ലാ കുട്ടികള്‍ക്കും പൂച്ച ഓടുന്നുവെന്നു വായിക്കാന്‍ പറ്റും. പൂച്ച ഓടുന്നു, പട്ടി ഇരിക്കുന്നു, പൂമ്പാറ്റ പറക്കുന്നു ഇതൊക്കെ തിരിച്ചറിയാന്‍ പറ്റുന്ന കുട്ടിക്ക് പൂച്ചയേതാണ് പട്ടിയേതാണ് പൂമ്പാറ്റ എന്താണ്, ഇരിക്കുന്നു എന്നാല്‍ എന്താണ് എന്നീ കാര്യങ്ങളും മനസിലാകും. പറയുന്ന ശബ്ദവും എഴുതിയിരിക്കുന്ന ഗ്രാഫും കൂടി അസോസിയേറ്റ് ചെയ്യുകയാണ്. ഇതെപ്പോള്‍ കണ്ടാലും കുട്ടിക്ക് തിരിച്ചറിയാന്‍ പറ്റും. ഇതിലൂടെ പട്ടിയും പൂമ്പാറ്റയും പൂച്ചയും തിരിച്ചറിയുന്നൊരു കുട്ടി ‘പ’ എന്ന അക്ഷരവും തിരിച്ചറിയും. ഇതാണ് 1998 മുതല്‍ പറയുന്ന ആശയ അവതരണ രീതി, അഥവ ആശയത്തില്‍ നിന്നും അക്ഷരത്തിലേക്ക് എത്തിച്ചേരുന്ന രീതി. ഇത് കേരളത്തില്‍ ചെയ്തിട്ടുണ്ട്. പക്ഷേ പൂര്‍ണമായിട്ടും വിശ്വാസമില്ലാത്തതുകൊണ്ട് കൃത്യമായ രീതിയില്‍ പ്രയോഗത്തില്‍ കൊണ്ടുവന്നിട്ടില്ല. ബിനാനിപുരത്ത് ചെയ്തത് ആശയാവതരണത്തിനൊപ്പം കോഡ് സ്വിച്ചിംഗും കൂടി ഉപയോഗിക്കുകയായിരുന്നു. കോഡ് സ്വിച്ച് ചെയ്യണമെങ്കില്‍, ടീച്ചര്‍ക്ക് ഒറ്റയ്ക്ക് ആവില്ല. കാരണം, ആ ടീച്ചര്‍ക്ക് എല്ലാ ഭാഷകളും അറിയണമെന്നില്ല. അതുകൊണ്ട് സ്വിച്ച് ഓവര്‍ ചെയ്യാന്‍ പറ്റുന്ന ഒരു വോളന്റിയറുടെ സഹായം ക്ലാസില്‍ വേണം. അങ്ങനെ എസ്എസ്എ(സര്‍വശിക്ഷ അഭിയന്‍)യോട് ചോദിച്ച് ഒരു വോളന്റിയറെ തന്നു. കുട്ടികള്‍ക്ക് ഭാഷ സഹായത്തിനായി വോളന്റിയറെ നിയമിക്കുന്നത് കുറച്ചു കാലമായുള്ള പ്രവര്‍ത്തിയാണെങ്കിലും ആ വോളന്റിയര്‍ എന്തു ചെയ്യണമെന്ന് വ്യക്തമായി എസ്എസ്എ പറഞ്ഞിട്ടില്ല. കുട്ടികളോട് ആശയവിനിമയം ചെയ്യേണ്ട സഹാചര്യത്തില്‍ അത് ചെയ്യും. അവര്‍ക്ക് അറിയാവുന്ന അക്ഷരങ്ങള്‍ എന്തെങ്കിലും എഴുതി കൊടുക്കും, അത്രയൊക്കെയാണ് സാധാരണ നടക്കുന്നത്. അതല്ലാതെ ഒരു പോളിസി എന്ന നിലയില്‍ വോളന്റിയര്‍മാരോട് എന്താണ് ചെയ്യേണ്ടതെന്നു പറഞ്ഞിട്ടില്ല.

"</p

ഡോക്ടര്‍ ആനന്ദനോട് ഈ വിഷയം കണ്‍സള്‍ട്ട് ചെയ്ത സമയത്ത് അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളുണ്ട്. ചോംസ്‌കിയന്‍ സിദ്ധാന്തം അനുസരിച്ച് നമ്മുടെ ഉള്ളില്‍ ഒരു ഭാഷ വ്യവസ്ഥയുണ്ട്. നമ്മള്‍ കേള്‍ക്കുന്ന ഭാഷയില്‍ നിന്നും ആ ഭാഷയ്ക്ക് അനുസരിച്ച് തലച്ചോറില്‍ ഒരു പരാമീറ്റര്‍ ഫിക്‌സ് ചെയ്തു കഴിയുമ്പോഴാണ് ആ ഭാഷ സംസാരിക്കാന്‍ പറ്റുന്നത്. മലയാളം കേട്ടു വളരുന്ന ഒരു കുട്ടി സ്വഭാവികമായും മലയാളം പറയുന്നത് അങ്ങനെയാണ്. അതിനു വലിയ പ്രസംഗങ്ങളൊന്നും കേള്‍ക്കേണ്ടതില്ല, അമ്മയും കുഞ്ഞും തമ്മില്‍ നടക്കുന്ന ചെറിയ സംഭാഷണങ്ങളിലൂടെയാണ് ഒരു കുട്ടി മാതൃഭാഷ പഠിക്കുന്നത്. ഭാഷ പഠിക്കാന്‍ ഒരു സ്വാഭാവികമായ പ്രക്രിയ ഉണ്ട്. മറ്റുള്ളവര്‍ എന്താണ് പറയുന്നതെന്നു നോക്കി മനസിലാക്കിയെടുത്ത് ആ ഭാഷ നമ്മളും ഉപയോഗിക്കുന്ന ഒരു പ്രക്രിയ എവിടെയും നടക്കുന്നുണ്ട്. ഇതാണ് ക്ലാസ് മുറിയലും നടക്കേണ്ടത്. അതിന് ഉപയോഗപ്രദമാകുന്നതാണ് കോഡ് സ്വിച്ചിംഗ്. ഒറ്റപ്പെട്ട അക്ഷരങ്ങളിലോ വാക്കുകളിലോ അല്ല, വ്യവഹാര രൂപങ്ങളിലാണ് ഭാഷ നിലനില്‍ക്കുന്നത്. ജനിച്ച ഒരു കുട്ടിയോടും നമ്മള്‍ വ്യവഹാര ഭാഷയിലാണ് സംസാരിക്കുന്നത്, വിശക്കുന്നുണ്ടോ, പാല് വേണോ എന്നാണു ചോദിക്കുന്നത്. അല്ലാത അക്ഷരങ്ങള്‍ പറയുകയല്ല. അവിടെയൊക്കെ സ്വഭാവികമായ രീതി ഉപയോഗിക്കുകയും ക്ലാസ് മുറിയല്‍ അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ച് വളരെ കൃത്രിമമായി ഭാഷ പഠിപ്പിക്കാന്‍ ശ്രമിക്കുകും ചെയ്യുന്നു. അതല്ല വേണ്ടതെന്നാണ് ഡോ. ആനന്ദന്‍ പറഞ്ഞത്. ഈ ഡിസ്‌കോഴ്‌സ് ഓറിയന്റഡ് പെഡഗോജി 2008 ല്‍ കേരളത്തില്‍ വന്നതാണ്. ഇംഗ്ലീഷില്‍ വ്യാപകമായി ഇതുപയോഗിക്കുകയും ചെയ്തിരുന്നു. പക്ഷേ എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് വേണ്ടത്ര രീതിയില്‍ അതിനെ ഒരു തുടര്‍ച്ചയായി ഉള്‍ക്കൊണ്ടില്ല. ബിനാനിപുരത്തെ പ്രശ്‌നങ്ങള്‍ പരിഹാരിക്കാന്‍ ഡിസ്‌കോഴ്‌സ് ഓറിയന്റഡ് പെഡഗോജിയും കോഡ് സ്വിച്ചിംഗും ഉപയോഗിച്ചാല്‍ മതിയെന്നാണ് ഡോ. കെ എന്‍ ആനന്ദന്‍ നിര്‍ദേശിച്ചത്.

ഡോ. കെ എന്‍ ആനന്ദന്റെ ആശയങ്ങള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായി, ഒരു മള്‍ട്ടി ലിംഗ്വല്‍ ക്ലാസിന്റെ ബോധനശാസ്ത്രം(Pedagogy) എന്താണന്നു മനസിലാക്കാന്‍ ഒരു സ്‌കൂള്‍ തല ഗവേഷക കൂട്ടായ്മ ബിനാനിപുരം സ്‌കൂളില്‍ രൂപീകരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കണ്‍വീനറും അധ്യാപകരും വോളന്റിയറും ചേര്‍ന്നതായിരുന്നു ഗവേഷക കൂട്ടായ്മ. ഈ കൂട്ടായ്മയാണ് കോഡ് സ്വിച്ചിംഗ് ആശയം നടപ്പാക്കാന്‍ പിന്നില്‍ പ്രവര്‍ത്തിച്ചത്. ഒന്നാം ക്ലാസിലെ ടീച്ചറും വോളന്റിയറും ചേര്‍ന്നു നിന്നാണ് ക്ലാസ് എടുക്കുന്നത്. ടീച്ചര്‍ മലയാളത്തില്‍ പറയും ആവിശ്യമുള്ള സ്ഥലത്തൊക്കെ വോളന്റിയര്‍ കോഡ് സ്വിച്ച് ചെയ്യും.

2015 ഒക്ടോബറിലാണ് ഈ പരീക്ഷണം തുടങ്ങുന്നത്. ഡിസംബര്‍ അവസാനമായപ്പോഴോക്കും ഒന്നാം ക്ലാസിലെ ഒമ്പത് ഇതര സംസ്ഥാന കുട്ടികളില്‍ ഏഴു പേരും മലയാളം പറയാനും എഴുതാനും വായിക്കാനും സജ്ജരായി. ഇതോടെ എസ്എസ്എയ്ക്കും ജില്ല ഭരണകൂടത്തിനും ഇക്കാര്യത്തില്‍ താത്പര്യം ഉണ്ടായി. മറ്റ് സ്‌കൂളുകളിലും ഈ ആശയം പ്രവര്‍ത്തിപ്പിച്ചു നോക്കാമെന്ന നിര്‍ദേശമുണ്ടായി. അതിന്റെ ഭാഗമായി ബംഗാളികള്‍ കൂടുതലുള്ള പെരുമ്പാവൂര്‍ ഭാഗത്തെ സ്‌കൂളില്‍ നടത്തി നോക്കിയപ്പോഴും പോസിറ്റീവ് റിസള്‍ട്ട് ആയിരുന്നു. അക്കൊലം സര്‍ക്കാരിന്റെ മോണിറ്ററിംഗ് സംവിധാനമായ ഐഎസ്എം (ഇന്റേണല്‍ സപ്പോര്‍ട്ട് മിഷന്‍) ബിനാനിപുരം സ്‌കൂള്‍ സന്ദര്‍ശിക്കുകയും അവരുടെ സംസ്ഥാന തല സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ സ്‌കൂള്‍ പ്രതിനിധിയെന്ന നിലയില്‍ എന്നെ ക്ഷണിക്കുകയും ചെയ്തു. പക്ഷേ ഈ പ്രവര്‍ത്തനം തുടക്കത്തില്‍ ഉണ്ടായ ആവേശത്തോടെ മറ്റിടങ്ങളില്‍ മുന്നോട്ടു പോയില്ല.

ബിനാനിപുരം സ്‌കൂളില്‍ 2015-16 ല്‍ ആദ്യമായി നടത്തിയ ഈ ബോധന സമ്പ്രദായം 2016-17 ലും തുടര്‍ന്നു. അപ്പോഴും സര്‍ക്കാരോ എസ്എസ്എയോ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുകയോ, ആശയം അപ്‌സ്‌കെയില്‍ ചെയ്യാനോ ശ്രമിച്ചില്ല. എറണാകുളത്ത് 18 സ്‌കൂളുകളില്‍ ഇതര സംസ്ഥാന കുട്ടികളെ സഹായിക്കാന്‍ വോളന്റിയര്‍മാരെ വച്ചിട്ടുണ്ടെങ്കിലും കോഡ് സ്വിച്ചിംഗ് രീതി പ്രയോഗത്തില്‍ കൊണ്ടുവരാന്‍ നീക്കങ്ങള്‍ നടന്നില്ല.

ഈയൊരു സാഹചര്യം നിലനില്‍ക്കവെയാണ് ജില്ല കളക്ടര്‍ വിളിച്ച ഒരു അദാലത്തില്‍ സ്‌കൂളുകളില്‍ നിന്നും ഇതര സംസ്ഥാന കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടുതല്‍ ആണെന്നും അതിന്റെ കാരണം ഭാഷ മനസിലാക്കാന്‍ കഴിയാത്തതാണെന്നുമുള്ള പരാതി ഉയര്‍ന്നത്. ഇക്കാര്യം ഗൗരവത്തില്‍ എടുത്ത കളക്ടര്‍ മറ്റൊരു യോഗം വിളിച്ചു. ആ യോഗത്തില്‍ എനിക്കും പങ്കെടുക്കാന്‍ അവസരം കിട്ടി. അവിടെ ബിനാനിപുരം സ്‌കൂളില്‍ ഞങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച് സംസാരിച്ചു. ഇതില്‍ കളക്ടര്‍ക്ക് താത്പര്യം ഉണ്ടാവുകയും ജില്ലയുടെ പ്രൊഫൈല്‍ എടുക്കാമെന്നും എന്നിട്ട് ഇതിന്റെ സാധ്യതകള്‍ പരിശോധിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു. ഈ യോഗം നടന്നതിന്റെ പിറ്റേദിവസം ബിനാനിപുരം സ്‌കൂളിന് സമീപം കാന്‍സര്‍ ബോധത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യാന്‍ കളക്ടര്‍ വന്നു. ബിനാനിപുരം സ്‌കൂളിന് വികാസം സംഭവിക്കണമെങ്കില്‍ അതില്‍ ഇതരസംസ്ഥാനക്കാരയ കുട്ടികളുടെ പങ്ക് നിര്‍ണായകമാണ്. കാരണം, അമ്പത് ശതമാനത്തില്‍ കൂടുതല്‍ അവരാണ്. ഇവരുടെ പങ്കാളിത്തം സാധ്യമാക്കണമെങ്കില്‍ ആദ്യം അവരുടെ ജീവിത സാഹചര്യങ്ങള്‍ മനസിലാക്കി, അവ മെച്ചപ്പെടുത്തണം. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന കോളനികളില്‍ നേരിട്ട് ചെന്നാല്‍ വളരെ പരിതാപകമായ സാഹചര്യത്തിലാണ് അവര്‍ കഴിയുന്നതെന്നു മനസിലാകും. ഞാനും മംഗള ഭായി ടീച്ചറും കൂടി കുട്ടികള്‍ താമസിക്കുന്ന കോളനികളില്‍ പോയി. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം കുടുംബങ്ങളുണ്ടായിരിക്കും. പൊതുവായ അടുക്കള, ഒരു കുടുംബത്തിലെ മാതാപിതാക്കളും മക്കളുമെല്ലാം ഒരു മുറിയിലായിരിക്കും. കൃത്യമായ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ഈ കുട്ടികള്‍ക്ക് ലഭിക്കുന്നില്ല. ഈ വക കാര്യങ്ങളിലൊക്കെ മാറ്റം കൊണ്ടു വന്നെങ്കില്‍ മാത്രമാണ് കുട്ടികളെ വിദ്യാഭ്യാസപരമായി മുന്നേറ്റത്തിന് സജ്ജമാക്കാന്‍ കഴിയൂ.

കളക്ടര്‍ വന്ന സമയത്ത് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിശദീകരിച്ച് ഒരു പ്രൊപ്പോസല്‍ ഞങ്ങള്‍ അദ്ദേഹത്തിന് നല്‍കി. അതനുസരിച്ച് ഇതരസംസ്ഥാനക്കാരയ കുട്ടികള്‍ക്ക് രാവിലെ ഒരു മണിക്കൂര്‍ സ്‌പെഷ്യല്‍ ക്ലാസ് ഏര്‍പ്പാടാക്കണം. ഇതോടൊപ്പം കുട്ടികള്‍ക്ക് പ്രഭാത ഭക്ഷണവും നല്‍കണം. മിക്ക കുട്ടികളും രാവിലെ ഒന്നും കാഴിക്കാതെയാകും വരുന്നത്. എട്ടര മുതല്‍ ഒമ്പതര വരെ ഒരു വോളന്റിയറെ കൊണ്ട് ഒരു മണിക്കൂര്‍ ക്ലാസ് എടുപ്പിക്കുക, അതിനുശേഷം അരമണിക്കൂര്‍ ഭക്ഷണ സമയം. കളക്ടര്‍ക്ക് പ്രൊപ്പസല്‍ ഇഷ്ടപ്പെട്ടു. ഒരു സ്‌കൂളില്‍ മാത്രമാക്കണ്ട, മൂന്നോ നാലോ സ്‌കൂളിലായി ചെയ്തു നോക്കാമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അതിനുള്ള ചെലവിന് ഭാരത് പെട്രോളിയം കമ്പനി ലിമിറ്റിഡിനെ(ബിപിസിഎല്‍) സമീപിക്കുകയും അവര്‍ ഇക്കാര്യത്തിനായി സിഎസ്ആര്‍ ഫണ്ട് ഉപയോഗപ്പെടുത്താമെന്ന് സമ്മതിക്കുകയും ചെയ്തു. നാല് സ്‌കൂളുകളാണ് ഈ പദ്ധതിയില്‍പ്പെടുത്തി തെരഞ്ഞെടുത്തത്. ഒന്ന്, ഗവ. എല്‍ പി എസ് പൊന്നുരുന്നി, അവിടെ തമിഴ് കുട്ടികളാണ് കൂടുതല്‍. രണ്ട് ഗവ. യുപിഎസ് കണ്ടംതറ, പെരുമ്പാവൂര്‍, അവിടെ ബംഗാളി കുട്ടികളാണ് കൂടുതല്‍. മൂന്ന്, യൂണിയന്‍ എല്‍പി തൃക്കണാര്‍വട്ടം, പിന്നെ ബിനാനിപുരം സ്‌കൂളും. 2017 ഒക്ടോബര്‍ മുതല്‍ ഈ പദ്ധതി സ്‌കൂളുകളില്‍ നടപ്പാക്കി. ഓരോ കുട്ടിക്കും 20 രൂപ നിരക്കില്‍ ബിപിസിഎല്‍ ഫണ്ട് നല്‍കി. എസ്എസ്എ വച്ച വോളന്റിയര്‍ എട്ടര മുതല്‍ പത്ത് വരെ അധികസമയം ചെലവഴിക്കേണ്ടി വരുന്നതിനാല്‍ അവര്‍ക്ക് സ്‌കൂളിന്റെ ഭാഗത്തു നിന്നും രണ്ടായിരം രൂപ അധികം നല്‍കി. ക്ലാസ് എങ്ങനെ വേണമെന്നുള്ള മൊഡ്യൂള്‍ നമ്മള്‍ കൊടുക്കും. പദ്ധതി തീര്‍ത്തും സുതാര്യമായിരിക്കണമെന്നു കളക്ടര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ഓരോ ദിവസത്തെ പരിശീലന വിവരങ്ങളും കുട്ടികള്‍ എത്രപേര്‍ വന്നിട്ടുണ്ടെന്ന കാര്യങ്ങളുമെല്ലാം ഗൂഗിള്‍ ഡ്രൈവില്‍ ഷെയര്‍ ചെയ്യണം. കുട്ടികളെ എത്തിക്കേണ്ട ചുമതലയും വോളന്റിയര്‍മാര്‍ക്കാണ്. പല സ്‌കൂളുകളിലായി നടക്കുന്ന കാര്യങ്ങള്‍ എല്ലാം ഏകോപിപ്പിച്ചു കൊണ്ടുപോകാന്‍ റിട്ടയേര്‍ഡ് എഡിഎം സി കെ പ്രകാശ് സാറിനെ ജനറല്‍ കോര്‍ഡിനേറ്റര്‍ ആയി നിയമിച്ചു. കളക്‌ട്രേറ്റിലെ പരിഹാരം സെല്‍ പദ്ധതിയുടെ ഏകോപനത്തിന്റെ മേല്‍നോട്ടവും വഹിച്ചു. ഓരോ ട്രെയിനിംഗ് കഴിയുമ്പോഴും ഇവര്‍ കളക്‌ട്രേറ്റില്‍ നിന്നും വിളിച്ച് അന്വേഷിക്കും. പ്രകാശ് സാറിന്റെയും പരിഹാരം സെല്ലിലെ ഉദ്യോഗസ്ഥരുടെയും സേവനങ്ങള്‍ റോഷ്‌നിയുടെ വിജയത്തില്‍ നിര്‍ണായകമായ പങ്കാണ് വഹിക്കുന്നത്. ഇതുകൂടാതെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പ് കളക്ടര്‍ തുടങ്ങി. പൊതുവായ കാര്യങ്ങള്‍ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാം.

"</p

ബിനാനിപുരം സ്‌കൂളിനെ മാതൃകയാക്കി കളക്ടര്‍ മുഹമമ്മദ് വൈ സഫിറുള്ള തന്റെ സ്വപ്‌ന പദ്ധതിയായ റോഷ്‌നി പ്രൊജക്ട് നടപ്പാക്കിയതിലൂടെ വ്യക്തമാകുന്നത്, ഒരു ജില്ല കളക്ടര്‍ക്ക് വിദ്യാഭ്യാസ രംഗത്ത് കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ തന്റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് ആകുമെന്നു കൂടിയാണ്. റോഷ്‌നി പ്രൊജക്ട് ഇന്നൊരു വിജയകരമായ പദ്ധതിയായി മാറിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന പങ്ക് സഫിറുള്ള സാറിനാണ്. അത്തരത്തിലാണ് സാറിന്റെ ഇടപെടല്‍. റോഷ്‌നി പദ്ധതിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ പല അഭിപ്രായങ്ങള്‍ വന്നിരുന്നു. എന്നാല്‍ കളക്ടര്‍ പറഞ്ഞത്, നമുക്ക് ബിനാനിപുരത്ത് ചെയ്തു നോക്കിയത് തന്നെ ചെയ്യാം. വിജയമാണെങ്കിലും പരാജയമാണെങ്കിലും എന്നായിരുന്നു. സാാരണ ഗതിയില്‍ ഇങ്ങനെയൊരു പദ്ധതി വരുമ്പോള്‍ പല വിദഗ്ധ അഭിപ്രായങ്ങളും കേള്‍ക്കുകയും പല മാറ്റങ്ങള്‍ അതനുസരിച്ച് കൊണ്ടുവരുന്നതുമൊക്കെ പതിവാണ്. എന്നാല്‍ ഇവിടെ കളക്ടര്‍ പറഞ്ഞത്, ബിനാനിപുരം സ്‌കൂളില്‍ ചെയ്തതെന്തോ അത് തന്നെ മതിയെന്നാണ്.

ജില്ലയിലെ 18 സ്‌കൂളുകളില്‍ വോളന്റിയര്‍മാരെ നിയമിച്ചിട്ടുണ്ടായിരുന്നു. അവര്‍ക്കെല്ലാം പരിശീശീലനം നല്‍കേണ്ടിയിരുന്നു. എസ്എസ്എയുടെ സഹായത്തോടെ മുഴുവന്‍ സ്‌കൂളിലേയും വോളന്റിയര്‍മാര്‍ക്ക് പരിശീലനം കൊടുത്തു. കുട്ടികളെ കൊണ്ടുവന്ന് ചെയ്തു കാണിച്ചു തന്നെയായി പരിശീലനം നല്‍കിയത്. നാല് ദിവസത്തെ പരിശീലനത്തിനുശേഷം ഒരോ സ്‌കൂളുകളിലും അതിനനുസരിച്ച് ചെയ്തു നോക്കി. കൃത്യമായ ഇടവേളകളില്‍ റിവ്യൂ മീറ്റിംഗ് വയ്ക്കുമായിരുന്നു. ഈ മീറ്റിംഗില്‍ ഓരോരുത്തരുടെയും അനുഭവങ്ങള്‍ പങ്കുവയ്ക്കും. ചിലര്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. അവര്‍ക്ക് പിന്തുണ വേണം. കളക്ടര്‍ എല്ലാ കാര്യങ്ങളെക്കുറിച്ചും അതാത് സമയങ്ങളില്‍ അന്വേഷിച്ച് അറിയുമായിരുന്നു. ഏതെങ്കിലും സ്‌കൂളുകളില്‍ സഹായം വേണമെന്നു പറഞ്ഞാല്‍ നമ്മള്‍ പോയി സഹായിച്ചു കൊടുക്കും.

2018 ജനുവരിയില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് റോഷ്‌നി പദ്ധതിയുടെ ഔപചാരിക ഉത്ഘാടനം നടത്തി. പക്ഷ, അപ്പോഴും പല സ്‌കൂളുകള്‍ക്കും വേണ്ടരീതിയില്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. വേണ്ടത്ര പിന്തുണ കിട്ടാതെ വന്നതാണ് കാര്യം. അതിനുള്ള പരിഹാരത്തിന് കളക്ടര്‍ പലവഴികളും ആലോചിച്ചു.

ഫെബ്രുവരി അവസാനം കളക്ടര്‍ എന്നെ വിളിപ്പിച്ചു. കാര്യങ്ങള്‍ കുറച്ചു കൂടി നല്ല രീതിയില്‍ മുന്‍പോട്ട് പോകാന്‍ മറ്റിടങ്ങളില്‍ കൂടുതല്‍ പിന്തുണ നല്‍കേണ്ടതുണ്ട്. അതിനുവേണ്ടി എന്നെ മൂന്നു മാസത്തേക്ക് റോഷ്‌നി പ്രൊജക്ടിന്റെ അക്കാഡമിക് കോര്‍ഡിനേറ്ററായി നിയമിച്ച് കളക്ടര്‍ പ്രത്യേക ഉത്തരവ് ഇറക്കി. തുടര്‍ന്നും കളക്ടറുടെ നേതൃത്വത്തില്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ യോഗങ്ങള്‍ നടന്നു. അതിനിടയിലാണ് മാര്‍ച്ചില്‍ റോഷ്‌നിയെ കുറിച്ച് ഒരു പഠനം കൂടി നത്താമെന്ന തീരുമാനം ഉണ്ടാകുന്നത്. അതിന്റെ ഭാഗമായി എല്ലാ സ്‌കൂളിലും പോയി ഒരു അക്കാദമിക് ഡോക്യുമെന്റ് തയ്യാറാക്കാമോ എന്ന നിര്‍ദേശം വന്നു. ആ ചുമതല ഞങ്ങള്‍ ഏറ്റെടുത്തു. സാങ്കേതിക സഹായത്തിന് ഡോ. ആനന്ദന്റെ സഹായിയായി പ്രവര്‍ത്തിക്കുന്ന ഒരാളെയും കൂടെ കൂട്ടി. താനും കൂടി സ്‌കൂളുകളില്‍ സന്ദര്‍ശനത്തിന് എത്താമെന്ന് സഫിറുള്ള സാര്‍ പറഞ്ഞു. കളക്ടര്‍ക്കൊപ്പം ജില്ലതല വിദ്യാഭ്യാസ ഓഫിസര്‍മാരും എത്തി. അതിന്‍പ്രകാരം നാല് സ്‌കൂളിലും സന്ദര്‍ശനം നടത്തി. കുട്ടികള്‍, അവരുടെ മാതാപിതാക്കള്‍, അധ്യാപകര്‍ ഇവരെയെല്ലാം കണ്ട് അഭിപ്രായങ്ങള്‍ തേടി. എല്ലാവരും പോസിറ്റീവ് ആയാണ് പ്രതികരിച്ചത്.

ഇതിനിടയിലാണ് ഡല്‍ഹി കേന്ദ്രമായുള്ള സ്‌കോച്ച് ഗ്രൂപ്പ് ഓഫ് ഫൗണ്ടേഷന്റെ ബ്രൗണ്‍സ് മെഡല്‍ റോഷ്‌നി പ്രൊജക്ടിന് ലഭിക്കുന്നത്. ദേശീയതലത്തില്‍ നമ്മുടെ പദ്ധതി സ്വീകരിക്കപ്പെട്ടതിന്റെ തിളക്കമായിരുന്നു ആ പുരസ്‌കാരം. മള്‍ട്ടി ലിംഗ്വല്‍ ആയ ഏതു സ്ഥലത്തും ഏതു ഭാഷ പഠിക്കാനും ഉപയോഗപ്രദമാക്കുന്ന പദ്ധതിയാണ് റോഷ്‌നി എന്ന് അംഗീകരിക്കപ്പെട്ടു. ഇതു ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടി. അങ്ങനെ കഴിഞ്ഞ ജൂണില്‍ ജില്ലയിലെ 20 സ്‌കൂളുകളിലേക്ക് കൂടി റോഷ്‌നി വ്യാപിപ്പിച്ചു. ഇതിനു പിന്നാലെ എന്നെ മുഴുവന്‍ സമയ അക്കാഡമിക് കോര്‍ഡിനേറ്റര്‍ ആയി നിയമിക്കുകയും ചെയ്തു. ഡോ. കെ എന്‍ ആനന്ദന്‍ പദ്ധതിയുടെ കണ്‍സള്‍ട്ടന്റ് ആയി ചുമതലയേറ്റെടുത്തു. അദ്ദേഹം ഒരു വിഷനിംഗ് വര്‍ക് ഷോപ്പ് സംഘടിപ്പിച്ചു. പദ്ധതിയെക്കുറിച്ച് ഒരു റോഡ് മാപ്പ് തയ്യാറാക്കി. പദ്ധതി എങ്ങനെ പ്രാവര്‍ത്തികമാക്കണമെന്നതിനെക്കുറിച്ചെല്ലാം കൃത്യമായ ഗൈഡന്‍സ് നല്‍കി. ഓണ്‍ ലൈന്‍ ഡിസ്കഷന്‍ സൗകര്യം ഏര്‍പ്പാടാക്കി. ഓരോരുത്തര്‍ക്കും നിര്‍ദേശങ്ങളും ബുദ്ധിമുട്ടുകളും അഭിപ്രായങ്ങളും പങ്കുവയ്ക്കാം. ഇതിനെല്ലാം ഓണ്‍ലൈന്‍ ഡിസ്‌കക്ഷനില്‍ പരിഹാരം കാണും. ആവശ്യമുള്ളിടത്ത് ടീം വിസിറ്റ് നടത്തും. നേരിട്ട് ചെന്നു നല്‍കുന്ന പിന്തുണ. ഇതിനു പുറമെ ജില്ല തല യോഗങ്ങളും കൃത്യമായി ചേര്‍ന്നു.

20 സ്‌കൂളുകളില്‍ 20 വോളന്റിയര്‍മാരെ എടുത്തു. ഇവര്‍ക്ക് ആവശ്യമായ അക്കാദമിക് മൊഡ്യൂള്‍ ബിനാനിപുരം സ്‌കൂളില്‍ നിന്നും വികസിപ്പിച്ചു നല്‍കി. വോളന്റിയര്‍മാര്‍ അധ്യാപന പരിശീലനം നേടിയവരല്ല. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസമാണ് മിനിമം യോഗ്യതായി പറഞ്ഞത്. മറ്റ് ഭാഷകള്‍ അറിയുകയും വേണം. ഈ കൂട്ടത്തില്‍ ഒരു വോളന്റിയര്‍ ബംഗാളിയും മറ്റൊരാള്‍ ഒഡീഷക്കാരിയുമാണ്. അവര്‍ പ്ലസ് ടു വരെ പഠിച്ചിട്ടില്ല. രണ്ടു പേരും നന്നായി മലയാളം പറയും. അവരുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുമായി നന്നായി സഹകരിച്ചു പോകുന്നവരാണ്. അതാണ് അവരെ തെരഞ്ഞെടുക്കുന്നതിന് മാനദണ്ഡമാക്കിയത്. വോളന്റിയര്‍മാര്‍ക്കെല്ലാം കുട്ടികളെ ഉള്‍പ്പെടുത്തി പരിശലനം നല്‍കി. ഏതെങ്കിലും ഒരു തീം ബെയ്‌സ് ചെയ്തായിരിക്കും ഓരോ ദിവസത്തേയും പരിശീലനം. മറ്റൊരു പ്രധാന ചുമതല വോളന്റിയര്‍മാരെ ഏല്‍പ്പിച്ചത് ഓരോ കുട്ടിയുടെയും ജീവിത സാഹചര്യം മനസിലാക്കുക എന്നതായിരുന്നു. അതിനുവേണ്ടി ഒരു സര്‍വേ ഫോം അവര്‍ക്ക് നല്‍കി. വീടുകളിലും കോളനികളിലും നേരിട്ട് ചെന്ന് കുട്ടികളെയും മാതാപിതാക്കളെയും കണ്ട് അവിടുത്തെ സാഹചര്യങ്ങള്‍ മനസിലാക്കിയും ആ ഫോം പൂരിപ്പിക്കണം. ഒരു മാസം കൊണ്ട് സര്‍വേ പൂര്‍ത്തിയാക്കി. സര്‍വേയില്‍ നിന്നും കണ്ടെത്തിയ കാര്യങ്ങള്‍ വച്ച് ഓരോ കുട്ടിയെയും കുറിച്ച് പ്രൊഫൈല്‍ ചെയ്തു. അതുവഴി കുട്ടികളുടെ പ്രശ്‌നങ്ങളും മനസിലാക്കാന്‍ കഴിഞ്ഞു.

രാവിലെ എട്ടരയ്ക്ക് തുടങ്ങി പത്ത് മണിക്ക് ഭക്ഷണവും കൊടുത്ത് അവസാനിക്കുന്ന സെഷന്‍ കഴിഞ്ഞാല്‍. പത്തു മുതല്‍ നാലുവരെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വോളന്റിയര്‍മാര്‍ ടൈം ടേബിള്‍ ഉണ്ടാക്കും. കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസില്‍ ആണെങ്കില്‍ ആദ്യത്തെ രണ്ടു പിരീഡ് വോളന്റിയര്‍ അവിടെ പോകും. പഠനത്തില്‍ കൂടതല്‍ പിന്നാക്കാം നില്‍ക്കുന്ന കുട്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് ഒരു മണിക്കൂറോളം അവര്‍ക്ക് വേണ്ടി പ്രത്യേകം പരിശീലം നല്‍കും. ഇത്തരത്തില്‍ ചിട്ടയായതും ലക്ഷ്യബോധമുള്ളതുമായ പ്രവര്‍ത്തനങ്ങളോടെയാണ് ടീം റോഷ്‌നി അതിന്റെ വിജയം സ്വന്തമാക്കിയത്. പഠനകാര്യങ്ങളില്‍ മാത്രമായിരുന്നില്ല ടീം റോഷ്‌നിയുടെ ഇടപെടല്‍. പ്രളയം റോഷ്‌നി പദ്ധതിയിലുള്ള അമ്പതോളം കുട്ടികളുടെ കുടുംബത്തെ ബാധിച്ചിരുന്നു. ഇവരെ ഞങ്ങള്‍ കൂടെ നിന്നു സഹായിച്ചു. ജില്ല ഭരണകൂടവും സഹായിച്ചു. പ്രളയം മൂലം മതാപിതാക്കള്‍ അവരവരുടെ നാടുകളിലേക്ക് പോയാല്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങും. അതുണ്ടാകരുതെന്ന് ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ആ ഇടപെടല്‍ കൊണ്ട് റോഷ്‌നിയിലെ ഒരു കുട്ടിയെ പോലും ഞങ്ങള്‍ക്ക് നഷ്ടമായതുമില്ല.

ഭാഷ ഒട്ടും അറിയാത്ത കുട്ടികള്‍ക്ക് വേണ്ടി ഞങ്ങള്‍ എന്താണ് ചെയ്‌തെന്ന് കേരളത്തിലെ അക്കാഡമിക് സമൂഹം കൂടി അറിയണമെന്നുണ്ടായിരുന്നു. കളക്ടര്‍ക്ക് മുന്നില്‍ അങ്ങനെയൊരു ആശയവും അവതരിപ്പിച്ചു. കളക്ടര്‍ അതംഗീകരിച്ചു കൊണ്ട് എസ്ഇആര്‍ടി ഡയറക്ടര്‍, എസ്എസ്എ കണ്‍സള്‍ട്ടന്റ്, എസ്ഇആര്‍ടി കണ്‍സള്‍ട്ടന്റ്, പൊതുവിദ്യാലയ സംരക്ഷണ യജ്ഞം കോര്‍ഡിനേറ്റര്‍, ജില്ലയിലെ ഡയറ്റിലും എസ്എസ്എയിലുമുള്ള ഉദ്യോഗസ്ഥര്‍, എഇഒ, ഡിഇഒ, എഴുത്തുകാര്‍, സമാൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇവരെയെല്ലാം വച്ച് ഒരു സോഷ്യല്‍ ഓഡിറ്റിംഗ് ടീമിനെ തയ്യാറാക്കി. ഒക്ടോബര്‍ 29 നവംബര്‍ 9 വരെ 10 ദിവസങ്ങളില്‍ ഈ സംഘം സ്‌കൂളുകളില്‍ സന്ദര്‍ശിച്ചു. ഇവര്‍ കുട്ടികളുമായി ഏതെങ്കിലും ഒരു സ്ഥലത്ത് ഒത്തുകൂടും. കുട്ടികള്‍ എല്ലാവരുമായി പരിചയത്തിലായി കഴിഞ്ഞ്, സംഘം കൊണ്ടുപോകുന്ന പത്രങ്ങളും കഥാകവിതകളും കുട്ടികളെ കൊണ്ട് വായിപ്പിക്കും. എല്‍ പി യിലെ കുട്ടിയാണെങ്കില്‍, ഈ സംഘത്തിലെ ആരെങ്കിലും എടുത്തുകൊടുക്കുന്ന പത്രത്തിന്റെയോ കഥാ കവിത പുസത്കങ്ങളിലെയോ ഒരു പേജ് വായിച്ച് എല്ലാവരേയും കേള്‍പ്പിക്കണം. യുപി ക്ലാസുകളിലെ കുട്ടികളോട് നമ്മള്‍ കാണിക്കുന്ന ഒരു ചിത്രം വച്ച് അവിടെയിരുന്നു കഥയുണ്ടാക്കാന്‍ പറയും. അവരെക്കൊണ്ട് അത് എഴുതിപ്പിക്കും. ഇതൊക്കെ വിശകലനം നടത്തി സോഷ്യല്‍ ഓഡിറ്റിംഗ് സംഘം അക്കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തി എഴുതി ഒപ്പിടണം. ഈ സംഘത്തിലെ അംഗങ്ങള്‍ അവരവരുടെ വ്യക്തിരമായ അഭിപ്രായങ്ങളും രേഖപ്പെടുത്തണം. അവരുടെ നിരീക്ഷണം, നിര്‍ദേശം, അഭിപ്രായങ്ങള്‍ എല്ലാം രേഖപ്പെടുത്താം. ഇതു കൂടാതെ നമ്മള്‍ നല്‍കുന്ന ഒരു സാക്ഷ്യപത്രം അവര്‍ അവരുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ പൂരിപ്പിച്ച് നല്‍കണം. സ്‌കൂളിന്റെ പേര്, ഭാഷ, കുട്ടികളുടെ എണ്ണം ഇതെല്ലാം രേഖപ്പെടുത്തണം. ഈ സാക്ഷ്യപത്രത്തിന്റെ കീഴില്‍ സംഘത്തില്‍ ഉള്ള എല്ലാവരും ഒപ്പിടണം. അങ്ങനെ ഈ സാക്ഷ്യപത്രം ഒരു പബ്ലിക് ഡോക്യുമെന്റ് ആകും. ഇതു കൂടാതെ കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും ഇതിനൊപ്പം ഡോക്യുമെന്റ് ചെയ്യും. 20 സ്‌കൂളിലും സോഷ്യല്‍ ഓഡിറ്റിംഗ് നടത്തി. 185 ഓളം പേജുകള്‍ കൈയെഴുത്ത് കോപ്പികള്‍ ഇതുപ്രകാരം തയ്യാറാക്കി. ഇതിനൊപ്പം ടീം റോഷ്‌നിയുടെ ഭാഗമായി നമ്മള്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് ഒരു കുറിപ്പ്. കളക്ടറുടെ സന്ദേശം. ഇത്രയും കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് പുസ്തക രൂപത്തില്‍ ബൈന്‍ഡ് ചെയ്‌തെടുത്തു. ഇതിനു ശേഷം കളക്ടര്‍ മുഖ്യമന്ത്രിയെ ബന്ധപ്പെടുകയും 2018 നവംബര്‍ 10 ന് ടീം റോഷ്‌നിയുടെ ഒരു കണ്‍സോള്‍വേറ്റീവ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി സമീക്ഷ- മലയാള ഭാഷ പരിജ്ഞാന രേഖ എന്ന പേരില്‍ പുറത്തിറക്കുകയും ചെയ്തു. കൂടാതെ റോഷ്‌നിക്ക് ഒരു വെബ്‌സൈറ്റ് തുറന്നു. മലയാളം പോലെ ഇംഗ്ലീഷ് ഭാഷയില്‍ സ്വാധീനം ഉണ്ടാക്കാനും കുട്ടികളെ ടീം റോഷ്‌നി സഹായിക്കുന്നുണ്ട്. റോഷ്‌നിക്ക് ദേശീയതലത്തില്‍ കൂടുതല്‍ സ്വീകാര്യത കിട്ടുന്നതിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ ഇന്നവേറ്റിവ് അവാര്‍ഡിനുള്ള ഷോട്ട്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ആകെ കിട്ടിയ 250 അപേക്ഷകളില്‍ നിന്നു 30 എണ്ണം ഷോട്ട് ലിസ്റ്റ് ചെയ്തതിലാണ് റോഷ്‌നിയും ഉള്‍പ്പെട്ടത് എന്നതു തന്നെ വലിയ നേട്ടമാണ്. കേരളത്തില്‍ നിന്നു സ്വീകരിക്കപ്പെട്ട ഒരേയൊരു ഇന്നവേറ്റീവ് പ്രൊജക്ടും റോഷ്‌നിയാണ്. അവര്‍ ഇറക്കുന്ന ഒരു കോഫി ബുക്‌ലെറ്റില്‍ റോഷ്‌നിയെക്കുറിച്ച് പ്രതിപാദിക്കും.”

"</p

കുടുതല്‍ മികവോടെ തുടര്‍ന്നുള്ള അക്കാദമിക വര്‍ഷങ്ങളിലും പദ്ധതി മുന്നോട്ടു കൊണ്ടു പോകാനാണ് ടീം റോഷ്‌നി തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഇതിലൂടെ മുഹമ്മദ് ദില്‍ഷാദിനെ പോലെ കൂടുതല്‍ പേര്‍ അഭിമാനകരമായ വിജയങ്ങള്‍ നേടി കേരളത്തിന്റെ യശ്ശസ് ഉയര്‍ത്തുമെന്നാണ് ടീം റോഷ്‌നി ഉറപ്പോടെ പറയുന്നത്. വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, ഇതരസംസ്ഥാനത്തില്‍ നിന്നും തൊഴില്‍ തേടി ഇവിടെ എത്തിയവരുടെ സാമൂഹിക ജീവിതം മെച്ചപ്പെടുത്താന്‍ കൂടി ടീം റോഷ്‌നി പോലുള്ള പദ്ധതികള്‍ ഉപകാരപ്പെടുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ജില്ല കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയും പങ്കുവയ്ക്കുന്നത് ഇതേ അഭിപ്രായമാണ്. മലയാള ഭാഷയിലുള്ള അറിവ് ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടിയെടുക്കാന്‍ ഇതരഭാഷ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുമെന്ന് മാത്രമല്ല ഇതര സംസ്ഥാന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലുള്ള ഇത്തരമൊരു വിദ്യാഭ്യാസ പ്രവര്‍ത്തനം ഇതര സംസ്ഥാന തൊഴിലാളികളുടെ സമൂഹികവത്കരണം സാധ്യമാക്കാന്‍ സഹായിക്കും എന്നതും അതു ജില്ലയുടെ തന്നെ സമ്പൂര്‍ണമായ വികസനത്തിന് പ്രേരകമാവും എന്നതും റോഷ്‌നി പദ്ധതിയുടെ ലക്ഷ്യങ്ങളാണ്. ഈ പദ്ധതി ഇതര ഭാഷ തൊഴിലാളികളുടെ മാത്രമല്ല, ജില്ലയുടെ തന്നെ ഭാവിയെ പ്രകാശമാനമാക്കും എന്നതാണ് പ്രതീക്ഷ; റോഷ്‌നിയുടെ സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ ആമുഖമായി ജില്ല കളക്ടര്‍ പറയുന്നു.

റോഷ്‌നി പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിംഗ് ടീമിലെ പ്രമുഖ സാന്നിധ്യമാണ് സാഹിത്യകാരന്‍ സേതു. റോഷ്‌നിയുടെ സോഷ്യല്‍ ഓഡിറ്റിംഗ് റിപ്പോര്‍ട്ടില്‍ അദ്ദേഹം ഇങ്ങനെയാണ് എഴുതിയിരിക്കുന്നത്; ബിനാനിപുരം ഗവ. ഹൈ സ്‌കൂളില്‍ വച്ച് കേരള സര്‍ക്കാരിന്റെ റോഷ്‌നി പരിപാടിയില്‍ സംബന്ധിക്കാനായി. അത് ഹൃദ്യമായൊരു അനുഭവമായിരുന്നു. യു പി, ബിഹാര്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടെ തൊഴില്‍ തേടി വന്നവരുടെ കുട്ടികളെ നമ്മുടെ ഭാഷയും സംസ്‌കാരവുമായി പരിചയപ്പെടുത്തുകയെന്നത് മാതൃകപരമായ പ്രവര്‍ത്തനമാണ്. ഈ ചടങ്ങില്‍ പങ്കെടുത്ത കുട്ടികളില്‍ മിക്കവര്‍ക്കും മലയാളത്തില്‍ എഴുതാനും അത് വായിക്കാനും കഴിയുന്നുണ്ട്. കുട്ടികളുടെ കലാപരമായ വാസനകളും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെട്ടു. പൊതുവെ ഈ പദ്ധതിവച്ച് നല്ലൊരു തുടക്കം കിട്ടിയിട്ടുണ്ട്. ഇതിനു പിറകില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ജില്ല കളക്ടറും അദ്ദേഹത്തിന്റെ ടീമും അഭിനന്ദനം അര്‍ഹിക്കുന്നു.

സേതുവിന്റെ ഈ വാക്കുകള്‍ തന്നെയാണ് റോഷ്‌നി പദ്ധതിയെ കുറിച്ച് അടുത്തറിയുന്ന എല്ലാവരും പങ്കുവയ്ക്കുന്നത്. കേരളം എങ്ങനെയാണ് രാജ്യത്തിന് മാതൃകയാകുന്നതെന്നതിന് മികവുറ്റൊരു ഉദാഹരണം തന്നെയാണ് ടീം റോഷ്‌നി. ഇതിലൂടെ ഇനിയും നമുക്ക് നിരവധി ദില്‍ഷാദുമാരെ കിട്ടുമെന്ന് പ്രതീക്ഷിക്കാം.

Also Read: പുരപ്പുറത്ത് കയറി ‘ജനാധിപത്യ കേരളം’ എന്ന് ഘോഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായാണ് കള്ളവോട്ടിന്റെ പേരില്‍ റീപോളിംഗ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍