UPDATES

ട്രെന്‍ഡിങ്ങ്

‘ചാവേറുകളാ’യി ഇരുമുടിക്കെട്ടുമായി ആര്‍എസ്എസ് ശബരിമലയിലേക്ക്; ഭക്തര്‍ സന്നിധാനത്തുണ്ടാവുമെന്ന് കര്‍മ്മസമിതി

അയോധ്യയില്‍ ഇതിലും വലിയ പോലീസ് വലയമുണ്ടായിരുന്നു. എന്നിട്ടെന്ത് സംഭവിച്ചുവെന്ന് കെ പി ശശികല

ശബരിമലയില്‍ സര്‍ക്കാര്‍ നീക്കങ്ങളെ ചെറുക്കാന്‍ ആര്‍ എസ് എസ്. യുവതീപ്രവേശന വിഷയത്തില്‍ കടുത്ത നിലപാടെടുത്ത് മുന്നോട്ട് പോവുന്ന സര്‍ക്കാരിനെ ചെറുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് കളത്തിലിറങ്ങാന്‍ തയ്യാറെടുക്കുകയാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍. ശബരിമലയിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മാധ്യമങ്ങള്‍ക്ക് പോലും ഇത്തവണ പോലീസ് നിയന്ത്രണമേര്‍പ്പെടുത്തി. ചിത്തിരയാട്ട പ്രത്യേക പൂജകള്‍ക്കായി നടതുറക്കുന്ന ദിവസം രാവിലെ എട്ട് മണി കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ കയറ്റിവിട്ടാല്‍ മതിയെന്ന് തീരുമാനത്തിലാണ് പോലീസ്. യുവതീ പ്രവേശനം സാധ്യമാക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളായി ഇതിനെ വിലയിരുത്തിക്കൊണ്ട് അതിനെ ചെറുക്കാനാണ് ആര്‍എസ്എസ് ഒരുങ്ങുന്നത്. ഇരുമുടിക്കെട്ടുമായി സന്നിധാനത്തെത്തി പ്രതിരോധം തീര്‍ക്കാന്‍ അയ്യായിരത്തിലധികം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തുമെന്നാണ് സംഘടനയുടെ പ്രവര്‍ത്തകര്‍ പങ്കുവക്കുന്ന വിവരം.

ആര്‍എസ്എസ് പ്രവര്‍ത്തകനായ പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഒരാള്‍ പറഞ്ഞതിങ്ങനെ, ’24 മണിക്കൂര്‍ മാത്രം സന്ദര്‍ശന സമയം അനുവദിച്ച് സര്‍ക്കാര്‍ കാര്യങ്ങള്‍ അവരുടെ കയ്യിലെടുക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ ആചാരലംഘനത്തിനെതിരെ ചാവേറുകളാവാനും സംഘം പ്രവര്‍ത്തകര്‍ തയ്യാറാണ്. 24 മണിക്കൂര്‍ സമയം ഞങ്ങള്‍ക്ക് ധാരാളമാണ്. ഇരുമുടിക്കെട്ടുമായി എത്തുന്നവരെ പോലീസ് എങ്ങനെ തടയാനാണ്? ഇരുമുടിക്കെട്ടുമായി ബാച്ച് ബാച്ചായി ഞങ്ങള്‍ ശബരിമലയില്‍ ഉണ്ടാവും. ഒരു ബാച്ച് പ്രവര്‍ത്തകര്‍ ഇത്ര മണിക്കൂര്‍ എന്ന തരത്തില്‍ നടതുറന്നിരിക്കുന്ന സമയം മുഴുവന്‍ പ്രവര്‍ത്തകര്‍ ശബരിമലയില്‍ ഉണ്ടാവും. മാധ്യമങ്ങള്‍ക്ക വരെ നിയന്ത്രണം ഏര്‍പ്പെടുത്തുമ്പോള്‍ സര്‍ക്കാരും പോലീസും എന്തെങ്കിലും കരുതിയിട്ടുണ്ടാവും. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആയ യുവതികള്‍ ശബരിമലയില്‍ എത്തുമെന്നാണ് സംഘം പ്രവര്‍ത്തകര്‍ക്ക് കിട്ടിയിരിക്കുന്ന വിവരം. അഞ്ചാം തീയതിയിലെ നടതുറപ്പിന് കാര്യമായൊന്നും നടന്നില്ലെങ്കിലും മണ്ഡലകാലത്ത് യുവതീപ്രവേശനം ഉറപ്പ് വരുത്താന്‍ സര്‍ക്കാരും പോലീസും ശ്രമിച്ചേക്കും. അതിനെയും നേരിടാന്‍ തന്നെയാണ് ഞങ്ങളെല്ലാം ഒരുങ്ങി നില്‍ക്കുന്നത്.’ എന്നാല്‍ ഈ തീരുമാനങ്ങള്‍ ആര്‍എസ്എസ് നേതൃത്വത്തിന്റേതു കൂടിയാണോ എന്ന ചോദ്യത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ആചാരലംഘനം നടക്കരുതെന്ന നിര്‍ബന്ധം നേതൃത്വത്തിന് ഉണ്ടെന്ന് മാത്രം മറുപടി ഒതുക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ ആര്‍എസ്എസ് ജില്ലാതല യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ജില്ലാതല യോഗങ്ങളില്‍ എന്‍എസ്എസ് എസ്എന്‍ഡിപി തുടങ്ങിയ സമുദായ സംഘടനകളിലെ പ്രതിനിധികളും പങ്കെടുത്തിരുന്നതായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പറയുന്നു. സമരത്തിനും പ്രക്ഷോഭത്തിനും എസ്എന്‍ഡിപിയുടെ ബാനറില്‍ ഇറങ്ങില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിരുന്നു. സംഘടനാ പ്രവര്‍ത്തകര്‍ സജീവമായി ആര്‍എസ്എസ് യോഗങ്ങളിലും അയ്യപ്പ കര്‍മ്മ സമിതിയുട നേതൃത്വത്തില്‍ നടത്തുന്ന പരിപാടികളിലും പങ്കെടുക്കുന്നുണ്ടെന്ന വിവരമാണ് പ്രവര്‍ത്തകര്‍ പങ്കുവക്കുന്നത്. ഇതിനിടെ എന്‍എസ്എസ് പ്രാര്‍ഥനാ യോഗങ്ങളില്‍ ആര്‍എസ്എസ് നേതാക്കളെ ക്ഷണിക്കുന്നത് ആര്‍എസ്എസ് സംഘടനാ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ട്. എന്‍എസ്എസുമായി അടുക്കാന്‍ ബിജെപിയും ആര്‍എസ്എസും കാലങ്ങളായി ശ്രമിച്ചുവരികയാണങ്കിലും ഇക്കാലം വരെ അത് ഫലം കണ്ടിരുന്നില്ല. എന്നാല്‍ സുപ്രീംകോടതി വിധിക്ക് പിന്നാലെ നടന്ന പന്തളം നാമജപ ഘോഷയാത്രയില്‍ എന്‍എസ്എസ്-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നതായി മുമ്പ് പന്തളം സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അഴിമുഖത്തോട് പറഞ്ഞിരുന്നു. ഇരു സംഘടനകളുടേയും യോജിച്ചുള്ള പ്രവര്‍ത്തനമാണ് പന്തളം നാമജപ ഘോഷയാത്ര വിജയമാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമല വിഷയം ഇരുകൂട്ടരും തമ്മിലുള്ള രാഷ്ട്രീയ കൂട്ടുകെട്ടിന്റെ തുടക്കമാവും എന്ന കണക്കുകൂട്ടലിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍.

പദ്ധതികള്‍ അയ്യപ്പന്‍ തീരുമാനിക്കുന്നതെന്ന് കര്‍മ്മ സമിതി
അഞ്ചാം തീയതി ശബരിമല നട തുറക്കുമ്പോള്‍ സന്നിധാനത്ത് എന്ത് ചെയ്യണമെന്നിന് ഏകീകൃതമായ പദ്ധതിയില്ലെന്ന് അയ്യപ്പ കര്‍മ്മ സമിതി. എല്ലാം അയ്യപ്പന്‍ തീരുമാനിക്കുമെന്നും അയ്യപ്പന്റ പദ്ധതികള്‍ മാത്രമാണ് നടപ്പാവുകയെന്നും സമിതി വര്‍ക്കിങ് പ്രസിഡന്റ് കെ പി ശശികല പറയുന്നു. ‘സന്നിധാനത്ത് എന്ത് നടപ്പാക്കുമെന്ന് അങ്ങനെ ഞങ്ങള്‍ക്ക് തീരുമാനിക്കാന്‍ പറ്റില്ലല്ലോ? അതെല്ലാം അയ്യപ്പന്‍ തീരുമാനിക്കും. അയ്യപ്പന്റെ പദ്ധതികള്‍ നടപ്പാവും. ഭക്തര്‍ എന്തായാലും ശബരിമലയിലേക്ക് പോവും. ഭക്തര്‍ക്ക് പോവാതിരിക്കാനാവില്ല. പോലീസ് എന്ത് സുരക്ഷയൊരുക്കിയാലും ഭക്തര്‍ക്ക് പോവാമല്ലോ? ഭക്തരുടേതാണ് ശബരിമല. അല്ലാതെ പോലീസിന്റെയല്ല. അയോധ്യയില്‍ ഇതിലും വലിയ പോലീസ് വലയമുണ്ടായിരുന്നു. എന്നിട്ടെന്ത് സംഭവിച്ചു? ഭക്തരായി വേഷംകെട്ടിച്ച് ആരേയും കൊണ്ട് വരാന്‍ നില്‍ക്കണ്ട. അവിടേക്ക് പോവുന്നവര്‍ ആര്‍എസ്എസ് ആയാലും അയ്യപ്പ കര്‍മ്മ സമിതി പ്രവര്‍ത്തകരായാലും അവരെല്ലാം ഭക്തരായിട്ടുള്ള ഭക്തര്‍ തന്നെയായിരിക്കും. ‘ കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ശബരിമലയില്‍ ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഭക്തരുണ്ടാവും അവിടെ എന്ന് മാത്രമാണ് ശശികല മറുപടി നല്‍കിയത്. അഞ്ചിന് നടതുറക്കുന്നത് മുതലുള്ള 29 മണിക്കൂറും കേരളം മുഴുവന്‍ അഖണ്ഡനാമജപ യജ്ഞം നടത്താനാണ് കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹിന്ദുസംഘടനകളുടെ യോഗം തീരുമാനിച്ചത്. സന്നിധാനത്തും ‘അമ്മമാരു’ടെ നാമജപയജ്ഞം നടക്കും.

ഇതിനിടെ തന്ത്രിമാരും സന്യാസി സമൂഹവും ശബരിമല വിഷയത്തില്‍ സംഘടിച്ചു. എറണാകുളത്ത് നടന്ന ആചാര്യ സംഗമവും ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ത്തു.ഇന്ന് മുതല്‍ 12 ദിവസത്തേക്ക് കേരളത്തിലെ എല്ലാം ക്ഷേത്രങ്ങളിലും ഗണപതിഹോമവും, ഭഗവതിസേവ.ും, നാമജപവും നടത്തണമെന്ന് ആചാര്യ സംഗമം അഭ്യര്‍ഥിച്ചു. ആചാര്യ സംഗമത്തില്‍ കര്‍മ്മ സമിതി കണ്‍വീനര്‍കൂടിയായ എസ് ജെ കുമാര്‍ പങ്കെടുത്തു. ഡി.രാമരാജവര്‍മ്മ, ജഗത്ഗുരു ശങ്കരാചാര്. പരമേശ്വരാനന്ദ ബ്രഹ്മാനന്ദ തീര്‍ഥ സ്വാമികള്‍, ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട്, വേഴപ്പറമ്പ് കൃഷ്ണന്‍ നമ്പൂതിരിപ്പാട്, അക്കീരമണ്‍ കാളിദാസന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സംഗമം. ഇവര്‍ കഴിഞ്ഞ ദിവസം കോട്ടയത്ത് നടന്ന ഹിന്ദുസംഘചനകളുടെ യോഗത്തിലും പങ്കെടുത്തിരുന്നു.

ബിജെപി രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. മറ്റ് സംഘടനകളെല്ലാം അവരവരുടേതായ രീതിയില്‍ സംഘടിക്കുന്നുണ്ടെങ്കിലും കൃത്യമായ ഏകോപനവും ഐക്യവും ഉണ്ടെന്നും കെ പി ശശികല പറഞ്ഞു

‘അമ്മമാരെ’ ഇറക്കിയുള്ള പ്രതിരോധത്തിന് തയ്യാറെടുക്കുന്ന ബിജെപി പക്ഷെ അഞ്ചാം തീയതിയിലെ നടതുറപ്പിനേക്കാളും ലക്ഷ്യം വക്കുന്നത് മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തിലാണ്. എട്ടിന് കാസര്‍കോഡ് നിന്നാരംഭിക്കുന്ന രഥയാത്ര ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുമാണ് നയിക്കുന്നത്. ഓരോ ജില്ലകളിലും നടക്കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുക്കുമെന്നാണ് അറിവ്. സ്വീകരണ സമ്മേളനത്തോടൊപ്പം ജില്ലാ തലത്തില്‍ നാമജപസംഗമവും നടത്തും. ഇതില്‍ പരമാവധി ഭക്തജനങ്ങളുടേയും സാമുദായിക സംഘചനാ പ്രവര്‍ത്തകരുടേയും പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

ശബരിമല: ഇരുഭാഗവും ഒരുക്കത്തില്‍; 5000 പോലീസുമായി സര്‍ക്കാര്‍; 10000 ‘അമ്മ’മാരുമായി ബിജെപി, എന്താകുമെന്ന് പറയാനാകില്ലെന്ന് കര്‍മ സമിതി

ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി

ഈഴവരുടെ പ്രതിസന്ധികള്‍; ശബരിമലയില്‍ എസ്എന്‍ഡിപി പിണറായിക്കൊപ്പമോ അമിത് ഷായ്ക്കൊപ്പമോ?

ശ്രീധരന്‍ പിള്ള ബുദ്ധിമാനായ ‘ക്രിമിനല്‍’ അഭിഭാഷകനാണോ? പൊളിഞ്ഞ ബലിദാനി കഥയും ഹര്‍ത്താല്‍ എന്ന ദുരാചാരവും

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍