ആര്‍എസ്എസ്-കോണ്‍ഗ്രസ് രഹസ്യധാരണയുണ്ടാക്കാന്‍ മുഖ്യപങ്ക് വഹിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും കോടിയേരി
ആര്‍എസ്എസ് വോട്ട് കോണ്‍ഗ്രസിനു വേണ്ടെന്നു പറയാന്‍ ഉമ്മന്‍ ചാണ്ടിക്ക് സാധിക്കുമോയെന്ന വെല്ലുവിളിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസുമായി രഹസ്യധാരണയുണ്ടാക്കാന്‍ മുഖ്യപങ്ക് വഹിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്ന ആരോപണമുയര്‍ത്തിയാണ് കോടിയേരി മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇത്തരമൊരു ചോദ്യം ഉയര്‍ത്തുന്നത്. ഒളിച്ചു കളി അവസാനിപ്പിച്ച് ആര്‍എസ്എസ്സിന്റെയും എസ്ഡിപി ഐയുടെയും വോട്ട് വേണ്ടെന്നു പരസ്യമായി പറയാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറാകണമെന്നാണ് കോടിയേരിയുടെ വാക്കുകള്‍.
രണ്ടു മുന്നണിയായി മത്സരിച്ചാല്‍ ഇടതമുന്നിക്ക് വിജയസാധ്യത ഉണ്ടാകുമെന്നു കണ്ടാണ് അഞ്ചു മണ്ഡലങ്ങളില്‍ ബിജെപിയും ആര്‍എസ്എസ്സും തമ്മില്‍ ധാരണയുണ്ടാക്കിയതെന്നും കണ്ണൂര്‍, വടകര, കോഴിക്കോട്, കൊല്ലം, എറണാകുളം എന്നിവടങ്ങളില്‍ കോണ്‍ഗ്രസ് അനുകൂല പ്രചാരണം ആര്‍എസ്എസ് തുടങ്ങിക്കഴിഞ്ഞുവെന്നും കോടിയേരി പറയുന്നു. കണ്ണൂരില്‍ എല്ലാകാലത്തും ആര്‍എസ്എസിലെ ഒരു വിഭാഗത്തിന്റെ വോട്ട് കെ സുധാകരനാണ് ലഭിക്കാറുള്ളത്. വോട്ടുനില പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടും. ബിജെപിയിലേക്ക് പോകുമെന്നു പറയുന്ന നേതാവ് കൂടിയാണ് സുധാകരന്‍. വടകരയില്‍ ടി.സിദ്ദിഖിനെ മത്സരിപ്പിക്കാതിരുന്നത് ആര്‍എസ്എസ് ആവശ്യപ്പെട്ടതു പ്രകാരമാണ്. കോഴിക്കോട് ഡിസിസി പ്രസിഡന്റിനെ വയനാട്ടിലേക്ക് മാറ്റിയത് ഇതുകൊണ്ടാണ്. മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കിയതും ആര്‍എസ്എസ് ആവശ്യപ്രകാരമാണ്. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ സ്വാഗതം ചെയ്തത് രണ്ടു ബിജെപി നേതാക്കളാണ്. ഇവരെ ബിജെപി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രന് ആര്‍എസ്എസ് ദേശീയനേതൃത്വുമായി നല്ലബന്ധമുണ്ട്. ഇക്കാര്യം പരസ്യമായി പറഞ്ഞത് നരേന്ദ്ര മോദി തന്നെയാണ്. ഒരു ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വന്നത് കൊല്ലത്ത് മാത്രമാണ്. അത് പ്രേമചന്ദ്രന്‍ വിളിച്ചതുകൊണ്ടാണെന്നാണ് മോദി പറഞ്ഞത്. എറണാകുളത്ത് ഹിന്ദുവിഭാഗത്തില്‍ നിന്നൊരാളെ സ്ഥാനാര്‍ത്ഥിയാക്കാതിരുന്നത് കോണ്‍ഗ്രസിന് വോട്ട് മറിക്കാനാണ്. ഇതിന് പ്രത്യുപകാരമായി കുമ്മനം രാജശേഖരനെ തിരുവനന്തപുരത്ത് സഹായിക്കും. ശശി തരൂര്‍ കേരളത്തിലെ കോണ്‍ഗ്രസിന് അനഭിമതനാണ്; കോടിയേരി വ്യക്തമാക്കുന്നു.
ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ തിരിച്ചടി നേരിടുമെന്നു കണ്ടാണ് അക്രമരാഷ്ട്രീയ വിഷയത്തിലേക്ക് കോണ്‍ഗ്രസും ബിജെപിയും തിരിഞ്ഞതെന്നും ഇതവര്‍ക്ക് തന്നെ തിരിച്ചടിയാകുമെന്നും അഭിമുഖത്തില്‍ കോടിയേരി പറയുന്നുണ്ട്. എല്ലാ തെരഞ്ഞെടുപ്പിലും അവരുടെ പ്രചാരണമാണിത്. ഞങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് ഒരു വിരല്‍ ചൂണ്ടുമ്പോള്‍ അവര്‍ക്കെതിരേ നാലുവിരലുകള്‍ ചൂണ്ടും. എഴുന്നൂറോളം സിപിഎം പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. അഴിക്കോടന്‍ രാഘവനാണ് കൊല്ലപ്പെട്ട വലിയ നേതാവ്. ആയിരക്കണക്കിന് പേര്‍ക്ക് അംഗവൈകല്യമുണ്ട്. പി. ജയരാജനും മന്ത്രി ഇ പി ജയരാജനുമൊക്കെ ജീവിക്കുന്ന രക്തസാക്ഷികളാണ്. കാസറഗോഡ് സംഭവം അവസാനഘട്ടത്തിലുണ്ടായി. അത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. പ്രതിഷേധാര്‍ഹമാണ് ; കോടിയേരിയുടെ വാക്കുകള്‍.