ഹിന്ദുക്കള്‍ ഒന്നാകണമെന്നു തന്നെയാണ് ആര്‍എസ്എസിന്റേയും താത്പര്യം. മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ അതു നടക്കുന്നുമുണ്ട്.
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് പിന്നാലെ യുദ്ധസമാനമായ അന്തരീക്ഷമാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായത്. ബിജെപിയും കോണ്‍ഗ്രസും ശബരിമല വിധിയെ എതിര്‍ത്തുകൊണ്ട് രംഗത്തു വരികയും ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകളെ ഏകോപിപ്പിച്ചു കൊണ്ട് ശബരിമല കര്‍മസമിതി രൂപീകരിക്കപ്പെടുകയും ചെയ്തു. ചിത്തിരയാട്ട പൂജ സമയത്ത് സന്നിധാനത്തിലടക്കം ഭക്തരായ സ്ത്രീകള്‍ പോലും അക്രമിക്കപ്പെടുന്ന അവസ്ഥയുണ്ടായി. ഇതിനു പിന്നാലെയാണ് മണ്ഡലകാല പൂജകള്‍ക്കായി കഴിഞ്ഞ 17-ന് ശബരിമല നട വീണ്ടും തുറന്നത്. പിന്നീട് ശബരിമലയില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കിയതിന്റെ പേരില്‍ ഹിന്ദു ഐക്യവേദി നേതാവ് പി.കെ ശശികലയും ബിജെപി നേതാവ് കെ സുരേന്ദ്രനും അറസ്റ്റ് ചെയ്യപ്പെടുകയും ഉണ്ടായി. ശബരിമല ഒരു സുവര്‍ണാവസരമാണെന്ന ബിജെപി പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ വിവാദ പ്രസ്താവണയും ഇതിനിടയില്‍ പുറത്തു വന്നു. തുടക്കത്തില്‍ ശബരിമലയില്‍ സ്ത്രീപ്രവേശന അനുകൂല നിലപാട് സ്വീകരിച്ചിരുന്ന ആര്‍എസ്എസ് പിന്നീട് നിലപാട് മാറ്റുകയായിരുന്നു എന്നും ഇതിനിടയില്‍ വിമര്‍ശനം ഉണ്ടായി. എന്താണ് ആര്‍എസ്എസിനു പറയാനുള്ളത്? മണ്ഡലപൂജയ്ക്കായി നട തുറന്ന വേളയില്‍ ആര്‍എസ്എസിന്റെ കേരള തലവന്‍ (പ്രാന്ത കാര്യവാഹക്) ഗോപാലന്‍ കുട്ടി മാസ്റ്റര്‍ അഴിമുഖം പ്രതിനിധി ശ്രീഷ്മയുമായി സംസാരിച്ചതിന്റെ പ്രസക്ത ഭാഗങ്ങള്‍.
സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി വന്നതു മുതല്‍ വലിയ പ്രതിഷേധ സ്വരങ്ങളാണ് അതിനെതിരെ ഉയര്‍ന്നിട്ടുള്ളത്. സംഘപരിവാര്‍ അനുകൂല സംഘടനകളാകട്ടെ, കഴിഞ്ഞ കുറേയാഴ്ചകളായി നാമജപ സമ്മേളനങ്ങളും ജാഥകളും പ്രതിഷേധക്കൂട്ടായ്മകളും സംഘടിപ്പിക്കുന്നു. ശബരിമലയിലും, സംസ്ഥാനത്തുടനീളവും വിശ്വാസികളെ സംഘടിപ്പിച്ചു യോഗങ്ങള്‍ നടത്തുന്നു, ശരണം വിളിച്ചു പ്രതിഷേധിക്കുന്നു. ഇതെല്ലാം നടക്കുന്നത് ലിംഗസമത്വത്തെ ബലപ്പെടുത്തുന്ന ഒരു സുപ്രീം കോടതി വിധിക്കെതിരെ. യഥാര്‍ത്ഥത്തില്‍ നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ചുകൊണ്ടുള്ള സമരമല്ലേ നടക്കുന്നത്? നീതിന്യായ വ്യവസ്ഥയെ തുറന്നടിച്ച് എതിര്‍ക്കുകയാണ് എന്നു പറയുന്നതില്‍ തെറ്റുണ്ടോ?
അങ്ങനെയല്ല. കുറച്ചധികം കാര്യങ്ങള്‍ ഈ വിഷയത്തില്‍ പരിഗണിക്കേണ്ടതായുണ്ട്. വിധി പ്രസ്താവിച്ച ബെഞ്ചിലെ ഏക വനിതാ അംഗത്തിന്റെ അഭിപ്രായം നോക്കാം. അവര്‍ വിധി ന്യായത്തോട് വിസമ്മതിക്കുകയാണുണ്ടായത്. വിസമ്മതിച്ച ജഡ്ജി വ്യക്തമായി പറഞ്ഞതിതാണ് : വിശ്വാസവും കോടതി നിയമവും ഒരേ മാനദണ്ഡമുപയോഗിച്ച് കണക്കാക്കാന്‍ സാധിക്കില്ല. രണ്ടിനേയും വെവ്വേറെ പരിഗണിക്കേണ്ടതുണ്ട്. രണ്ടാമതായി, ബഹുജന വിശ്വാസത്തിന്റെ ഭാഗമായ ഒന്നിനെക്കുറിച്ച് ഒരു വിധി പ്രസ്താവിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ടവരുടെയെല്ലാം ഭാഗം കേള്‍ക്കേണ്ടതുണ്ട്. 1991-ലെ ജസ്റ്റിസ് പരിപൂര്‍ണന്‍ വിധിപ്രഖ്യാപനസമയത്ത് തന്ത്രിയടക്കമുള്ളവരോട് ഇത്തരത്തില്‍ അഭിപ്രായം ആരാഞ്ഞിരുന്നതാണ്. ക്ഷേത്രസങ്കല്‍പങ്ങളെക്കുറിച്ചും താന്ത്രിക സങ്കല്‍പങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിവുള്ള ആചാര്യന്മാരുടെ ഭാഗവും അന്നു കേട്ടിരുന്നു. എന്നാല്‍, ഇപ്പോഴത്തെ കോടതി വിധിയുണ്ടായിരിക്കുന്നത് അത്തരത്തില്‍ ഒരന്വേഷണവും നടത്താതെയാണെന്നതാണ് പ്രധാന വിഷയം.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണം എന്ന വാദം ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നവരൊന്നും ഭക്തരല്ല. യഥാര്‍ത്ഥ ഭക്തരെന്നു തോന്നുന്നവരാരും കേരളത്തിനകത്തു നിന്നോ പുറത്തു നിന്നോ മല ചവിട്ടാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ആചാരാനുഷ്ഠാനങ്ങളെ അപഹസിക്കുകയും അതിലംഘിക്കുകയും ചെയ്യുന്ന ചിലരാണ് നിലവില്‍ പ്രശ്‌നങ്ങളുടെ മുന്‍പന്തിയിലുള്ളത്. ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കുമെതിരായി പല രംഗത്തും പ്രവര്‍ത്തിച്ച, ശബരിമലയുടെ വിശ്വാസങ്ങളെന്തെന്ന് അറിയാത്ത ആളുകള്‍. ഇക്കാര്യങ്ങളെല്ലാം കോടതിക്കു പരിശോധിക്കാമല്ലോ. പോകാന്‍ താത്പര്യം പ്രകടിപ്പിക്കുന്നവര്‍ ക്ഷേത്രാചാരങ്ങളില്‍ വിശ്വസിക്കുന്നവരാണോ എന്നും കോടതിക്ക് അന്വേഷിക്കാമല്ലോ. ഇത്തരം കാര്യങ്ങളൊന്നും ഉണ്ടായില്ല.
കാലാകാലങ്ങളായി നിലനില്‍ക്കുന്ന ഒരു ആചാരം മാറ്റിയെടുക്കുമ്പോള്‍, ആ മാറ്റത്തിന്റെ താന്ത്രികമായ സംവിധാനങ്ങളെക്കുറിച്ച് തന്ത്രികളോടും ഊരാണ്‍മക്കാരെന്ന നിലയ്ക്ക് രാജകൊട്ടാരത്തിന്റെ പ്രതിനിധികളോടും ആത്മീയാചാര്യന്മാരോടും കൂടിയാലോചിക്കേണ്ടതുണ്ട്. ആചാരങ്ങള്‍ കാലാനുസൃതമായി മാറേണ്ടതു തന്നെയാണ്. അതില്‍ ആര്‍ക്കും അഭിപ്രായവ്യത്യാസമൊന്നുമില്ല. പക്ഷേ അതിന്റെ രീതിയിതല്ല. എല്ലാ മാസവും നട തുറക്കാന്‍ തീരുമാനിച്ചതും പടിപൂജയെക്കുറിച്ചുള്ള കാര്യങ്ങള്‍ തീരുമാനിച്ചതുമൊന്നും സര്‍ക്കാര്‍ പറഞ്ഞിട്ടല്ലല്ലോ. ദേവന്റെ ഇഷ്ടമാണറിയേണ്ടത്. അത്തരം സന്ദര്‍ഭങ്ങളില്‍ ആചാര്യന്മാരും ജോത്സ്യന്മാരും കൂടിയിരുന്ന്, എന്താണ് ദൈവഹിതം എന്നറിയാന്‍ ശ്രമിക്കും. സ്ത്രീപ്രവേശന വിഷയത്തില്‍ ദേവഹിതം അനുകൂലമാണെങ്കില്‍ ആ പ്രശ്‌നം അവിടെ കഴിഞ്ഞു.
ഈ പറഞ്ഞയാളുകളെ വിളിച്ചുകൂട്ടി ഒരു ചര്‍ച്ച നടത്താനോ സമവായത്തിലെത്താനോ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ഏറ്റവുമാദ്യം അറിയേണ്ടത് ഇവരുടെയെല്ലാം അഭിപ്രായമാണ്, സര്‍ക്കാരിന്റെയല്ല. കോടതിയുത്തരവു വന്നപ്പോഴേക്കും ധൃതിപ്പെട്ട് അതു നടപ്പിലാക്കാനാണ് അതേസമയം സര്‍ക്കാര്‍ ശ്രമിച്ചത്. ഏതെങ്കിലുമൊരു പ്രത്യേക തീയതിക്കു മുന്നേ യുവതികളെ പ്രവേശിപ്പിച്ചിരിക്കണമെന്നോ, അതിനു ശേഷം ഇന്ന ദിവസം കൃത്യമായി റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരിക്കണമെന്നോ കോടതി പറഞ്ഞിട്ടുണ്ടോ? നിര്‍ബന്ധപൂര്‍വം ഇത്ര ദിവസത്തിനകം നടപ്പിലാക്കേണ്ട വിധിയല്ല ശബരിമല വിഷയത്തിലുള്ളത്. മറിച്ച്, അതൊരു ഡിക്ലറേറ്ററി ജഡ്ജ്‌മെന്റാണ്. അതായത്, ഇക്കാര്യം കോടതിയുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍, ഒരു വിഭാഗത്തെ മാറ്റി നിര്‍ത്തരുതെന്നും സ്ത്രീകള്‍ക്കു പ്രവേശിക്കാവുന്ന സാഹചര്യമുണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചെന്നു മാത്രം. അത് ഈ നിമിഷം തന്നെ നടപ്പാക്കണമെന്നു പറഞ്ഞിരുന്നില്ലല്ലോ.
അല്പം സാവകാശമെടുത്ത് തന്ത്രിമാരോടോ മറ്റോ അഭിപ്രായം തേടിയിരുന്നെങ്കില്‍, ഈ പറഞ്ഞതു പോലുള്ള നിയമപ്രശ്‌നങ്ങളിലേക്ക് ഒരുപക്ഷേ സാഹചര്യം മാറില്ലായിരുന്നു. സുപ്രീം കോടതി പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും ദിവസങ്ങള്‍ക്കകം നടപ്പാക്കിയിട്ടുള്ള ഒരു സര്‍ക്കാരാണോ ഇത്. ഹൈവേയിലെ മദ്യഷാപ്പുകളുടെ കാര്യത്തിലും മെഡിക്കല്‍ കോളജുകളുടെ കാര്യത്തിലും എന്താണ് സര്‍ക്കാര്‍ ചെയ്തത്?
സുപ്രീം കോടതി വിധി പ്രസ്താവിക്കുന്നതിനു മുന്നേ അത്തരം കാര്യങ്ങള്‍ പരിഗണിക്കണമായിരുന്നു എന്നാണോ, അതോ വിധി നടപ്പാക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ കണക്കിലെടുക്കണമെന്നാണോ? സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനു ബാധ്യതയില്ലേ?
ആലോചനകള്‍ക്കുള്ള ഇടം ഒരുക്കേണ്ടിയിരുന്നു. അതേക്കുറിച്ച് മുന്‍പും നമ്മള്‍ പല പൊതുയോഗങ്ങളിലും പറഞ്ഞിട്ടുള്ളതാണ്. അതായത്, 41 ദിവസത്തെ മണ്ഡല വ്രതക്കാലത്ത് സ്ത്രീകള്‍ക്ക് പ്രവേശനമനുവദിക്കാന്‍ പല തരത്തിലുള്ള തടസ്സങ്ങളുണ്ട്. വ്രതത്തിന്റെ മാത്രമല്ല, തിരക്കിന്റേയും കാര്യങ്ങള്‍ പരിഗണിക്കണം. പതിനെട്ടും ഇരുപതും മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ടി വരുന്നു, പ്രാഥമിക കൃത്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ ബുദ്ധിമുട്ടു നേരിടുന്നു. എന്നാല്‍, എല്ലാ മാസവും ഏഴു ദിവസം പ്രവേശിക്കാമല്ലോ. അങ്ങനെ മലയാളമാസങ്ങളില്‍ ഒരാഴ്ച നട തുറക്കുമ്പോള്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടത്താമായിരുന്നു. തിരക്കിന്റേയോ വ്രതത്തിന്റേയോ പ്രശ്‌നമില്ലാതെ തന്നെ എല്ലാവര്‍ക്കും സന്ദര്‍ശനത്തിനുള്ള അവസരമൊരുക്കാമല്ലോ. ഇക്കാര്യം സാധ്യമാണോയെന്ന് ദൈവഹിതമോ തന്ത്രികളുടെ അഭിപ്രായമോ കേട്ട ശേഷം തീരുമാനിക്കാമായിരുന്നു.
ഇതിനൊന്നും നില്‍ക്കാതെ, ക്ഷേത്രം സര്‍ക്കാരിന്റെ കൈയിലാണ് എന്ന രീതിയിലായി നീക്കം. രാജാക്കന്മാരുടെ മുണ്ടിന്റെ കോന്തലയ്ക്കല്‍ കെട്ടാനുള്ളതല്ല ക്ഷേത്രത്തിന്റെ താക്കോല്‍, തന്ത്രി ശമ്പളക്കാരനാണ് എന്നെല്ലാമാണല്ലോ മുഖ്യമന്ത്രി അതിനു ശേഷം നടത്തിയ പരാമര്‍ശങ്ങള്‍. തന്ത്രി ശമ്പളക്കാരനാണോ? തന്ത്രിയും പൂജാരിയും തമ്മിലുള്ള വ്യത്യാസം പോലും മുഖ്യമന്ത്രിക്ക് അറിയില്ലെന്നല്ലേ അതിനര്‍ത്ഥം? പൂജാരിയെപ്പോലെ ശമ്പളം പറ്റുന്നയാളല്ല തന്ത്രി. ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തിയയാളാണ്. അയാളെ മാറ്റാന്‍ കഴിയില്ല. കോടതി വിധിക്കെതിരായ സമരമല്ല യഥാര്‍ത്ഥത്തില്‍ നടക്കുന്നത്. കോടതി വിധിയുടെ മറവില്‍ തങ്ങളുടെ താത്പര്യങ്ങള്‍ നടപ്പിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് – നിരീശ്വരവാദ ഗൂഢാലോചന വളരെ ശക്തമായി ഇതിന്റെ പുറകിലുണ്ട്. അതും ഹിന്ദുക്കള്‍ക്കെതിരായി മാത്രം. ബാക്കി മതങ്ങളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഇടപെടലുകള്‍ നടക്കുന്നില്ലല്ലോ. ഇടുക്കി ജില്ലയില്‍ ഒരു കുരിശുമാറ്റിയ സംഭവമുണ്ടായപ്പോള്‍, വിശ്വാസികളുടെ ആചാരങ്ങളുടെ പ്രതീകത്തെ തകര്‍ത്ത് സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള നീക്കമെന്നല്ലേ പരസ്യമായി മുഖ്യമന്ത്രി ഉദ്യോഗസ്ഥരോടു പറഞ്ഞത്? ലക്ഷണക്കണക്കിനു ഭക്തരുടെ പ്രതിഷേധമുണ്ടായിട്ടും ഈ വിഷയത്തില്‍ മാത്രം അല്‍പ്പം സാവകാശമെടുക്കാത്തത് ഒരു കമ്മ്യൂണിസ്റ്റു മുഖ്യമന്ത്രിയുടെ സ്റ്റാലിനിസ്റ്റ് സ്വാഭവമായി കാണേണ്ടി വരും.
സമരം കോടതി വിധിക്കെതിരല്ല എന്നാണു പറഞ്ഞു വന്നത്. ഹൈന്ദവ പ്രതീകങ്ങളെ തകര്‍ക്കാന്‍ നിരീശ്വര മന്ത്രിസഭ കാണിക്കുന്ന താത്പര്യത്തിനെതിരായി ഭക്തജനങ്ങളുടെ പ്രതിഷേധമുണ്ടാവുകയും, അവരുടെ താത്പര്യം കണക്കിലെടുത്ത് നമുക്കതിന്റെ ഭാഗമായി മാറേണ്ടി വരികയുമാണ് ചെയ്യുന്നത്. യുവതികളെ കയറ്റുക എന്നതിനോട് ഇന്നും നമുക്കെതിര്‍പ്പില്ല. പക്ഷേ അതു തീരുമാനിക്കേണ്ടത് കോടതിയോ മുഖ്യമന്ത്രിയോ അല്ല, നേരത്തേ പറഞ്ഞ തന്ത്രജ്ഞരും ദൈവജ്ഞരുമാണ്. അവരുമായുള്ള ചര്‍ച്ചയില്‍ അത്തരമൊരു തീരുമാനമുണ്ടായാല്‍ ആരും പ്രതിഷേധത്തിനു വരില്ല. കര്‍മസമിതി തന്നെ അത് അംഗീകരിച്ച് മുന്നോട്ടു പോകും. സമരം കോടതിക്കെതിരാണ്, നിയമവ്യവസ്ഥയ്‌ക്കെതിരാണ് എന്നെല്ലാം മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നത് അത് അങ്ങനെയാക്കിയെടുക്കാന്‍ വേണ്ടിയാണ്. അതൊരു തന്ത്രമാണ്.
നൈഷ്ഠിക ബ്രഹ്മചര്യം പോലുള്ള വിഷയങ്ങള്‍ പരിശോധിക്കേണ്ടത് തന്ത്രികളും ആചാര്യന്മാരുമാണ്. ദേവനെ സംബന്ധിച്ച് എല്ലാ ജീവജാലങ്ങളും ഒന്നാണല്ലോ. സ്ത്രീ പ്രവേശനത്തിന് ദൈവഹിതം എതിരല്ലെങ്കില്‍ എല്ലാവര്‍ക്കും കയറുക തന്നെ ചെയ്യാം. അതിനകത്ത്, സ്ത്രീകള്‍ക്ക് പ്രവേശനം സുഗമമാക്കാനായി മണ്ഡലകാലത്ത് ഒഴികെയുള്ള സന്ദര്‍ശനത്തെക്കുറിച്ച് ചിന്തിക്കാമെന്നാണ് പറഞ്ഞത്. നൈഷ്ഠിക ബ്രഹ്മചര്യം പോലുള്ളവ ചര്‍ച്ചയുടെ ഒരു ഭാഗത്ത് നില്‍ക്കുന്ന വാദം മാത്രമാണ്.
വിശ്വാസികളുടേതായ ഈ പ്രശ്‌നത്തില്‍ ഏതു ഘട്ടത്തിലാണ് രാഷ്ട്രീയം കടന്നുവരുന്നത്? വിശ്വാസ സംരക്ഷണം എന്ന് ഊന്നിപ്പറയാനും, സംസ്ഥാന വ്യാപകമായി ജാഥകളും യാത്രകളും നടത്താനും മുന്‍പന്തിയില്‍ നില്‍ക്കുന്നത് പ്രമുഖ രാഷ്ട്രീയ-സാമുദായിക നേതാക്കളാണ്. വിശ്വാസത്തിനു വേണ്ടിയുള്ള സാധാരണക്കാരുടെ സമരമാണിതെങ്കില്‍, ഈ നേതാക്കളെല്ലാം എങ്ങനെയാണ്, എപ്പോള്‍ മുതലാണ് ഇതിന്റെ ഭാഗമാകുന്നത്? രാഷ്ട്രീയ നേതാക്കളുടെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ യഥാര്‍ത്ഥത്തില്‍ വിഷയത്തെ മറ്റൊരു തലത്തില്‍ എത്തിച്ചേക്കുമെന്നും കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങളില്‍ത്തന്നെ മാറ്റങ്ങള്‍ വന്നേക്കുമെന്നും പറയാനാകുമോ?
ജനങ്ങളുടെ ഗുണത്തിനും ആവശ്യങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുക എന്നതാണല്ലോ രാഷ്ട്രീയം. ജനങ്ങള്‍ ഒരു താല്‍പര്യം പ്രകടിപ്പിക്കുമ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാതെ എതിര്‍ക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകര്‍ ഔട്ടാകും. അത് സ്വാഭാവികമാണ്. ഏതു രാഷ്ട്രീയക്കാരനും അത്തരത്തിലൊരു ഗുണം പ്രതീക്ഷിക്കും. ജനങ്ങള്‍ക്ക് തങ്ങളെക്കുറിച്ചുള്ള അഭിപ്രായവും തങ്ങളോടുള്ള അനുഭാവവും വര്‍ദ്ധിപ്പിക്കാനുള്ള അവസരമാണെങ്കില്‍, അതു തീര്‍ച്ചയായും ഉപയോഗിക്കുമല്ലോ. ഭക്തജനങ്ങള്‍ ഇങ്ങനെയൊരു പ്രശ്‌നത്തിലാണെന്നു കാണുമ്പോള്‍, അവര്‍ക്കെതിരെ പ്രസ്താവനയിറക്കാന്‍ നിന്നാല്‍ അത്തരക്കാരെ അവര്‍ ചവറ്റുകൊട്ടയിലേക്കു മാറ്റും. രാഷ്ട്രീയമല്ലേ എന്നു ചോദിച്ചാല്‍, ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും രാഷ്ട്രീയമായ ഒരു കാഴ്ചപ്പാട് ഉണ്ടാകും. അതില്‍ സംശയമില്ല. അതു തെറ്റാണെന്ന് പറയാനും പറ്റില്ല. ശബരിമല വിഷയത്തിലാണെങ്കിലും ജനവികാരത്തോടു ചേര്‍ന്നു നില്‍ക്കുക എന്നത് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രോസസ് മാത്രമാണ്.
ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പു നടക്കുന്നുണ്ടെന്നൊക്കെ പറയാന്‍ നിന്നാല്‍, ഏതു പാര്‍ട്ടിയാണ് അങ്ങനെ ചെയ്യാത്തത് എന്നു തിരിച്ചു ചോദിക്കേണ്ടി വരും. ഈ പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തിട്ടില്ലേ? ശബരിമലയില്‍ തീവയ്പ്പു നടന്ന സമയത്ത് അതിന്റെ റിപ്പോര്‍ട്ട് അന്നത്തെ കേശവന്‍ മന്ത്രിസഭ പുറത്തിറക്കാതെ വന്നപ്പോള്‍, തെരഞ്ഞെടുപ്പില്‍ ജയിപ്പിച്ചാല്‍ അതു പുറത്തിറക്കുമെന്ന് ഹിന്ദുക്കളോട് വാഗ്ദാനം ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് 57-ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇവിടെ ജയിച്ചു മന്ത്രിസഭയുണ്ടാക്കാന്‍ കഴിഞ്ഞത്. അതിന്റെയര്‍ത്ഥമെന്താണ്? റിപ്പോര്‍ട്ട് പുറത്തിറങ്ങാന്‍ കാത്തിരിക്കുന്ന ഒരു ഹിന്ദു സമൂഹമുണ്ടെന്നും, അതു ചെയ്യാത്ത ഭരണകൂടത്തോട് അവര്‍ക്ക് അഹിതമുണ്ടെന്നും കണ്ട കമ്യൂണിസ്റ്റ് നേതാക്കള്‍ അതൊരു അവസരമാക്കിയതല്ലേ? ജയിച്ചതിനു ശേഷം റിപ്പോര്‍ട്ടു പുറത്തിറക്കാതെ വഞ്ചിച്ചു എന്നതു മറ്റൊരു കാര്യം.
ബിജെപി ശബരിമല വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നു എന്നു പറയുന്നതിലൊന്നും അര്‍ത്ഥമില്ല. ഏതു പ്രസ്ഥാനവും, ജനസമൂഹത്തിന്റെ അനുഭാവം അവര്‍ക്ക് അനുകൂലമായി കിട്ടാവുന്ന ഏതവസരത്തിലും അതിനോടു ചേര്‍ന്നു നില്‍ക്കും. ജനങ്ങളോടു മുഖം തിരിക്കാത്ത അത്തരമൊരു നിലപാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കുമുണ്ടാകേണ്ടതായിരുന്നു. ഹൈന്ദവരുടെ ദൈവവിശ്വാസം കമ്മ്യൂണിസ്റ്റു വാദങ്ങള്‍ക്കെതിരായതിനാല്‍, അതിനെ തകര്‍ക്കണമെന്നൊരു ഗൂഢാലോചനയുണ്ട്. ഹിന്ദു സമൂഹത്തിനും ഹിന്ദു വിശ്വാസത്തിനും എതിരായി നില്‍ക്കുമ്പോള്‍, മറ്റു മതങ്ങള്‍ അഥവാ ന്യൂനപക്ഷങ്ങള്‍ മുഴുവനായും തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നായിരുന്നു അവരുദ്ദേശിച്ചത്. പക്ഷേ, അതുണ്ടായില്ല. ഇതിനു സമാനമായ പ്രതിസന്ധികള്‍ നാളെ തങ്ങള്‍ക്കും നേരിടേണ്ടി വരുമെന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിഞ്ഞു.
സര്‍ക്കാര്‍ ഈ നിലപാടില്‍ അന്തിമമായി തുടര്‍ന്നാല്‍ ഉണ്ടാകാന്‍ പോകുന്നത്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇനി കേരളത്തില്‍ ഹിന്ദുക്കളുടെ വോട്ടു വാങ്ങി ജയിക്കാനാകില്ലെന്ന സ്ഥിതിയാണ്. മുഴുവന്‍ മുസ്ലിം-ക്രിസ്ത്യന്‍ വോട്ടുകളും പിടിച്ച് അതിന്റെ ശക്തിയില്‍ ജയിക്കുകയേ വഴിയുണ്ടാകൂ. ഗോര്‍ബച്ചേവിനെപ്പോലെ, കേരളത്തിലെ അവസാനത്തെ മുഖ്യമന്ത്രിയായി പിണറായി മാറേണ്ടിവരും. കാര്യങ്ങള്‍ അങ്ങോട്ടാണു പോകുന്നത് എന്നതില്‍ തര്‍ക്കമില്ല. പാര്‍ട്ടിയിലെ മറ്റു ചില നേതാക്കള്‍ അതു മനസ്സിലാക്കിയിട്ടുണ്ട്. പുന:പരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കുമെന്ന വിധി വന്നപ്പോള്‍ മന്ത്രി ബാലന്‍ പറഞ്ഞത് സര്‍ക്കാരിനും ജനങ്ങള്‍ക്കും ഒരു പോലെ ആശ്വസിക്കാമെന്നല്ലേ. തത്സ്ഥിതി തുടരാമെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്. അദ്ദേഹത്തിന്റെ മനസ്സിലുള്ളതും അതാണ്. പക്ഷേ, ഉടനെ തന്നെ മുഖ്യമന്ത്രി ഇടപെട്ട് നിലപാട് തിരുത്തിക്കുകയായിരുന്നല്ലോ. കടുത്ത സ്റ്റാലിനിസ്റ്റ് കമ്മ്യൂണിസത്തിന്റേതാണ് മുഖ്യമന്ത്രിയുടെ നിലപാട്. അത് പാര്‍ട്ടിക്ക് യാതൊരു ഗുണവും ചെയ്യാന്‍ പോകുന്നില്ല.
കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെ ഇതു മാറ്റുമെന്നതില്‍ സംശയമില്ല. കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ലഭിക്കുന്നത് കാര്യമായും ഹിന്ദു വോട്ടുകളാണ്. ഒരു വലിയ ഹിന്ദു പാര്‍ട്ടിയാണത്. എണ്‍പതുശതമാനം വരുന്ന അവരുടെ ഹിന്ദു വോട്ടുകള്‍ നേടുക എന്നത് ഇനി സാധ്യമാവില്ല. പിന്നെയുള്ള മാര്‍ഗ്ഗം ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുക എന്നതാണ്. വിശ്വാസത്തെ ഹനിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിക്ക് ന്യൂനപക്ഷവും വോട്ടു ചെയ്യുമെന്ന് ഞങ്ങള്‍ ധരിക്കുന്നില്ല. പക്ഷേ, ഈയവസ്ഥ മാറ്റാന്‍ അവര്‍ക്ക് ഇനിയും സമയമുണ്ട്.
കോഴിക്കോട്ടു നടന്ന യുവമോര്‍ച്ചാ സമ്മേളനത്തില്‍ സംസാരിക്കവേയാണ് ശബരിമല വിഷയം തങ്ങള്‍ക്ക് ‘സുവര്‍ണാവസര’മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രസംഗിക്കുന്നത്. പൊടുന്നനെയുണ്ടായ ഈ വിധിന്യായത്തെയും തുടര്‍ന്നുള്ള വിശ്വാസികളുടെ അമര്‍ഷത്തെയും രാഷ്ട്രീയാവസരമായിത്തന്നെ കാണേണ്ടതുണ്ടെന്നായിരുന്നില്ലേ അദ്ദേഹം നല്‍കിയ സൂചന? ബിജെപിയുടെ അതേ നിലപാടാണോ ഈ വിഷയത്തില്‍ ആര്‍എസ്എസിനും? ശബരിമല സംഘപരിവാറിന് ഒരു ‘സുവര്‍ണാവസര’മാണോ?
ജനങ്ങളെ പാര്‍ട്ടിക്കും സംഘടനയ്ക്കും അനുകൂലമാക്കാനായി ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനുള്ള അവസരം തന്നെയല്ലേ വന്നിരിക്കുന്നത്. ഭരണകക്ഷിയും സര്‍ക്കാരും നേരെ വിരുദ്ധ ചേരിയിലുള്ളപ്പോള്‍, ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക തന്നെയല്ലേ വേണ്ടത്. അദ്ദേഹം അന്ന് പ്രസംഗിച്ചത് സംഘടനയില്‍പ്പെട്ട ആളുകളോടാണല്ലോ. സംഘടനയ്ക്കകത്ത് ഇത്തരം കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ എല്ലാ നേതാക്കളും സ്വാഭാവികമായി പ്രവര്‍ത്തകരെ ഊര്‍ജസ്വലരാക്കി മുന്നോട്ടു കൊണ്ടുവരാന്‍ ഇങ്ങനെയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് സ്വാഭാവികമാണ്. അതിന്റെയര്‍ത്ഥം മറ്റുള്ളവര്‍ വ്യാഖ്യാനിക്കുന്നതു പോലെ അതുവഴി മുതലെടുപ്പു നടത്തണമെന്നല്ല. ഇതുവരെയുള്ള അവസ്ഥ നോക്കുമ്പോള്‍ ഹിന്ദുക്കളില്‍ത്തന്നെ ബഹുഭൂരിപക്ഷം പേരും ബിജെപിയെ പരിഗണിച്ചിട്ടില്ല.
പക്ഷേ, ഇപ്പോഴുണ്ടായിരിക്കുന്ന ഈ സംഭവത്തോടെ ഹിന്ദുക്കളെല്ലാം ഉണര്‍ന്നിരിക്കുകയാണ്. കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാകട്ടെ, വിശ്വാസികള്‍ക്കു നേരെ എതിരായ നിലപാടെടുത്തു. കോണ്‍ഗ്രസ് ആ സമയത്ത് രണ്ടിലും പെടാത്ത അവസ്ഥയിലായിപ്പോകുകയും ചെയ്തു. അവിശ്വാസികളെ തടയും എന്ന നയം സ്വീകരിച്ചത് സുധാകരന്‍ മാത്രമാണല്ലോ. മറ്റു കോണ്‍ഗ്രസ് നേതാക്കളെല്ലാം വിധിയില്‍ എതിര്‍പ്പു രേഖപ്പെടുത്തി മാറി നില്‍ക്കുകയാണ് ചെയ്തത്. ഇങ്ങനെ ഒരു വിഭാഗം എതിരായും മറ്റൊരു വിഭാഗം നിഷ്‌ക്രിയരായും നില്‍ക്കുന്ന സാഹചര്യത്തില്‍ രംഗത്ത് സജീവമായി നില്‍ക്കുന്ന നമുക്ക് ജനങ്ങളുടെയിടയില്‍ കൂടുതല്‍ അംഗീകാരം നേടാനുള്ള അവസരം തന്നെയാണിത്.
ഹിന്ദു സമൂഹത്തിന്റെ വോട്ടാണ് ബിജെപിയെയും ജയിപ്പിക്കാന്‍ പോകുന്നത്. വേറെ വോട്ടുകളൊന്നും കിട്ടി ബിജെപി ജയിക്കാനൊന്നും പോകുന്നില്ല. അക്കാര്യം അദ്ദേഹം പറഞ്ഞു എന്നാണ് എനിക്കു തോന്നുന്നത്. അതങ്ങനെ രഹസ്യമായി പറഞ്ഞ കാര്യമൊന്നുമല്ല. ചര്‍ച്ചയുണ്ടാക്കാനായി ഇപ്പോള്‍ പൊക്കിയെടുക്കുന്നു എന്നേയുള്ളൂ.
ഇതേ രീതിയില്‍ ഹിന്ദുക്കള്‍ ഒന്നാകണമെന്നു തന്നെയാണ് ആര്‍എസ്എസിന്റേയും താത്പര്യം. മുന്‍പെങ്ങുമില്ലാത്ത രീതിയില്‍ അതു നടക്കുന്നുമുണ്ട്. ഇതുവരെയുള്ള സംഭവങ്ങള്‍ നോക്കുകയാണെങ്കില്‍, വേറിട്ടു നില്‍ക്കുന്ന സ്വഭാവമാണ് എന്‍എസ്എസിനുണ്ടായിരുന്നത്. പൊതു ഹിന്ദു താത്പര്യങ്ങള്‍ക്കൊന്നും മുന്നോട്ടു വരാത്ത ഒരു സംഘടനയായിരുന്നു. പക്ഷേ ഈ പ്രശ്‌നം വന്നപ്പോള്‍ വളരെ ശക്തമായിത്തന്നെ അവര്‍ ഇടപെട്ടില്ലേ? അതിനു മറുപടിയായി മന്നത്തിനെ മോശമായി ചിത്രീകരിക്കുക വരെ ചെയ്തല്ലോ. അനാചാരങ്ങളുടെ സന്തതിയാണ് മന്നത്ത് പത്മനാഭനെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവ് അടൂരില്‍ പ്രസംഗിച്ചത്. വൈക്കം സത്യഗ്രഹത്തില്‍ അവര്‍ണരെ പങ്കെടുപ്പിച്ച, സ്വന്തം കുടുംബക്ഷേത്രത്തില്‍ പുലയസമുദായക്കാരെ പ്രവേശിപ്പിച്ച ഒരു സാമൂഹിക പരിഷ്‌കര്‍ത്താവിനെക്കുറിച്ച് ഇങ്ങനെ സംസാരിച്ചാല്‍, ആ സംഘടനക്കാര്‍ പിന്നീട് ഇവര്‍ക്കൊപ്പം ചേരുമോ? അതാണു പറഞ്ഞത്, ഹിന്ദു ഇഴയടുപ്പത്തിനുള്ള സാഹചര്യമാണ് ഇവിടെയുണ്ടായിരിക്കുന്നത്. ആ നിലയ്ക്കു നോക്കുമ്പോള്‍, സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ വലിയൊരു മുന്നേറ്റം ഇതുവഴിയുണ്ടാകുമെന്നതില്‍ യാതൊരു സംശയവുമില്ല.
സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ മുന്നേറ്റം എന്നു പറയുമ്പോള്‍, അണികളുടെ എണ്ണത്തിലും മറ്റും പ്രകടമായി മാറ്റമുണ്ടെന്നാണോ? സംഘപരിവാര്‍ ആശയങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള ജനപിന്തുണയില്‍ വര്‍ദ്ധനവുണ്ടെന്ന് അവകാശപ്പെടുന്നവരുണ്ട്.
ഇടതുപക്ഷത്തിന്റെ അണികള്‍ കൊഴിഞ്ഞുപോകും. ആരാണോ തങ്ങളുടെ വിശ്വാസത്തിന് അനുകൂലമായി നില്‍ക്കുന്നത്, അവര്‍ക്കൊപ്പമാണ് അവരെല്ലാം അണിചേരുക. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ശബരിമല വിഷയത്തെത്തുടര്‍ന്നു വര്‍ദ്ധിച്ച ജനപങ്കാളിത്തം വളരെയധികമാണ്. എന്‍എസ്എസ് പോലുള്ള സംഘടനകള്‍ മുന്‍കൈയെടുത്തു നടത്തിയ ഭക്തജന ഘോഷയാത്രകളിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നേതൃത്വം കൊടുത്ത കര്‍മസേനകളുടെ പരിപാടികളിലും പങ്കെടുത്തിരിക്കുന്നവരൊന്നും സംഘപരിവാറിനു വോട്ടു ചെയ്തവരോ സംഘവുമായി അടുപ്പമുള്ളവരോ അല്ല. ഒരുപാടു പേര്‍, കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍, നിഷ്പക്ഷമതികള്‍, എല്ലാവരും വന്നു ചേര്‍ന്നത് വിശ്വാസികള്‍ക്കു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം ഇതാണെന്നു തിരിച്ചറിഞ്ഞു കൊണ്ടാണ്.
ഇന്നത്തെ അവസ്ഥയില്‍ വളരെ വ്യക്തമായ രീതിയില്‍ത്തന്നെ കാണാനുള്ള മാറ്റങ്ങള്‍ സംഘത്തിന്റെ പ്രവര്‍ത്തകരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുണ്ട്. കോടതി വിധി മാനിക്കുന്നു എന്ന എന്റെ സ്‌റ്റേറ്റ്‌മെന്റ് ആദ്യം വന്നപ്പോഴുണ്ടായ പ്രതികരണങ്ങളും ഇതിനോടു ചേര്‍ത്തു വായിക്കാവുന്നതാണ്. മറ്റു പ്രസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍, കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പ്രവര്‍ത്തകരടക്കം, എന്നെ വിളിച്ചിരുന്നു. “ആര്‍എസ്എസിന്റെ ഭാഗത്തു നിന്നും എന്താണ് ഇങ്ങനെയൊരു തീരുമാനം? ഞങ്ങളിതു പ്രതീക്ഷിച്ചില്ല” എന്നെല്ലാം പറഞ്ഞവരുണ്ട്. തങ്ങളുടെ സംഘടനകള്‍ വിധിയെ എതിര്‍ക്കില്ലെന്നും, എതിര്‍ക്കുമെന്നു കരുതിയ ആര്‍എസ്എസ് ഇങ്ങനെ പ്രതികരിച്ചതില്‍ ഹൃദയവേദനയുണ്ടെന്നും എന്നോടു പലരും പറഞ്ഞിട്ടുണ്ട്. സ്‌റ്റേറ്റ്‌മെന്റെ ഒന്നുകൂടി വായിക്കാനാണ് ഞാന്‍ അവരോടു പറഞ്ഞത്.
ഇത്തരം പ്രതികരണങ്ങളുടെ അര്‍ത്ഥമെന്താണ്? സംഘം എങ്ങനെയായിരിക്കണം, എങ്ങനെയായിരിക്കണം പ്രതികരിക്കേണ്ടത് എന്നതില്‍ മറ്റു പാര്‍ട്ടികളിലുള്ളവര്‍ക്കു പോലും ചില പ്രതീക്ഷകളുണ്ട്. ഇടതുപക്ഷത്തേയും കോണ്‍ഗ്രസിലേയും നേതൃത്വത്തിലുള്ള ആളുകള്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ എന്നോടു പറഞ്ഞത്. അതു തന്നെയാണ് ഞാന്‍ നേരത്തേ പറഞ്ഞത്, വലിയൊരു ഹിന്ദു കണ്‍സോളിഡേഷനാണ് മുഖ്യമന്ത്രിയുടെ ധിക്കാരപരമായ സമീപനങ്ങള്‍ കൊണ്ട് ഉണ്ടായിട്ടുള്ളത്. എല്ലാ സമുദായത്തിലുള്ളവരും നമ്മോടൊപ്പമുണ്ട്.
എല്ലാ സമുദായങ്ങളില്‍പ്പെട്ടവരും സംഘപരിവാറിനൊപ്പമാണെന്നു പറയുമ്പോഴും ഈ സമവാക്യങ്ങളില്‍പ്പെടാത്ത ഒരു വിഭാഗം ദളിതരെക്കുറിച്ചും ചിന്തിക്കണമല്ലോ. വിശ്വാസ സംരക്ഷണത്തിനായി ഒരുമിക്കുന്നു എന്നവകാശപ്പെടുന്ന ഹൈന്ദവരില്‍ സവര്‍ണ വിഭാഗങ്ങളല്ലേയുള്ളൂ. എന്‍എസ്എസ് പോലുള്ള സംഘടനകളാണല്ലോ വിശ്വാസികളെ സംഘടിപ്പിക്കാന്‍ പ്രവര്‍ത്തിച്ചത്.
പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ ഈ ഹിന്ദു ഐക്യത്തിനൊപ്പമില്ലെന്ന് ചില പത്രങ്ങള്‍ എഴുതുന്നുണ്ട്. ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ പല ഫ്രാക്ഷനുകളുണ്ടല്ലോ. അതില്‍ ചില വിഭാഗങ്ങളെ ഇടതുപക്ഷ സര്‍ക്കാര്‍ പറഞ്ഞു പ്രീണിപ്പിച്ച് അവരുടെ ഭാഗത്തു കൊണ്ടുപോയിട്ടുണ്ട്. പക്ഷേ, അതിനേക്കാള്‍ വലിയൊരു വിഭാഗം നമ്മുടെ കൂടെയുണ്ട്. കെപിഎംഎസിന്റെ നീലകണ്ഠന്‍ മാഷിനെപ്പോലുള്ളയാളുകള്‍ നമ്മുടെ പരിപാടികളില്‍ പങ്കെടുക്കുന്നതു കാണുന്നില്ലേ. അതുപോലെ താത്ക്കാലികമായി സര്‍ക്കാരിനൊപ്പം നിന്നാല്‍ എന്തെങ്കിലും ഗുണമുണ്ടാകും എന്നു കരുതുന്ന ഒരു കൂട്ടരെ അവര്‍ക്കും കിട്ടിയിട്ടുണ്ടാകും. അതിനര്‍ത്ഥം ദളിതര്‍ അവര്‍ക്കൊപ്പമാണെന്നല്ല. ആദിവാസി വിഭാഗമായ കരിമ്പാല സമുദായത്തിന്റെ സംസ്ഥാന പ്രസിഡന്റാണ് കോഴിക്കോട്ടു നടന്ന വിശ്വാസസംരക്ഷണ പരിപാടിയില്‍ അധ്യക്ഷനായിരുന്നത്. അതിന്റെയര്‍ത്ഥമെന്താണ്.
വിശ്വാസികളെ പരിപാടികളിലെത്തിച്ചത് സംഘപരിവാറല്ല. അമ്മമാര്‍ ധാരാളം വരുന്നില്ലേ. ശബരിമലയില്‍ ഭക്തര്‍ പോകുന്നില്ലേ. ഇവരെയെല്ലാം സംഘം കൊണ്ടുവരുന്നതാണെന്നാണോ. വല്‍സന്‍ പറഞ്ഞതു കേട്ടു എന്നു കരുതി എല്ലാവരും വല്‍സന്റെയാളുകളാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കാരണം വാസ്തവം ഞങ്ങള്‍ക്കറിയാം. പ്രതിഷേധം നടക്കുന്ന സമയത്ത് അവിടെ സജീവമായി ഇടപെടുന്നത് ആരാണോ, അവരില്‍ നിന്ന് മറ്റുള്ളവര്‍ നിര്‍ദ്ദേശങ്ങള്‍ സ്വമേധയാ സ്വീകരിക്കുന്നു എന്നേയുള്ളൂ. അതൊരിക്കലും ഒരു സംഘടനയുടെ അനുശാസനമല്ല. ഭക്തസമൂഹത്തിന്റെ അനുശാസനമാണ് അവിടെ നടക്കുന്നത്. അല്ലാതെ അവരെല്ലാം ആര്‍എസ്എസ് ആയതു കൊണ്ടല്ല. അതു കമ്മ്യൂണിസ്റ്റുകാര്‍ക്കും അറിയാഞ്ഞിട്ടൊന്നുമല്ല.
ഇങ്ങനെയെല്ലാമായിരിക്കുമ്പോഴും, നിങ്ങളുടെ തന്നെ ദേശീയ നേതൃത്വത്തിന്റെ നിലപാടുകള്‍ വിഭിന്നമല്ലേ? യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടുകളാണ് അവരുടേത്. എന്താണ് ഈ നയവ്യത്യാസം?
കേരളത്തിന്റെ ക്ഷേത്ര സംവിധാനങ്ങളുടേതിനു സമാനമല്ല കേരളത്തിനു പുറത്തുള്ളവയുടേത്. താന്ത്രിക വൈദികമാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ പിന്തുടരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളുടെ അടിസ്ഥാനമാകട്ടെ, വൈദിക താന്ത്രികവും. ശ്രീകോവിലിലെ പ്രവേശനം, ക്ഷേത്രത്തിനകത്തെ വസ്ത്രധാരണ രീതി എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കേരളത്തിലേയുള്ളൂ, മറ്റിടങ്ങളിലില്ല. ശ്രീകോവിലില്ലാത്ത, ഭക്തര്‍ക്കു നേരിട്ടു പൂജ ചെയ്യാവുന്ന ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങള്‍ക്കു സമാനമാണ് ഇവിടുത്തെ രീതികളും എന്ന ധാരണയാണ് അവര്‍ക്കുള്ളത്. സുപ്രീം കോടതി ജഡ്ജിമാര്‍ക്കും ഇതേ ചിന്തയായിരിക്കണം.
ഇപ്പോള്‍ അവരും കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. സ്ത്രീക്കും പുരുഷനും തമ്മില്‍ വിവേചനമില്ലാത്ത ധര്‍മമാണ് ഹിന്ദുക്കള്‍ക്കുള്ളതെന്നാണ് സംഘത്തിന്റെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. ദൈവസന്നിധിയില്‍ പുരുഷനു പോകാമെങ്കില്‍ സ്ത്രീക്കുമാകാം എന്നതാണ് നമ്മുടെ പ്രിന്‍സിപ്പിള്‍. അതേ സമയം, ചില സ്ഥലങ്ങളില്‍ ചില വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ പ്രത്യേക തീരുമാനങ്ങള്‍ എടുക്കേണ്ടിവരാം. അതിലൊന്നാണ് ശബരിമല. അവിടെ യുവതീപ്രവേശനം നിഷിദ്ധമായതിനു പിന്നില്‍ എന്തെങ്കിലും കാരണമുണ്ടായിരുന്നിരിക്കും. ആ കാരണം ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ടോയെന്ന് പരിശോധിച്ച്, അങ്ങിനെയില്ലെങ്കില്‍ തടസ്സം നീക്കാവുന്നതാണെന്നാണ് സര്‍കാര്യവാഹകിന്റെ ഭാഷ്യം. അതല്ലാതെ കാലാകാലങ്ങളായി വീണ്ടുവിചാരമില്ലാതെ തുടരുന്ന ആചാരങ്ങള്‍ക്ക് മാറ്റമില്ലാതിരിക്കുന്നത് നവോത്ഥാനത്തിന് എതിരാണെന്ന ബോധ്യമുണ്ട്.
എങ്കിലും ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിന്റേതടക്കമുള്ള നിലപാടുകളിലും മലക്കം മറിച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ വിധിയെ എതിര്‍ക്കാതിരുന്ന ആര്‍എസ്എസ് പിന്നീട് ഒരു ഘട്ടത്തില്‍ പാടേ വ്യത്യസ്തമായ ഒരു സ്റ്റാന്റിലേക്ക് മാറുകയായിരുന്നല്ലോ.
കോടതിവിധി വന്നപ്പോള്‍ ആര്‍എസ്എസ് പുറത്തിറക്കിയ സ്‌റ്റേറ്റ്‌മെന്റ് വളരെ വ്യക്തമായിരുന്നു. ആര്‍എസ്എസിന്റെ നേതാവെന്ന നിലയ്ക്ക് ഞാന്‍ തന്നെയാണ് ആ സ്റ്റേറ്റ്‌മെന്റ് കൊടുത്തത്. കോടതി വിധിയെ ആര്‍എസ്എസ് മാനിക്കുന്നു എന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട്. വിധിയെ സ്വീകരിക്കുന്നന്നോ, സ്വാഗതം ചെയ്യുന്നെന്നോ അല്ല, മാനിക്കുന്നു എന്നാണ് പറഞ്ഞത്. ഒരു പൗരനെന്ന നിലയ്ക്കും ജനാധിപത്യ സംഘടനയുടെ വക്താവ് എന്ന നിലയ്ക്കും കോടതിയെ മാനിക്കേണ്ടത് ഉത്തരവാദിത്തവുമാണ്. അതേസമയം, ഇത്തരത്തിലൊരു കോടതി വിധി നടപ്പാക്കുമ്പോള്‍ സമവായത്തിന്റേതായ ഒരു അന്തരീക്ഷം ഉണ്ടാക്കണമെന്നും അതിന്റെ തുടര്‍ച്ചയായി പറയുന്നുണ്ട്. ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും സംഘര്‍ഷവും ഉണ്ടാക്കുന്ന രീതിയില്‍ വിധി നടപ്പിലാക്കാന്‍ മുതിരരുതെന്ന് അന്നേ കുറിപ്പില്‍ പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ പറയുന്നത്, ആദ്യമേ ആര്‍എസ്എസ് വിധിയെ അംഗീകരിച്ചെന്നും പിന്നീട് മലക്കം മറിഞ്ഞെന്നുമാണ്. അതങ്ങനെയല്ല. കോടതിവിധി ഇപ്പോഴും മാനിക്കുന്നു. അതു നടപ്പിലാക്കുമ്പോള്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ടെന്നു മാത്രം.
വിശ്വാസം സംരക്ഷിക്കാനുള്ള സമരങ്ങള്‍ മിക്കപ്പോഴും അക്രമാസക്തമാകുകയാണ്. ആള്‍ക്കൂട്ടം വളഞ്ഞു നിന്ന് സ്ത്രീകളടക്കമുള്ളവരെ ഹിംസിക്കുകയും ഭക്തകളെപ്പോലും വെറുതെവിടാതെ അതിക്രമമഴിച്ചു വിടുകയും ചെയ്യുന്നുണ്ട്. അന്‍പതു വയസ്സു കഴിഞ്ഞ ഭക്തയായ സ്ത്രീയ്‌ക്കെതിരെപ്പോലും വിശ്വാസസംരക്ഷകര്‍ തിരിയുകയുണ്ടായി. തെരുവിലിറങ്ങിയും സംഘര്‍ഷത്തിലേര്‍പ്പെട്ടുമാണോ വിശ്വാസികള്‍ സമരം ചെയ്യേണ്ടത്?
ഒരു നിസ്സാര കാര്യം അങ്ങനെ അവിടെ സംഭവിച്ചു എന്നു കരുതി അതു മാത്രമാണ് അവിടെ നടന്നതെന്നു പറയാനാകും നമ്മുടെയാളുകള്‍ക്കു കൂടുതല്‍ താത്പര്യം. ഞാന്‍ തിരിച്ചു മറ്റൊരു കാര്യം ചോദിക്കട്ടേ. വിശ്വാസികളായ ആളുകള്‍ കഴിഞ്ഞ തവണ പമ്പയിലെത്തിയപ്പോള്‍ അവര്‍ വന്ന വാഹനം അവിടെ തടയുകയാണ് ചെയ്തത്. പകരം 18 രൂപയുണ്ടായിരുന്ന കെഎസ്ആര്‍ടിസിയില്‍ ഇനി മുതല്‍ 40 രൂപ കൊടുത്ത് യാത്ര ചെയ്യണമെന്നു സര്‍ക്കാര്‍ പുതിയ നിയമമുണ്ടാക്കി. സാധാരണ ഗതിയില്‍ സംഘര്‍ഷമുണ്ടാകാന്‍ അതു മതിയല്ലോ? വണ്ടിയില്‍ കയറിയിരുന്നിട്ടും നിര്‍ദ്ദേശം കിട്ടിയില്ലെന്നു പറഞ്ഞ് പുറപ്പെടാതെ, ആറു മണിക്കൂറോളം കാത്തിരുന്നശേഷം നടക്കാനാരംഭിച്ചപ്പോള്‍ തടഞ്ഞ്, പല തവണ പ്രകോപനമുണ്ടാക്കാന്‍ ശ്രമിച്ചിട്ടും അയ്യപ്പന്മാര്‍ ആത്മസംയമനം കൈവിട്ടിട്ടില്ല.
ശൗചാലയങ്ങളും ഹോട്ടലുകളും പൂട്ടിയിരുന്നു. കുടിവെള്ളത്തിന്റെ സൗകര്യങ്ങള്‍ വിച്ഛേദിച്ചു. താമസിക്കാനുള്ള മുറികളുമില്ല. എല്ലാ തരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന ഇങ്ങനെയൊരു ജനത സാധാരണഗതിയില്‍ പ്രതികരിക്കുന്ന പോലെയാണോ അവര്‍ പ്രതികരിച്ചത്? സന്നിധാനത്തിലും ഇതു തന്നെ അവസ്ഥ. പതിനായിരത്തോളം ഭക്തജനങ്ങളെ ഈ രീതിയില്‍ കഷ്ടപ്പെടുത്തിയിട്ടും അവിടെ എന്തെങ്കിലും അക്രമസംഭവങ്ങളുണ്ടായോ എന്നു നോക്കണം. ഒരു അമ്മയോട് അങ്ങനെ പെരുമാറി എന്നതിന്റെ പേരില്‍, ഭക്തര്‍ സംഘര്‍ഷമഴിച്ചു വിടുകയാണ് എന്നു പറയുന്നത് ശരിയല്ല. അങ്ങനെ പെരുമാറിയയാള്‍ ആരാണെന്ന് നമുക്കറിയില്ല. അയാള്‍ നമ്മുടെയൊപ്പം വന്നതാണോ അതോ അക്രമമുണ്ടാക്കാനായി നുഴഞ്ഞുകയറിയതോ എന്നുമറിയില്ല. പ്രശ്‌നമുണ്ടായി എന്നതു ശരിയാണ്. പക്ഷേ പ്രശ്‌നങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്യപ്പെടുകയാണ്.
നാമജപം കൊണ്ട് ഒരു ജനസമൂഹം പ്രതിസന്ധിയെ നേരിടുകയായിരുന്നു. ഗാന്ധിജിയുടെ സമരത്തിലല്ലാതെ ഇത് മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ? സംഘര്‍ഷമുണ്ടാക്കാനല്ല ആരും പോയത്. സംഘര്‍ഷമുണ്ടാക്കേണ്ടത് ഭരണകൂടത്തിന്റെ ആവശ്യമായിരുന്നു. പല തവണ പ്രകോപിപ്പിച്ച് സര്‍ക്കാര്‍ പൊലീസുകാരെ ഉപയോഗിച്ച് നടത്തിയത് സംഘപരിവാര്‍ കലാപം ഉണ്ടാക്കി എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ്. ഇത്രയുമാളുകള്‍ വന്ന കൂട്ടത്തില്‍ അത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. അതു തെറ്റുതന്നെയാണ്. നാമജപം കൊണ്ട് പ്രതിരോധിച്ചവരെ കാണാതെ പോകരുത്. യഥാര്‍ത്ഥ ഭക്തരല്ല പ്രശ്‌നമുണ്ടാക്കിയത്.
സംഘപരിവാറിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നു കണ്ട്, ഞങ്ങള്‍ക്കെതിരെ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്. ഭാഗ്യവശാല്‍ ജനം ടി.വിക്ക് അവിടെ കയറാനും ദൃശ്യങ്ങള്‍ പകര്‍ത്താനും സാധിച്ചു. ഇല്ലായിരുന്നെങ്കില്‍ വണ്ടികള്‍ തല്ലിത്തകര്‍ക്കുകയും മറ്റും ചെയ്ത പൊലീസിന്റെ പ്രവൃത്തികള്‍ ആരും കാണാതെ പോയേനെ.
വിഷയത്തില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കണോ വേണ്ടയോ എന്ന് കോടതി ജനുവരി 22ന് തുറന്ന കോടതിയില്‍ വാദം കേള്‍ക്കും. സര്‍വകക്ഷി സമ്മേളനം പരാജയപ്പെട്ടിട്ടുമുണ്ട്. ഇനിയെന്താണ് ഭാവിയിലേക്കുള്ള സമര പദ്ധതികളും നീക്കങ്ങളും?
സാധാരണ അവസ്ഥയില്‍ ഭരണഘടനാ ബെഞ്ച് ഒരി വിധി പ്രസ്താവിച്ചാല്‍, അതു പിന്നീട് റിവ്യൂ പരിശോധിക്കാന്‍ എടുക്കാറേയില്ല. കൂടിവന്നാല്‍ ചേംബറില്‍ നോക്കുമെന്നു മാത്രം. തുറന്ന കോടതിയില്‍ കേള്‍ക്കാനുള്ള തീരുമാനത്തിന്റെയര്‍ത്ഥം മുന്നത്തെ വിധിയില്‍ എന്തോ അപാകതകളുണ്ടെന്നോ അല്ലെങ്കില്‍ ആ വിധി ഒരു വലിയ സമൂഹത്തിനെതിരാണെന്നോ ഉള്ള സംശയമുണ്ടന്നോ ആണ്. തന്ത്രിക്കും രാജ കുടുംബത്തിനും മറ്റും അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരം ലഭിക്കും. ആരാണോ ഇത്തരം പരിവര്‍ത്തനങ്ങളുണ്ടാക്കേണ്ടത്, അവരുമായി ചര്‍ച്ച നടത്തി സമവായത്തിലെത്താന്‍ കോടതിക്ക് പറയാം. ഈ അവസരം ശുഭസൂചനയായിത്തന്നെയാണ് കണക്കാക്കുന്നത്.
ജനുവരി 22 വരെ തത്സ്ഥിതി തുടരാനുള്ള സാവകാശം മുഖ്യമന്ത്രിക്ക് ചോദിക്കാവുന്നതേയുള്ളൂ. സമാധാനപരമായി മണ്ഡലകാലം കഴിയാനുള്ള അവസരവുമുണ്ടാക്കാം. അതു ചെയ്യില്ലെന്നാണ് അദ്ദേഹം പറയുന്നത്. സാവകാശം ചോദിക്കാമെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നുമുണ്ട്. സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി പാടേ തള്ളിക്കളയുകയും, പിന്നീട് ദേവസ്വം ബോര്‍ഡ് രാജകുടുംബത്തോട് ഇങ്ങനെ പറയുകയും ചെയ്തിരിക്കുന്നു. തന്ത്രി-രാജകുടുംബത്തേയും, സമരം ചെയ്യുന്ന ആളുകളേയും രണ്ടാക്കാമോ എന്നാണ് അവരിപ്പോള്‍ നോക്കുന്നത്. എല്ലായിടത്തും ഭിന്നിപ്പുണ്ടാക്കി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.
ഒരു യതീഷ് ചന്ദ്രയ്ക്ക് ഒടിക്കാവുന്നതേ ഉണ്ടായിരുന്നുള്ളോ ബിജെപി സമരത്തിന്റെ കുന്തമുന?
ഈഴവരുടെ പ്രതിസന്ധികള്‍; ശബരിമലയില്‍ എസ്എന്‍ഡിപി പിണറായിക്കൊപ്പമോ അമിത് ഷായ്ക്കൊപ്പമോ?
ഈ രഥത്തില്‍ ശ്രീനാരായണ ഗുരുവിനെ കെട്ടാന്‍ നോക്കരുത് തുഷാര്‍ വെള്ളാപ്പള്ളി