UPDATES

ഇത് രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന് കരുതുന്നെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി

ക്രമസമാധാനനില തകര്‍ന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപിക്ക് ഇവിടെ രാഷ്ട്രപതി ഭരണം സ്ഥാപിക്കാനായാല്‍ കാര്യങ്ങള്‍ എളുപ്പമാകും.

ഇന്നലെ രാത്രി തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതോടെ തലസ്ഥാന നഗരം മറ്റൊരു കണ്ണൂരാകുന്നുവെന്ന നിലവിളികളാണെവിടെയും. രണ്ട് ദിവസം മുമ്പ് ബിജെപിയുടെ ആസ്ഥാനമന്ദിരത്തിനും ഏതാനും സിപിഎം നേതാക്കളുടെ വീടിന് നേരെയും ആക്രമണം ഉണ്ടായതോടെ ഏതാനും ആഴ്ചകളായി സിപിഎമ്മിനും ബിജെപിക്കുമിടയില്‍ രൂപപ്പെട്ടിരിക്കുന്ന സംഘര്‍ഷാവസ്ഥ ഒരു പൊട്ടിത്തെറിക്ക് വഴിമാറുന്നത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. അതോടെ പോലീസും കനത്ത ജാഗ്രത പുലര്‍ത്താന്‍ ആരംഭിച്ചു. തലസ്ഥാന നഗരത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. തിരുവനന്തപുരത്ത് രാത്രി മുഴുവന്‍ സജീവമായിരുന്ന പലയിടങ്ങളും നേരമിരുട്ടുന്നതോടെ വിജനമാകുന്ന അവസ്ഥയാണ്. പത്ത് മണിയാകുന്നതോടെ പോലീസ് കര്‍ശനമായി കടകളെല്ലാം അടപ്പിക്കുന്നു. ബിജെപി ഓഫീസിനും സിപിഎം നേതാക്കളുടെ വീടുകള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങളുടെ തുടര്‍ച്ച ഒഴിവാക്കാനാണ് പോലീസ് ജാഗ്രത പുലര്‍ത്തുന്നത്. അതിനിടയിലാണ് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതും സംഘര്‍ഷാവസ്ഥയുടെ സ്വഭാവം മാറിയതും.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തോടെ തന്നെ തിരുവനന്തപുരം മറ്റൊരു കണ്ണൂരായി മാറുന്നുവെന്ന പ്രചരണം ശക്തമായിരുന്നു. അന്ന് മുതല്‍ സര്‍ക്കാരിന് സമാധാനം പുനഃസ്ഥാപിക്കാന്‍ ശേഷിയില്ലെന്നും സംസ്ഥാനത്ത് കേന്ദ്രഭരണം നടപ്പാക്കണമെന്നും ബിജെപി വാദിക്കുന്നുണ്ട്. കേരള സെക്രട്ടേറിയറ്റിന്റെ ഡ്രൈവിംഗ് സീറ്റിലിരിക്കാനാകുന്നത് വിദൂരസ്വപ്‌നം മാത്രമായി നിലനില്‍ക്കുന്ന ബിജെപി എങ്ങനെയെങ്കിലും സംസ്ഥാനത്ത് ബിജെപിയുടെ ഭരണം കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തം. ഇപ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചപ്പോഴും ബിജെപി ഇതേ ആവശ്യം തന്നെയാണ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് കൊലപാതകത്തെ സംശയത്തിന്റെ നിഴലിലാക്കുകയാണ്. നിലവില്‍ കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നുണ്ട്. എന്നാല്‍ സിപിഎമ്മുമായി കേസിലെ പ്രതികളെ ബന്ധപ്പെടുത്തുന്ന തെളിവുകളല്ല പോലീസിന് ലഭിച്ചിരിക്കുന്നത്. നേരെമറിച്ച് ആര്‍എസ്എസും കോണ്‍ഗ്രസുമായി ബന്ധമുള്ളയാളാണ് കേസിലെ മുഖ്യപ്രതി മണിക്കുട്ടനെന്ന് പറയപ്പെടുന്നു. അപ്പോഴും സംഘപരിവാറിന്റെ ഓണ്‍ലൈന്‍ തൊഴിലാളികള്‍ വെറുതെയിരിക്കുന്നില്ല. ഡിവൈഎഫ്‌ഐയുമായി ഇയാളെ ബന്ധപ്പെടുത്തുന്ന തെളിവുകളുമായി അവരും രംഗത്തുണ്ട്. എന്നാല്‍ ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജചിത്രങ്ങള്‍ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ തന്ത്രങ്ങള്‍ മുന്‍കാലങ്ങളില്‍ പുറത്തു വന്നിട്ടുള്ള സാഹചര്യത്തില്‍ ഇതിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

പുകഞ്ഞുകൊണ്ടിരുന്ന രാഷ്ട്രീയ സംഘര്‍ഷത്തെ സിപിഎം കൗണ്‍സിലര്‍മാരുടെ വീടുകള്‍ ആക്രമിച്ച് ആളിക്കത്തിച്ചത് ആര്‍എസ്എസ് തന്നെയാണ്. ഏറെ നാളായി തിരുവനന്തപുരത്തെ ബിജെപി-സിപിഎം കൗണ്‍സിലര്‍മാര്‍ തമ്മില്‍ നിലനില്‍ക്കുന്ന ആശയസംഘട്ടനമാണ് ഇപ്പോള്‍ കയ്യാങ്കളിയിലെത്തി നില്‍ക്കുന്നത്. സമീപകാലത്ത് ബിജെപിയുടെ പേരില്‍ പുറത്തുവന്ന അഴിമതി ആരോപണങ്ങള്‍ക്ക് മറപിടിക്കാനാണ് തിരുവനന്തപുരത്ത് അവര്‍ ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് ആരോപണം ഈ സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ ഉയര്‍ന്നിരുന്നു. അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് സ്വന്തം അണികള്‍ക്ക് മുന്നില്‍ പോലും ബിജെപി നേതൃത്വം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യം. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഒട്ടനവധി ബിജെപി അനുഭാവികളാണ് പാര്‍ട്ടി നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. അഴിമതി വാര്‍ത്തകളില്‍ നിന്നും അണികളുടെയും കേരളത്തിലെ ജനങ്ങളുടെയും ശ്രദ്ധതിരിക്കാന്‍ ബിജെപി തന്നെയാണ് അക്രമങ്ങളും കൊലപാതകങ്ങളും സൃഷ്ടിക്കുന്നതെന്നാണ് ഒരു വിഭാഗം ആളുകള്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഇതിനെ പൂര്‍ണമായും അംഗീകരിക്കാന്‍ കഴിയില്ല. കാരണം, തിരുവനന്തപുരത്തെ യുദ്ധക്കളമാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ ആര്‍എസ്എസ് ഏറെ നാളായി ഇവിടെ നടത്തുന്നുണ്ട്.

കണ്ണൂരിലെ കലാപങ്ങള്‍ സംസ്ഥാനത്തെ രാഷ്ട്രപതി ഭരണത്തിലേക്ക് നയിക്കാനുള്ള ഒരു കാരണമല്ലെന്ന് അവര്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞതാണ്. കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ തുടര്‍ക്കഥയായപ്പോള്‍ സംസ്ഥാന ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയതുമാണ്. കേന്ദ്രം ഭരിക്കുന്ന ബിജെപി നിയോഗിച്ച ഗവര്‍ണര്‍ തങ്ങളുടെ കൈപ്പിടിയിലൊതുങ്ങുമെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു അത്. എന്നാല്‍ ആ കത്ത് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുക മാത്രമാണ് അന്ന് ഗവര്‍ണര്‍ പി. സദാശിവം ചെയ്തത്. ഇതിനെതിരെ ബിജെപി നേതാക്കള്‍ അന്ന് രംഗത്തുവരികയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെയും ഡിജിപിയും രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയിരിക്കുന്നു. അത് തന്നെയാണ് തിരുവനന്തപുരവും കണ്ണൂരും തമ്മിലുള്ള വ്യത്യാസം. സംസ്ഥാന തലസ്ഥാനത്ത് നടക്കുന്ന അക്രമ പരമ്പരകള്‍ സംസ്ഥാനത്തെ മൊത്തം ക്രമസമാധാന നിലയുടെ തകര്‍ച്ചയായി കണക്കാക്കപ്പെടുമെന്നതാണ് അതിന്റെ നേട്ടം. ഗവര്‍ണറുടെ വിളിച്ചുവരുത്തല്‍ അങ്ങനെയാകുമ്പോള്‍ പലതിന്റെയും സൂചനയുമാണ്‌.

ബിജെപിക്ക് വേണ്ടതും അതുതന്നെയാണ്. അടുത്തകാലത്തൊന്നും കേരളത്തിന്റെ ഭരണം തങ്ങളിലെത്തില്ലെന്ന് അവര്‍ക്ക് നല്ല നിശ്ചയമുണ്ട്. രാഷ്ട്രപതി ഭവനിലിരിക്കുന്ന രാംനാഥ് കോവിന്ദിലൂടെ താല്‍ക്കാലികമായെങ്കിലും കേരള ഭരണം പിടിച്ചെടുക്കാമെന്നും പിന്നീട് മറ്റ് സംസ്ഥാനങ്ങളില്‍ പയറ്റിയ രാഷ്ട്രീയ കളികളിലൂടെ കേരളത്തില്‍ അധികാരത്തില്‍ വരാമെന്നും അവര്‍ കണക്കു കൂട്ടുന്നുണ്ടാകും. ജനവിധിയെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുന്ന രീതി ബിജെപിക്ക് മുമ്പും ഉള്ളതാണ്. ബിഹാറിലും ഗുജറാത്തിലും അവര്‍ അടുത്തകാലത്ത് നടത്തിയ രാഷ്ട്രീയ നീക്കങ്ങള്‍ ഇതിനെ സാധൂകരിക്കുന്നതാണ്. തമിഴ്‌നാട്ടിലും ഇവര്‍ ഇതേ തന്ത്രം തന്നെയാണ് പയറ്റാന്‍ ശ്രമിക്കുന്നത്. ബിഹാറില്‍ ജെഡിയും ആര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്ന് രൂപീകരിച്ച മഹാസഖ്യത്തെ പൊളിച്ചടുക്കി അധികാരം പിടിച്ചെടുക്കാന്‍ അവര്‍ക്ക് സാധിച്ചു. ഒട്ടുമിക്ക വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഭരണം കിട്ടിയത് ഈ വഴിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആയിട്ട് പോലും ഗോവയിലും അവര്‍ ഭരണം പിടിച്ചു. ഗുജറാത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച് നിയമസഭയിലെത്തിയ എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചാണ് മറ്റൊരു തന്ത്രം ആവിഷ്‌കരിക്കുന്നത്. കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന തങ്ങളുടെ ലക്ഷ്യത്തിലേക്കാണ് ബിജെപി എപ്പോഴും ചുവടുവയ്ക്കുന്നതെന്ന് ഓര്‍ക്കണം. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് മുക്ത ഇന്ത്യ പ്രാവര്‍ത്തികമായാല്‍ ദേശീയതലത്തില്‍ ബിജെപി എന്ന ഒറ്റപ്പാര്‍ട്ടി മാത്രമാകും ഉണ്ടാകുക. അത് ഏകാധിപത്യത്തിലേക്കുള്ള വഴിയാണ്. ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്ളതാണ് ഏതൊരു രാജ്യത്തിന്റെയും ജനാധിപത്യ നിലനില്‍പ്പിന്റെ മുഖ്യഘടകം.

കേരളത്തില്‍ രാഷ്ട്രപതി ഭരണത്തിലൂടെ ഭരണം പിടിച്ചെടുക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് തിരിച്ചറിയാന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് ശേഷം ഹര്‍ത്താല്‍ പ്രഖ്യാപിക്കാന്‍ അവര്‍ പ്രകടിപ്പിച്ച അനാവശ്യ ധൃതി മാത്രം ശ്രദ്ധിച്ചാല്‍ മതി. ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ഉണ്ടെന്നത് അംഗീകരിക്കുമ്പോള്‍ തന്നെ ഇന്ന് പ്രഖ്യാപിച്ച ഹര്‍ത്താല്‍ അനാവശ്യമായിരുന്നില്ലേ എന്ന ചോദ്യവും ഉയരുന്നത് ഈ ധൃതി കാരണമാണ്. രാജേഷ് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം തന്നെ കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് ആരോപിച്ച് ബിജെപി നേതൃത്വം ഞായറാഴ്ചയായിട്ടും ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കേന്ദ്രത്തിന് മുന്നില്‍ ഊതിപ്പെരുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതില്‍ അവര്‍ വിജയിച്ചുവെന്ന് വേണം മനസിലാക്കാന്‍. കേരളത്തില്‍ മുമ്പും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഒരു ദിവസം കാത്തിരുന്ന ശേഷമാണ് സാധാരണഗതിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ ബിജെപി നേതൃത്വം ഇവിടെ അതിന് തയ്യാറാകാതിരുന്നത് അവര്‍ക്ക് ഇതൊരു ആയുധമാണെന്നതിനാല്‍ തന്നെയാണ്. എന്നാല്‍ ഇന്ന് ഉച്ചയോടെ കേസിലെ പ്രതികളെല്ലാം പിടിയിലാകുകയതോടെ പ്രതിക്കൂട്ടിലായിരിക്കുന്നത് ബിജെപി തന്നെയാണ്. പ്രതികളെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായാല്‍ മാത്രമേ കൊലപാതകത്തിന്റെ ലക്ഷ്യം വ്യക്തമാകൂ എന്ന് പറയുമ്പോഴും ഡിജിപി ലോക്‌നാഥ് ബഹ്ര നല്‍കുന്ന സൂചന ഇതൊരു വ്യക്തിപരമായ സംഭവമാണെന്നാണ്. അതിനാല്‍ തന്നെ എന്തിനായിരുന്നു ഈ ഹര്‍ത്താല്‍ എന്ന ജനങ്ങളുടെ ന്യായമായ ചോദ്യത്തിന് അവര്‍ മറുപടി പറയേണ്ടി വരുന്നു.

കൂടാതെ ശ്രീകാര്യം സ്വദേശികള്‍ ഇതൊരു രാഷ്ട്രീയ കൊലപാതകമായല്ല കാണുന്നത്. അവര്‍ക്ക് ശ്രീകാര്യത്തെയും കൊല്ലപ്പെട്ടയാളുടെയും ഇപ്പോള്‍ പിടിയിലായ ആളുകളുടെയും രാഷ്ട്രീയം അറിയാമെന്നതിനാല്‍ അവരുടെ വാക്കുകള്‍ വിലയ്‌ക്കെടുക്കാമെന്ന് തോന്നുന്നു. പ്രദേശവാസിയായ ശ്രീജിത്ത് എന്നയാള്‍ ഇതേക്കുറിച്ച് പറയുന്നത് ഒരുമിച്ച് നിന്ന ഗുണ്ടാസംഘങ്ങള്‍ വേര്‍പിരിഞ്ഞതാണ് ഈ കൊലപാതകത്തിന് കാരണമെന്നാണ്. സംഘത്തില്‍ നിന്നും ഒഴിവായ ഗുണ്ട സംരക്ഷണത്തിനായി ആര്‍എസ്എസ് പാളയത്തില്‍ അഭയം പ്രാപിച്ചെന്നും ദളിത് കോളനി പിടിച്ചെടുക്കാനുള്ള തന്ത്രമായി ആര്‍എസ്എസ് ഇതിനെ കണ്ടെന്നും ഇദ്ദേഹം വിശദീകരിക്കുന്നു. അതോടെ ഗുണ്ടകളും ആര്‍എസ്എസും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കി. ഇപ്പോള്‍ അറസ്റ്റിലായ മണിക്കുട്ടന്റെ രാഷ്ട്രീയം ആര്‍എസ്എസില്‍ നിന്നും കോണ്‍ഗ്രസിലേക്കും അവിടെ നിന്ന് ഇപ്പോള്‍ സ്വതന്ത്ര കൗസിലറിലേക്കും എത്തുന്നതാണെന്നാണ് ശ്രീജിത്ത് ചൂണ്ടിക്കാട്ടുന്നത്. ഇതില്‍ നിന്നു തന്നെ ബിജെപി ഈ സംഭവത്തില്‍ അനാവശ്യമായാണ് രാഷ്ട്രീയം കണ്ടെത്തുന്നതെന്ന് വ്യക്തമാകും.

ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ കേരളത്തിനുള്ള സ്ഥാനം വളരെ വലുതാണ്. ദേശീയ ദിനപത്രങ്ങളില്‍ കേരള വാര്‍ത്തകള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം ശ്രദ്ധിച്ചാല്‍ തന്നെ കേരളത്തിലെ കാവിവിരുദ്ധ രാഷ്ട്രീയം ദേശീയതലത്തില്‍ ഏറെ ശ്രദ്ധിക്കുന്നുവെന്ന് വ്യക്തമാകും. അതിനാല്‍ തന്നെ ഏത് വിധേനയും കേരളത്തില്‍ അധികാരം പിടിക്കുകയെന്നത് ബിജെപിയുടെ അഭിമാന പ്രശ്‌നവുമാണ്. ഗുജറാത്തിലേത് പോലുള്ള രാഷ്ട്രീയക്കളി അവര്‍ക്ക് ഇവിടെ സാധ്യമാകാതെ പോകുന്നത് ഇവിടെ കോണ്‍ഗ്രസിന് ഇപ്പോഴും അടിത്തട്ടില്‍ സ്വാധീനമുണ്ട് എന്നതുകൊണ്ടാണ്. എന്നാല്‍ ഇന്ന് കോണ്‍ഗ്രസിന്റെ മുഖമായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയം പലപ്പോഴും സംഘപരിവാറിനെ സഹായിക്കുന്നതാണെന്നത് നിരവധി തവണ ആരോപണമുയരുകയും ചെയ്തിരുന്നു. കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നുവെന്ന് നിയമസഭയില്‍ വികാരംകൊണ്ടിട്ടുണ്ട് അദ്ദേഹം. ഇപ്പോള്‍ തിരുവനന്തപുരത്തെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം കോഴിക്കോട് ഉപവാസം ഇരിക്കുകയും ചെയ്യുന്നു. കോവളം എംഎല്‍എ വിന്‍സെന്റിന്റെ സ്ത്രീപീഡന കേസില്‍ നിന്നും കേരള സമൂഹത്തിന്റെ ശ്രദ്ധ മാറുന്നു എന്നതാണ് ചെന്നിത്തല ഇതില്‍ കണ്ടെത്തുന്ന നേട്ടം.

ക്രമസമാധാനനില തകര്‍ന്നെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിജെപിക്ക് ഇവിടെ രാഷ്ട്രപതി ഭരണം സ്ഥാപിക്കാനായാല്‍ കാര്യങ്ങള്‍ എളുപ്പമാകും. താത്ക്കാലിക സമാന്തര അധികാര കേന്ദ്രമാകുന്ന ബിജെപിക്ക് ചെന്നിത്തല കോണ്‍ഗ്രസുകാരെ സ്വാധീനിക്കാനും ഒപ്പം നിര്‍ത്താനും സാധിക്കുമെന്ന് ഉറപ്പാണ്. കൂടാതെ ജനങ്ങളെ സ്വാധീനിക്കാനും വരുന്ന തെരഞ്ഞെടുപ്പുകളില്‍ അതിന്റെ നേട്ടം കൊയ്യാനും സാധിക്കും. ചുരുക്കത്തില്‍ അക്രമരാഷ്ട്രീയമെന്ന ഇപ്പോള്‍ ഉയരുന്ന മുറവിളി, തുടര്‍ച്ചയായി കേരള ജനത തള്ളിക്കളയുന്ന ബിജെപിക്ക് ജനഹിതത്തിന് വിരുദ്ധമായി അധികാരത്തിലെത്താനുള്ള കുറുക്കു വഴിയായി മാറുന്ന സാഹചര്യമാണുള്ളത്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍