ഒരു പുരോഹിതന്‍ എന്തിന്റെ പേരിലായാലും തോക്ക് പോലുള്ള ആയുധം കൈവശം വയ്ക്കുന്നത് വൈദികവൃത്തിക്ക് ചേരുന്ന പ്രവര്‍ത്തിയല്ലെന്ന് ഈ വിഷയത്തോട് പ്രതികരിച്ച പുരോഹിതര്‍
സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്‍ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. എന്തെന്നാല്‍, നമ്മള്‍ മാംസത്തിനും രക്തത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്റെ അധിപന്‍മാര്‍ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്ന തിന്മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്. അതിനാല്‍, ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച് നിങ്ങള്‍ ഉറച്ചുനില്‍ക്കുവിന്‍. സമാധാനത്തിന്റെ സുവിശേഷത്തിനുള്ള ഒരുക്കമാകുന്ന പാദരക്ഷകള്‍ ധരിക്കുവിന്‍. സര്‍വോപരി, ദുഷ്ടന്റെ ജ്വലിക്കുന്ന കൂരമ്പുകളെ കെടുത്തുന്നതിന് നിങ്ങളെ ശക്തരാക്കുന്ന വിശ്വാസത്തിന്റെ പരിച എടുക്കുവിന്‍. രക്ഷയുടെ പടത്തൊപ്പി അണിയുകയും ദൈവവചനമാകുന്ന ആത്മാവിന്റെ വാള്‍ എടുക്കുകയും ചെയ്യുവിന്‍- എഫേസോസ് 6: 10-17
വിശുദ്ധ പൗലോസ് ശ്ലീഹ എഫേസോസിലെ വിശ്വാസികള്‍ക്കെഴുതിയ ലേഖനത്തില്‍ ക്രിസ്തുവിനെ പിന്തുടരുന്നവന്‍, സത്യം കൊണ്ട് അരമുറുക്കി, നീതിയുടെ കവചം ധരിച്ച്, വിശ്വാസത്തിന്റെ പരിചയും ദൈവവചനത്തിന്റെ വാളും അണിഞ്ഞ് തിന്മയ്‌ക്കെതിരേ പോരാടുവാന്‍ ആഹ്വാനം ചെയ്യുന്നു. എന്നാല്‍ ക്രിസ്തുവിന്റെ പ്രതിനിധികളായ കത്തോലിക്ക പുരോഹതരോ, അവര്‍ പണം കൊടുത്ത് ആയുധങ്ങള്‍ വാങ്ങി കൈവശം വയ്ക്കുന്നു. എന്തിനാണെന്ന ചോദ്യത്തിന് മാത്രം ഉത്തരമില്ല.
കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, പാസ്റ്ററല്‍ ഓറിയേന്റേഷന്‍ കൗണ്‍സില്‍ (പിഒസി) സെക്രട്ടറി, പിസിഡിറ്റി പ്രസിഡന്റ് എന്നീ ഔദ്യോഗിക ചുമതലകള്‍ വഹിക്കുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്ന കത്തോലിക്ക പുരോഹിതന്‍ ഒരു തോക്ക് സൂക്ഷിക്കുന്നുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്വരക്ഷയ്ക്ക് നിയമാനുസൃതമായ അനുമതിയോടെ തോക്ക് കൈവശം സൂക്ഷിക്കാന്‍ എല്ലാവര്‍ക്കും അവകാശം ഉണ്ടെങ്കിലും ഒരു പുരോഹിതന് ആയുധം സൂക്ഷിക്കേണ്ടതിന്റെ ആവശ്യം എന്താണെന്നതാണ് ഉയരുന്ന ചോദ്യം. കേരളത്തിലെ ഏതെങ്കിലും വൈദികര്‍ തോക്ക് മുതലായ ആയുധങ്ങള്‍ കൈവശം വയ്ക്കുന്നതായി അറിവില്ലെന്നും, എന്നാല്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടുമായി ബന്ധപ്പെട്ട ഇത്തരമൊരു വിവരം കേട്ടത് അത്ഭുതമാണെന്നും മുതിര്‍ന്ന പുരോഹിതര്‍ വ്യക്തമാക്കുക കൂടി ചെയ്യുന്നിടത്താണ് വിഷയത്തിന്റെ ഗൗരവം കൂടുന്നത്.
2018 സെപ്തംബര്‍ മാസം 18-നു തിരുവല്ല പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു വിവരാവകാശ രേഖയ്ക്കുള്ള മറുപടിയിലാണ് ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന് തോക്ക് ലൈസന്‍സ് ഉള്ള വിവരം രേഖപ്പെടുത്തിയിരിക്കുന്നത്. 2003 മുതല്‍ തിരുവല്ല പൊലീസ് സ്റ്റേഷനു കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ തോക്ക് ലൈസന്‍സ് ഉള്ളവര്‍ ആരൊക്കെ, പൊതു തെരഞ്ഞെടുപ്പ് സമയങ്ങളില്‍ ആയുധം സറണ്ടര്‍ ചെയ്തത് സംബന്ധിച്ചതമായി ബന്ധപ്പെട്ട രേഖകളും ആയുധ ലൈസന്‍സികളുടെ പേരും വിലാസവും ആയുധം സംബന്ധിച്ച വിവരങ്ങളും ചോദിച്ചുകൊണ്ട് പൗലോസ് വി ജെ എന്നയാള്‍ നല്‍കിയ വിവാരാവകാശ അപേക്ഷയ്ക്ക് തിരുവല്ല പൊലീസ് നല്‍കിയ മറുപടിയിലാണ് തോക്ക് ലൈസന്‍സികളുടെ കൂട്ടത്തില്‍ ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ പേരുള്ളത്. ഫാ. വര്‍ഗീസിനെ കൂടാതെ ഫാ. സന്തോഷ് അഴകത്ത് എന്ന മറ്റൊരു വൈദികനും തോക്ക് ലൈസന്‍സിയാണ്. തിരുവല്ല മേരിഗിരി ബിഷപ്പ് കൗണ്‍സില്‍ മേല്‍വിലാസമണ് ഫാ. വര്‍ഗീസും ഫാ. സന്തോഷും തിരുവല്ല പൊലീസ് സ്റ്റേഷനിലെ ആംസ് ലൈസന്‍സ് രജിസ്റ്ററില്‍ നല്‍കിയിരിക്കുന്നത്. no.02/2005/III/TVLA ആണ് ഫാ. വര്‍ഗീസ് വള്ളിക്കാട്ടിന്റെ ലൈസന്‍സ് നമ്പര്‍. no.03/2005/III/TVLA എന്നതാണ് ഫാ. സന്തോഷ് അഴകത്തിന്റെ ലൈസന്‍സി നമ്പര്‍. സിംഗിള്‍ ബാരല്‍ ബ്രീച്ച് ലോഡിംഗ് ഗണ്‍ (SBBL) ഇനത്തില്‍പ്പെട്ട തോക്കാണ് രണ്ട് വൈദികര്‍ക്കും ഉള്ളതെന്ന് വിവരാവകാശ രേഖയില്‍ പറയുന്നു. 2005 ല്‍ ആണ് ഇരുവരും തോക്ക് ലൈസന്‍സ് എടുത്തിരിക്കുന്നത്.
തിരുവല്ല മേരിഗിരി ബിഷപ്പ് ഹൗസില്‍ നിന്നും ഫാ.വര്‍ഗീസ് വള്ളിക്കാട്ട് ഇപ്പോള്‍ കെസിബിസി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോഴും തോക്ക് കൈവശം സൂക്ഷിക്കുന്നുണ്ടോ എന്നറിയാന്‍ അഴിമുഖം അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നു. അത് നിങ്ങള്‍ അറിയേണ്ട കാര്യമില്ലെന്നും അറിയിക്കേണ്ടവരെ അറിയിച്ചോളം എന്ന മറുപടിയായിരുന്നു ഫാ. വര്‍ഗീസ് വള്ളിക്കാട്ടില്‍ നിന്നും ലഭിച്ചത്. കൂടുതല്‍ സംസാരിക്കാന്‍ തയ്യാറാകാതെ അദ്ദേഹം സംഭാഷണം അവസാനിപ്പിക്കുകയും ചെയ്തു. തോക്ക് കൈവശം ഉണ്ടെന്ന കാര്യം അദ്ദേഹം നിഷേധിച്ചുമില്ല.
ഇതേ വിഷയത്തില്‍ കെസിബിസി മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്ടിനെ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി ഇതാണ്; “ആറായിരത്തോളം കത്തോലിക്ക പുരോഹിതര്‍ കേരളത്തിലുണ്ട്. ഇവരില്‍ എനിക്കറിയാവുന്ന ഒരാള്‍ക്കുപോലും തോക്ക് ഉള്ളതായി കേട്ടിട്ടില്ല. ആദ്യമായിട്ടാണ് ഒരു കത്തോലിക്ക പുരോഹിതന് തോക്ക് ലൈസന്‍സ് ഉള്ളതായി കേള്‍ക്കുന്നത്. അതുകൊണ്ട് തന്നെ ബന്ധപ്പെട്ട പുരോഹിതനോട് തന്നെയാണ് ഇതിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് അന്വേഷിക്കേണ്ടത്. രേഖകള്‍ പ്രകാരം തോക്ക് ലൈസന്‍സ് ഉണ്ടെന്നാണ് വ്യക്തമാകുന്നതെങ്കില്‍ എന്തിനാണ് ആയുധം കൈവശം വയ്ക്കുന്നതെന്നു വിശദീകരിക്കേണ്ടതാണ്. എന്തായാലും ഇത്തരമൊരു കാര്യം ശ്രദ്ധയില്‍പ്പെടുത്തിയ സ്ഥിതിക്ക് ഈ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാമെന്നു മാത്രമെ എനിക്കിതില്‍ പറയാന്‍ കഴിയൂ.”
ഒരു പുരോഹിതന്‍ എന്തിന്റെ പേരിലായാലും തോക്ക് പോലുള്ള ആയുധം കൈവശം വയ്ക്കുന്നത് വൈദികവൃത്തിക്ക് ചേരുന്ന പ്രവര്‍ത്തിയല്ലെന്നാണ് ഈ വിഷയത്തോട് പ്രതികരിച്ച മറ്റു ചില പുരോഹിതരും ചൂണ്ടിക്കാട്ടിയത്. “വൈദികന്റെ ആയുധം ദൈവവചനമാണ്. നീതിയും സത്യവും ദൈവചനവും ഉപയോഗിച്ചാണ് ഒരു പുരോഹിതന്‍ ജീവിക്കേണ്ടത്. അല്ലാതെ തോക്കുമായിട്ടല്ല”, ഒരു പുരോഹിതന്‍ അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്. വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്ക് ആണെങ്കില്‍ പോലും ഒരു വൈദികന്‍ എന്തിനാണ് വേട്ടയാടാന്‍ പോകുന്നതെന്ന ചോദ്യവും ഇവര്‍ ഉയര്‍ത്തുന്നു. സ്വയരക്ഷയ്ക്കാണെങ്കില്‍, പുരോഹിതനായ ഒരാള്‍ക്ക് ആരാണ് ശത്രു, ആരെയാണ് ഭയക്കേണ്ടതുള്ളതെന്നും ഇവര്‍ ചോദിക്കുന്നു.
ജലന്ധര്‍ രൂപത മുന്‍ അധ്യക്ഷന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ കന്യാസ്ത്രീ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് കെസിബിസിയുടെ പേരില്‍ പ്രസ്താവന ഇറക്കിയ വ്യക്തിയാണ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ കേസ് എടുത്തത് വേദനാജനകമാണെന്നും വഴിവക്കില്‍ സമരം ചെയ്ത് സഭയെ അവഹേളിച്ച കന്യാസ്ത്രീകളുടെയും വൈദികരുടെയും നടപടി തെറ്റാണെന്നുമായിരുന്നു ഫാ. വര്‍ഗീസിന്റെ വള്ളിക്കാട്ടിന്റെ പ്രസ്താവന. കന്യാസ്ത്രീ സമരത്തെ തള്ളിപ്പറഞ്ഞും ബിഷപ്പ് ഫ്രാങ്കോയെ പിന്തുണച്ചും ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എടുത്ത നിലപാടിനെതിരെ സഭയ്ക്കുള്ളില്‍ നിന്നും വിശ്വാസികള്‍ക്കിടയില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കെസിബിസിയുടെ വക്താവ് എന്ന നിലയായിരുന്നു ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ഇത്തരമൊരു പ്രസ്താവന നടത്തിയെന്നത് ബിഷപ്പ് കൗണ്‍സിലിനെതിരേയും പ്രതിഷേധം ഉയരുന്നതിനു കാരണമായി.
ഈ വിഷയത്തില്‍ പ്രതികരിച്ച വിശ്വാസികളും ഒരു പുരോഹിതന് ആയുധം വൈകവശം വച്ചിരിക്കുന്നത് എന്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണെന്നും പുരോഹിത ജീവിതത്തെ മൊത്തത്തില്‍ അപമാനിക്കുന്ന പ്രവര്‍ത്തിയാണ് ഇതെന്നും കുറ്റപ്പെടുത്തുന്നു.