UPDATES

ട്രെന്‍ഡിങ്ങ്

സെന്‍കുമാറിനെതിരെയുള്ള സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയെന്ന് വിവരാവകാശ രേഖ

നളിനി നെറ്റോ നല്‍കിയ രേഖകളിലാണ് തിരുത്തല്‍ നടന്നിരിക്കുന്നത്‌

ടി പി സെന്‍കുമാറിനെതിരെയുള്ള സര്‍ക്കാര്‍ രേഖയില്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കൃത്രിമംകാട്ടിയെന്ന് വിവരാവകാശ രേഖ. സംഭവം നടക്കുമ്പോള്‍ ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും നിലവില്‍ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ നല്‍കിയ രേഖകളിലാണ് തിരുത്തല്‍ നടന്നിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലായിരുന്നു സെന്‍കുമാറിനെതിരേയുള്ള ഈ രേഖകള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചത്. സര്‍ക്കാര്‍ രേഖയില്‍ കൃത്രിമംകാട്ടി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് ഇന്ത്യന്‍ ശിക്ഷാനിയമം 466, 469 വകുപ്പുകള്‍പ്രകാരം ഗുരുതരമായ കുറ്റമാണ്.

സംസ്ഥാന പോലീസ് മേധാവിയായിരുന്ന സെന്‍കുമാര്‍ തന്നെ ആ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടര്‍ന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചപ്പോഴാണ് തിരുത്തിയ രേഖകള്‍ സമര്‍പ്പിക്കപ്പെട്ടത്. ഈ രേഖകള്‍ സെന്‍കുമാറിന്റെ കേസ് പരിശോധിക്കവേ സുപ്രീംകോടതി ഉത്തരവ് പ്രകാരം കോടതിയിലും ഹാജരാക്കിയിരുന്നു.

ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സെന്‍കുമാറിനെ മാറ്റാന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയ കാരണം പുറ്റിങ്ങല്‍ ദുരന്തം, ജിഷ വധം എന്നിവയുടെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്നാണ്. ഇതോട് അനുബന്ധിച്ച് തെളിവുകളും സമര്‍പ്പിച്ചിരുന്നു. ഈ തെളിവിന്റെ കൂടെയാണ് സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തിയ രേഖയും സമര്‍പ്പിച്ചത്. പുറ്റിങ്ങല്‍ ദുരന്തം സംബന്ധിച്ച അന്വേഷണത്തിന്റെ 32931/എഫ് 1/16/ഹോം എന്ന പേരിലുള്ള രേഖയാണ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ സമര്‍പ്പിച്ചിരുന്നത്.

2016 ഏപ്രില്‍ 13-ന് സര്‍ക്കാരിന് നല്‍കിയ ഈ രേഖയില്‍ പുറ്റിങ്ങല്‍ ദുരന്തത്തിന് ഉത്തരവാദികളായ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍, ചാത്തന്നൂര്‍ അസി. കമ്മീഷണര്‍, പരവൂര്‍ സിഐ എന്നിവരെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് ശുപാര്‍ശചെയ്തിരുന്നത്. എന്നാല്‍ ഇതില്‍ പോലീസ് മേധാവിക്കെതിരെ പരാതികളോ പരാമര്‍ശങ്ങളോയില്ല. ഈ രേഖകള്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ചപ്പോള്‍ സെന്‍കുമാറിനെതിരായ ആരോപണങ്ങളടങ്ങിയ കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് ഉണ്ടായിരിക്കുന്നത്.

വിവരാവകാശം വഴി ലഭിച്ച ഈ രേഖകളുടെ പകര്‍പ്പില്‍ ചില ഭാഗങ്ങള്‍ കാണാനില്ല. പത്താം പേജിലുണ്ടായിരുന്ന അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശങ്ങള്‍ പുതിയ രേഖയിലില്ല. ഈ രേഖയുടെ വിശ്വാസ്യതയില്‍ സുപ്രീംകോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ജിഷവധം സംബന്ധിച്ച് കോടതികളില്‍ സമര്‍പ്പിച്ച രേഖകളിലും ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിന് നളിനി നെറ്റോക്കെതിരേ സെന്‍കുമാര്‍ നിയമനടപടിക്കൊരുങ്ങുവാന്‍ സാധ്യതയുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍