UPDATES

പ്രളയം 2019

മലപ്പുറവും വയനാടും പൂർണ്ണം, സംസ്ഥാനത്തെ 13 ജില്ലകളിൽ 1,038 വില്ലേജുകൾ ദുരന്തബാധിതമെന്ന് സർക്കാർ

തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളുള്ള പട്ടികയിൽ 5 വില്ലേജുകള്‍ മാത്രം ഉൾപ്പെട്ട കൊല്ലത്താണ് ഏറ്റവും കുറവ് ദുരന്തബാധിത വില്ലേജുകളുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തിന് പിന്നാലെ ഈ വര്‍ഷം ഓഗസ്റ്റ് എട്ട് മുതല്‍ ഒരാഴ്ച പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തെ 13 ജില്ലകളിൽ മഴക്കെടുതികളിൽ രൂക്ഷായിരുന്നെന്ന് സർക്കാർ. ജില്ലാ കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും നാശനഷ്ടമുണ്ടായ സംസ്ഥാനത്തെ 1038 വില്ലേജുകളെ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് ദുരിതാശ്വസ കമ്മീഷണര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ 13 ജില്ലകളിലാണ് നാശനഷ്ടമുണ്ടായതെന്നാണ് റിപ്പോർട്ട്.

ഉരുൾപൊട്ടൽ രൂക്ഷമായി ബാധിച്ച മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവന്‍ വില്ലേജുകളേയും ദുരന്തബാധിതമായി പ്രഖ്യാപിച്ചപ്പോൾ തൃശ്ശൂരില്‍ 215, പാലക്കാട് 124, കോഴിക്കോട് 115 വില്ലേജുകളെയും ഈ പട്ടികയിൽ പെടുത്തുന്നു. തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളുള്ള പട്ടികയിൽ 5 വില്ലേജുകള്‍ മാത്രം ഉൾപ്പെട്ട കൊല്ലത്താണ് ഏറ്റവും കുറവ് ദുരന്തബാധിത വില്ലേജുകളുള്ളത്.

ദുരിതാശ്വാസത്തിനുള്ള കേന്ദ്ര സഹായം ലഭ്യമാക്കുന്നതിന് സംസ്ഥാനത്തിന്റെ അപേക്ഷ തയ്യാറാക്കുന്നതിനും ബാങ്കുകളുടെ വായ്പ മൊറട്ടോറിയം പ്രഖ്യാപനത്തിന് പ്രധാന മാനദണ്ഡമായി കണക്കാക്കുന്നതും ദുരന്തബാധിതപ്രദേശങ്ങളുടെ ഈ പട്ടികയാണ്.

അതേസമയം, 1,264 വില്ലേജുകളെയാണ് കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിനു ശേഷം ദുരന്തബാധിത പ്രദേശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. മൂന്നു തവണയായാണ് കഴിഞ്ഞ തവണ പട്ടിക തയ്യാറാക്കിയതെന്നിരിക്കെ ഇത്തവണ ഒറ്റത്തവണയായി തന്നെ പട്ടിക പുറത്തിറക്കുകയായിരുന്നു. ഇതിന് പുറമെ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കുള്ള അടിയന്തര സഹായ വിതരണത്തിനുളള മാനദണ്ഡവും നിശ്ചയിച്ചുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.

പ്രളയജലം പ്രവേശിച്ച വീടുകളില്‍ കഴിഞ്ഞവര്‍ക്കും, പൂര്‍ണ്ണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ടവര്‍ക്കും അടിയന്തരസഹായം കിട്ടും. മുന്നറിയിപ്പ് അനുസരിച്ച് സര്‍ക്കാര്‍ ക്യാംപുകളില്‍ കഴിഞ്ഞവര്‍ക്കും, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കഞ്ഞിപ്പുരകളില്‍ രജിസ്റ്റർ ചെയ്തവര്‍ക്കും അടിയന്തര സഹായത്തിന് അര്‍ഹതയുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Also Read- Explainer: കാശ്മീരിനെക്കുറിച്ച് അംബേദ്‌ക്കര്‍ പറഞ്ഞത് ഇതാണ്, വെങ്കയ്യ നായിഡു ഉദ്ധരിച്ചതല്ല

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍