UPDATES

വായന/സംസ്കാരം

എസ് കലേഷിനെ കുറ്റവാളിയെ പോലെ നിര്‍ത്തിയതിന് ആരാണ് സമാധാനം പറയുക? കവിത മോഷണ വിവാദത്തിന്റെ പിന്നില്‍ നടന്നത്

കവിതാ വിവാദത്തില്‍ സംഘപരിവാറിന്റെ റോള്‍ എന്താണ്. കലേഷിന്റെ ഈ കവിതയെ ഈ പ്രതിഷേധക്കാര്‍ ഏത് അര്‍ത്ഥത്തിലാണ് മനസിലാക്കിയിട്ടുള്ളത്?

ഒടുവില്‍ കവിതാ മോഷണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കേരള വര്‍മ്മ കോളേജിലെ അധ്യാപിക ദീപാ നിശാന്ത് കവിയും മാധ്യമപ്രവര്‍ത്തകനുമായ എസ് കലേഷിനോട് മാപ്പ് പറഞ്ഞിരിക്കുകയാണ്. ഇതോടെ മൂന്ന് ദിവസമായി തുടരുന്ന വിവാദത്തിന് അവസാനമാകേണ്ടതാണ്. എന്നാല്‍ ഈ വിവാദത്തില്‍ ആത്യന്തികമായി നഷ്ടമുണ്ടായിരിക്കുന്ന കലേഷിനാണെന്നതിനാല്‍ ഇത് ഇങ്ങനെയല്ല അവസാനിക്കേണ്ടത്. കാരണം വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ ഒരു കവിതയുടെ മേല്‍ തന്റെ അവകാശം സ്ഥാപിക്കേണ്ടി വരുന്ന ഒരു കവിയുടെ ദയനീയാവസ്ഥയാണ് കലേഷ് ഈ ദിവസങ്ങളില്‍ നേരിടുന്നത്.

ദീപ നിശാന്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

‘ഇന്നു വരെ അഭിമുഖീകരിക്കാത്ത ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് ഞാനെന്ന് നല്ല ബോദ്ധ്യമുണ്ട്. അതുകൊണ്ടുതന്നെ പറയുന്ന ഓരോ വാക്കിലും എനിക്ക് വലിയ ഉത്തരവാദിത്തവുമുണ്ട്.

എഴുത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്ന സന്ദര്‍ഭം എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. ഞാനെഴുതിയവ നല്ലതോ ചീത്തയോ ആവട്ടെ, അവക്ക് ലഭിക്കുന്ന അംഗീകാരത്തെക്കുറിച്ചോ തിരസ്‌കാരത്തെക്കുറിച്ചോ ഞാന്‍ അധികം ആലോചിച്ചിട്ടില്ല. വലിയ ബൗദ്ധികതയൊന്നും എന്റെ എഴുത്തിലില്ല എന്നും എഴുതുന്നവ വൈകാരികതകള്‍ മാത്രമാണെന്നും കേള്‍ക്കുമ്പോഴും എനിക്കതില്‍ ഒരു അഭിമാനക്ഷതവും തോന്നിയിട്ടില്ല. ഞാന്‍ എന്നെത്തന്നെയാണ് എഴുതിയിട്ടുള്ളത്. എന്റെ ജീവിതാന്തരീക്ഷമാണ് എന്റെ മഷിപ്പാത്രം. അതില്‍ നിന്നുള്ള എഴുത്തുകളാണ് ഇന്നത്തെ ദീപാനിശാന്തിനെ നിര്‍മ്മിച്ചതും വളര്‍ത്തിയതും. അവ മറ്റാരുടേയും പകര്‍പ്പല്ല. അവയുടെ കനം പോരെന്നോ കാര്യമായൊന്നുമില്ലെന്നോ ആര്‍ക്കു വേണമെങ്കിലും പറയാം. പക്ഷേ അവയോരോന്നും ‘പറഞ്ഞുപോകരുതിത്/ മറ്റൊന്നിന്റെ പകര്‍പ്പെന്നു മാത്രം” എന്ന ഇടശ്ശേരിയുടെ പ്രഖ്യാപനത്തെ മുറുകെപ്പിടിക്കുന്നതാണ് എന്ന ആത്മാഭിമാനം എനിക്കുണ്ട്.

പെട്ടെന്നൊരു നാള്‍ വന്ന ഈ വിവാദത്തില്‍ താണുപോകുന്നതാണ് ഞാനിന്നലെ വരെ എഴുതിയതെല്ലാം എന്നു ഞാന്‍ കരുതുന്നില്ല. അഥവാ അങ്ങനെ തകരുന്നു എങ്കില്‍ അതിനുള്ള ബലമേ അവയ്ക്കുണ്ടായിരുന്നുള്ളൂ എന്നു ഞാന്‍ കരുതും. വിവാദങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട വ്യക്തിയാണ് ഞാനെന്നും വിമര്‍ശനം കേട്ടിട്ടുണ്ട്. അവ എന്റെ സ്വകാര്യതകളാണ്, പങ്കുവെക്കേണ്ടതല്ലാത്തതും പങ്കുവെക്കാനാവാത്തതുമായ സ്വകാര്യതകള്‍.

ഞാനെഴുതിത്തുടങ്ങിയതു മുതല്‍ ഇന്നു വരെയും എന്നെ പ്രോല്‍സാഹിപ്പിച്ച അനേകം പേരുണ്ട്. അദ്ധ്യാപകര്‍ മുതല്‍ എന്നെത്തന്നെ അത്ഭുതപ്പെടുത്തിയ ഫോളോവേഴ്‌സ് അടക്കം അനേകം മനുഷ്യര്‍. അവരുടെ ഊര്‍ജ്ജമാണ് എന്റെ ബലം. കിട്ടിയ അവസരം മുതലാക്കി ഇന്നുവരെയുള്ള എന്റെ രാഷ്ടീയനിലപാടുകളോടും ഞാനുയര്‍ത്തിയ ശബ്ദങ്ങളോടും അസഹിഷ്ണുത പ്രകടിപ്പിച്ചവര്‍ നടത്തുന്ന ആര്‍പ്പുവിളികള്‍ കൊണ്ട് ഞാന്‍ തകരില്ല എന്ന ആത്മബോധ്യമുണ്ട്. അങ്ങനെയെങ്കില്‍ എന്നോ അതു സംഭവിക്കുമായിരുന്നു.

കലേഷ് നല്ല കവിയാണ്. കലേഷിന് മറ്റാരുടെയെങ്കിലും വരികള്‍ മോഷ്ടിക്കേണ്ട ആവശ്യമില്ലെന്ന ബോധ്യം ഇപ്പോള്‍ എനിക്കുണ്ട്.’ ഇപ്പോള്‍ ‘എന്നെടുത്തു പറഞ്ഞത് ഇന്നലെ വരെ ഉണ്ടായിരുന്നില്ല എന്ന കുറ്റബോധത്തിന്റെ കൂടി നിഴലില്‍ നിന്നു കൊണ്ടു തന്നെയാണ്. ആ കവിത കലേഷിന്റേതല്ല എന്ന് ശക്തമായി തെറ്റിദ്ധരിപ്പിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ത്തന്നെയാണ് ആ ബോധ്യം. മലയാളം അദ്ധ്യാപികയായ ഞാനങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാമോ എന്ന കേവലയുക്തിക്കൊന്നും അവിടെ പ്രസക്തിയില്ല. ഞാന്‍ കവിത അപൂര്‍വ്വമായി എഴുതാറുണ്ടെങ്കില്‍ പോലും കവിതയില്‍ ജീവിക്കുന്ന ഒരാളല്ല. സര്‍വവിജ്ഞാനഭണ്ഡാകാരവുമല്ല.

ഇപ്പോള്‍ നടന്നത് ഏറെ ദു:ഖകരമായ കാര്യമാണ്. ഒരു സര്‍വ്വീസ് സംഘടനയുടെ മാഗസിനില്‍ മറ്റൊരാളുടെ വരികള്‍ എന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതു കൊണ്ട് എനിക്ക് ഒരു ലാഭവുമില്ല എന്നും കാര്യമായ നഷ്ടമേ സാദ്ധ്യതയുള്ളൂ എന്നും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എനിക്കുണ്ട്. നിങ്ങളോരോരുത്തര്‍ക്കുമുണ്ട്. അത്രമാത്രം സോഷ്യല്‍ ഓഡിറ്റിംഗ് നേരിടുന്ന വ്യക്തിയാണ് ഞാന്‍. ഞാന്‍ പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകള്‍ ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നില്‍ നിന്നും നിങ്ങള്‍ പ്രതീക്ഷിക്കണം. പിന്നെയെങ്ങനെ ഇതു സംഭവിച്ചു എന്നു ചോദിച്ചാല്‍ മുഴുവന്‍ കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികള്‍ അതിലുണ്ട് എന്നുമാത്രമേ എനിക്കു പറയാനാവൂ. ആ പ്രതിസന്ധികള്‍ കാലം തെളിയിക്കും. ഞാനായി ഒരാളെയും തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ല. അങ്ങനെ നേടുന്ന ഒന്നിലും എനിക്ക് വിശ്വാസവുമില്ല. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അദ്ധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയില്‍ എനിക്കു മനസ്സിലാവും. അക്കാര്യത്തില്‍ ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരില്‍ വരുന്ന ഓരോ വാക്കിനും ഞാന്‍ ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഞാന്‍ ക്ഷമചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നു.

പ്ലേജറിസം സാമൂഹികമാദ്ധ്യമങ്ങളിലെ തുടര്‍ക്കഥയാണ്. ഒരാളുടെ ആശയം, വരികള്‍ തുടങ്ങി എന്തും എപ്പോഴും മോഷ്ടിക്കപ്പെടാവുന്ന അവസ്ഥയുമുണ്ട്. അതിനെതിരെ എന്നും സംസാരിച്ചിട്ടും എനിക്കു നേരെ തന്നെ ഇത്തരമൊന്ന് സംഭവിച്ചതിലാണ് എറ്റവും വിഷമം. പ്രതിയോഗികള്‍ക്ക് കിട്ടിയൊരു സുവര്‍ണ്ണാവസരമായി ഇക്കാര്യം ഉപയോഗപ്പെടുന്നതിലും വിഷമമുണ്ട്.

ഇനിയും കലേഷിനും എനിക്കും എഴുതാനാവും. താല്‍പര്യമുള്ളവര്‍ അതു വായിക്കുകയും ചെയ്യും. വേണ്ടത് എടുക്കാനും തള്ളേണ്ടത് തള്ളാനുമുള്ള ശേഷി വായനക്കാര്‍ക്കുണ്ടെന്നുംഅവര്‍ അതു നിര്‍വ്വഹിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു’.

2010ലാണ് ഹെയര്‍പിന്‍ ബെന്‍ഡ് എന്ന എസ് കലേഷിന്റെ ആദ്യ കവിതാ സമാഹാരം കൊച്ചിയിലെ പ്രസ് അക്കാദമിയില്‍ വച്ച് പ്രകാശനം ചെയ്യുന്നത്. അതിന് മുമ്പ് തന്നെ കലേഷ് കവിതയില്‍ തന്റെ അടയാളപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടായി കവിത വായിക്കുന്നവര്‍ക്കിടയില്‍ എസ് കലേഷ് എന്ന പേരും പരിചിതമാണ്. കാരണം അത്രമാത്രം വേറിട്ട ഒരു ശൈലിയാണ് കവിതയില്‍ കലേഷിന്റേത്. ഒരിക്കല്‍ കലേഷിനെ വായിച്ചവര്‍ക്ക് അയാളുടെ കവിതകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നതാണ് ആ ശൈലി.

‘വൈകുന്നേരമാണ്’ എന്ന തന്റെ ബ്ലോഗിലാണ് കലേഷ് ആദ്യമായി ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/നീ’ എന്ന കവിത പ്രസിദ്ധീകരിക്കുന്നത്. ‘അങ്ങനെയിരിക്കെ വര്‍ഷങ്ങള്‍ക്ക് ശേഷം പെട്ടെന്ന് പൊലിഞ്ഞുപോകും ഞാന്‍..’ എന്നാണ് ഈ കവിത തുടങ്ങുന്നത്. അന്ന് പല കവി സദസുകളിലും കലേഷ് തന്നെ ചൊല്ലുകയും പലരും ഈ കവിതയെക്കുറിച്ച് പറയുകയും ചെയ്തിട്ടുള്ളതാണ്. അതിനാലാണ് അദ്ധ്യാപക സംഘടനയുടെ മാസികയില്‍ വരികളില്‍ കാര്യമായ മാറ്റമില്ലാതെ ദീപ നിശാന്തിന്റെ പേരില്‍ ‘അങ്ങനെയിരിക്കെ’ എന്ന കവിത പ്രസിദ്ധീകരിച്ചപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത്. തുടക്കത്തിലെ വരികള്‍ക്ക് പോലും യാതൊരു മാറ്റവുമില്ല. ഇടയ്ക്ക് ചില വാക്കുകളില്‍ മാത്രമാണ് മാറ്റം വരുത്തുന്നത്. കലേഷിന്റെ കവിത മോഷ്ടിച്ചുവെന്ന ആരോപണം വന്നപ്പോള്‍ തന്നെ ദീപ നിശാന്ത് ഇത് നിഷേധിച്ചിരുന്നു. തനിക്ക് ആരുടെയും കവിത മോഷ്ടിച്ച് കവിയത്രിയെന്ന പേരെടുക്കേണ്ടതില്ലെന്നാണ് ഇവര്‍ പറഞ്ഞത്. ‘എസ് കലേഷ് മുന്‍പെഴുതിയ ഒരു കവിത ഞാന്‍ മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്നാണ് ഒരുപാട് പേര്‍ ആര്‍ത്തുവിളിക്കുന്നത്. കിട്ടിയ സന്ദര്‍ഭം മുതലാക്കി മുന്‍പു മുതലേ എന്റെ നിലപാടുകളില്‍ അമര്‍ഷമുള്ളവരും ആഘോഷം തുടങ്ങിയിട്ടുണ്ട്. അവസരം മുതലാക്കി ആര്‍പ്പുവിളിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ. ഒരു സര്‍വ്വീസ് മാസികയുടെ താളില്‍ ഒരു കവിത മോഷ്ടിച്ചു നല്‍കി എഴുത്തുകാരിയാകാന്‍ മോഹിക്കുന്ന ഒരാളാണ് ഞാനെന്ന് വിശ്വസിക്കുന്നവര്‍ അങ്ങനെ വിശ്വസിക്കുക. തെളിവുകളാണല്ലോ സുപ്രധാനം. ചില എഴുത്തുകള്‍ക്കു പുറകിലെ വൈകാരികപരിസരങ്ങളെ നമുക്ക് അക്കമിട്ട് നിരത്തി തെളിയിക്കാനാകില്ല.” അവര്‍ പറഞ്ഞു.

താന്‍ കബളിപ്പിക്കപ്പെട്ടതാണെന്ന് ദീപ പിന്നീട് സമ്മതിച്ചെങ്കിലും ആരാണ് ഇതിന് പിന്നിലെന്ന് ഇവര്‍ വ്യക്തമാക്കാന്‍ തയ്യാറാകുന്നില്ല. അതേസമയം അവര്‍ ഇന്നലെ അഴിമുഖത്തോട് സംസാരിച്ചതില്‍ ഇടത് ബൗദ്ധിക മുഖമായി നില്‍ക്കുന്ന ഒരാളാണ് ഇതിന് പിന്നിലെന്ന് വ്യക്തമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ന്യൂസ്റപ്റ്റ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ ഇതിന് പിന്നില്‍ എം ജെ ശ്രീചിത്രനാണെന്ന വാര്‍ത്തയും പുറത്തു വന്നു. കവിത മറ്റൊരാള്‍ എഴുതി നല്‍കിയതാണെന്ന് ദീപാ നിശാന്ത് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ശ്രീചിത്രന്റെ പേര് ദീപ നിഷേധിച്ചില്ല എന്ന് ന്യൂസ്റപ്റ്റ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ആരോപണങ്ങളെക്കുറിച്ച് ശ്രീചിത്രന്‍ ഇങ്ങനെയാണ് പ്രതികരിച്ചത്: ”ആരോപണം ഒട്ടും യുക്തിപരമല്ല. ഇന്നലെയും കലേഷിന്റെ കവിത ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ചു എന്ന വാര്‍ത്ത കാണുന്നുണ്ട്. പക്ഷെ ഇപ്പോഴാണ് എനിക്കെതിരെയുള്ള ആരോപണങ്ങള്‍ വരുന്നത്. എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. കലേഷിന്‍െ കവിത ഞാന്‍ എന്റെ പേരില്‍ പ്രസിദ്ധീകരിച്ചു എന്ന് പറയുകയാണെങ്കില്‍ അത് അങ്ങനെ മനസ്സിലാക്കാം. ഇതിപ്പോ കലേഷിന്റെ കവിത ഞാന്‍ എടുക്കുന്നു, എന്നിട്ട് എന്റേയോ കലേഷിന്റേയോ കവിതയാണ് എന്ന് പറഞ്ഞ് ദീപക്ക് കൊടുക്കുന്നു- എന്നിട്ട് ദീപയോട് അത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചുകൊള്ളാന്‍ പറയുന്നു, ദീപ പ്രസിദ്ധീകരിക്കുന്നു. അങ്ങനെയാണോ ഉദ്ദേശിക്കുന്നത്. എനിക്കെതിരെ വന്ന ആരോപണം പോലും യഥാര്‍ഥത്തില്‍ മനസ്സിലായിട്ടില്ല.

എനിക്കിതില്‍ പറയാനുള്ളത് മറ്റുചിലതാണ്. ഒന്നരമാസത്തോളമായി ഞാന്‍ പൊതുവേദികളിലാണ്. പ്രധാനപ്പെട്ട ഒരു കടമയുടെ ഭാഗമായി ഇപ്പോള്‍ നില്‍ക്കുകയാണ്. അതിന്റെ പേരില്‍ സംഘഭീഷണികളുണ്ടായിരുന്നു. അതിന് ശേഷം സ്വഭാവഹത്യയ്ക്ക് പലരും ശ്രമിക്കുന്നുണ്ട്. അതിന്റെ കൂടെയാണ് ഇതും എന്ന് കരുതുന്നു. ഇവിടെ സംഭവിച്ചിരിക്കുന്നത് എന്റെ അഭിപ്രായത്തില്‍, ഒന്നുകില്‍ എന്തോ അബദ്ധമാണ്, അല്ലെങ്കില്‍ മറ്റെന്തോ കാര്യം ഇതിനിടക്ക് നടന്നിട്ടുണ്ട്. എന്തായാലും ആരോപണം വിചിത്രം തന്നെ. സത്യത്തില്‍ പ്രതികരണമില്ല എന്ന് പറയാനാണ് എനിക്ക് താല്‍പര്യം. ദീപയുമായി വളരെക്കാലം മുമ്പെയുള്ള പരിചയമാണ്. അവര്‍ മുഖ്യധാരയിലേക്ക് വരുന്നതിന് മുന്നെ തുടങ്ങിയ പരിചയമാണ്. വളരെക്കാലം മുമ്പ് ഞങ്ങള്‍ സ്ഥിരമായി സംസാരിക്കാറുമുണ്ടായിരുന്നു. ഇന്നലെയും കൂടി കേരളവര്‍മ്മ കോളേജില്‍ അവര്‍ വിളിച്ച ഒരു പരിപാടിക്ക് ഞാന്‍ പങ്കെടുത്തിരുന്നു. അതിന് ശേഷം ഉച്ചയോടെ ചായ കുടിച്ചാണ് ഞങ്ങള്‍ പിരിഞ്ഞത്. എന്തായാലും ദീപ എനിക്കെതിരെ അത്തരമൊരു ആരോപണം ഉന്നയിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കലേഷിന്റെ ഒരു കവിത എടുത്ത് ദീപയുടെ പേരില്‍ പ്രസിദ്ധീകരിച്ചോളാന്‍ ആരെങ്കിലും പറയുമോ? അതുകൊണ്ട് ആര്‍ക്കും പ്രയോജനവുമില്ലല്ലോ?

ശ്രീചിത്രന്റെ പ്രതികരണത്തിന് മറുപടിയായി ദീപ ഇന്നലെ അഴിമുഖത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ്: ‘വളരെ സമര്‍ഥമായ പ്രതികരണങ്ങളുമായി അയാള്‍ വരികയാണ്. എല്ലാം എനിക്ക് നേരെ തന്നെയായിരിക്കും. കാരണം എന്റെ കയ്യില്‍ എന്താണ് സംഭവിച്ചതെന്ന് പറയാനുള്ള തെളിവുകള്‍ ഒന്നും ഇല്ല. ഈയടുത്ത് സംസാരിച്ചതിന്റെ തെളിവുകളാണ് ആകെയുള്ളത്. പക്ഷെ അതും ഞാന്‍ പുറത്തുവിടുന്നില്ല. അത് സംഘികള്‍ക്ക് ഒരു അവസരം ഉണ്ടാക്കിക്കൊടുക്കണ്ട എന്നോര്‍ത്തിട്ടാണ്. ഇടത് ബൗദ്ധിക മുഖമായി നില്‍ക്കുന്നയാള്‍ക്കെതിരെ പറഞ്ഞ് വെറുതെ പ്രശ്നമുണ്ടാക്കണ്ടല്ലോ എന്നോര്‍ത്താണ്.

വളരെ നിര്‍ദ്ദോഷമായ കളവാണെന്നാണ് അയാള്‍ പറയുന്നത്. എന്നാല്‍ അത് എന്നോട് ഒന്ന് പറയുകയെങ്കിലും ചെയ്തൂടായിരുന്നോ? ഞാനെന്തെങ്കിലും പറയുമോ എന്ന് പേടികൊണ്ടുള്ള പ്രതികരണങ്ങളാണ് അയാളില്‍ നിന്ന് വരുന്നത്. ഞാനെന്തായാലും പേര് പറയാന്‍ പോലും ഉദ്ദേശിക്കുന്നില്ല. പേര് പോലും ഞാനല്ല പറഞ്ഞതും. പിന്നെ ക്യാരക്ടര്‍ അസ്സാസിനേഷന്‍ നടത്താനാണ് ആരോപണം എന്ന് പറയുന്നത് എങ്ങനെയാണ്? ഒരു തെറ്റും ചെയ്യാതെയാണ് ഞാന്‍ ഇതെല്ലാം കേള്‍ക്കുന്നത് എന്നതാണ്. ഞാന്‍ ആ കവിത കണ്ടിരുന്നു. പക്ഷെ അതിന്റെ കാര്യങ്ങളൊന്നും എനിക്കിപ്പോള്‍ പറയാന്‍ കഴിയില്ല. വേറെ ചില വ്യക്തികളും കൂടി അതില്‍ ഇന്‍വോള്‍വ്ഡ് ആണ്. അതിന് പിന്നില്‍ പല കാര്യങ്ങളുമുണ്ട്. എന്നെ ട്രാപ്പിലാക്കിയതാണ്.’

അതേസമയം ആരോപണം ഉയര്‍ന്ന ദിവസം തന്നെ ദീപ ശ്രീചിത്രനെ വിളിച്ചുവെന്നാണ് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അഴിമുഖത്തോട് പറഞ്ഞത്. തനിക്ക് അയച്ചു തന്ന കവിത ശ്രീചിത്രന്റേത് തന്നെയാണോ എന്നാണ് അവര്‍ ചോദിച്ചതെന്നും ശ്രീചിത്രന്‍ അതേയെന്ന് ഉറപ്പിച്ച് പറയുകയും ചെയ്തതായാണ് ഞങ്ങള്‍ അറിഞ്ഞത്. ഈ ഉറപ്പിലാണ് ദീപ താന്‍ കലേഷിന്റെ കവിത മോഷ്ടിച്ചുവെന്ന ആരോപണം നിഷേധിക്കുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന സാഹചര്യം ഉണ്ടായതോടെ, ശ്രീചിത്രനാണ് അയാളുടേത് എന്നവകാശപ്പെട്ട് തനിക്ക് കവിത അയച്ചു തന്നതെന്നും ആ കവിതയുടെ ഒരു പെണ് ആവിഷ്‌കാരം എന്ന രീതിയില്‍ അത് മാറ്റി എഴുത്തുകയായിരുന്നുവെന്നും ദീപ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞതിന് പിന്നാലെ ശ്രീചിത്രന്റെ പേര് പുറത്തു വരികയായിരുന്നു. ഇതിനു പിന്നാലെ അഴിമുഖം ബന്ധപ്പെട്ടപ്പോഴും ശ്രീചിത്രന്‍ എന്ന പേര് പറഞ്ഞില്ലെങ്കിലും ആരോപണം സ്ഥിരീകരിക്കുന്ന രീതിയില്‍ തന്നെയാണ് ദീപ സംസാരിച്ചത്. വേറെ ചില വ്യക്തികളും കൂടി ഇതിന് പിന്നിലുണ്ടെന്നാണ് ദീപ പറഞ്ഞിരിക്കുന്നത്. അവര്‍ ആരാണെന്ന് അറിയേണ്ടത് ദീപയും ശ്രീചിത്രനും മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തെ പിന്തുടരുന്നവര്‍ക്ക് അറിയേണ്ടതുണ്ട്.

ഈ വിഷയത്തില്‍ ആക്ടിവിസ്റ്റ് രേഖാ രാജ് പറയുന്നത് ഇങ്ങനെയാണ്. ‘ഇവിടെ കവിത മോഷ്ടിച്ചു കൊടുത്തവന്‍ ചെയ്തത് തോന്ന്യാസം. അത് വാങ്ങി തന്റെ പേരില്‍ കൊടുത്തിട്ടു ഉടമസ്ഥന്‍ ചോദ്യം ചെയ്തപ്പോള്‍ അത് പുച്ഛിച്ചു തള്ളി നിന്റെയൊന്നും കവിത മോഷ്ടിക്കണ്ട കാര്യം എനിക്ക് ഇല്ല എന്ന് ദാര്‍ഷ്ട്യം നിറഞ്ഞ മറുപടി പറഞ്ഞ ടീച്ചര്‍ ചെയ്യുന്നത് അത്രയും തന്നെ തോന്ന്യാസം. പിന്നീട് ദീപ ടീച്ചറിന്റെ വിശദീകരണം; അയാള്‍ കാലുപിടിച്ചു പറഞ്ഞപ്പോള്‍ താന്‍ നിശബ്ദയായി’ എന്നും ശ്രീചിത്രന്റേതു ‘ഹൈന്ദവ ഫാസിസ്റ്റുകള്‍ തന്നെ ആക്രമിക്കുന്നു’ എന്ന് വ്യാഖ്യാനവും. പെട്ടെന്ന് തന്നെ രണ്ടു പേരും അത്യാവശ്യം കയ്യടി കിട്ടുന്ന ഒരു ഇരവാദം അങ്ങ് പുല്‍കുന്നു, അവര്‍ക്കു യഥാക്രമം ഇടതുപക്ഷ ലൈനില്‍ ഉള്ളവരുടെയും ഫെമിനിസ്റ്റ് പൊളിറ്റിക്സ് പങ്കു വെയ്ക്കുന്നവരുടെയും സപ്പോര്‍ട്ട് കിട്ടുന്നു. ഇവര്‍ക്ക് രണ്ടാള്‍ക്കും ഈ ധൈര്യം നല്‍കുന്നത് അവര്‍ കസറി നില്‍ക്കുന്ന ആ വിശാല ഇടതുപക്ഷ ഇടങ്ങള്‍ ആണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും ആള്‍ക്കൂട്ടത്തിന്റെ പിന്തുണ ഇവര്‍ക്ക് ലഭിക്കുന്നു.. പക്ഷെ അവര്‍ക്കു വെറുതെ അപമാനിക്കാനും ചവിട്ടി തേയ്ക്കാനും നിര്‍മ്മാര്‍ജ്ജനം ചെയ്യാനും, സ്വംശീകരിക്കാനും കലേഷിനെ പോലുള്ള ഞങ്ങളുടെ കൂടപ്പിറപ്പുകളെ ഞങ്ങള്‍ വിട്ടു തരില്ല.. നില്‍ക്കുന്ന ഇടത്തു നിന്ന് ഞങ്ങളും ഉച്ചത്തില്‍ ഞങ്ങളുടെ വാക്കുകളെ കേള്‍പ്പിക്കുക തന്നെ ചെയ്യും’. കലേഷിന് വേണ്ടി എന്തുകൊണ്ട് നിലനില്‍ക്കുന്നുവെന്ന് രേഖയുടെ ഈ വാക്കുകളിലും ഫേസ്ബുക്കിലെ പോസ്റ്റുകളിലും വ്യക്തമാണ്.

ശ്രീചിത്രന്‍ എഴുതിയ ഒരു കവിത സുഹൃത്തായ ദീപ നിശാന്തിന് കൊടുക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ട്. എന്നാല്‍ ചില ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നുണ്ട്. സ്വന്തം കവിത മോഷണമല്ലെന്ന് തെളിയിക്കാന്‍ ഒരു കുറ്റവാളിയെ പോലെ നില്‍ക്കേണ്ടിവരുന്ന കലേഷിന്റെ അവസ്ഥയ്ക്ക് ഇവരില്‍ ആരാണ് ഉത്തരം പറയുക? അതോടൊപ്പം കവിതാ വിവാദത്തില്‍ സംഘപരിവാറിന്റെ റോള്‍ എന്താണ്. കലേഷിന്റെ ഈ കവിതയെ ഈ പ്രതിഷേധക്കാര്‍ ഏത് അര്‍ത്ഥത്തിലാണ് മനസിലാക്കിയിട്ടുള്ളത്? അവര്‍ക്ക് ദീപ നിശാന്തും ശ്രീചിത്രനും മാത്രമാണ് വിഷയം. അവര്‍ മുന്നോട്ട് വയ്ക്കുന്ന ഇടത് രാഷ്ട്രീയവും സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയവുമാണ് പ്രതിഷേധക്കാരുടെ പ്രശ്നം. അല്ലാതെ കലേഷ് എന്ന കവിയുടെ മാനസികാവസ്ഥയോ സാഹചര്യമോ അല്ല.

കലേഷിനെ സംശയ നിഴലില്‍ നിര്‍ത്തിയപ്പോള്‍ ദീപയുടെ വിശ്വാസ്യതയാണ് ഇല്ലാതായത്. പകരം ആരാണ് ഇവിടെ വിജയം കണ്ടത്? ഈ വിവാദങ്ങള്‍ ഒരു മാപ്പ് പറച്ചിലില്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാര്യം മാത്രം ദീപ ഓര്‍ക്കേണ്ടതാണ്. എടുത്ത നിലപാടുകളുടെ പേരില്‍ അടിക്കാന്‍ വടിവെട്ടിവച്ചവരുടെ വലിയ ഒരു കൂട്ടത്തിലാണ് നിങ്ങള്‍ ജീവിക്കുന്നത്. അവിടെ ബൗദ്ധിക സത്യസന്ധത എന്നത് ഒരു ആലങ്കാരിക കാര്യമില്ലെന്ന് മനസിലാവാന്‍ മിനിമം കോമണ്‍സെന്‍സ് മതി.

കവിത മോഷണം: എസ്. കലേഷിനോട് ക്ഷമ ചോദിച്ച് ദീപ നിശാന്ത്

കവിത മോഷണം: ആരോപണം വിചിത്രം; സ്വഭാവഹത്യയുടെ ഭാഗമാണ് ഇതും -എം.ജെ ശ്രീചിത്രന്‍

വേറെയും വ്യക്തികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്; ഞാന്‍ ട്രാപ്പിലായതാണ്; കവിത കോപ്പിയടിയില്‍ പേര് പറയാതെ ദീപ നിശാന്ത്‌

കവിത മോഷണം? ദീപ നിശാന്തിന്റെ മറുപടി ഇങ്ങനെ

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍