UPDATES

പിണറായി തോറ്റു, അയ്യപ്പന്‍ ജയിച്ചു; പുനഃപരിശോധന ഹര്‍ജിക്കാരുടെ ഈ വിജയാഹ്ളാദത്തിന്റെ പൊരുള്‍

സുപ്രിം കോടതിയുടെ അപ്രതീക്ഷിത പാസ്, പന്ത് പിണറായിയുടെ കാലില്‍; സ്‌കോര്‍ ചെയ്യുമോ ഫൗള്‍ ആക്കുമോ?

ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്നു പറഞ്ഞ് സുപ്രിം കോടതി കസേര വിട്ട് എഴുന്നേറ്റപ്പോള്‍ മൂടുപൊള്ളി നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായിക്കൊണ്ട് അഞ്ചംഗം ഭരണഘടന ബഞ്ച് 2018 സെപ്തംബര്‍ 28ന് പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല, അതേസമയം ഈ ഉത്തരവിനെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന ഹര്‍ജികള്‍ ഞങ്ങള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാം എന്നാണ് പുതിയ ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ച് പറഞ്ഞിരിക്കുന്നത്. അതും 2019 ജനുവരി 22 ന്. ഇത്തവണത്തെ മണ്ഡല-മകര വിളക്ക് സീസണ്‍ കഴിയുന്നത് ജനുവരി 20 ന് ആണ്. അതു കഴിഞ്ഞിട്ടാണ് സുപ്രിം കോടതി ഇനി ഈ വിഷയത്തില്‍ ഇടപെടുന്നത്. സാധാരണഗതിയില്‍ തങ്ങളുടെ ഒരു ഉത്തരവിനെതിരെ വരുന്ന പുനഃപരിശോധന ഹര്‍ജികള്‍ ജഡ്ജിമാര്‍ ചേംബറില്‍ ചേര്‍ന്ന് തള്ളിക്കളയുകയാണ്. അതില്‍ നിന്നും അപ്രതീക്ഷതമെന്നോ അസാധാരണമെന്നോ പറയാവുന്നൊരു മാറ്റമാണ് ഉണ്ടായിരിക്കുന്നത്. കോടതി പന്ത് അടിച്ച് കേരള മുഖ്യമന്ത്രിയുടെ കാലില്‍ കൊടുത്തിട്ടുണ്ട്. ഇനി കളിക്കേണ്ടത് പിണറായിയാണ്. കോടതി പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന ജനുവരി 22 ന് ആകയാല്‍, അതിനിടയില്‍ വരുന്ന മണ്ഡല-മകര വിളക്ക് സീസണില്‍ സര്‍ക്കാര്‍ യുവതി പ്രവേശനത്തില്‍ എന്ത് നിലപാട് എടുക്കുമെന്നിടത്താണ് പിണറായി കേന്ദ്ര കഥാപാത്രമാകുന്നത്.

യുവതി പ്രവേശനത്തിന് സ്റ്റേ നല്‍കാത്തതിനാല്‍ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കുന്നതില്‍ വിലക്കില്ല. പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കാം എന്നു പറഞ്ഞിട്ടുള്ളതല്ലാതെ, ഈ വിഷയം കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതാണെന്നോ അവിടെ സ്റ്റാറ്റസ് കോ നിലനില്‍ക്കട്ടെ (സ്റ്റാറ്റസ് കോ എന്നതുപോലും യുവതി പ്രവേശനം അനുവദിക്കണം എന്നതാണ്) എന്നൊന്നും കോടതി പറഞ്ഞിട്ടില്ല. എന്താണോ സെപ്തംബര്‍ 28 ലെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്, അത് നടപ്പാക്കാന്‍ സര്‍ക്കാരിന് ഇപ്പോഴും ബാധ്യതയുണ്ടെന്നു സാരം. അങ്ങനെ വരികില്‍ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്നതുവരെ സ്ത്രീകള്‍ പ്രവേശിക്കേണ്ട എന്നൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ പോവുകയാണെങ്കില്‍, നാടുമുഴുവന്‍ നടന്ന് നവോഥാനം പ്രസംഗിച്ച പിണറായി വിജയന്‍ പറഞ്ഞ വാക്കുകളെല്ലാം വിഴുങ്ങിയെന്ന് ആരോപണം കേള്‍ക്കും. ഇപ്പോള്‍ പ്രകീര്‍ത്തിച്ചവരെല്ലാം തിരിയും. യുവതികള്‍ പ്രവേശിക്കുന്നതില്‍ സര്‍ക്കാരിന് എതിര്‍പ്പില്ല, വരുന്നവരെ സഹായിക്കും എന്ന നിലപാടാണ് തുടരുന്നതെങ്കില്‍ ശബരിമല ഈ മണ്ഡല-മകര വിളക്ക് കാലം സംഘര്‍ഷഭരിതമാകും. തുലാമാസ പൂജകള്‍ക്കോ, ചിത്തിരയാട്ട പൂജയ്‌ക്കോ ഉണ്ടായ പുരുഷാരം ആയിരിക്കില്ല, അതിന്റെ പലമടങ്ങ് ഇരട്ടി മണ്ഡല-മകര വിളക്ക് സീസണില്‍ ശബരിമലയില്‍ എത്തും. അതിനിടയില്‍ യുവതി പ്രവേശനം എന്നത് ഇപ്പോള്‍ നടന്നതിനെക്കാള്‍ വലിയ കുഴപ്പങ്ങള്‍ സൃഷ്ടിക്കും. ആ കുഴപ്പങ്ങള്‍ നേരിടാന്‍ സര്‍ക്കാരിന് കഴിയണം. ഇതില്‍ ഏതു തീരുമാനം ആയിരിക്കും ഉണ്ടാവുക എന്നതിലാണ് പിണറായി വിജയന്‍ വിലയിരുത്തപ്പെടുക.

ഏതാണ്ട് അഞ്ഞൂറോളം സ്ത്രീകള്‍ മണ്ഡലകാലത്ത് ദര്‍ശനത്തിനായി ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്. ഈ സ്ത്രീകള്‍ വരാന്‍ തയ്യറായാല്‍ നിലവിലെ അവസ്ഥയില്‍ സര്‍ക്കാരിന് അവര്‍ക്ക് സംരക്ഷണം കൊടുത്തേ മതിയാകൂ. കാരണം, സ്റ്റേ ഒന്നും വന്നിട്ടില്ലല്ലോ. കോടതി ഇന്നത്തെ ഉത്തരവില്‍ അക്കാര്യം വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്; we make it clear that there is no stay of the judgment and order of this court dated 28th september, 2018 passed in writ petition(civil) no.373 of 2006(indian young lawyers association & ors. vs. the state of kerala & ors.) എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാമെന്നു മാത്രമാണ് പറയുന്നതെന്നും അല്ലാതെ ഇതേ കോടതിയുടെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട ഉത്തരവ് സ്റ്റേ ചെയ്യുന്നില്ലെന്നും വ്യക്തമായി അറിയിച്ചു കൊള്ളട്ടേ എന്നാണ് ചീഫ്.ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്, ജ. റോഹിംഗ്ടണ്‍ ഫാലി നരിമാന്‍, ജ. എ എം കന്‍വില്‍ക്കര്‍, ജ. ഡി വൈ ചന്ദ്രചൂഢ്, ജ. ഇന്ദു മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്ന് പുറത്തിറക്കിയ ഉത്തരവ്. അതുകൊണ്ട് സ്ത്രീകള്‍ ശബരിമല കയറാന്‍ വന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഭരണഘടനാനുസൃതമായി തന്നെ പ്രവര്‍ത്തിക്കണം. അങ്ങനയെ തങ്ങള്‍ പ്രവര്‍ത്തിക്കൂ എന്നാണ് മുഖ്യമന്ത്രി ഇതുവരെ പറഞ്ഞുകൊണ്ടിരുന്നതും. ഇനി വാക്കു മാറ്റിയാല്‍ തകരുന്നത് പിണറായി വിജയന്റെ ഇമേജ് ആണ്. അതിനു തയ്യാറാകുമോ അദ്ദേഹം. പക്ഷേ, ഒറ്റയാള്‍ തീരുമാനം ഇനിയീക്കാര്യത്തില്‍ ഉണ്ടാകുമോ എന്നതും സംശയം.

കോടതി ഉത്തരവിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോള്‍ പിണറായിയുടെ ശരീരഭാഷയും കോടതി ഉത്തരവിനെ വ്യാഖ്യാനിച്ച് സംസാരിച്ച രീതിയും തന്റെ മുന്‍നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ലെന്ന് അവര്‍ വ്യക്തമായി പറയുന്നുണ്ടല്ലോ എന്ന് മുഖ്യമന്ത്രി എടുത്തു പറയുന്നുണ്ട്. സ്ത്രീകളെ പ്രവേശിപ്പിക്കരുതെന്നൊരു തീരുമാനം എടുക്കേണ്ടതില്ലെന്നു തന്നെയാണ് തന്റെ അഭിപ്രായം എന്നാണ് ആ സംസാരം വ്യക്തമാക്കുന്നത്. മണ്ഡലകാലത്ത് സ്ത്രീകളെ പ്രവേശിപ്പിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ തയ്യറായില്ലെങ്കില്‍ പോലും.

പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാമെന്ന് കോടതി പറഞ്ഞത് തങ്ങളുടെ വിജയമായി കൊണ്ടാടുന്നവരുണ്ട്. അവര്‍ പറയുന്നത് കോടതി തത്വത്തില്‍ പറഞ്ഞിരിക്കുന്നത് യുവതികളെ പ്രവേശിപ്പിക്കേണ്ടെന്നു തന്നെയാണെന്നാണ്. പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞത്, മുന്‍ ഉത്തരവില്‍ തെറ്റുകള്‍ വന്നിട്ടുണ്ടെന്ന് കോടതിക്ക് തന്നെ ബോധ്യമായെന്നാണ്! കെ. സുരേന്ദ്രന്‍, രമേശ് ചെന്നിത്തല എന്നീ ബിജെപി-കോണ്‍ഗ്രസ് നേതാക്കന്മാരും കോടതി തീരുമാനം സര്‍ക്കാരിന്റെ തോല്‍വിയും തങ്ങളുടെ വിജയവുമായാണ് വ്യാഖ്യാനിക്കുന്നത്. കോണ്‍ഗ്രസ് മാത്രമാണ് (പ്രയാര്‍ ഗോപാലകൃഷ്‌ന്റെ പുനഃപരിശോധന ഹര്‍ജി) റിവ്യൂ പെറ്റീഷന്‍ കൊടുത്ത ഏക രാഷ്ട്രീയ പാര്‍ട്ടിയെന്നുള്ള അവകാശവാദം വരെ ചെന്നിത്തല ഇറക്കിയിട്ടുണ്ട്. ഭക്തരുടെ വിജയം, അയ്യപ്പന്റെ വിജയം, പിണറായിയുടെ തോല്‍വി എന്നൊക്കെ പറയാന്‍ മാത്രം ഒന്നും കോടതിയില്‍ നിന്നുണ്ടായിട്ടില്ലെങ്കിലും ബിജെപി-കോണ്‍ഗ്രസ്, എന്‍എസ്എസ്, പന്തളം കൊട്ടാരം, ശബരിമല കര്‍മസമിതി സംഘപരിവാര്‍ സംഘടനകള്‍ എന്നിവരൊക്കെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്നു തന്നെയാണ് കോടതി പറഞ്ഞതെന്ന് തീര്‍ച്ചപ്പെടുത്തുമ്പോള്‍, സര്‍ക്കാര്‍ വീണ്ടും യുവതി പ്രവേശനത്തിന് തയ്യറായാല്‍ സ്ഥിതി ഗുരുതരമാക്കും. സ്ത്രീകള്‍ക്ക് സംരക്ഷണം കൊടുത്തില്ലെങ്കില്‍ കോടതിയലക്ഷ്യമാകും, കൊടുത്താല്‍ കലാപവുമുണ്ടാകും എന്ന അവസ്ഥയില്‍ തന്നെയാണ് സര്‍ക്കാര്‍ ഇപ്പോഴുമെന്ന് ചുരുക്കം.

കോടതിയുടെ പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുനര്‍വിചിന്തനത്തിന് തയ്യറാകണമെന്നു പറയുന്നവരുണ്ട്. സര്‍ക്കാരിന് പക്ഷേ, ഇക്കാര്യത്തില്‍ എന്താണ് സ്വന്തമായി ചെയ്യാനാവുക? കോടതിയോടാണ് അത് ആദ്യം ചോദിക്കേണ്ടത്. ജനുവരി 22 വരെ യുവതികളെ പ്രവേശിപ്പിക്കാതിരിക്കട്ടെയോന്നോ അതോ പ്രവേശിപ്പിച്ചോട്ടെയെന്നോ ചോദിക്കാം. നിയമവിദഗ്ദരുമായി ആലോചിക്കട്ടെ എന്നു മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുമോ എന്നാണ് വരും ദിവസങ്ങളില്‍ നോക്കേണ്ടത്. അതല്ലെങ്കില്‍ രാഷ്ട്രീയപ്പാര്‍ട്ടികളും സമുദായ സംഘടനകളും തന്ത്രി, കൊട്ടാരം പ്രതിനിധി എന്നിവരെയൊക്കെ വിളിച്ചുകൂട്ടി ഒരു സര്‍വകക്ഷിയോഗം നടത്തി എന്തുവേണമെന്ന് ചോദിക്കാം. വരുന്നരെല്ലാം തന്നെ യുവതി പ്രവേശനം അനുവദിക്കേണ്ട എന്നെ പറയൂ. അത് കേള്‍ക്കാമെന്നല്ലാതെ അതിനനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. ദേവസ്വം ബോര്‍ഡുമായി കൂടിയാലോചിച്ചും അങ്ങനെയൊരു തീരുമാനം എടുക്കാന്‍ നിയമപരമായി കഴിയില്ല. സര്‍ക്കാരിനു മുന്നിലെ പ്രശ്‌നമാണത്. മറ്റുള്ളവര്‍ പറയുന്നത് കേട്ട് ഒരു തീരുമാനം എടുത്താല്‍, സമൂഹത്തില്‍ നിന്നും എതിര്‍പ്പു വരുമെന്നതു കൂടാതെ കോടതിയലക്ഷ്യവുമാകും. വേണമെങ്കില്‍ ഒരു സര്‍വകക്ഷി യോഗം കൂടാമെന്നല്ലാതെ തീരുമാനം കൈക്കൊള്ളാനൊക്കെ കഴിയുമോയെന്നതില്‍ സംശയമുണ്ട്. ആകെയുള്ള ശരണം കോടതി തന്നെയാണ്. പക്ഷേ, കോടതി ജനുവരി 22 വരെ ഈ വിഷയത്തില്‍ കളത്തിലേക്ക് ഇറങ്ങില്ലെന്ന തീരുമാനത്തിലാണെങ്കില്‍ സര്‍ക്കാര്‍ പിന്നെയും പെടും. പിണറായിക്ക് പന്ത് അടിച്ചേ പറ്റൂ…പക്ഷേ…

നടതുറക്കാന്‍ രണ്ട് ദിവസം: സജ്ജീകരണങ്ങളെ കുറിച്ച് പോലീസിന് അവ്യക്തത; വെല്ലുവിളിച്ച് ഹൈന്ദവസംഘടനകള്‍

49കാരന് 50നു മേല്‍ പ്രായമുള്ള ഭാര്യയുണ്ടായാല്‍ എന്താ കുഴപ്പം? വല്‍സന്‍ തില്ലങ്കേരി പോലീസിനോടാണ്

‘വിധി കോടതി സ്റ്റേ ചെയ്തില്ലെങ്കില്‍ നമുക്ക് ചെയ്യാമല്ലോ?’ ശശികലയുടെ ഈ ചോദ്യത്തിലുണ്ട് സര്‍ക്കാരിനെ കാത്തുനില്‍ക്കുന്ന അഗ്നിപരീക്ഷയുടെ സൂചനകള്‍

ശബരിമല: പുനഃപരിശോധനയിലേക്ക് നയിച്ചത് വിധിയില്‍ ഇന്ദു മൽഹോത്ര എഴുതിയ വിയോജന കുറിപ്പ്

വിഷലിപ്തമായ ഒരു രാഷ്ട്രീയ അജണ്ട കേരളത്തെ ഭിന്നിപ്പിക്കാന്‍ അനുവദിക്കരുത്: എന്‍ റാം വീ ദി പീപ്പിളില്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍