UPDATES

ട്രെന്‍ഡിങ്ങ്

അയ്യപ്പന്റെ പേരു പറഞ്ഞ് വോട്ട് പിടിക്കരുത്, യുവതീപ്രവേശനം പറയാം; നിലപാട് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മിഷണര്‍

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഉപയോഗിക്കുമെന്ന് ബിജെപി

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശബരിമലയോ അയ്യപ്പന്റെ പേരോ പറഞ്ഞ് വോട്ട് പിടിക്കരുതതെന്ന് ഉറപ്പിച്ച് പറഞ്ഞ് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ. അതേസമയം ശബരിമലയിലെ സ്ത്രീപ്രവേശന വിധിയുമായി ബന്ധപ്പെട്ട വിഷയം പ്രചാരണത്തില്‍ ഉപയോഗിക്കുന്നത് തടസ്സമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗത്തിനു ശേഷമായിരുന്നു ശബരിമലയുടെ കാര്യത്തില്‍ കമ്മിഷന്റെ നിലപാട് വ്യക്തമാക്കിയത്.

ശബരിമല സ്ത്രീ പ്രവേശന വിധി പ്രചാരണത്തില്‍ ഉപയോഗിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനം ആകില്ലെങ്കിലും അതിരു വിടരുതെന്നും അങ്ങനെ ചെയ്താല്‍ കമ്മിഷന്‍ ഇടപെടുമെന്നും ടിക്കാറാം മീണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വര്‍ഗീയ വികാരങ്ങള്‍ ഉണര്‍ത്തുന്ന രീതിയില്‍ ശബരിമലയോ അയ്യപ്പന്റെ പേരോ ചിത്രങ്ങളോ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദേശവും രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. ഈ കാര്യങ്ങള്‍ ഏതെങ്കിലും തരത്തില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഉപയോഗിച്ചാല്‍ പെരുമാറ്റ ചട്ടലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുമെന്നാണ് കമ്മിഷന്‍ അറിയിച്ചിരിക്കുന്നത്. ശബരിമല സമരത്തിലെ പൊലീസ് നടപടിയും അതിന്റെ ചിത്രങ്ങളും പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെ്ന്നും വ്യക്തമാക്കിയിട്ടുണ്ട്.

ആരാധാനലയങ്ങളെ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും മതത്തിന്റെ പേരില്‍ വോട്ട് തേടരുതെന്നുമാണ് സര്‍വകക്ഷിയോഗത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പ്രധാനമായും നേതാക്കളോട് പറഞ്ഞത്. മതപരമായ കാര്യങ്ങള്‍ പറഞ്ഞ് പ്രചാരണം പാടില്ലെന്ന ഉത്തരവാദിത്വം എല്ലാ രാഷ്ട്രീയക്കാരും പാലിക്കണമെന്നും ടിക്കാറാം മീണ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ശബരിമലയെ കുറിച്ച് എന്തു പറഞ്ഞാലും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാകില്ലെന്നും യുവതി പ്രവേശന വിഷയം ഉന്നയിക്കാമെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് തങ്ങള്‍ക്ക് അനുകൂലമാക്കുമെന്ന സൂചനയാണ് ബിജെപി നല്‍കിയിരിക്കുന്നത്. ശബരിമല പ്രചാരണ വിഷയമാകുന്നതില്‍ തടസമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ച യോഗത്തിനു ശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചത്. യുവതി പ്രവേശന വിധിയും സംസ്ഥാന സര്‍ക്കാര്‍ നിലപാട് ജനങ്ങളോട് ചര്‍ച്ച ചെയ്യുന്നതും വിശദീകരിക്കുന്നതും ചട്ടലംഘനമാകാതെ ബിജെപി നടത്തുമെന്നും ശ്രീധരന്‍ പിള്ള പറയുന്നു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് വന്നതോടെ ശബരിമല വിഷയം ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയമാകുമെന്ന് ഉറപ്പായി. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പാലിച്ചു കൊണ്ട് ശബരിമലയിലെ കോടതി ഉത്തരവും സംസ്ഥാന സര്‍ക്കാരിന്റെ ഈ കാര്യത്തിലുമുള്ള നിലപാടുകളും ബിജെപിയും കോണ്‍ഗ്രസും ഉപയോഗപ്പെടുത്തുമെന്ന് ആ പാര്‍ട്ടികള്‍ വ്യക്തമാക്കിയും കഴിഞ്ഞു. ഇതോടെ ഇവരുടെ പ്രചാരണത്തെ തടയിടേണ്ട സാഹചര്യം എല്‍ഡിഎഫിനും വന്നിട്ടുണ്ട്. ശക്തമായി തന്നെ ഇത്തരം പ്രചാരണങ്ങളെ നേരിടുമെന്നാണ് സിപിഎം നേതാക്കള്‍ വ്യക്തമാക്കുന്നതും.

ഗോവയില്‍ പോയി സ്ത്രീത്വത്തിന് അപമാനകരമായ പ്രവര്‍ത്തികള്‍ ചെയ്തു; പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥിനികളെ വ്യക്തിഹത്യ ചെയ്ത് ഹോസ്റ്റല്‍ അധികൃതര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍