UPDATES

ശബരിമല കര്‍മ്മ സമിതി ഇനി ആധ്യാത്മിക സംഗമത്തിന് ; അമൃതാനന്ദമയിയേയും ശ്രീ ശ്രീ രവിശങ്കറേയും എത്തിക്കാന്‍ നീക്കം

നേരത്തെ എല്ലാ ജില്ലകളിലും രഥയാത്രയും സെക്രട്ടറിയേറ്റ് വളയലും നടത്താനായിരുന്നു കര്‍മ്മ സമിതിയുടെ തീരുമാനം.

ജനുവരി 22ന് പുന:പരിശോധനാ ഹര്‍ജികള്‍ പരിഗണനക്കെടുക്കാനിരിക്കെ പ്രതിഷേധ മുഖം നീക്കാന്‍ ശബരിമല കര്‍മ്മ സമിതി. പ്രതിഷേധ പരിപാടികള്‍ ഒഴിവാക്കി ‘ആധ്യാത്മിക തല’ത്തിലേക്ക് പ്രതിഷേധങ്ങളെ എത്തിക്കുക എന്ന നീക്കമാണ് ശബരിമല കര്‍മ്മ സമിതി സജീവമാക്കിയിരിക്കുന്നത്. അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍ എന്നീ വ്യക്തികളെ ഉള്‍പ്പെടുത്തി ഭക്തജന സംഗമത്തിനാണ് കര്‍മ്മ സമിതി ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി മുമ്പ് നിശ്ചയിച്ചിരുന്ന രഥയാത്രയും മാര്‍ച്ചും ഒവിവാക്കാമെന്ന നിര്‍ദ്ദേശമാണ് ദേശീയ തലത്തില്‍ നിന്നും ശബരിമല കര്‍മ്മ സമിതി നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്നത്. അന്തിമ തീരുമാനം നാളെ നടക്കുന്ന കര്‍മ്മ സമിതി യോഗത്തിലാവും ഉണ്ടാവുക.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ച് രഥയാത്രയും സെക്രട്ടറിയേറ്റ് മാര്‍ച്ചുമായിരുന്നു കര്‍മ്മ സമിതി പ്രഖ്യാപിച്ചിരുന്നത്. ഈ മാസം 10 മുതല്‍ 13 വരെയായിരുന്നു രഥയാത്ര നടക്കുമെന്ന് അറിയിച്ചിരുന്നത്. പതിനെട്ടിന് 120 ഹിന്ദു സംഘടനകളെ ഉള്‍പ്പെടുത്തി സെക്രട്ടറിയേറ്റ് മാര്‍ച്ചും ഉണ്ടാവുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രഥയാത്ര എല്ലാ ജില്ലകളിലും നടത്താന്‍ പ്രായോഗികമായ ബുദ്ധിമുട്ടുള്ളതിനാല്‍ അത് പറ്റുന്ന ജില്ലകളില്‍ മാത്രം പ്രതീകാത്മകമായി നടത്തി അവസാനിപ്പിക്കാനാണ് ശബരിമല കര്‍മ്മ സമിതിയുടെ നീക്കം. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതില്‍ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലിന് ശേഷം നടക്കുന്ന വ്യാപകമായ അറസ്റ്റും സെന്‍കുമാര്‍ കെ എസ് രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കിയതുമാണ് സംസ്ഥാനമൊട്ടാകെ നടത്താന്‍ ഉദ്ദേശിച്ചിരുന്ന രഥയാത്ര ഒഴിവാക്കിയതെന്നും സംസാരമുണ്ട്.

എന്നാല്‍ രഥയാത്ര ജനുവരി പത്തിന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി പറ്റുന്ന ജില്ലകളില്‍ മാത്രം രഥയാത്ര സംഘടിപ്പിക്കുക എന്ന തീരുമാനത്തില്‍ ശബരിമല കര്‍മ്മ സമിതി എത്തിയിരുന്നു എന്ന് കര്‍മ്മ സമിതി നേതാവ് കെ പി ശശികല അഴിമുഖത്തോട്‌ പറഞ്ഞു. സെക്രട്ടറിയേറ്റ് വളയല്‍ നടത്തുന്നതിന് പകരം ആധ്യാത്മിക സംഗമം എന്ന നിര്‍ദ്ദേശമാണ് ദേശീയ നേതാക്കള്‍ നല്‍കിയതെന്നും ശശികല പറഞ്ഞു. ‘ രഥയാത്രയും മാര്‍ച്ചും റദ്ദാക്കിയതല്ല. രഥയാത്ര ജനുവരി പത്തിന് പ്രഖ്യാപിച്ചപ്പോള്‍ തന്നെ അത് നടത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പലരും പറഞ്ഞു. അതിനാല്‍ സാധ്യമായ ജില്ലകളില്‍ മാത്രം രഥയാത്ര നടത്തുക എന്ന തീരുമാനത്തിലേക്ക് കര്‍മ്മ സമിതി എത്തി. സെക്രട്ടറിയേറ്റ് മാര്‍ച്ച് റദ്ദാക്കിയിട്ടില്ല. എന്നാല്‍ ശബരിമല വിഷയത്തില്‍ പ്രതിഷേധ മുഖം വെടിഞ്ഞ് അതിന് ആധ്യാത്മിക തലം നല്‍കണമെന്നാണ് ദേശീയ നേതാക്കളുടെ നിര്‍ദ്ദേശം. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നാളെ ശബരിമല കര്‍മ്മ സമിതി യോഗം ചേരും. 120 സാമുദായിക സംഘടനകള്‍ ഒന്നിച്ചാണ് പ്രതിഷേധ മാര്‍ച്ച് ഉദ്ദേശിച്ചത്. കെപിഎംഎസ്, സാംബവ മഹാസഭ, യോഗക്ഷേണ സഭ വിശ്വകര്‍മ്മ സഭ ഉള്‍പ്പെടെ 120 സമുദായ സംഘടനകളോട് ഇക്കാര്യത്തില്‍ അഭിപ്രായമാരായേണ്ടതുണ്ട്. അതിനാല്‍ നാളെ എല്ലാവരും ഒന്നിച്ച് കൂടുന്നുണ്ട്. ആ യോഗത്തില്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശം അറിയിക്കും.തുടര്‍ന്ന് സമുദായ സംഘടനകളുടെ കൂചടെ അഭിപ്രായം അറിഞ്ഞ ശേഷമേ സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ കാര്യത്തില്‍ തീരുമാനമാവൂ.’

എന്നാല്‍ ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് തിരുവനന്തപുരത്ത് ഭക്തജന സംഗമം നടത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് കര്‍മ്മ സമിതി നേതാക്കള്‍ പറയുന്നു.മാതാ അമൃതാനന്ദമയിയും ശ്രീ ശ്രീ രവിശങ്കറും പങ്കെടുക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിനെ പ്രതിഷേധത്തിന്റെ മുഖം നല്‍കേണ്ടെന്നും പകരം ആധ്യാത്മിക തലം കൊണ്ടുവരണമെന്നുമാണ് കര്‍മ്മ സമിതിക്ക് ദേശീയ നേതൃത്വത്തില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. 18ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ വരുന്നതിനാല്‍ ആ ദിവസവും 21ന് തൈപ്പൂയ ദിവസവും ഒഴിവാക്കി അതിനിടയിലുള്ള 19,20 തീയതികളില്‍ ആ സംഗമം നടത്താനാണ് കര്‍മ്മ സമിതി ആലോചിക്കുന്നത്.

എന്നാല്‍ കോടതി നോട്ടീസോ അറസ്റ്റുകളോ കണ്ട് ഭയപ്പെട്ടല്ല രഥയാത്രയും മാര്‍ച്ചിലും മറ്റൊരഭിപ്രായം വന്നതെന്നും കര്‍മ്മ സമിതി നേതാക്കള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍