UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: തിരുവാഭരണം എകെജി സെന്ററിലേക്ക് മാറ്റാൻ ശ്രമമെന്ന് ശ്രീധരൻ പിള്ള

കേരളത്തിലെ 99 ശതമാനം സ്ത്രീകളും ആർത്തവകാലത്ത് അശുദ്ധിയുള്ളതിനാൽ ശബരിമലയിൽ പ്രവേശിക്കരുതെന്ന ആചാരത്തെ അംഗീകരിക്കുന്നവരാണെന്ന് ശ്രീധരൻപിള്ള.

ശബരിമലയിൽ ദേവസ്വം ഉദ്യോഗസ്ഥരായ പരികർമികൾ ആചാരവും ജോലി വ്യവസ്ഥയും ലംഘിച്ച് പതിനെട്ടാംപടിക്കു താഴെ സമരം നടത്തിയതിന് കേസ്സെടുത്താൽ അവർക്ക് ഒന്നും സംഭവിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. ബിജെപി അവർക്ക് എല്ലാ പിന്തുണയും നൽകുമെന്ന് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

അതെസമയം ശബരിമലയിൽ അക്രമം നടത്തിയ സംഘപരിവാർ അനുകൂലികളെ പിടികൂടാനുള്ള ശ്രമം ത്വരിതപ്പെടുത്തിയിരിക്കുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായി ഇക്കഴിഞ്ഞ ദിവസം 210 പേരുടെ പട്ടിക ചിത്രങ്ങൾ സഹിതം പുറത്തിറക്കിയിരുന്നു. ഇതു കൂടാതെ രണ്ടായിരത്തോളം പേരുടെ പട്ടിക വേറെയും തയ്യാറാകുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.

കേരളത്തിലെ 99 ശതമാനം സ്ത്രീകളും ആർത്തവകാലത്ത് അശുദ്ധിയുള്ളതിനാൽ ശബരിമലയിൽ പ്രവേശിക്കരുതെന്ന ആചാരത്തെ അംഗീകരിക്കുന്നവരാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു. സർക്കാർ കേരളത്തിലെ സ്ത്രീകൾക്കിടയിൽ ഹിതപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുവിതാംകൂർ ക്ഷേത്രങ്ങളുടെ ആചാരം ‘ശാസ്ത്രീയ’ രീതിയിലാണെന്ന് ട്രാവൻകൂർ മാന്വലിൽ പറഞ്ഞിട്ടുള്ളതായി ശ്രീധരൻപിള്ള അവകാശപ്പെട്ടു. (തിരുവിതാംകൂർ രാജാവിന്റെ കൽപന പ്രകാരം മദ്രാസ് പ്രസിഡൻസിയിലും മറ്റിടങ്ങളിലും ഉണ്ടായിരുന്ന മാന്വലുകളുടെ മാതൃകയിൽ എഴുതപ്പെട്ട ഗ്രന്ഥമാണ് ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ).

തിരുവാഭരണം എകെജി സെന്ററിലേക്ക് മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന ഗൗരവപ്പെട്ട ആരോപണവും ശ്രീധരൻപിള്ള ഉന്നയിച്ചു. അതെസമയം സർക്കാർ ഈ പദ്ധതി എങ്ങനെയാണ് നടപ്പാക്കുകയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.

ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് ശ്രീധരൻപിള്ള പറഞ്ഞു. അയ്യപ്പവിശ്വാസികൾക്കു വേണ്ടി സമരം ചെയ്യുന്നത് തെറ്റാണെങ്കിൽ അതിന്റെ ശിക്ഷ ഏറ്റുവാങ്ങാൻ തയ്യാറാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.

എൻഡിഎയുടെ നേതൃത്വത്തിൽ കൂടുതൽ പ്രക്ഷോഭങ്ങൾ നടത്താൻ പദ്ധതിയുള്ളതായും അദ്ദേഹം വെളിപ്പെടുത്തി. ഒരു മാസത്തെ പ്രതിഷേധ പരിപാടികൾ നടത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍