UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല; പൊലീസിനും സര്‍ക്കാരിനും വിമര്‍ശനം; ധൃതി പിടിച്ച് വിധി നടപ്പാക്കുമ്പോള്‍ കലാപമുണ്ടാക്കുമെന്ന് അറിഞ്ഞിരുന്നില്ലേ?

ഇത്ര സെന്‍സിറ്റീവ് ആയ വിഷയം സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയില്‍ അപകാതയുണ്ടായി

ശബരിമല സംഘര്‍ഷത്തില്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസനും വീഴ്ച പറ്റിയതായി വിമര്‍ശനം. സുപ്രിം കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനാവശ്യ ധൃതി കാണിക്കുകയായിരുന്നുവെന്നും ഏതുവിധത്തിലും സ്ത്രീ പ്രവേശനം സാധ്യമാക്കുമെന്ന് ഉറപ്പ് നല്‍കിയ സര്‍ക്കാരിന് പ്രതികൂല സാഹചര്യങ്ങള്‍ എങ്ങനെ നേരിടേണ്ടതെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ പോയതാണ് കഴിഞ്ഞ ദിവസങ്ങളില്‍ നിലയ്ക്കലും പമ്പയിലും നടന്ന അക്രമങ്ങള്‍ക്ക് ഒരു കാരണമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ലാത്തിച്ചാര്‍ജ്ജിന്റെ പേരിലടക്കം പൊലീസിനെതിരേ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിമര്‍ശനങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും ഒരുപരിധിവരെ സേനയുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിലും പൊലീസിനെ ഇത്തരമൊരു സന്നിഗ്ധഘട്ടത്തിലേക്ക് തള്ളിവിട്ടത് സര്‍ക്കാര്‍ നിലപാടുകള്‍ തന്നെയാണെന്ന് സര്‍വീസില്‍ ഉള്ളവരും റിട്ടയര്‍ ചെയ്തവരുമായ പൊലീസ് ഉദ്യോഗസ്ഥന്മാര്‍ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നടക്കുന്നതുപോലെയോ രാഷ്ട്രീയപ്പാര്‍ട്ടിക്കാര്‍ ആരോപിക്കുന്നതുപോലെയുള്ള കുഴപ്പങ്ങള്‍ പൊലിസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് പറയേണ്ടി വരുമ്പോഴും വീഴ്ച സംഭവിച്ചിട്ടുണ്ട് നമ്മുടെ പൊലീസുകാര്‍ക്ക് എന്ന് കാണാതിരിക്കാന്‍ കഴിയില്ലെന്നാണ് എസ് പി ആയി വിരമിച്ച ഉദ്യോഗസ്ഥന്‍ പറയുന്നത്. അക്രമങ്ങള്‍ ഉണ്ടാകുമെന്നത് ഏതൊരാള്‍ക്കും അറിയാവുന്നതായിരുന്നു. സര്‍ക്കാരിനും പൊലീസിനും ഇക്കാര്യത്തില്‍ വ്യക്തമായ മുന്നറിയിപ്പും കിട്ടിയിരിക്കണം. എന്നാല്‍ അതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടന്നിരുന്നില്ല എന്നതാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന കുഴപ്പങ്ങള്‍ കാണിച്ചു തരുന്നത്. വളരെ സെന്‍സിറ്റീവായ ഒരു വിഷയമാണെന്നിരിക്കെ ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടനയുടെ ജാഥ നേരിടാന്‍ പോകുന്നതുപോലെയാകരുതായിരുന്നു പൊലീസ് ശബരിമലയില്‍ ഇടപെടേണ്ടിയിരുന്നത്. ഇവിടെ പൊലീസിനെ മാത്രം കുറ്റം പറയാനും കഴിയില്ല, സര്‍ക്കാരിന്റെ വീഴ്ച തന്നെയാണ് മൂല കാരണം; എസ് പി ചൂണ്ടിക്കാണിക്കുന്നു.

“ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയത് കടകംപള്ളി, പൊലീസ് വേഷത്തിലെത്തിയത് കമ്മ്യൂണിസ്റ്റുകാര്‍”: എഎന്‍ രാധാകൃഷണന്‍

തുലാമാസ പൂജയ്ക്കായി നട തുറക്കുന്ന 17 ആം തീയതി ശബരിമലയില്‍ ദര്‍ശനത്തിന് സ്ത്രീകള്‍ എത്തുമെന്നും അവരെ തടയാന്‍ വലിയൊരു സംഘം ഉണ്ടാകുമെന്നതും പൊലീസിന് മുന്‍കുട്ടി കാണാനാകുമായിരുന്ന കാര്യമാണ്. സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നതിലും ആര്‍ക്കും സംശയമില്ലായിരുന്നു. ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന പൊലീസുകാരെക്കാള്‍ ഒന്നോ രണ്ടോ ഇരട്ടി ആളുകള്‍ പ്രതിഷേധിക്കാന്‍ ഉണ്ടായിരുന്നുവെന്നതാണ് ആദ്യഘട്ടത്തില്‍ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയാതെ പോയതിനു കാരണമായി ഇപ്പോള്‍ പൊലീസ് പറയുന്നത്. കൂടാതെ, പ്രതിഷേധിക്കുന്നവര്‍ സംയമനത്തോടെയും അക്രമസ്വഭാവമില്ലാതെയും സമരം നടത്തുമെന്ന ഉറപ്പ് നേതാക്കള്‍ക്കിടയില്‍ നിന്നു തന്നെ കിട്ടിയിരുന്നെന്നും ആ ഉറപ്പ് അപ്രതീക്ഷിതമായി ലംഘിക്കപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നുണ്ട്. ഈ രണ്ട് ന്യായങ്ങളും പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്. അവിടെ തടിച്ചുകൂടാന്‍ സാധ്യതയുള്ളവര്‍ വലിയൊരു കൂട്ടമായിരിക്കുമെന്ന് വിവരം കിട്ടിയില്ലെങ്കില്‍, അത് മുന്‍കൂട്ടി കാണമായിരുന്നു. ശബരിമല പോലൊരു സ്ഥലത്ത്, അതും ഭക്തരായ ആളുകള്‍ നല്‍കുന്ന ഉറപ്പ് മുഖവിലയ്ക്ക് എടുക്കുന്നതില്‍ തെറ്റില്ല, പക്ഷേ, സംഘര്‍ഷം ഉണ്ടാകാന്‍ വലിയ സാധ്യത നേരത്തെ തന്നെ തിരിച്ചറിഞ്ഞ സ്ഥിതിക്ക് പൊലീസ് ലഹള ഉണ്ടാകും വരെ കൈയും കെട്ടി നില്‍ക്കരുതായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.

സാധാരണ ഇതുപോലുള്ള സാഹചര്യങ്ങലെ നേരിടാന്‍ നിയോഗിക്കുന്ന പൊലീസുകാര്‍ക്ക് കിട്ടുന്ന പ്രധാന നിര്‍ദേശം, നിങ്ങളെ എത്ര പ്രകോപിക്കാന്‍ ശ്രമിച്ചാലും പ്രകോപിതരാകരുത് എന്നാണ്.സമചിത്തത വിടാതെ ജോലി ചെയ്യണമെന്നും പറഞ്ഞുകൊടുക്കാറുണ്ട്. കാരണം, ബലപ്രയോഗം നടന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വും ചീത്തപ്പേരും പൊലീസ് ഏറ്റെടുക്കണം. ഇതൊഴിവാക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട്. സ്റ്റേറ്റിന്റെ നിര്‍ദേശം എക്‌സിക്യൂട്ട് ചെയ്യേണ്ടി വരുമ്പോള്‍ പോലും അതിന്റെ പ്രത്യാഘാതങ്ങളും അപകടങ്ങളും പൊലീസ് അദ്യം തന്നെ ഭരണകര്‍ത്താക്കളെ അറിയിക്കേണ്ടതുമാണ്. ശബരിമലയില്‍ എതിര്‍പ്പുമായി അയ്യായിരവും പതിനായിരവും പേരടങ്ങുന്ന സംഘം വന്നാല്‍ പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റില്ല, പോരാത്തതിന് അതുപോലൊരു സ്ഥലവും. ഇക്കാര്യങ്ങള്‍ പൊലീസ് തലപ്പത്തുള്ളവര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നോ? സര്‍ക്കാര്‍ നിര്‍ദേശം നടപ്പക്കാന്‍ ഏതുവഴിയും തങ്ങള്‍ക്ക് ഉപയോഗിക്കാമെന്നു ചോദിച്ചിരുന്നോ? അതിനുള്ള അനുമതി കിട്ടിയിരുന്നോ എന്ന് പൊലീസ് പറയണം; റിട്ടയേര്‍ഡ് എസ് പിയുടെ ചോദ്യങ്ങളാണ്.

“ഞാന്‍ മതം പറയുകയല്ല, ക്രിസ്ത്യാനിയായ ഒരു പൊലീസുകാരനാണ് അയ്യപ്പന്മാരെ തല്ലിയത്”: ശ്രീധരന്‍ പിള്ള

സംയമനം പാലിച്ചു നില്‍ക്കണം, യാതൊരു പ്രകോപനത്തിലേക്കും പോകരുത് എന്നതായിരുന്നു തങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശമെന്ന് ഡ്യൂട്ടിക്കുണ്ടായിരുന്ന ഒരു പൊലീസുകാരനും പറയുന്നുണ്ട്. ഭക്തരായ ആളുകളില്‍ നിന്നും ഇത്തരത്തില്‍ പ്രകോപനം ഉണ്ടാകുമെന്ന് വിചാരിച്ചില്ലെന്നും അതേസമയം തന്നെ വിശ്വാസികള്‍ക്കിടയില്‍ കയറിക്കൂടുന്നവരില്‍ നിന്നും ഏതു തരത്തിലുള്ള പ്രകോപനവും ഉണ്ടാകാമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നതുമാണ്. എങ്കില്‍ പോലും അതിനെ എങ്ങനെ നേരിടണമെന്നതില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. കാര്യങ്ങള്‍ കൈവിട്ട് പോയ അവസ്ഥയില്‍ മാത്രമാണ് ലാത്തിച്ചാര്‍ജ്ജിലേക്ക് തിരിഞ്ഞത്. അതിനെ പൊലീസ് മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയെന്ന തരത്തില്‍ കാണരുതെന്നും പേര് വെളിപ്പെടുത്താത്ത ഈ പൊലീസുകാരന്‍ പറയുന്നു.

കുഴപ്പങ്ങള്‍ ഒന്നും ഉണ്ടാകില്ലെന്ന് വിശ്വസിച്ചു എന്ന ന്യായം അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വീണ്ടും ആവര്‍ത്തിക്കുന്നത്. ഇന്റലിജന്‍സ് വിഭാഗം അക്കാര്യം മുന്‍കൂട്ടി തന്നെ അറിയിച്ചിട്ടുണ്ടാകണം. പക്ഷേ, പൊലീസ് നിസ്സഹായരായി പോയിരിക്കണം. ഏതെങ്കിലും തരത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ബലപ്രയോഗത്തില്‍ ദര്‍ശനത്തിനെത്തുന്ന ഒരു ഭക്തനെങ്കിലും പരിക്ക് പറ്റിയാല്‍ സ്ഥിതി അതോടെ മാറും. പൊലീസ് എല്ലാത്തിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരും. ഈ നിസ്സാഹയതയാകണം അവരെ നിശ്ചലരാക്കിയത്. സര്‍ക്കാര്‍ ആയിരുന്നു അവിടെ മുന്‍കൂട്ടി തന്നെ ഇടപെടല്‍ നടത്തേണ്ടിയിരുന്നത്. അതുണ്ടായോ എന്നത് സംശയമാണെന്നും അവര്‍ പറയുന്നു.

ചില സാഹചര്യങ്ങളില്‍ പൊലീസിന് ഒന്നും ചെയ്യാന്‍ പറ്റാതെ വരാം. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ എങ്ങനെയെല്ലാം ഇടപെടല്‍ നടത്തണം എന്ന് പൊലീസ് മാന്വലില്‍ പറയുന്നുണ്ട്. ആദ്യം ഇന്റലിജന്‍സ് നല്‍കുന്ന വിവരങ്ങള്‍ വിശദമായി പഠിക്കണം. കുഴപ്പം ഉണ്ടാകുമെന്ന് തീര്‍ച്ചയായാല്‍ ആരാണോ ആ വിഷയത്തിന് നേതൃത്വം നല്‍കുന്നത് അവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കണം. അവര്‍ കാര്യങ്ങള്‍ മനസിലാക്കുന്നില്ലെങ്കില്‍ സ്ഥിതിഗതികള്‍ എന്തായി തീരുമെന്ന് വീണ്ടും ഉപദേശിക്കണം. അതിലും നില്‍ക്കുന്നില്ലെങ്കില്‍ താക്കീത് നല്‍കാം. നേരിടേണ്ടി വരുന്ന ഭവിഷ്യത്തുകള്‍ ഓര്‍മപ്പെടുത്താം. കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് കൊടുക്കാം. ഇതെല്ലാം പരാജയപ്പെട്ടാല്‍ മാത്രമാണ് എക്‌സിക്യൂഷന്റെ ഭാഗമായി ബലപ്രയോഗത്തിലേക്ക് നീങ്ങാന്‍ കഴിയൂ. ശബരിമല സംഘര്‍ഷത്തില്‍ പൊലീസ് പ്രാഥമികമായി ചെയ്യേണ്ടിരുന്ന കാര്യങ്ങള്‍ ചെയ്തിട്ടുണ്ടോ എന്ന് സംശയിക്കേണ്ടി വരും. ഇത്ര പെട്ടെന്ന് സ്ത്രീ പ്രവേശനം നടപ്പാക്കാന്‍ തീരുമാനിക്കുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരിനെ ബോധ്യപ്പെടുത്തണമായിരുന്നു. എങ്ങനെ വേണം സര്‍ക്കാര്‍ തീരുമാനം എക്‌സിക്യൂട്ട് ചെയ്യേണ്ടതെന്ന് സര്‍ക്കാരിനോട് തന്നെ ചോദിച്ച് തീരുമാനം ഉണ്ടാക്കണമായിരുന്നു. പ്രതിഷേധക്കാരെ ലാത്തി ചര്‍ജ് നടത്തി നേരിടണോ നേരിട്ടാല്‍ അത് എന്തൊക്കെ കുഴപ്പങ്ങള്‍ ഉണ്ടാക്കും എന്നുള്ള കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമായിരുന്നു. സര്‍ക്കാര്‍ നിലപാട് അനുസരിച്ച് മുന്നോട്ടു പോകണം, ആ ഉത്തരവാദിത്വം നേരിട്ട് സര്‍ക്കാരിലേക്ക് നല്‍കണമായിരുന്നു. സര്‍ക്കാര്‍ കണിശതയോടെ പറഞ്ഞുകൊണ്ടിരുന്നത് എന്തു വന്നാലും സുപ്രിം കോടതി തീരുമാനം നടപ്പിലാക്കുമെന്നു തന്നെയായിരുന്നു. ഇങ്ങനെയൊരു പ്രതികൂല സാഹചര്യത്തില്‍ കോടതി തീരുമാനം നടപ്പിലാക്കുക എന്നതിന്റെ ബുദ്ധിമുട്ട് സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ടോ എന്നറിയില്ല. ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ ഇത്ര വഷളാകുമെന്ന് കരുതുന്നില്ല എന്നാണ് ഈ വിഷയത്തില്‍ പ്രതികരിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്.

നാമജപ യജ്ഞങ്ങളല്ല, ശബരിമലയില്‍ നടന്നത് ആസൂത്രിത അക്രമങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍