UPDATES

ട്രെന്‍ഡിങ്ങ്

രഹ്നാ ഫാത്തിമയ്ക്ക് പിന്നാലെ ലിബിയെയും വേട്ടയാടി സംഘപരിവാര്‍; മതവികാരം വ്രണപ്പെടുത്തിയെന്നാരോപിക്കുന്ന കേസില്‍ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യത

കേസ് നല്‍കിയിരിക്കുന്നത് 7 പോലീസ് സ്റ്റേഷനുകളില്‍; തില്‍ രണ്ട് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ലിബിയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു

രഹ്നാ ഫാത്തിമയ്ക്ക് പിന്നാലെ ലിബിയും. മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ സി എസ് ലിബിയ്‌ക്കെതിരെ കുറ്റം നിലനില്‍ക്കുമെന്ന് കോടതി പറഞ്ഞതോടെ ഏത് നിമിഷവും അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യത. ശബരിമല വിഷയത്തില്‍ സമൂഹമാധ്യമത്തിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു എന്നതിനാണ് ലിബിയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഏഴ് പോലീസ് സ്റ്റേഷനുകളില്‍ ഇതേ കാര്യം ഉയര്‍ത്തി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കേസ് നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ട് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ലിബിയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ കൊച്ചി സെന്‍ട്രല്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ ലിബി മുന്‍കൂര്‍ ജാമ്യം തേടിയെങ്കിലും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളി.

മതസ്പര്‍ധ വളര്‍ത്തുക, വ്യക്തിയുടെ മതവികാരം വ്രണപ്പെടുത്തുക, സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്ന സന്ദേശം പ്രചരിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ലിബിയില്‍ ചുമത്തിയിരിക്കുന്നത്. സെന്‍ട്രല്‍ പോലീസ് ആദ്യം ലിബിയുടെ പേരില്‍ കേസ് എടുത്തിരുന്നില്ല. എന്നാല്‍ കേസ് എടുക്കണമെന്ന് കാണിച്ച് കോടതിയില്‍ നല്‍കിയ അപേക്ഷ പരിഗണിച്ച് പരാതിയില്‍ കേസെടുക്കാന്‍ കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 2018 ഒക്ടോബര്‍ 15നും ഡിസംബര്‍ 18നും ലിബി ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്ത പോസ്റ്റുകളാണ് കേസിനാസ്പദമായത്. മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്നും കുറ്റം ഗൗരവമേറിയതാണെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് സെഷന്‍സ് കോടതി ഉത്തരവ്. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ പ്രതി സാക്ഷിയെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു.

എന്നാല്‍ മാധ്യമപ്രവര്‍ത്തകയായ താന്‍ ജോലി മാത്രമാണ് ചെയ്തതെന്ന് സി എസ് ലിബി പറയുന്നു. തന്റേതല്ലാത്ത ഒരു പോസ്റ്റില്‍ തനിക്കെതിരെ കേസ് നല്‍കിയത് താന്‍ ശബരിമലയില്‍ പോവാന്‍ തയ്യാറായതിന്റെ വിദ്വേഷം കൊണ്ട് മാത്രമാണെന്നും ലിബി പ്രതികരിച്ചു. ‘അയ്യപ്പന് കണ്‍ട്രോള്‍ പോകുമെന്നുറപ്പുണ്ടെങ്കില്‍ കടുക്കാ കഷായം അത്യുത്തമമെന്ന് പിപി സുമന്‍ എന്ന വാര്‍ത്ത ഞങ്ങളുടെ ന്യൂസ് ഗില്‍ പോര്‍ട്ടലില്‍ പബ്ലിഷ് ചെയ്തിരുന്നു. ഈ വാര്‍ത്തയാണ് ഞാന്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ ഈ പോസ്റ്റ് വഴി ഞാന്‍ മതവികാരം വ്രണപ്പെടുത്തിയെന്ന് പറഞ്ഞ് ഏഴ് പോലീസ് സ്റ്റേഷനിലാണ് അവര്‍ കേസ് നല്‍കിയിരിക്കുന്നത്. എറണാകുളത്തുള്ള കേസില്‍ മറ്റൊരു പോസ്റ്റ് കൂടി ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരിക്കുന്നത്. ആചാരലംഘന നാടകം എന്ന രഞ്ജിത്ത് ശിവന്റെ ഫേസ്ബുക്ക് കുറിപ്പാണ് ഞങ്ങള്‍ വാര്‍ത്തയാക്കി നല്‍കിയതും ഞാന്‍ ഷെയര്‍ ചെയ്തതും. അതോടെ മുന്‍കൂര്‍ജാമ്യം തള്ളി. രണ്ട് ദിവസത്തിനുള്ളില്‍ ഞാന്‍ ഹൈക്കോടതിയെ സമീപിക്കും.’

സുമേഷ് കൃഷ്ണ എന്ന വ്യക്തിയാണ് ലിബിയ്ക്കെതിരെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സോഷ്യല്‍മീഡിയയില്‍ ഇടപെടലുകള്‍ നടത്തിയെന്ന് ആരോപിച്ചായിരുന്നു രഹ്നഫാത്തിമയ്ക്കെതിരെ കേസെടുത്തത്. ഏറെ നാളത്തെ ജയില്‍വാസത്തിന് ശേഷമാണ് രഹ്ന ജയില്‍മോചിതയായത്. ശബരിമലയില്‍ പോയതോ പോവാന്‍ തയ്യാറെടുത്തതോ ആയ സ്ത്രീകള്‍ക്കെതിരെ പ്രതികാര നടപടികളുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പോവുമ്പോള്‍ താനും അറസ്റ്റ് ചെയ്യപ്പെടുമോ എന്ന ആശങ്കയിലാണ് ലിബി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍