UPDATES

വാര്‍ത്തകള്‍

ഭക്തയെ അക്രമിച്ച കേസില്‍ റിമാന്‍ഡിലായ സ്ഥാനാര്‍ത്ഥി കെ പി പ്രകാശ് ബാബു ഇന്ന് മുതല്‍ മണ്ഡലത്തില്‍ സജീവമാകും; കൂടുതല്‍ കരുത്തനെന്ന് കോഴിക്കോട്ടെ ബിജെപി പ്രവര്‍ത്തകര്‍

കര്‍ശന ഉപാധികളോടെയാണ് യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവനെയും എല്‍ഡിഎഫിന്റെ പ്രദീപ് കുമാറിനെയും ചുറ്റിപ്പറ്റിയാണ് കോഴിക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. അതിനിടിയില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി കെ പി പ്രകാശ് ബാബു ശ്രദ്ധിക്കപ്പെട്ടത് ശബരിമല സംഘര്‍ഷത്തിന്റെ പേരില്‍ അറസ്റ്റിലായതോടെയാണ്. തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ബിജെപി പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്.

‘പുറത്തുള്ള പ്രകാശ് ബാബുവിനെക്കാള്‍ കരുത്തനായിരുന്നു ജയിലില്‍ ഉണ്ടായിരുന്ന പ്രകാശ് ബാബു.’ എന്നാണ് ബിജെപി അനുഭാവിയായ സുമംഗലയുടെ അഭിപ്രായം. ‘വിശ്വാസികള്‍ക്ക് വേണ്ടിയാണ് പ്രകാശ് ബാബു അറസ്റ്റിലായത്. ഇവിടെ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തില്‍ വളരെ കാര്യമായിട്ടായിരുന്നു പ്രചരണം നടത്തിയിത്. അദ്ദേഹത്തിന്റെ മുഖംമൂടി അണിഞ്ഞായിരുന്നു മണ്ഡലത്തില്‍ വോട്ട് അഭ്യര്‍ഥിച്ചത്. പ്രകാശ് ബാബു ഇല്ലാതിരുന്നപ്പോള്‍ പോലും ഗംഭീരമായ പ്രചരണം നടത്തിയപ്പോള്‍ ഇനി അദ്ദേഹം എത്തുന്നത്തോടെ അത് കൂടുതല്‍ ശക്തമാകും’ സുമംഗല പറഞ്ഞു.

കോഴിക്കോടെ ബിജെപി ലീഗല്‍ സെല്‍ കണ്‍വീനര്‍ ജയഭാനുവും പ്രകാശ്ബാബുവിന് ജാമ്യം കിട്ടിയതിന്റെ സന്തോഷം മറച്ചുവയ്ക്കുന്നില്ല. ശബരിമലയ്ക്ക് വേണ്ടിയാണ് പ്രകാശ്ബാബു അറസ്റ്റിലായത്. ജനങ്ങള്‍ക്ക് അത് മനസ്സിലാവും. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ കള്ളത്തരം ഇപ്പോള്‍ പുറത്തായി (ഒളിക്യാമറ വിവാദം) എല്‍ഡിഎഫിന് ഇവിടുത്തെ വിശ്വാസികളോടുള്ള നിലപാടും എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ പ്രകാശ്ബാബുവിനെ അറസ്റ്റ് ചെയ്ത സംഭവം അദ്ദേഹത്തിന് വോട്ടാവും. ഞങ്ങള്‍ നേരത്തെ തന്നെ അദ്ദേഹത്തിന്റെ മുഖംമൂടി അണിഞ്ഞായിരുന്നു പ്രചരണം നടത്തിയിരുന്നത്. മണ്ഡലത്തില്‍ ടി പി ജയചന്ദ്രന്‍ മാസ്റ്ററുടെ നേൃത്വത്തില്‍ ഒരു തവണ ഐക്യദാര്‍ഡ്യ യാത്രയും പൂര്‍ത്തിയായിരുന്നു. പ്രകാശ് ബാബു എത്തുന്നത്തോടെ കൂടുതല്‍ ആവേശത്തെടെയാവും ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍’ ജയഭാനു പറഞ്ഞുനിര്‍ത്തി.

ചിത്തിര ആട്ട വിശേഷത്തിന് ശബരിമലയില്‍ നടന്ന സംഘര്‍ഷത്തില്‍ ഭക്തയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബു റിമാന്‍ഡിലായത്. കര്‍ശന ഉപാധികളോടെയാണ് യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മൂന്നുമാസത്തേക്ക് പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്നും കോടതി ജാമ്യവ്യവസ്ഥയില്‍ ചൂണ്ടിക്കാട്ടുന്നു. ഇദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നേരത്തെ റാന്നി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജയിലില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പ്രകാശ് ബാബുവിന് കോടതി അനുമതി നല്‍കുകയായിരുന്നു. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അനുമതി നല്‍കിയത്. ഇത് പ്രകാരം പ്രത്യേക ദൂതന്‍ വഴി കോഴിക്കോട് മണ്ഡലത്തില്‍ പ്രകാശ് ബാബു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ത്ഥിയുടെ അഭാവത്തില്‍ മണ്ഡലത്തില്‍ പ്രചാരണം പുരോഗമിക്കവെയാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍