UPDATES

നിലപാട് വ്യക്തമാക്കി ആര്‍എസ്എസ്; സ്ത്രീകളെ തടയില്ല, പക്ഷേ, കറുപ്പോ മാലയോ ധരിക്കാതെ വരുന്നവരെ അംഗീകരിക്കാന്‍ കഴിയില്ല

ശബരിമലയില്‍ സ്ത്രീവിവേചനമില്ല, ക്ഷേത്രശുദ്ധിമാത്രമാണ് പരിഗണിക്കുന്നത്‌

ശബരിമലയില്‍ സ്ത്രീപ്രവേശന വിധിയിലെ നിലപാടില്‍ നിന്ന് ആര്‍എസ്എസ് മലക്കം മറിഞ്ഞിട്ടില്ലെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍. നിലവിലെ ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയാണ് സുപ്രീം കോടതിയുടേതെന്നാണ് ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് ഇന്ന് പറഞ്ഞിരിക്കുന്നത്. എന്നാല്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്രവിധി വന്ന ദിവസം ആര്‍എസ്എസ് തുല്യതയുടെ ഒരു ഉദാഹരണമെന്നാണ് വിധിയെ വിശേഷിപ്പിച്ചത്. ആര്‍എസ്എസിന്റെ നിലപാടില്‍ ഒരുമാറ്റവുമുണ്ടായിട്ടില്ലയെന്നും, മാധ്യമങ്ങള്‍ പകുതി മാത്രമേ കേള്‍ക്കുന്നതാണ് പ്രശ്‌നമെന്നുമാണ് ഗോപാലന്‍കുട്ടി മാസ്റ്റര്‍ വിശദീകരിക്കുന്നു.

‘സംഘത്തിന്റെ പോളിസി എന്ന നിലക്ക് പുരുഷന്മാര്‍ക്ക് എവിടെ വരെ പ്രവേശിക്കാമോ അവിടം വരെ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്നാണ് ആര്‍എസ്എസ് പറഞ്ഞിട്ടുള്ളത്. അതേ സമയം ഓരോരോ സ്ഥലത്തും ഉള്ള പ്രാദേശിക സംവിധാനത്തിന്റെ കാര്യകാരണങ്ങള്‍ കൂടി അന്വേഷിക്കണം. അങ്ങനെയെന്തെങ്കിലും സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അത് തുടരണമെന്നും അത് നിയമമായി മാറ്റണമെങ്കില്‍ ബന്ധപ്പെട്ട ആളുകളുമായി ചര്‍ച്ച ചെയ്യണമെന്നൊക്കെയാണ് ആര്‍എസ്എസ് പറഞ്ഞത്.’ അദ്ദേഹം തുടര്‍ന്നു.

സുപ്രീം കോടതി വിധി വന്ന ദിവസം കോടതി വിധിയെ സ്വാഗതം ചെയ്തിട്ടില്ല, എന്നാല്‍ കോടതി വിധിയെ മാനിക്കുന്നുവെന്നാണ് ആര്‍എസ്എസ് നേതൃത്വം പറഞ്ഞതെന്നാണ് ഗോപാലന്‍ മാസ്റ്റര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്. കോടതിയെ മാനിക്കുക എന്നുള്ളത് ജനാധിപത്യ രാജ്യമെന്ന നിലയില്‍ പൗരന്റെയും സംഘടനയുടെയും കടമയാണ്. അതേസമയം ജനങ്ങളുടെ ഇടയില്‍ ഭിന്നതയുണ്ടാക്കാന്‍ പാടില്ലായെന്നും വിധി ബദ്ധപ്പെട്ട് നടപ്പാക്കാന്‍ പാടില്ലായെന്നും ബന്ധപ്പെട്ട ആളുകളുമായി ചര്‍ച്ച ചെയ്ത് സമവായത്തിലെത്തണമെന്നൊക്കെ ഞാന്‍ അന്ന് പറഞ്ഞിരുന്നു.

ഇതിനും മുമ്പ് സുപ്രീം കോടതി വിധി വന്നപ്പോഴൊക്കെ സര്‍ക്കാര്‍ വിധി നടപ്പാക്കാന്‍ ഈ ഉത്സാഹം കാണിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. ശബരിമലയില്‍ എത്തുന്ന ഒരാളെയും തടയാനോ ആക്രമിക്കാനോ ഞങ്ങള്‍ക്ക് ഉദ്ദേശമില്ല. ഞങ്ങള്‍ അത് ചെയ്യില്ല. പക്ഷേ കോടതി വിധി ഇത്ര പെട്ടെന്ന് നടപ്പിലാക്കേണ്ട ആവശ്യം സര്‍ക്കാരിന് ഇല്ലായിരുന്നു. ബന്ധപ്പെട്ട ആളുകളുമായി ചര്‍ച്ച ചെയ്ത് കുറച്ചു സമയത്തേക്ക് നീക്കി വെക്കാന്‍ കോടതിക്ക് അഫിഡവിറ്റോ ഹര്‍ജിയോ കൊടുത്തിട്ട് സൗമ്യമായി പരിഹരിക്കേണ്ടതല്ലേ? കള്ളുഷാപ്പിന്റെ കാര്യം വന്നപ്പോഴും കരുണാ മെഡിക്കല്‍ കോളേജിന്റെ സമയത്തും സുപ്രീം കോടതി വിധി പുല്ലു പോലെ കണക്കാക്കിയിട്ട് അതിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. ഇപ്പോള്‍ മാത്രം എന്തിന് ധൃതി പിടിച്ച് കോടതി വിധി നടപ്പിലാക്കുന്നു. ജനങ്ങളുടെ വികാരം കൂടി കണക്കിലെടുക്കേണ്ടതല്ലേ? ഇത് ആര്‍എസ്എസിന്റെയോ ബിജെപിയുടെയോ തലയില്‍ വെക്കേണ്ടതല്ല. ഇത്രയധികം സ്ത്രീകള്‍ ഇറങ്ങിവന്നത് ആര്‍എസ്എസും ബിജെപിയും പറഞ്ഞിട്ടല്ല.

“അവന്മാരാ പെങ്കൊച്ചിനെ അടിച്ച അടി കാണണം, പോലീസുകാരികള്‍ പോലും പേടിച്ചോടുകയായിരുന്നു”; നിലയ്ക്കലില്‍ നടന്നത്

ശബരിമലയിലെത്തുന്ന സ്ത്രീകള്‍ ഭക്തിയോടെയല്ല എത്തുന്നതെന്നും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. ‘ഇന്ന് രാവിലെ ശബരിമലയിലെത്തിയ സുഹാസിനി രാജ് വന്നത് ഭക്തിയോടെയല്ല. മാലയോ കറുപ്പോ ധരിക്കാതെയാണ് അവര്‍ എത്തിയത്. അത് അംഗീകരിക്കാനാകില്ല. അതിന് പുറമെ അവിടെ നടക്കുന്ന എല്ലാ കാര്യങ്ങളും ആര്‍എസ്എസിന്റെയും ബിജെപിയുടെയും തലയിലാക്കുന്ന രീതി മാധ്യമങ്ങള്‍ തുടരുന്നുണ്ട്. മാധ്യമങ്ങള്‍ എല്ലാവരും ഇങ്ങനെ ആക്രമിക്കുന്നത് കൊണ്ട് സംഘപരിവാറിനൊന്നും വരാനില്ല. മാധ്യമങ്ങളുടെ സഹായം കൊണ്ടല്ല ഞങ്ങള്‍ ഇതുവരെ വന്നത്. ശബരിമലയില്‍ പ്രതിഷേധിക്കുന്നവര്‍ക്കിടയില്‍ ആര്‍എസുഎസുകാരും ഉണ്ടാകാം. ഇന്നലെ അവിടെ നിന്ന് അറിഞ്ഞതനുസരിച്ച് ഉപവാസമിരിക്കുന്ന ആര്‍എസ്എസിന് പുറമേ 40തോളം സംഘടനകള്‍ അവിടെയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതൊക്കെ ഭക്തജനവിശ്വാസത്തിന്റെ ഭാഗമാണ്.

ഞങ്ങള്‍ പറയുന്നത് പോലെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആര്‍എസ്എസ് ഒരു മാധ്യമപ്രവര്‍ത്തകരോടും പറഞ്ഞിട്ടില്ല. സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് സംഘത്തിന്റെ അഭിപ്രായം. ശബരിമലയിലേക്ക് പോകുന്നവരെ തടയാനോ ഒന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഞങ്ങളോട് അനുഭാവമുള്ള ചില സംഘടനകളും നാമജപഘോഷയാത്രകള്‍ നടത്തുന്നുണ്ട്. ഇരുന്നൂറോളം കേന്ദ്രങ്ങളില്‍ നടത്തിയ നാമജപഘോഷയാത്ര എത്ര സമാധാനപരമായിരുന്നു. കൂടാതെ കൊയിലാണ്ടി ഭാഗത്ത് ഒരു ഗുരുസ്വാമി ആത്മഹത്യ ചെയ്തു. ഇങ്ങനെ വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോള്‍ സഹിക്കാന്‍ പറ്റാത്ത നിരവധി പേര്‍ ഹിന്ദുസമൂഹത്തിലുണ്ട്. ആര്‍എസ്എസിലും, കമ്യൂണിസ്റ്റിലും, കോണ്‍ഗ്രസിലുമൊക്കെയുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ള എത്ര അമ്മമാര്‍ നാമജപഘോഷയാത്രയില്‍ പങ്കെടുത്തു. ഇതൊക്കെ കണക്കിലെടുത്തു മതവിഭാഗത്തിന്റെ, പൊതുജനത്തിന്റെ മതവികാരങ്ങളെക്കൂടി സര്‍ക്കാര്‍ പരിഗണിക്കണം.

പൊലീസ് സുരക്ഷയില്‍ മല കയറിയ മാധ്യമപ്രവര്‍ത്തകയ്ക്ക് ‘ഭക്ത’ജനങ്ങളുടെ തെറിയഭിഷേകം; സന്നിധാനത്തെത്താനായില്ല

കൂടാതെ ശബരിമലയില്‍ സ്ത്രീവിവേചനമൊന്നുമില്ല. പ്രത്യേക പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് മാത്രമേ അവിടെ പ്രവേശനമില്ലാതിരുന്നുള്ളൂ. ക്ഷേത്രശുദ്ധിയാണ് അവിടെ പരിഗണിക്കുന്നത്. ഒരു കുട്ടി ക്ഷേത്രത്തില്‍ മൂത്രമൊഴിച്ചാല്‍ അവിടെ പുണ്യാഹം ചെയ്ത് അതിന്റെ കാശ് കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്ന് ക്ഷേത്രത്തില്‍ വാങ്ങാറുണ്ട്. ക്ഷേത്രശുദ്ധി പാലിക്കപ്പെടാതെ വരുമ്പോള്‍ അതായത് ക്ഷേത്രത്തില്‍ പുലയോ വാലായ്മയോ ഉള്ള ആള്‍ കയറിയാല്‍ ഉടന്‍ തന്നെ സ്ഥിരം പൂജ നിര്‍ത്തിവെച്ച് ശുദ്ധികലശം ചെയ്യും. ക്ഷേത്രത്തിന്റെ അത്തരം ശുദ്ധികള്‍ കാത്തു സൂക്ഷിക്കണം. അത് വേണ്ട എന്നുണ്ടെങ്കില്‍ സമൂഹത്തോട് ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെ. ജനങ്ങളുടെ താല്പര്യത്തെ മുന്‍നിര്‍ത്തിയാണ് കോടതി തീരുമാനം എടുക്കേണ്ടത്. കോടതിയില്‍ ആവശ്യമായ തെളിവുകള്‍, വിഷയവുമായി ബന്ധപ്പെട്ട ആളുകളുമായി ചര്‍ച്ച എന്നിവ ഉണ്ടായിട്ടു വേണം വിധി പറയാന്‍. അതേ കോടതിയില്‍ നിന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മറിച്ചൊരു അഭിപ്രായം പറഞ്ഞത്. എന്നിട്ട് അതാരും വകവെച്ചില്ലല്ലോ? ഗോപാലന്‍കുട്ടി മാസ്റ്റര്‍ ചോദിക്കുന്നു.

ഏത് നിയമവും നടപ്പാക്കാന്‍ ഒരു പാകപ്പെടുത്തല്‍ വേണം. അതിവിടെ ഉണ്ടായിട്ടില്ല. ശബരിമല സ്ത്രീപ്രവേശന വിധിക്കു മുന്നെ ഉണ്ടായ ഐപിസി 377, ഐപിസി 497 എന്നീ വകുപ്പുകള്‍ റദ്ദ് ചെയ്തുകൊണ്ടുള്ള വിധിയും സമൂഹത്തിന് ഗുണകരമായ വിധിയല്ല. അതൊന്നും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. ഞങ്ങളുടെ വീടുകളിലൊന്നും അങ്ങനെയൊന്നുമില്ല. ഏതോ മൂന്നോ നാലോ ആളുകള്‍ക്ക് വേണ്ടി സമൂഹത്തിന്റെ മുഴുവന്‍ സ്വഭാവമായി അതിനെയൊക്കെ കണക്കാക്കാന്‍ പറ്റുമോ? അതുകൊണ്ട് അത്തരം കാര്യങ്ങള്‍ നിയമസാധ്യത നല്‍കുമ്പോള്‍ പൊതുസമൂഹത്തിന്റെ താല്പര്യം കൂടി നോക്കേണ്ടതുണ്ട്. കോടതിയുടെ പാശ്ചാത്യസങ്കല്പങ്ങള്‍ ഇവിടെ നടപ്പിലാക്കാന്‍ പറ്റില്ല.

രാജാറാം മോഹന്‍ റോയിയെ പോലുള്ളവര്‍ ജനങ്ങളെ ബോധവത്കരിച്ച്, അതിന്റെ ന്യായങ്ങള്‍ വ്യക്തമാക്കി കൊടുത്തിട്ടാണ് നവോത്ഥാനം നടത്തിയത്. അങ്ങനെയൊരു ശ്രമം ഇവിടെ നടക്കുന്നില്ല. അതുകൊണ്ട് മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഔദ്യോഗിക ചര്‍ച്ച മാത്രം പോരാ. ഹിന്ദു സമൂഹത്തിന് ചില ആചാര്യന്മാരും സംഘടനകളും നേതാക്കന്മാരുമുണ്ട്. അവരോടും കൂടി ആലോചിക്കണമായിരുന്നു. ശബരിമല സ്ത്രീപ്രവേശനത്തെ സംബന്ധിച്ച് കാര്യകാരണങ്ങള്‍ പൊതുസമൂഹത്തിന് മനസിലാക്കാനുള്ള സമയമെടുത്ത് സാവധാനം നടപ്പിലാക്കിയിരുന്നെങ്കില്‍ ആരും എതിര്‍ക്കില്ലായിരുന്നു എന്നാണ് വ്യക്തിപരമായ പക്ഷം; ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറയുന്നു.

രാഹുല്‍ ഈശ്വറിന്റെ അയ്യപ്പ ജല്ലിക്കെട്ടിനെ തള്ളി ആര്‍എസ്എസ്; ‘അവസരം കിട്ടിയപ്പോള്‍ ചിലര്‍ കേമന്‍മാരാകാന്‍ നോക്കുന്നു’

ശബരിമല; പൊലീസിനും സര്‍ക്കാരിനും വിമര്‍ശനം; ധൃതി പിടിച്ച് വിധി നടപ്പാക്കുമ്പോള്‍ കലാപമുണ്ടാക്കുമെന്ന് അറിഞ്ഞിരുന്നില്ലേ?

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍