UPDATES

ട്രെന്‍ഡിങ്ങ്

ബിജെപിയുടെ വളര്‍ച്ചയുടെ പ്രധാന കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി – വെള്ളാപ്പള്ളി

കേരള രാഷ്ട്രീയത്തില്‍ മറന്നുപോയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്

കേരളത്തില്‍ ബിജെപി വളരാന്‍ പ്രധാന കാരണമായി നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ ശക്തരായവര്‍ക്കൊപ്പം ആളുകള്‍ പോവുകയാണെന്നും അദ്ദേഹം പറയുന്നു. അഴിമുഖത്തിന് അനുവദിച്ച് അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നതിന് ശേഷം ബിജെപി ഉണ്ടാക്കിയ രാഷ്ട്രീയ നേട്ടത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇടതുപക്ഷത്തിന് അല്‍പ്പം ക്ഷീണം നേരിടേണ്ടി വന്നപ്പോള്‍ തല്‍ക്കാലത്തേക്കാണെങ്കിലും അല്‍പ്പം ലാഭം കൊയ്യാന്‍ കഴിഞ്ഞത് ബിജെപിയ്ക്കാണെന്നാണ് വെള്ളാപ്പള്ളി ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങളെ വിലയിരുത്തിയത്. മുല്ലപ്പള്ളി രാമചന്ദ്രനെ നേതൃത്വം ഏല്‍പ്പിച്ചെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. കേരള രാഷ്ട്രീയത്തില്‍ മറന്നുപോയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും. അതിനാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിരോധിക്കാനും എതിര്‍ക്കാനും ശക്തിയുള്ളത് ബിജെപിക്കാണെന്ന് മനസ്സിലാക്കിക്കൊണ്ട് ആളുകള്‍ ബിജെപിയിലേക്ക് പോവുകയാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെടുന്നു.

വെള്ളാപ്പള്ളിയുടെ വാക്കുകള്‍ ഇങ്ങനെ ‘ബിജെപിയുടെ വളര്‍ച്ചയുടെ പ്രധാന കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തന്നെയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കാന്‍ പറ്റുന്ന ശക്തി ഏതെന്ന് നോക്കുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ ശക്തിയുള്ള ഒരു പാര്‍ട്ടി ഇന്ന് ബിജെപിയാണ് എന്നുള്ളതുകൊണ്ട്, കോണ്‍ഗ്രസിന് പോലും സാധിക്കാത്തത് അവര്‍ക്ക് സാധിക്കും എന്നുള്ളതുകൊണ്ട് ആളുകള്‍ അങ്ങോട്ട് പോവും. അവന്റെ വേലി പൊളിക്കണമെങ്കില്‍ കോണ്‍ഗ്രസ് ആയിട്ട് കാര്യമില്ല, ബിജെപി ആവാം എന്ന സ്വകാര്യ അജണ്ടയും കൂടിയുണ്ട് ഇതിനകത്ത്. ശക്തമായ നിലപാടും സംരക്ഷിക്കാനുള്ള ആര്‍ജ്ജവവുമായി നില്‍ക്കുന്നതാരോ അവനൊപ്പം ആളുകള്‍ പോവും. അത് ആദര്‍ശത്തിന്റെ പുറത്താവണമെന്നില്ല’.

യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ വിധിയെ സ്വാഗതം ചെയ്ത ബിജെപി പിന്നീട് നിലപാട് മാറ്റിയിരുന്നു. വിശ്വാസി സമൂഹത്തോടൊപ്പം നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തി. പിന്നീട് നാമജപ പ്രതിഷേധങ്ങളില്‍ പങ്കാളിത്തമുറപ്പിക്കുകയും സ്വന്തം നിലയ്ക്ക് പ്രചരണ പരിപാടികളും ജാഥകളുമായി ബിജെപി രംഗം കയ്യടക്കുകയും ചെയ്തു. ചിത്തിരയാട്ട വിശേഷങ്ങള്‍ക്കായി നടതുറന്നതിന് ശേഷം ശബരിമലയില്‍ ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകള്‍ ശബരിമല കയ്യടക്കുന്ന കാഴ്ചയാണ് കേരളം കണ്ടത്. ആചാരലംഘനം അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പ്രതിഷേധങ്ങള്‍ തുടരുകയാണ് ബിജെപിയും ആര്‍എസ്എസും ഉള്‍പ്പെടെയുള്ള സംഘടനകള്‍. ബിജെപി സംസ്ഥാനാധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും ചേര്‍ന്ന് നയിക്കുന്ന രഥയാത്രയ്ക്ക് വന്‍ ജനപങ്കാളിത്തമുണ്ടാവുകയും ചെയ്യുന്നു. അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ പലരും ബിജെപിയിലേക്ക് ചുവടുമാറ്റുകയുമുണ്ടായി. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് ഒരു വലിയ കുത്തൊഴുക്ക് തന്നെയുണ്ടാവുമെന്ന ഭയം കോണ്‍ഗ്രസിനകത്തും നിലനില്‍ക്കുന്നു. ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ സിപിഎമ്മില്‍ നിന്ന് പലരും ബിജെപിയില്‍ ചേരുന്നതിനായി തന്നെ സമീപിച്ചതായി ശ്രീധരന്‍പിള്ള പറയുകയുമുണ്ടായി. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ കേരളത്തില്‍ നിലയുറപ്പിക്കാന്‍ വീണു കിട്ടിയ അവസരമാണ് ശബരിമല എന്ന് ശ്രീധരന്‍ പിള്ള യുവമോര്‍ച്ച പ്രവര്‍ത്തകരുടെ യോഗത്തില്‍ പറഞ്ഞതും ഏറെ ചര്‍ച്ചയായിരുന്നു.

യുവതീപ്രവേശന വിധി നടപ്പാക്കുമെന്ന് ഉറപ്പിച്ച് മുന്നോട്ട് പോവുന്ന പിണറായി സര്‍ക്കാര്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. രാഷ്ട്രീ, സാമുദായിക നേതാക്കള്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും, വിശ്വാസികളേയും കൂടി മാനിച്ചുകൊണ്ടുള്ള ഒരു തീരുമാനം ഉണ്ടാവണമെന്നും ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്യുന്നു. ശബരിമല വിഷയത്തില്‍ സിപിഎമ്മിനേയും സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കാന്‍ ബിജെപിയ്ക്ക് ഒരു പരിധിവരെ സാധിക്കുകയും ചെയ്തു. വിശ്വാസ സമൂഹത്തോടൊപ്പം നിന്നുകൊണ്ട് ബിജെപി പയറ്റുന്ന തന്ത്രത്തെ പ്രതിരോധിക്കാന്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗങ്ങളും പ്രചരണങ്ങളും തുടരുകയാണ്.

ബിജെപിക്കും ആര്‍എസ്എസിനും സമുദായ നേതാക്കളുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് നേതാക്കള്‍ അവകാശപ്പെടുന്നു. എന്നാല്‍ തനിക്ക് ഒരു രാഷ്ട്രീത്തോടും വിയോജിപ്പോ വിധേയത്വമോ ഇല്ലെന്നും വിശ്വാസ സമൂഹത്തോടൊപ്പമാണെങ്കിലും രാഷ്ട്രീയ മുതലെടുപ്പിനായി നടത്തുന്ന സമരത്തോട് യോജിപ്പില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ശബരിമലയെ ബിജെപി രാഷ്ട്രീമായി മുതലെടുക്കുകയും ഉപയോഗിക്കുകയുമാണ് ചെയ്യുന്നതെന്ന് ഇതിനോടകം പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ബിജെപിയുടെ വളര്‍ച്ച താല്‍ക്കാലികമാണെന്നും തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ പോലും ബിജെപിക്ക് ഇതുകൊണ്ട് കഴിയില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെടുന്നു.

അഭിമുഖം/വെള്ളാപ്പള്ളി നടേശന്‍: പൊതുജനം കഴുതയാണെന്ന് പറഞ്ഞവന്‍ ആരാണോ അവനെ നമിക്കേണ്ടിയിരിക്കുന്നു

പിണറായിയുടെ ‘അജണ്ട’യില്‍ വീണ് ശ്രീധരന്‍ പിള്ള; സവര്‍ണ രഥത്തില്‍ നവോത്ഥാന നായകരെ പതിച്ചത് ആരെന്നറിഞ്ഞിട്ടു തന്നെയോ?

ഈ രഥത്തില്‍ ശ്രീനാരായണ ഗുരുവിനെ കെട്ടാന്‍ നോക്കരുത് തുഷാര്‍ വെള്ളാപ്പള്ളി

വീണ്ടുമൊരു വില്ലുവണ്ടി യാത്ര; ശബരിമലയില്‍ ആദിവാസി അവകാശം പുന:സ്ഥാപിക്കാനും ബ്രാഹ്മണ്യത്തെ കുടിയിറക്കാനും

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍