അറസ്റ്റിലായ 10 പേരും സംഘപരിവാര്‍ പ്രവര്‍ത്തകര്‍; സിപിഎം-പോപ്പുലര്‍ ഫ്രണ്ട് ആണ് ആക്രമണത്തിന് പിന്നിലെന്ന് കാസര്‍ഗോഡ് ബിജെപി നേതൃത്വം; പോപ്പുലര്‍ ഫ്രണ്ടും മുതലെടുപ്പ് നടത്തുന്നുവെന്ന് സിപിഎം
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ അയ്യപ്പ കര്‍മസമിതി ജനുവരി മൂന്നിനു നടത്തിയ ഹര്‍ത്താലിനിടെ മദ്രസാധ്യാപകനായ കരീം മുസ്ല്യാരെ കാസര്‍ഗോഡ് ഉപ്പളയ്ക്കടുത്തു വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത് വര്‍ഗ്ഗീയ കലാപം ലക്ഷ്യമിട്ടെന്ന് ആരോപണം. മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ള കരീം മുസ്ല്യാരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെങ്കിലും, ഗുരുതരമായി തുടരുകയാണെന്ന് ഒപ്പമുള്ളവര്‍ പറയുന്നു. മുസ്ല്യാര്‍ക്കെതിരെയുണ്ടായ ആക്രമണം ആസൂത്രിതവും, റിയാസ് മൗലവിയുടെ കൊലപാതകത്തോട് ചേര്‍ത്തുവായിക്കാവുന്നതുമാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
അതേസമയം, ഹര്‍ത്താല്‍ ദിനത്തില്‍ മഞ്ചേശ്വരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും മുസ്ലിം ലീഗുമടക്കമുള്ള സംഘടനകള്‍ നടത്തിയ അക്രമപരമ്പരകളുടെ ഭാഗമായുണ്ടായ സംഭവം മാത്രമാണ് മദ്രസാധ്യാപകനെതിരെയുണ്ടായ അതിക്രമമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പക്ഷം.
മഞ്ചേശ്വരത്തിന്റെ കിഴക്കന്‍ ഭാഗമായ പൈവെളിഗെ പഞ്ചായത്തിലുള്ള ബായാര്‍ അങ്ങാടിയില്‍ വച്ചാണ് ഹര്‍ത്താല്‍ ദിനത്തില്‍ മുസ്ലിയാരെ മര്‍ദ്ദിച്ചത്. കടയടപ്പിക്കാനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ട് തിരിച്ചയയ്ക്കുകയും, തിരികെ മടങ്ങുന്നതിനിടെ ബൈക്കില്‍ സഞ്ചരിച്ചിരുന്ന കരീം മുസ്ലിയാരെ മുപ്പതോളം പേരടങ്ങുന്ന സംഘം വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ മുസ്ലിയാരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും ഉപേക്ഷിച്ചുപോകുകയും ചെയ്യുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
രാഷ്ട്രീയപ്രവര്‍ത്തനമോ സംഘടനാപ്രവര്‍ത്തനമോ ഇല്ലാത്ത കരീം മുസ്ല്യാര്‍, സമൂഹ-സാമുദായിക വിഷയങ്ങളില്‍ മാത്രം ഇടപെടുന്ന മദ്രസാധ്യാപകനാണെന്ന് ഒപ്പമുള്ളവരും പ്രദേശവാസികളും പറയുന്നു. മുസ്ല്യാരെ തിരിച്ചറിഞ്ഞു തന്നെ ആക്രമിച്ചതാണെന്നും, ആസൂത്രിതമായ കലാപാഹ്വാനമാണ് അന്നു നടന്നതെന്നുമാണ് ബായാര്‍ സ്വദേശിയായ സക്കീറിനും പറയാനുള്ളത്. തലയ്ക്കും നെഞ്ചത്തും ഗുരുതര പരിക്കേറ്റ മുസ്ല്യാര്‍ ദിവസങ്ങള്‍ക്കു മുന്‍പുമാത്രമാണ് കണ്ണു തുറന്നത്. ഇരുമ്പുദണ്ഡുകളും മറ്റും കൊണ്ടുള്ള ആക്രമണത്തില്‍ തലയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നെഞ്ചിനു പരിക്കും കൈകള്‍ക്കു പൊട്ടലുമുണ്ട്. കണ്ണു തുറക്കുകയും സംസാരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ഇടതുകൈ പൂര്‍ണമായും ചലനരഹിതമാണ്.
മുസ്ലിയാരെ ആശുപത്രിയിലെത്തിച്ച സംഘത്തിലുണ്ടായിരുന്ന സക്കീര്‍ പറയുന്നതിങ്ങനെ: “സാധാരണ ഹര്‍ത്താല്‍ ദിനത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാകാത്ത സ്ഥലമാണിത്. പക്ഷേ, അന്നത്തെ ഹര്‍ത്താലില്‍ ഇരുന്നൂറ്റിയമ്പതോളം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കടയടപ്പിക്കാനൊക്കെയായി ഇവിടെത്തിയത്. തുറന്നിരുന്ന കടകളെല്ലാം അവര്‍ അടപ്പിക്കുകയും ചെയ്തു. പോലീസെത്തി ഇവരെയെല്ലാം അടിച്ചോടിച്ചിരുന്നു. അതിനിടെയാണ് ഒരു വശത്തേക്ക് നടന്നു പോയിരുന്ന മുപ്പതോളം പേര്‍ ചേര്‍ന്ന് എതിരേ ബൈക്കില്‍ വന്ന കരീം മുസ്ല്യാരെ ആക്രമിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ കണ്ടാല്‍ മനസ്സിലാകും, ഒരു പ്രകോപനവുമില്ലാതെയാണ് അദ്ദേഹത്തെ മര്‍ദ്ദിച്ചത്. വ്യക്തമായും വര്‍ഗ്ഗീയ കലാപം ലക്ഷ്യം വച്ചുകൊണ്ടുള്ള നീക്കമായിരുന്നു സംഘപരിവാറിന്റെ ഭാഗത്തുനിന്നുമുണ്ടായത്.”
ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ള മണ്ഡലമായ മഞ്ചേശ്വരത്ത് ഹിന്ദു വിഭാഗത്തെ തങ്ങള്‍ക്കനുകൂലമായി അണിനിരത്താന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഹര്‍ത്താല്‍ ദിനത്തിലെ ആക്രമണങ്ങളും മുസ്ല്യാര്‍ക്കു നേരിടേണ്ടി വന്ന മര്‍ദ്ദനവുമെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. വര്‍ഗ്ഗീയ കലാപം സൃഷ്ടിച്ചാല്‍ സാമുദായിക ധ്രുവീകരണമുണ്ടാകുമെന്നും അതു വോട്ടാക്കി മാറ്റി മഞ്ചേശ്വരം പിടിക്കാമെന്നുമുള്ള കണക്കുകൂട്ടലിലാണ് സംഘപരിവാര്‍ എന്ന് മുസ്ലിം ലീഗ് നേതാക്കളും ആരോപിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തുനിന്നും മത്സരിച്ച പി.ബി അബ്ദുല്‍ റസാഖിനോടു തോറ്റത്. ഇത്തവണ മഞ്ചേശ്വരത്തു വിജയിക്കുക എന്നത് ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.
കരീം മുസ്ല്യാരെ ആക്രമിച്ച വിഷയത്തില്‍ പ്രധാന പ്രതികള്‍ ഇപ്പോഴും പുറത്തുണ്ടെന്നും, പോലീസ് അന്വേഷണം കര്‍ശനമാക്കേണ്ടതുണ്ടെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കമറുദ്ദീന്‍ പറയുന്നു, “ആര്‍എസ്എസ്, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ആസൂത്രിതമായി നടത്തിയ ആക്രമണമാണിത്. മഞ്ചേശ്വരം മണ്ഡലത്തില്‍ വരാന്‍ സാധ്യതയുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി അവിടെയൊരു കലാപമുണ്ടാക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയമായ ചേരിതിരിവുണ്ടാക്കുക, അത്തരം പ്രശ്‌നങ്ങളില്‍ നിന്നും രാഷ്ട്രീയ മുതലെടുപ്പു നടത്തുക എന്നതാണ് അതിനു പിന്നിലുള്ള ഉദ്ദേശം. പോലീസും അവിടെ അതിന് ഒത്താശ ചെയ്യുകയാണെന്ന് പറയേണ്ടിവരും. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുക്കാന്‍ തയ്യാറാകണം. യഥാര്‍ത്ഥ പ്രതികള്‍ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. കേസില്‍ മുപ്പതോളം പ്രതികളുണ്ട്. അതില്‍ ഇരുപതോളം പേര്‍ ഇപ്പോഴും പുറത്താണ്. വേണ്ടത്ര ശക്തമായ നടപടികള്‍ ഉണ്ടായിട്ടില്ല എന്നുതന്നെയാണ് അതിനര്‍ത്ഥം. ഈ പ്രശ്‌നങ്ങളൊന്നുമറിയാത്ത പാവപ്പെട്ട ഒരു മദ്രസാധ്യാപകനാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ടെങ്കിലും പരിക്കുകള്‍ ഗുരുതരമാണ്. നേരത്തേ റിയാസ് മൗലവിയെ കൊലപ്പെടുത്തിയതും ഇതുപോലൊരു സംഭവം തന്നെയാണ്. രണ്ടും ബോധപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമങ്ങളായിത്തന്നെ കാണേണ്ടതുണ്ട്.”
ഹര്‍ത്താലിന്റെ മറവില്‍ ബായാറില്‍ ജാറം പള്ളിക്കെതിരെയും ആക്രമണം നടന്നിട്ടുണ്ട്. മഞ്ചേശ്വരത്തു മാത്രമല്ല, കാസര്‍കോട്ടെങ്ങും ഇത്തരത്തിലുള്ള അതിക്രമങ്ങളും വര്‍ഗ്ഗീയ സംഘര്‍ഷത്തിനുള്ള കോപ്പുകൂട്ടലും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ആക്രമണങ്ങളില്‍ പ്രതിഷേധമറിയിച്ചുകൊണ്ടുള്ള സംഗമം മുസ്ലിംലീഗിന്റെ നേതൃത്വത്തില്‍ ബായാറില്‍ നടക്കും. സത്വരമായ നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതര്‍ക്കു സാധിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികളിലേക്ക് നീങ്ങാനാണ് ലീഗിന്റെ തീരുമാനമെന്നും കമറുദ്ദീന്‍ പറയുന്നു.
എന്നാല്‍, മദ്രസാധ്യാപകനെ ആക്രമിച്ചത്തില്‍ തങ്ങളുടെ പങ്കാളിത്തം നിഷേധിക്കുകയാണ് ബിജെപി ജില്ലാ നേതൃത്വം. സംഭവത്തിന്റെ ഉത്തരവാദിത്തം ബിജെപിയുടെയും ആര്‍എസ്എസിന്റെയും തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും മുസ്ലിം ലീഗുമടക്കമുള്ളവര്‍ ഹര്‍ത്താല്‍ തടയാനെന്ന വ്യാജേന നടത്തിയ അതിക്രമങ്ങളുടെ ഭാഗമാണ് കരീം മുസല്യാര്‍ക്കു നേരെയുണ്ടായ ആക്രമണമെന്നും ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് പറയുന്നു.
“ഹര്‍ത്താല്‍ ദിവസം ആ പ്രദേശത്ത് പലയിടത്തും പല പ്രശ്‌നങ്ങളുമുണ്ടായിട്ടുണ്ട്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും മുസ്ലിം ലീഗുമടക്കമുള്ളവര്‍ അവിടെ വ്യാപകമായി അക്രമമഴിച്ചുവിട്ടിട്ടുണ്ട്. സാധാരണ ഗതിയില്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അധികമുണ്ടാകാറില്ലാത്തയിടങ്ങളിലാണ് ഇവരെല്ലാം ചേര്‍ന്ന് അന്ന് ഹര്‍ത്താല്‍ തടയാനെന്ന മറവില്‍ ആക്രമണം നടത്തിയത്. അതിന്റെ ഭാഗമായി നടന്നിട്ടുള്ള ഒരുപാട് അനിഷ്ട സംഭവങ്ങളിലൊന്നാണിത്. അതിനെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപിയും ആര്‍എസ്എസുമാണ് ഇതിനു പുറകിലെന്നു പറഞ്ഞ് അത് ഞങ്ങളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ്.
മദ്രസാധ്യാപകന്‍ എന്ന നിലയ്‌ക്കോ, ഏതെങ്കിലും മതവിഭാഗത്തില്‍പ്പെട്ടയാളെന്ന നിലയ്‌ക്കോ അല്ല അദ്ദേഹത്തിനെതിരെ ആക്രമണമുണ്ടായത് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടുമടക്കമുള്ളവര്‍ പ്രകോപനമുണ്ടാക്കി പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. അങ്ങനെയുള്ള ഒരു സംഭവം മാത്രമാണത്. അല്ലാതെ ആര്‍എസ്എസോ ബിജെപിയോ സംഘടിച്ച് ഒരു ആക്രമണവും നടത്തിയിട്ടില്ല. ബാക്കിയെല്ലാം രാഷ്ട്രീയ ലാഭത്തിനായുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്.”
അതേസമയം, സിപിഎം കൂടി ഉള്‍പ്പെട്ട സംഘര്‍ഷങ്ങളാണ് മഞ്ചേശ്വരത്തുണ്ടായിട്ടുള്ളതെന്നും, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബി.ജെ.പിയുടെ തലയില്‍ കെട്ടിവയ്ക്കുകയാണെന്നുമുള്ള ആരോപണങ്ങളെ സിപിഎം പ്രാദേശിക നേതൃത്വവും തള്ളിക്കളയുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീകാന്തടക്കമുള്ളവര്‍ക്ക് ഈ കലാപാഹ്വാനത്തില്‍ പങ്കുണ്ടെന്നാണ് സിപിഎം ഏരിയ സെക്രട്ടറി സുബൈറിന്റെ ആരോപണം.
“ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ആര്‍എസ്എസ് നടത്തിയിട്ടുള്ള ഹര്‍ത്താല്‍ കേരളത്തിലാകെ സിപിഎമ്മിനെതിരായിരുന്നുവെങ്കില്‍, മഞ്ചേശ്വരം താലൂക്കില്‍ അത് മുസ്ലീങ്ങള്‍ക്കെതിരായിരുന്നു. അവിടെ ആക്രമിക്കപ്പെട്ടത് മുഴുവന്‍ മുസ്ലീങ്ങളാണ്. മുസ്ലീം വീടുകളും മുസ്ലീങ്ങളുടെ സ്ഥാപനങ്ങളും പേരു നോക്കി തെരഞ്ഞുപിടിച്ചാണ് ആക്രമിച്ചിട്ടുള്ളത്. കാസര്‍കോട് ടൗണിലും ബന്ദിയോട് ഉള്‍പ്പടെ മഞ്ചേശ്വരത്തിന്റെ പല ഭാഗങ്ങളിലും അടച്ചിട്ട കടകള്‍ പോലും പേരു നോക്കി ആക്രമിച്ചിട്ടുണ്ട്.
ബോധപൂര്‍വം വര്‍ഗ്ഗീയ സംഘര്‍ഷങ്ങളുണ്ടാക്കാനുള്ള ആ ശ്രമത്തില്‍ ശ്രീകാന്തുള്‍പ്പെടെ അവിടുത്തെ യുവമോര്‍ച്ച നേതാക്കളടക്കം പങ്കാളികളാണ്. ഇനിയും പലരും പിടിക്കപ്പെടാനുണ്ട്. ഈ വിഷയം മറയാക്കി പോപ്പുലര്‍ ഫ്രണ്ടുകാരും മുസ്ലിം തീവ്രവാദികളും അവിടെ അഴിഞ്ഞാടാന്‍ ശ്രമിച്ചിട്ടുണ്ടെന്ന കാര്യവും മറന്നുകൂടാ. ക്ഷേത്രത്തില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചതൊക്കെ അതിന്റെ ഭാഗമാണ്. അതെല്ലാം പ്രതിഷേധിക്കേണ്ടതും അപലപിക്കപ്പെടേണ്ടതുമായ കാര്യങ്ങളാണ്. ഇതാണ് യഥാര്‍ത്ഥ വസ്തുത. അല്ലാതെ സിപിഎംകാര്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല. പിടിക്കപ്പെട്ടവരില്‍ സിപിഎംകാരുമില്ല”, സുബൈര്‍ പറയുന്നു.
കരീം മുസ്ല്യാരെ ആക്രമിച്ച കേസിലെ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചാല്‍ ഇക്കാര്യം തിരിച്ചറിയാമെന്നും, ശബരിമല വിഷയത്തില്‍ ഒരു ഘട്ടത്തിലും പങ്കാളികളാകാത്ത മുസ്ലിം മതവിഭാഗക്കാരെ തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിന്റെ കാരണം ബോധപൂര്‍വമായി കലാപത്തിനു വേണ്ടി നടത്തിയ ശ്രമമല്ലാതെ മറ്റെന്താണെന്നും സുബൈര്‍ ചോദിക്കുന്നു. ബായാര്‍ പ്രദേശത്ത് ഇത്രയേറെ രൂക്ഷമായ ശ്രമങ്ങള്‍ക്കു ശേഷവും വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ സാധിക്കാഞ്ഞതിന്റെ കാരണം സിപിഎം ഉള്ളതുകൊണ്ടാണെന്നും പ്രാദേശിക നേതൃത്വം പറയുന്നു.
“ബായാര്‍ പ്രദേശത്ത് ഇത്ര ശ്രമിച്ചിട്ടും വര്‍ഗ്ഗീയ പ്രശ്‌നമുണ്ടാക്കാന്‍ അവര്‍ക്കു കഴിയാത്തതിന്റെ കാരണം, അവിടുത്തെ ഹിന്ദുക്കളും മുസ്ലിങ്ങളുമടങ്ങുന്ന കമ്മ്യൂണിസ്റ്റുകാര്‍ ഒന്നിച്ചു നിന്ന് ആര്‍എസ്എസിനെ പ്രതിരോധിച്ചു എന്നതാണ്. ആ പ്രതിരോധത്തിന്റെ ഭാഗമായി ആര്‍എസ്എസുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ബായാറില്‍ ചില സഖാക്കള്‍ വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട് എന്നത് സത്യവുമാണ്. നേരേ മറിച്ച് ബന്ദിയോട് സിപിഎമ്മിന് വലിയ സ്വാധീനമുള്ള മേഖലയല്ല. അവിടെ ആര്‍എസ്എസ് ഏകപക്ഷീയമായി സംഘര്‍ഷമഴിച്ചുവിടുകയും, മറുവശത്ത് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ഈ അവസരമുപയോഗിച്ച് വര്‍ഗ്ഗീയമായിത്തന്നെ ചേരിതിരിഞ്ഞ് സംഘട്ടനങ്ങളുണ്ടാകുകയും ചെയ്തു. നിരപരാധികളായ കുറേയാളുകളുടെ വീടുകളും അതിനെത്തുടര്‍ന്ന് ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബായാറില്‍ സിപിഎം പ്രവര്‍ത്തകര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ പിടിച്ചു നിര്‍ത്താന്‍ സാധിക്കാത്തത്ര വലിയ വര്‍ഗ്ഗീയപ്രശ്‌നങ്ങള്‍ ഉണ്ടായേനെ എന്നതാണ് യാഥാര്‍ത്ഥ്യം.”
ബിജെപി നേതൃത്വത്തിന്റെ അവകാശവാദം ശരിയല്ല എന്നാണ് അറസ്റ്റില്‍ ആയവരുടെ പാശ്ചാത്തലവും തെളിയിക്കുന്നത്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ വെളിച്ചത്തില്‍ ഇതുവരെ പത്തോളം പേരെ അറസ്റ്റു ചെയ്തിട്ടുള്ളതായും, കൂടുതല്‍ അറസ്റ്റുകള്‍ ഉടനെ ഉണ്ടാകുമെന്നുമാണ് മഞ്ചേശ്വരം പൊലീസ് വ്യക്തമാക്കിയത്. അറസ്റ്റിലായവരെല്ലാം സജീവ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരാണ്. പ്രധാന പ്രതികള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും, കര്‍ണാടകത്തിലെ ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ സംരക്ഷിക്കപ്പെടുകയാണ് ഇവരെന്നും ആരോപണമുണ്ട്. ഹര്‍ത്താല്‍ ദിനത്തിലെത്തിയ അക്രമിസംഘത്തിനൊപ്പമുണ്ടായിരുന്നവരില്‍ മിക്കപേരും കര്‍ണാടകത്തില്‍ നിന്നും വന്നിട്ടുള്ളവരാണെന്ന സംശയവും പ്രദേശവാസികള്‍ പങ്കുവയ്ക്കുന്നുണ്ട്. കാസര്‍കോട്ട് ബിജെപിക്ക് തെരഞ്ഞെടുപ്പ് ഫണ്ടടക്കം എല്ലാ സഹായവുമെത്തുന്നത് കര്‍ണാടകത്തിലെ ബിജെപി ശക്തികേന്ദ്രങ്ങളില്‍ നിന്നാണ് എന്നത് ഒരു പരസ്യമായ രഹസ്യവുമാണെന്ന് ഇവിടുത്തുകാര്‍ പറയുന്നു.
നിര്‍ധന കുടുംബമാണ് ആക്രമിക്കപ്പെട്ട കരീം മുസ്ല്യാരുടേത്. ഭാര്യയും രണ്ടു മക്കളുമാണ് ആശുപത്രിയില്‍ അദ്ദേഹത്തെ ശുശ്രൂഷിക്കുന്നത്. വര്‍ഗ്ഗീയപ്രശ്‌നങ്ങള്‍ ഒട്ടുമില്ലാതിരുന്ന മഞ്ചേശ്വരത്ത് 2016ലെ തെരഞ്ഞെടുപ്പിനു ശേഷമാണ് ഇത്തരം സംഭവങ്ങളും ബോധപൂര്‍വം വേര്‍തിരിവ് സൃഷ്ടിക്കാനുമുള്ള ശ്രമങ്ങളുമുണ്ടായിത്തുടങ്ങുന്നതെന്ന് സക്കീര്‍ വിശദീകരിക്കുന്നു. കെ. സുരേന്ദ്രന്‍ മഞ്ചേശ്വരത്തെത്തിയതിനു ശേഷം അദ്ദേഹത്തിനു വേരുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ബി.ജെ.പിയുടെ വര്‍ഗ്ഗീയ അജണ്ട പ്രാവര്‍ത്തികമാക്കിത്തുടങ്ങിയതെന്നാണ് സക്കീറിന്റെ പക്ഷം.