UPDATES

ട്രെന്‍ഡിങ്ങ്

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായങ്ങള്‍ പോലും സിപിഎം അംഗീകരിക്കുന്നില്ല: എന്‍.കെ പ്രേമചന്ദ്രന്‍/അഭിമുഖം

എന്നെ സംഘി എന്നു വിളിക്കുന്നതിനു മുമ്പ് അത് വിളിക്കേണ്ടത് പിണറായിയെയാണ്; ശബരിമല വിശ്വാസികളെ മാനിക്കാത്ത ഇടതുപക്ഷത്തിന് തിരിച്ചടി കിട്ടിയിരിക്കും

കൊല്ലം ലോക്‌സഭാ മണ്ഡലത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ മത്സരിക്കുമെന്നുറപ്പായി. ഔദ്യോഗികമായ സ്ഥാനാര്‍ഥി പ്രഖ്യാപനമായിരുന്നില്ലെങ്കിലും അദ്ദേഹം തന്നെയാവും കൊല്ലത്ത് സ്ഥാനാര്‍ഥിയാവുക എന്ന സ്ഥിരീകരണമായിരുന്നു സംസ്ഥാന സെക്രട്ടറി എ.എ അസീസിന്റെ വാക്കുകള്‍. മുത്തലാഖ് ബില്ലിനെതിരെ നിരാകരണ പ്രമേയം അവതരിപ്പിച്ചത് മുതല്‍ പ്രേമചന്ദ്രന്‍ വീണ്ടും ചര്‍ച്ചാവിഷയമായി. കൊല്ലം ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രേമചന്ദ്രന്റെ പേരും ഉയര്‍ന്നു കേട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തിച്ചത് പ്രേമചന്ദ്രനാണെന്ന് സിപിഎം ആരോപിക്കുന്നു. എന്നാല്‍ അത് തള്ളിക്കളയുന്ന പ്രേമചന്ദ്രന്‍, തന്നെ സംഘി ആക്കിയുള്ള പ്രചരണങ്ങള്‍ സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് കുറ്റപ്പെടുത്തുന്നു. ശബരിമല വിഷയത്തിലുള്ള തന്റെ നിലപാടും സംഘിമുദ്രണത്തിന് ആയുധമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറയുന്നു. എന്‍.കെ പ്രേമചന്ദ്രനുമായി അഴിമുഖം നടത്തിയ അഭിമുഖം.

വളരെ നേരത്തെയുള്ള സ്ഥാനാര്‍ഥി പ്രഖ്യാപനം, അത്രയധികം ആത്മവിശ്വാസത്തിലാണോ?

ഔദ്യോഗികമായ സ്ഥാനാര്‍ഥി പ്രഖ്യാപനം എ.എ അസീസ് നടത്തിയില്ല. ആര്‍എസ്പിയാണോ മത്സരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍, അതെ ആര്‍എസ്പി സീറ്റാണ്, ആര്‍എസ് പിക്കാണ് സീറ്റെങ്കില്‍ പ്രേമചന്ദ്രന്‍ ആയിരിക്കുമെന്ന നിലയിലാണ് അദ്ദേഹം പറഞ്ഞത്. ആര്‍എസ്പിയുടെ സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ തര്‍ക്കമില്ല. എന്നാലും ഔദ്യോഗികമായ പ്രഖ്യാപനമായി അതിനെ കാണാനാവില്ല. ആദ്യം പ്രഖ്യാപനം വന്ന് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാലേ ആത്മവിശ്വാസത്തെക്കുറിച്ച് പറയാന്‍ കഴിയൂ.

പാര്‍ലമെന്ററി ജീവിതം പരിശോധിക്കുമ്പോള്‍

ഒരു പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പ്രധാനമായും രണ്ടുമൂന്ന് കാര്യങ്ങളാണ്. നിയമനിര്‍മ്മാണ രംഗത്തും നയപരമായ കാര്യങ്ങളിലും അതുപോലെ ധനസംബന്ധമായ കാര്യങ്ങളിലും ഉത്തരവാദിത്തവും ചുമതലയും നിര്‍വ്വഹിക്കുക. രണ്ട്, പ്രതിനിധീകരിക്കുന്ന മണ്ഡലത്തിലെ ജനങ്ങളുടെ വികസനോന്മുഖമായ, ജനക്ഷേമകരമായ വിഷയങ്ങളിലും ജനങ്ങളുടെ പ്രശ്‌നങ്ങളിലും സജീവമായി ഇടപെടുക. അതോടൊപ്പം തന്നെ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ക്ക് വേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുക. രാജ്യത്തിന്റെ പൊതുവായ താത്പര്യത്തെ ബാധിക്കുന്ന നിയമനിര്‍മ്മാണ കാര്യത്തിലും നയരൂപീകരണ കാര്യത്തിലും പാര്‍ലമെന്റ് എന്ന് പറയുന്ന, ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ ആയുധത്തെ കഴിഞ്ഞ നാലേമുക്കാല്‍ വര്‍ക്കാലമായി ഏറ്റവും ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. കാരണം പാര്‍ലമെന്റിലെ പെര്‍ഫോമന്‍സിന്റെ അടിസ്ഥാനത്തില്‍ ഇതിനകം ദേശീയതലത്തില്‍ തന്നെ ആറോളം പുരസ്‌കാരങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. ലോക്മത് മീഡിയാ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ അവാര്‍ഡ്, അതിന്റെ ജൂറി ചെയര്‍മാന്‍ എന്ന് പറയുന്നത് സഖാവ് സീതാറാം യെച്ചൂരിയായിരുന്നു. മല്ലികാര്‍ജ്ജുന ഖാര്‍ഗെയും മുരളീമനോഹര്‍ ജോഷിയും ശിവരാജ് പാട്ടീലും, ശരദ് യാദവ് തുടങ്ങി ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നേതൃനിരയിലുള്ള പ്രഗത്ഭമതികളായിട്ടുള്ളവര്‍ മാധ്യമപ്രവര്‍ത്തകര്‍ ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറല്‍മാരുമുള്‍പ്പെടെയുമുള്ള ഒരു വലിയ സമിതിയാണ് 543 പാര്‍ലമെന്റ അംഗങ്ങളില്‍ നിന്ന് എന്നെ തിരഞ്ഞെടുത്തത്. അത് ഏറ്റവും വലിയ അംഗീകരമായാണ് ഞാന്‍ കാണുന്നത്. അതുപോലെ സേവ് ഇന്ത്യയും മറ്റൊരു മീഡിയാ ഗ്രൂപ്പും നടത്തിയ സര്‍വേ പ്രകാരം ഔട്ടസ്റ്റാന്‍ഡിങ് പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരം കഴിഞ്ഞ രണ്ട് തവണയും എനിക്ക് കിട്ടി. അതുപോലെ പ്രൈം പോയിന്റ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പതിനാറാം ലോക്‌സഭയിലെ ഏറ്റവും മികച്ച ഡിബേറ്റര്‍ എന്ന പുരസ്‌കാരവും ലഭിച്ചു. അത് ഇന്നലെയാണ് ഞാന്‍ ഏറ്റുവാങ്ങിയത്. കാശ്മീര്‍ ടു കന്യാകുമാരി ഫൗണ്ടേഷന്‍, സിഎച്ച് മുഹമ്മദ് കോയ ഫൗണ്ടേഷന്റെ ഉള്‍പ്പെടെ നാലേമുക്കാല്‍ വര്‍ഷത്തിനിടെ പാര്‍ലമെന്റംഗമെന്ന നിലയില്‍ പെര്‍ഫോമന്‍സിനെ വിലയിരുത്തിക്കൊണ്ടുള്ള അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നത് ആ പ്രവര്‍ത്തനത്തിനുള്ള ഏറ്റവും വലിയ സാക്ഷ്യമാണ്.

ഏകാംഗമെന്ന നിലയില്‍ എല്ലാ വിഷയത്തിലും സംസാരിക്കാനുള്ള സമയം ലഭിക്കും. എന്നാല്‍ അത് ഒരു മിനിറ്റോ രണ്ട് മിനിറ്റോ മാത്രമേ കിട്ടുകയുള്ളൂ. വാസ്തവത്തില്‍ അത് മാത്രമല്ല. നടപടിക്രമങ്ങളും ചട്ടങ്ങളും, ഭരണഘടനാപരമായ അനുച്ഛേദങ്ങളും നല്ലപോലെ ഫലപ്രദമായി സമയോചിതമായി വിനിയോഗിച്ചതുകൊണ്ടാണ് അതിനുള്ള അവസരങ്ങള്‍ കൂടുതലും ലഭ്യമായത്. അതാണ് പാര്‍ലമെന്റില്‍ ഇടപെടാനുള്ള അവസരമുണ്ടാക്കിയിട്ടുള്ളത്.

ഏറ്റവും ഫലപ്രദമായ ഇടപെടല്‍ നടത്തിയ വിഷയമേതായിരിക്കും?

അറുപത്തിയഞ്ച് ലക്ഷത്തോളം വരുന്ന എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമില്‍ അംഗങ്ങള്‍ക്ക് ഒരുപാട് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുള്ള ഇടപെടല്‍ നടത്തി എന്നതാണ് ഏറ്റവും എടുത്തുപറയാനുള്ള കാര്യം. ഞാന്‍ അവതരിപ്പിച്ച സ്വകാര്യ പ്രമേയം ഒമ്പത് ദിവസം പാര്‍ലമെന്റ് ചര്‍ച്ച ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഉന്നതാധികാര സമിതിയെ നിയോഗിച്ചു. ആ സമിതി ശുപാര്‍ശകള്‍ സമര്‍പ്പിച്ചു. അതിന് ശേഷം അത് ഓര്‍ഡര്‍ ആക്കാനുമായി. ചര്‍ച്ചയ്ക്കിടയില്‍ തന്നെ സഭയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ നിരവധി ആനുകൂല്യങ്ങള്‍ ലക്ഷക്കണക്കിന് വരുന്ന പിഎഫ് പെന്‍ഷന്‍കാര്‍ക്ക് ലഭിക്കുന്ന അവസ്ഥയുണ്ടായി. ജനവിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോവുന്ന ബിജെപി സര്‍ക്കാരിനെ വലിയ രീതിയില്‍ തന്നെ പ്രതിരോധത്തിലാക്കാന്‍ എന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞിട്ടുമുണ്ടെന്നാണ് വിശ്വാസം.

വര്‍ഗീയ/ബിജെപി വിരുദ്ധ രാഷ്ട്രീയ മുന്നണിയുടെ സാധ്യത

വാചാലമായി സംസാരിക്കുകയും പറഞ്ഞതൊന്നും നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്ന മോദി സര്‍ക്കാര്‍. വി ഫോര്‍ ഡവലപ്‌മെന്റ് എന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ സര്‍ക്കാര്‍ രാജ്യത്തെ സമ്പന്ന മൂലധന ശക്തികള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുകയും പാവപ്പെട്ടവരുടേയും കൃഷിക്കാരുടേയും തൊഴില്‍രഹിതരേയും അങ്ങേയറ്റം ദ്രോഹിക്കുകയും ചെയ്യുന്നു. ഈയൊരു സാഹചര്യത്തില്‍, ബിജെപി വിരുദ്ധ മുന്നണിയ്ക്കുള്ള വളരെ വലിയ സാധ്യതയാണ് ദേശീയതലത്തില്‍ രൂപപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അത് നടക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്. ഇക്കഴിഞ്ഞ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ അതിനുള്ള സാധ്യതയാണ് തെളിയിക്കുന്നത്. വര്‍ഗീയ മുന്നണിക്കെതിരായ അലയന്‍സ് ഉറപ്പായും ഉണ്ടാവും. പക്ഷെ സിപിഎം അതിനോട് ഇടഞ്ഞ് നില്‍ക്കുകയാണ്. ജനറല്‍ സെക്രട്ടറി (സീതാറാം യെച്ചൂരി)ക്ക് വേറിട്ട് അഭിപ്രായമുണ്ടെങ്കില്‍ കൂടി സിപിഎം അത് അംഗീകരിക്കുന്നില്ല. അത് കഴിഞ്ഞ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും കണ്ടതാണ്. മുന്നണിയുടെ ഭാഗമായില്ല എന്ന് മാത്രമല്ല ഒറ്റയ്ക്ക് നിന്ന് പലയിടത്തും ബിജെപി സഹായിക്കുകയും ചെയ്തു അവര്‍. കേരളത്തില്‍ സിപിഎമ്മിന് കോണ്‍ഗ്രസിനെ ഉന്മൂലനം ചെയ്യണമെന്ന ലക്ഷ്യമാണുള്ളത്.

കോണ്‍ഗ്രസിനെ ഇല്ലാതാക്കാനുള്ള സിപിഎം-ബിജെപി ഗൂഢാലോചനയാണ് ശബരിമലയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പിന്നിലെന്ന് കോണ്‍ഗ്രസ് നേതാക്കളും പലപ്പോഴായി അഭിപ്രായപ്പെട്ടിട്ടുണ്ട്. താങ്കളുടെ വിശ്വാസവും അത് തന്നെയാണോ?

വര്‍ഗീയത വളര്‍ത്തി, ബിജെപിയെ ശക്തിപ്പെടുത്തി കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് സിപിഎം നടപ്പാക്കുന്നത്. പിണറായി വിജയന് അധികാരത്തില്‍ തുടരണമെങ്കില്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തണം. അതിനായി ബിജെപിയെ ശാക്തീകരിക്കാനാണ് പിണറായി ശ്രമിക്കുന്നത്. അത് സിപിഎമ്മിന്റെ കൃത്യമായ അജണ്ടയാണ് എന്ന കാര്യത്തില്‍ സംശയമില്ല. അല്ലെങ്കില്‍ ശബരിമല വിഷയത്തില്‍ ഒരു സര്‍ക്കാര്‍ ഇങ്ങനെ ഇടപെടുമോ? സിപിഎം നയം മനസ്സിലാക്കാം. പക്ഷെ സര്‍ക്കാര്‍ ഇത്രയധികം ജനങ്ങളുടെ വികാരത്തെ മാനിക്കാതെ ഇടപെടുന്നത് ഇത്തരം ലക്ഷ്യം വച്ചുകൊണ്ട് തന്നെയാണ്.

ശബരിമല വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമോ?

ഇടതുമുന്നണിക്ക് വലിയ തിരിച്ചടി തന്നെ ഇവിടെയുണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. വിശ്വാസികളുടെ വികാരം മാനിക്കാത്തതിനുള്ള തിരിച്ചടി കിട്ടിയിരിക്കും. വിശ്വാസികളാരും ഒപ്പം നില്‍ക്കില്ല എന്ന് അവര്‍ക്കുമറിയാം. അതുകൊണ്ടാണ് വനിതാ മതില്‍ പോലുള്ള പരിപാടികളൊക്കെ സംഘടിപ്പിക്കുന്നത്.

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ എത്തിച്ചത് പ്രേമചന്ദനാണെന്ന് സിപിഎം ആരോപിച്ചിരുന്നു. താങ്കള്‍ ‘സംഘി’ ആണെന്നതരത്തിലുള്ള വ്യക്തിപരമായ ആക്രമണങ്ങളും അടുത്തകാലത്തായി നടക്കുന്നു. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?

കൊല്ലം ബൈപ്പാസിന്റെ ചരിത്രം തന്നെ പറയേണ്ടി വരും. ബൈപ്പാസ് നിര്‍മ്മാണം ആരംഭിക്കുന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്താണ്. കേരളത്തില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍. ഇരു സര്‍ക്കാരുകളുടേയും ശ്രമഫലമായാണ് ബൈപ്പാസ് യാഥാര്‍ഥ്യമാവുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങിമ്പോഴേക്കും ഏതാണ്ട് മുപ്പത് ശതമാനം നിര്‍മ്മാണ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചിരുന്നു. പിന്നീട് ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞ സമയത്തിനുള്ളില്‍ പണി തീര്‍ക്കാതെ ഉദ്ഘാടനം വലിച്ചുനീട്ടി കൊണ്ടുപോയി. ബൈപ്പാസ് നിര്‍മ്മാണത്തില്‍ അമ്പത് ശതമാനം പദ്ധതി വിഹിതം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നുണ്ട്. എന്നാല്‍ പദ്ധതിയും പദ്ധതി തുകയും സ്ഥലവും കേന്ദ്രസര്‍ക്കാരിന്റെയാണ്. അത് മാനിക്കാതെ വന്നതാണ് പ്രശ്‌നമായത്. പ്രധാനമന്ത്രിയുള്‍പ്പെടെ ഇങ്ങോട്ട് ആവശ്യപ്പെട്ട് എത്തേണ്ടി വന്നത് അതുകൊണ്ടാണ്. മൈലേജ് ഉണ്ടാക്കാനാണ് സിപിഎം നോക്കിയത്. അതുകൊണ്ട് തന്നെ മൈലേജ് ഉണ്ടാക്കാന്‍ ബിജെപിയും നോക്കി. പ്രധാനമന്ത്രി എങ്ങനെ വന്നു എന്നും വരാനിടയായ സാഹചര്യവുമെല്ലാം ഇവിടുത്തെ മന്ത്രിമാര്‍ക്കുള്‍പ്പെടെ അറിയാം. സുരേഷ്‌ഗോപിയാണ് അതിന് പിന്നിലെന്നും അറിയാം. പക്ഷെ അതിനിടയില്‍ എന്നെ കക്ഷിയായി കൊണ്ടുവന്ന് അവസരം മുതലാക്കാനാണ് സിപിഎമ്മുകാര്‍ ശ്രമിച്ചത്.

സംഘി പ്രചരണവും അവരുടെ പൊളിറ്റിക്കല്‍ സ്ട്രാറ്റജിയാണ്. സിപിഎമ്മിന്റെ നയപരിപാടികളോട് വിയോജിക്കുന്നവരെ മുഴുവന്‍ ആര്‍എസ്എസ് ആക്കുകയാണല്ലോ അവര്‍ ചെയ്യുന്നത്. ബിജെപിയെയും ആര്‍എസ്എസിനെയും ശാക്തീകരിക്കുക എന്ന ദൗത്യമാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആണ് സംഘി പ്രചരണവുമായി ഇറങ്ങിയിരിക്കുന്നത്. എനിക്ക് മതേതര, ന്യൂനപക്ഷസമൂഹത്തിലുള്ള സ്വീകാര്യതയാണ് ആ പ്രചരണത്തിന് പിന്നില്‍. ഞാന്‍ മണ്ഡലത്തില്‍ വികസനോന്മുഖ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതിനാല്‍ ജനങ്ങള്‍ക്കും പരാതിയില്ല. ഭൂരിപക്ഷ വര്‍ഗീയതയ്‌ക്കൊപ്പം നില്‍ക്കുന്നു എന്ന് കാണിച്ച് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് അവരുടെ ശ്രമം. ചെങ്ങന്നൂര്‍ അതേപടി ആവര്‍ത്തിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥി അയ്യപ്പ സേവാ സംഘത്തിന്റെ നേതാവായിരുന്നു. ഇത് ഉയര്‍ത്തിക്കാട്ടി ന്യൂനപക്ഷങ്ങളില്‍ ആശങ്ക ജനിപ്പിക്കാനാണ് അവര്‍ അവിടെ ശ്രമിച്ചത്. അവര്‍ നോക്കുമ്പോള്‍ എനിക്ക് ന്യൂനപക്ഷങ്ങളുടെ ഇടയില്‍ വലിയ സ്വീകാര്യതയുണ്ട്. അതിനെ തകര്‍ക്കാന്‍ ഈ സംഘി പ്രചരണം അവര്‍ ആയുധമായി ഉപയോഗിക്കുന്നു എന്നേയുള്ളൂ. പക്ഷെ അവരിനി എത്ര വിചാരിച്ചാലും അത് വിലപ്പോവില്ല. ഞാനിപ്പോള്‍ ജമാ-അത്തിന്റെ പരിപാടിക്ക് പോവുകയാണ്. മണ്ഡലത്തിലുള്ള സമയത്തെല്ലാം ന്യൂനപക്ഷങ്ങളുടെ ഇടയില്‍ ആഴ്ചയില്‍ രണ്ട് പരിപാടികളെങ്കിലും പങ്കെടുക്കാറുണ്ട്. ചെങ്ങന്നൂരില്‍ വലിയ ഡിഫന്‍സ് ഇല്ലായിരുന്നു. പക്ഷെ ഇവിടെ ഞങ്ങളും ഡിഫന്‍ഡ് ചെയ്യുന്നുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ നമ്മള്‍ തിരിച്ചും പറയാറുണ്ട്. അവരുടെ അത്ര ശേഷിയൊന്നുമില്ല. പരിമിതമായ സംഘടനാശേഷിയേ ഞങ്ങള്‍ക്കുള്ളൂ. പക്ഷെ അതില്‍ നിന്ന് ചെയ്യാന്‍ കഴിയുന്നത് ചെയ്യുന്നുണ്ട്. ഇവര്‍ ആരെയെല്ലാമാണ് സംഘിയാക്കുന്നത്. കെ സുധാകരന്‍, വി.ഡി സതീശനേയും പോലുള്ള നിലപാടുള്ള നേതാക്കളെയാണ്. ഇടയ്ക്ക് ശശി തരൂരിനെപ്പോലും സംഘിയാക്കി. വാസ്തവത്തില്‍ ആദ്യം സംഘി എന്ന് വിളിക്കേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയല്ലേ? കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് വന്നപ്പോഴുള്ള ചിരിയും കെട്ടിപ്പിടുത്തവും ശരീരഭാഷയും സൗഹൃദവുമെല്ലാം കണ്ടാല്‍ അദ്ദേഹത്തെയല്ലേ സംഘി എന്ന് വിളിക്കേണ്ടത്? അങ്ങല്ലാതെ മറ്റൊരാളുടെ മുഖം ഇതിന്റെ ഉദ്ഘാടനത്തിന് ആലോചിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്നാണ് കൊച്ചി മെട്രോ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി പറഞ്ഞത്. അന്ന് പ്രധാനമന്ത്രിയുടെ ഡേറ്റ് കിട്ടാനായി ഉദ്ഘാടനം നീട്ടി വക്കുകയും ചെയ്തു. ഈ സ്ഥാനത്ത് രമേശ് ചെന്നിത്തലയായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ അദ്ദേഹത്തേയും ഏറ്റവും വലിയ ആര്‍എസ്എസുകാരനാക്കിയേനെ!

ഇടതുമുന്നണിയില്‍ നിന്ന് വിട്ടുപോന്നതിന് ശേഷം അവരുമായി അഭിപ്രായവ്യത്യാസങ്ങള്‍ തുടരുകയാണ്. മണ്ഡലത്തിലെ പൊതുപരിപാടികളില്‍ നിന്ന് എന്നെ ഒഴിവാക്കുക, ഉള്‍പ്പെടുത്തിയാല്‍ തന്നെ പ്രോട്ടോക്കോള്‍ അനുസരിക്കാതിരിക്കുക, എന്നെ ഉള്‍പ്പെടുത്താതെ രാജ്യസഭാ എംപി യെ പരിപാടിക്ക് ക്ഷണിക്കുക അങ്ങനെ പലതും അവര്‍ കാണിക്കാറുണ്ട്. പക്ഷെ ഞാനതൊന്നും ഗൗരവമായി എടുത്തിട്ടില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടാണ് ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെ ഇത്തരം പ്രചരണം നടത്തുകയാണ്. സ്ഥാനാര്‍ഥിയാവാന്‍ സാധ്യത കല്‍പ്പിക്കുന്ന ബാലഗോപാലും, സംസ്ഥാന സെക്രട്ടറി കോടിയേരിയും എല്ലാം മുന്‍കൂട്ടി ആക്രമിക്കുകയാണ്. അത് പോരാഞ്ഞിട്ട് പ്രവര്‍ത്തകരുടെ മര്‍മറിങ്. പിന്നെ അവര്‍ക്ക് പ്രചരണത്തിന് പല മാധ്യമങ്ങളുണ്ട്. ചാനലുകളും പത്രങ്ങളും മൗത്ത് ടു മൗത്ത് കാമ്പയിനുകളും എല്ലാം ഉപയോഗിച്ചാണ് പ്രചരണം.

മുത്തലാഖ് ബില്ല് അവതരിപ്പിച്ചപ്പോള്‍ നിരാകരണ പ്രമേയം അവതരിപ്പിച്ചിരുന്നല്ലോ. നിരാകരണ പ്രമേയത്തില്‍ എത്രത്തോളം ന്യൂനപക്ഷ സമുദായങ്ങളുടെ ഭയാശങ്കകളെ പ്രതിഫലിപ്പിക്കാന്‍ സാധിച്ചു?

മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുകൊണ്ട് മാത്രം കൊണ്ടുവന്ന ബില്ലാണ് അത്. മുത്തലാഖ് നിരോധിച്ചുകൊണ്ട് സുപ്രീം കോടതി വിധി വന്നു. അത് നിലനില്‍ക്കെ നിയമനിര്‍മ്മാണം എന്തിനെന്നതായിരുന്നു ഞങ്ങളുടെ ഒരു ചോദ്യം. രണ്ടാമത്, അതില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളായിരുന്നു. വിവാഹമോചനം ചെയ്യുന്ന പുരുഷന് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. ഭാര്യയ്ക്ക് ചെലവിനും നല്‍കണം. മുത്തലാഖ് നിരോധിച്ച് നിയമം നിലനില്‍ക്കെ, അത്തരത്തില്‍ വാവാഹമോചനം ചെയ്യുന്നത് തന്നെ നിയമപ്രകാരം കുറ്റമാണ്. പുതിയ ബില്ല് പ്രകാരം വിവാഹമോചനം ചെയ്യുന്ന പുരുഷനെ മൂന്ന് വര്‍ഷം തടവിലാക്കാം. ഇത്തരമൊരു വ്യവസ്ഥ മറ്റെവിടെയെങ്കിലുമുണ്ടോ? ഹിന്ദുസമുദായത്തിനോ, ക്രിസ്ത്യന്‍ സമുദായത്തിനോ അത്തരമൊരു നിയമമില്ലാതിരിക്കെ മുസ്ലിം സമുദായത്തില്‍ മാത്രം ആ നിയമം കൊണ്ടുവരുന്നതിലെ അനീതിയാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. തടവ് ശിക്ഷ അനുഭവിക്കുന്നയാള്‍ ശിക്ഷാ കാലയളവിലും ഭാര്യയ്ക്ക് ചിലവിന് നല്‍കണമെന്നത് പ്രായോഗികവുമല്ല. ഈ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ എനിക്ക് 18 മിനിറ്റ് സമയം ലഭിച്ചു. പക്ഷെ ഞാനത് അവതരിപ്പിച്ച്, എതിര്‍ത്ത് വോട്ടും ചെയ്തതോടെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വീകാര്യതയേറി. പാളയം പള്ളിയില്‍ എനിക്ക് സ്വീകരണം നല്‍കുകയും ചെയ്തു. ഇതാണ് സിപിഎമ്മുകാരുടെ വിഷയം.

അതിന് ശേഷം ലഭിച്ച സ്വീകാര്യതയാണ് താങ്കള്‍ക്കെതിരെയുള്ള പ്രചരണങ്ങള്‍ക്ക് കാരണമെന്നാണോ?

മുത്തലാഖ് ബില്ലിനെതിരെ നിരാകരണ പ്രമേയം അവതരിപ്പിച്ചതിന് ശേഷമാണ് ഞാന്‍ ആര്‍എസ്എസുകാരനും സംഘിയുമൊക്കെയാമെന്ന പ്രചരണം വരുന്നത് തന്നെ. കാരണം അതിന് ശേഷം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചു. സിപിഎമ്മിന്റെ അംഗങ്ങളും സഭയിലുണ്ടായിരുന്നല്ലോ. അവര്‍ക്കും പ്രമേയം അവതരിപ്പിക്കാമായിരുന്നു. പക്ഷെ ഒരാള്‍ പോലും അനങ്ങിയില്ല. പിന്നെ പറയുന്നതില്‍ എന്ത് കാര്യമാണുള്ളത്? പിന്നെ വാസ്തവത്തില്‍ സിപിഎമ്മിന്റേത് അവസരവാദപരമായ രാഷ്ട്രീയമാണ്. അപ്പുറത്തിരിക്കുമ്പോള്‍ അഴിമതി വീരനായിരുന്ന ബാലകൃഷ്ണ പിള്ള ഇപ്പുറത്തെത്തിയപ്പോള്‍ അഴിമതി വിരുദ്ധനായി. ഐയുഎംഎല്ലിന് വര്‍ഗീയത പോര എന്ന് പറഞ്ഞ് തുടങ്ങിയതാണ് ഐഎന്‍എല്‍. വര്‍ഗീയ വിരുദ്ധം എന്ന് പറയുന്നവര്‍ ഐഎന്‍എല്ലിനെ കൂടെക്കൂട്ടിയിരിക്കുകയാണ്. ബാലകൃഷ്ണപിള്ളയ്‌ക്കെതിരെ എത്ര തവണ സിപിഎമ്മുകാര്‍ നിരത്തിലിറങ്ങിയിട്ടുണ്ട്. അതൊക്കെ ഓര്‍ത്താല്‍ നന്നാവും.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍