UPDATES

ട്രെന്‍ഡിങ്ങ്

ശബരിമല വരുമാനം കുറഞ്ഞതിന് പിന്നില്‍ കര്‍മ്മ സമിതിയുടെ ആസൂത്രിത ഇടപെടല്‍; തീര്‍ഥാടകരെ കുറയ്ക്കാനും ശ്രമിച്ചു; ലക്ഷ്യം ദേവസ്വം ബോര്‍ഡ്

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതും ക്ഷേത്രങ്ങളിലെ നിത്യചെലവടക്കമുള്ള കാര്യങ്ങളും പണമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്

ശബരിമലയില്‍ വിജയിച്ചത് വരുമാനം കുറയ്ക്കുക എന്ന ശബരിമല കര്‍മ്മ സമിതിയുടെ അജണ്ട. യുവതീ പ്രവേശനം അനുവദിച്ചതിന് പിന്നാലെ പ്രതിഷേധത്തിന്റെ ഭാഗമായി ദേവസ്വം ബോര്‍ഡിന്റെ വരുമാനം കുറയ്ക്കുക എന്ന തീരുമാനമാണ് കര്‍മ്മ സമിതി എടുത്തത്. ഇതനുസരിച്ച് എത്തുന്ന തീര്‍ഥാടകര്‍ കണിക്കയിടരുതെന്ന നിര്‍ദ്ദേശം കര്‍മ്മ സമിതി നല്‍കിയിരുന്നു. ഇതിന് പുറമെ ശബരിമലയില്‍ എത്താന്‍ സാധ്യതയുണ്ടായിരുന്ന തീര്‍ഥാടകരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്താനും കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു എന്ന് കര്‍മ്മ സമിതിയിലെ നേതാക്കള്‍ പറയുന്നു.

ദേവസ്വം ബോര്‍ഡിന് തിരിച്ചടി കൊടുക്കണമായിരുന്നു. അതിനുള്ള ഏകവഴി വരുമാനം കുറയ്ക്കുക എന്നതായിരുന്നു. അത് നടന്നു. 100 കോടിരൂപയുടെ വരുമാനം കുറഞ്ഞിട്ടുണ്ട് എന്ന് സംശയമില്ലാതെ പറയാം. 2014-15 സീസണില്‍ എത്തിയത് നാല് കോടി ആറ് ലക്ഷം ആളുകളാണെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഇതില്‍ ഒരുകോടിയിലധികം ആളുകളുടെ കുറവ് ഇത്തവണയുണ്ടായി. അത് ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലുള്ള പ്രതിഷേധം മൂലമാണ്. ഈ സീസണില്‍ ആദ്യത്തെ 26 ദിവസം പിന്നിട്ടപ്പോള്‍ 10,0940 പേര്‍ മാത്രമാണ് ശബരിമല സന്ദര്‍ശിച്ചത്. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരം ആ സമയത്ത് എത്തേണ്ടിയിരുന്നത് എഴുപത് ലക്ഷത്തിന് മുകളിലേക്കുള്ള ആളുകളാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും പരമാവധി തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു”, കര്‍മ്മ സമിതിയുടെ ഒരു പ്രമുഖ നേതാവ് വെളിപ്പെടുത്തി.

ഇതിനു പുറമേ ഇത്തവണത്തെ തീര്‍ത്ഥാടക സമയം ആരംഭിച്ചത് മുതല്‍ അരങ്ങേറിയ അക്രമങ്ങളും സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ നടന്ന ശരണംവിളി പ്രതിഷേധങ്ങളും മൂലം വലിയൊരു വിഭാഗം തീര്‍ഥാടകര്‍ ഇത്തവണ വിട്ടു നില്‍ക്കുകയും ചെയ്തു. ഇതും ശബരിമലയിലെ വരുമാനത്തെ ബാധിച്ചു.

Also Read: ഇനിയും യുവതികളെ കയറ്റിയാല്‍ നാമജപം മാത്രമായിരിക്കില്ല പോംവഴി: ശബരിമല പ്രക്ഷോഭത്തിന് അണിയറയില്‍ ചുക്കാന്‍ പിടിച്ച സ്വാമി അയ്യപ്പദാസ്/അഭിമുഖം

ക്ഷേത്രത്തിലെത്തുന്നവരോട് അപ്പവും അരവണയും കഴിവതും വാങ്ങാതിരിക്കുക എന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. ശബരിമലയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി പലരും എത്തിയെങ്കിലും ഇത് ക്ഷേത്രത്തിലെ വരുമാനത്തില്‍ മെച്ചമുണ്ടാക്കിയതുമില്ല. ഇതോടൊപ്പം ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന കര്‍മ്മ സമിതിയുടെ നിര്‍ദ്ദേശവും ദേവസ്വം ബോര്‍ഡിന് ഒരു പരിധിവരെ തിരിച്ചടിയായി. ശബരിമലയില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കിയിരുന്നത്. എന്നാല്‍ അതില്‍ വലിയ കുറവുണ്ടായതോടെ ബോര്‍ഡ് പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിയിരിക്കുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതും ക്ഷേത്രങ്ങളിലെ നിത്യചെലവടക്കമുള്ള കാര്യങ്ങളും പണമില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. മണ്ഡലം-മകരവിളക്ക് സീസണില്‍ ലഭിക്കുന്ന കോടികളുടെ വരുമാനമാണ് യഥാര്‍ഥത്തില്‍ ദേവസ്വം ബോര്‍ഡിനെ നിലനിര്‍ത്തിയിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് അംഗങ്ങളില്‍ ഒരാള്‍ പറഞ്ഞു.

പ്രതിസന്ധി മറികടക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സര്‍ക്കാരില്‍ നിന്ന് 250 കോടി രൂപ സാമ്പത്തിക സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്. ശബരിമലയിലെ വരുമാനത്തില്‍ 98 കോടി രൂപയുടെ കുറവ് ഉണ്ടായതായാണ് ബോര്‍ഡിന്റെ കണക്ക്. പ്രളയത്തെ തുടര്‍ന്ന് ക്ഷേത്രങ്ങളില്‍ 50 കോടിയുടെ നഷ്ടമുണ്ടായതായും ബോര്‍ഡ് വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍