UPDATES

ശബരിമല LIVE: ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന് പരാതി; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ശബരിമലയിലേക്ക്

രാത്രി 9.30ന് മലകയറാനെത്തുന്നവരെ തടഞ്ഞ് പുലർച്ചെ 2 മണി മുതലാണ് കടത്തിവിടുന്നത്.

08.50

സന്നിധാനത്തെ പ്രതിഷേധത്തിന്റെ പേരിൽ അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ടവരെ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്ന റിപ്പോര്‍ട്ടുകൾക്ക് പിറകെ  പൂജപ്പുര ജയിലിന് മുന്നിൽ ബിജെപി പ്രവർത്തകർ സംഘടിക്കുന്നു. ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച്  ഇന്നലെ രാത്രി  പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റിലായ 69 പേരെയാണ്  14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.

07.48

ശബരിമലയിൽ ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെവ്വാഴ്ച  പമ്പയും നിലയ്ക്കലും സന്ദർശിക്കും. രാവിലെ ഒൻപതരക്ക് പമ്പ ഗസ്റ്റ്  ഹൗസിലെത്തുന്ന കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കും അംഗങ്ങളായ  കെ. മോഹൻകുമാറും പി. മോഹനദാസും പമ്പയിലും പരിസരപ്രദേശങ്ങളിലും ഭക്തജനങ്ങൾക്കായി ഒരുക്കിയിരിക്കുന്ന സൗകര്യങ്ങൾ പരിശോധിക്കും. നിലയ്ക്കലിലും കമ്മീഷൻ സന്ദർശനം നടത്തും.

 

07.26

ശബരിമലയില്‍ ബിജെപി പയറ്റുന്നത് മോശം രാഷ്ട്രീയമെന്ന് മന്ത്രി ജി.സുധാകരന്‍. ശബരിമലയെ ഇത്തരത്തില്‍ കലാപ ഭൂമിയാക്കുന്നവര്‍ക്ക് വോട്ട് കിട്ടുമെന്ന് കരുതുന്നില്ല. ശബരിമലയെ ഇന്നുവരെ വാക്കേറ്റത്തിന്റെയും കയ്യാങ്കളിയുടെയും വേദിയാക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ധൈര്യപ്പെട്ടിട്ടില്ല. ഇന്ന് അതിന് ശ്രമിക്കുന്നു. ഇത്തരം ശ്രമം നടത്തുന്നവവര്‍ തിരിച്ചടി ലഭിക്കുമെന്ന് തന്റെ മനസാക്ഷി പറയുന്നെന്നും മന്ത്രി ജി.സുധാകരന്‍ പ്രതികരിച്ചു.

07.00

കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ശബരിമല സന്ദര്‍ശിക്കും. ബുധനാഴ്ചയായിരിക്കും തമിഴ്‌നാട്ടില്‍ നിന്നുമുള്ള കേന്ദ്ര മന്ത്രിയുടെ ശബരിമല സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.


06.44

കേരളത്തിലില്‍ നിന്നുള്ള എംപിമാരെ സന്നിധാനത്തെത്തിച്ച് പ്രതിഷേധങ്ങള്‍ ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ നി്ക്കവുമായി ബിജെപി. ഇതിന്റെ ഭാഗമായ മലയാളികളും ബിജെപി രാജ്യസഭാംഗങ്ങളായ വി. മുരളീധരന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ നാളെ സന്നിധാനത്തെത്തും. പരമാവധി പ്രവര്‍ത്തകരെ ശബരിമലയില്‍ എത്തിക്കാനുള്ള ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം നടപ്പാക്കുക ലക്ഷ്യമിട്ടാണ് നിരോധനാജ്ഞ നിലനില്‍ക്കെതന്നെ എം പിമാര്‍ സന്നിധാത്തേക്ക് എത്തുന്നത്.


05.05

ശബരിമല സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച്  ഇന്നലെ രാത്രി  പ്രതിഷേധിച്ചതിന്റെ പേരിൽ അറസ്റ്റിലായ 69 പേരെ റിമാൻഡ് ചെയ്തു.  14 ദിവസത്തേക്കാണ് റിമാൻഡ് . ഇവരെ വൈകീട്ടോടെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. പത്തനംതിട്ട മുൻസിഫ് കോടതിയുടെതാണ് നടപടി.


04.40

ശബരിമലയിൽ നടക്കുന്നത് തെമ്മാടിത്തവും കയ്യേറ്റവുമെന്ന് സാവകാശ ഹർജിയിൽ സുപ്രീം കോടതി. അസാധാരണ സുരക്ഷ ഒരുക്കിയിട്ടും സ്ത്രീകളെ തടയുന്നു. ഇത് ഗുരുതരമായ അവസ്ഥയാണ്. വിധി നടപ്പാക്കാൻ കുടുതൽ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർ‌ജിയിലാണ് ക്രമസമാധാന പ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടിയത്.


പുനപരിശോധന ഹർജികൾ ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തിൽ അതുവരെ വിധി നടപ്പാക്കാൻ സാവകാശം വേണമെന്നാണ് ദേവസ്വം ബോർഡിന്‍റെ ആവശ്യം.

ദേവസ്വംബോർഡിന് വേണ്ടി അഡ്വ. ചന്ദ്രോദയ് സിംഗ്  സുപ്രീംകോടതിയിൽ ഹാജരാകും. ദേവസ്വംബോർഡിന്‍റെ അഭിഭാഷകൻ, അഡ്വ.സുധീറും  ബോർഡിനെ കോടതിയിൽ പ്രതിനിധീകരിക്കും.


03.09

ശബരിമലയിൽ പ്രശ്നമുണ്ടാക്കാൻ ആർഎസ്എസ്സിന്റെ ആസൂത്രിതശ്രമം നടന്നിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ ഹൈക്കോടതിയിൽ. സംഘമായി എത്തണമെന്ന ബിജെപി സർക്കുലർ എജി കോടതിയിൽ സമര്‍പ്പിച്ചെങ്കിൽ ‘പല പാര്‍ട്ടികൾക്കും പല അജണ്ടകൾ കാണു’മെന്ന പരാമർശമാണുണ്ടായത്. രാവിലെ വാദം കേൾക്കുന്നതിനിടെ ശബരിമലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട പൊലീസ് ഇടപെടലിനെതിരെ രൂക്ഷമായ പരാമർശം ദേവസ്വം ബെഞ്ച് നടത്തിയിരുന്നു.


02.40

സ്ത്രീപ്രവേശനം നടപ്പാക്കാൻ സാവകാശം വേണമെന്ന് സുപ്രീംകോടതിയിൽ ദേവസ്വം ബോർഡിന്റെ ഹർജി


02.10 PM

ശബരിമലയിൽ ദർശനത്തിനെത്താനാഗ്രഹിക്കുന്ന യുവതികൾ എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തി. ഇതിനിടെ പ്രസ്സ് ക്ലബ്ബിനു പുറത്ത് ബിജെപി പ്രവർത്തകര്‍ സംഘടിച്ചെത്തി ഉപരോധം സ‍ൃഷ്ടിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ.


12.22 PM

ശബരിമലയിൽ സുപ്രീംകോടതി വിധിയുടെ മറവിൽ പൊലീസിന്റെ അതിക്രമം നടക്കുന്നുവെന്ന് കേരള ഹൈക്കോടതി ദേവസ്വം ബഞ്ച്. ഭക്തർക്കുനേരെ ആക്രമണം നടത്തിയെന്നതിന് തെളിവുകളില്ലെന്ന പൊലീസിന്റെ വാദത്തെ തള്ളുന്ന വിധത്തിലാണ് കോടതിയുടെ പരാമർശം വന്നിരിക്കുന്നത്. സ്ത്രീകളും കുട്ടികളും അതിക്രമത്തിന് ഇരയാകുന്നതായി ഹൈക്കോടതി പരാമർശിച്ചു. ഇതിനൊന്നും തെളിവില്ലെന്നാണ് പൊലീസ് കോടതിയെ ബോധിപ്പിച്ചത്.

പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെ പ്രവേശിപ്പിക്കണമെന്ന രീതിയിലും പരാമർശമുണ്ടായി.

പൊലീസിനെതിരെ രൂക്ഷ പരാമർശവുമായി ഹൈക്കോടതി ദേവസ്വം ബഞ്ച്; ഏജി ഹാജരാകണമെന്ന് കോടതി


12.10 PM

യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യണമെന്ന ഹരജി സുപ്രീീംകോടതി നിരസിച്ചു.

11.43 AM

വിശ്വാസികളോടുള്ള സമീപനം അർത്ഥശങ്കക്കിടയില്ലാത്ത വിധം സർക്കാർ പറഞ്ഞിട്ടുണ്ട്. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിന് സർക്കാൻ പ്രതിജ്ഞാബദ്ധമാണ്. വാർത്ത വെറുതെ കൊടുക്കലല്ല, അതിന്റെ പിന്നിലുള്ള ഉദ്ദേശ്യം മനസ്സിലാക്കാൻ കഴിയണമെന്നും മാധ്യമങ്ങളോട് മുഖ്യമന്ത്രി. സർക്കാരിന് സുപ്രീംകോടതിയുടെ വിധിക്കൊപ്പം നിൽക്കാനേ സാധിക്കൂ എന്നും മുഖ്യമന്ത്രി.

“ശബരിമലയിൽ ദർശനം നടത്തണമോയെന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്; സർക്കാരിന് കോടതിവിധി നടപ്പാക്കാനേ കഴിയൂ”: മുഖ്യമന്ത്രി


11.08 AM

ശബരിമലയിൽ പോകാനായി ആറ് യുവതികൾ പൊലീസിനെ സമീപിച്ചതായി വിവരം. ഇവര്‍ ഇപ്പോൾ കൊച്ചിയിലാണുള്ളതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബരിമലയിലേക്ക് പോകാൻ ആറ് യുവതികൾ കൊച്ചിയിലെത്തിയെന്ന് വിവരം


09.25 AM

ശബരിമലയില്‍ ഇന്നലെ നടപ്പന്തലില്‍ പ്രതിഷേധം നടത്തിയ കണ്ടാല്‍ അറിയുന്ന 150 പേര്‍ക്ക് എതിരെ കേസ് എടുത്തു. എറണാകുളം സ്വദേശിയും ആര്‍എസ്എസ് പ്രവര്‍ത്തകനുമായ രാജേഷ് ഉള്‍പ്പടെ 70 പേരെ അറസ്റ്റ് ചെയ്തു. മുമ്പ് പ്രതിഷേധം നടത്തിയതില്‍ കേസുള്ള 15 പേരും അറസ്റ്റ് ചെയ്തവരിലുണ്ട്.


09.06 AM

കേന്ദ്ര മന്ത്രി ആല്‍ഫോണ്‍സ കണ്ണന്താനം നിലയ്ക്കലിലെത്തി. ‘ഭക്തരെ പോലീസ് നിയന്ത്രിക്കുന്നത് ശരിയല്ല. നിരാധനാജ്ഞയുടെ ആവശ്യം ശബരിമലയിലില്ല.’ എന്ന് കേന്ദ്ര മന്ത്രി പ്രതികരിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികലയും പമ്പയിലെത്തി. കൊച്ചുമകന്റെ ചോറുണ്ണൂം വഴിപാടും കഴിഞ്ഞതിന് ശേഷം ശശികല മടങ്ങും. ആറു മണിക്കൂര്‍കൊണ്ട് സന്നിധാനത്ത് എത്തി മടങ്ങണമെന്നാണ് പോലീസ് ശശികലയ്ക്ക് നല്‍കിയ നിര്‍ദ്ദേശം.


08.37 AM

കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ശബരിമലയിലേക്ക്. നിലയ്ക്കലിലെത്തിയ മന്ത്രി മാധ്യമങ്ങളെ കണ്ടു. കേന്ദ്ര സർക്കാർ നൽകിയ 100 കോടി രൂപ അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ശരണം വിളികളുമായി പ്രതിഷേധിക്കുന്നത് പ്രക്ഷോഭമല്ലെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം മന്ത്രി എന്ന നിലയിലാണ് താൻ ശബരിമലയിലെത്തിയിരിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ശബരിമലയിൽ 144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലായിരുന്നെന്ന് മന്ത്രി. ഭക്തരെ ഭീകരരെപ്പോലെ കാണുകയാണ്. താൻ കളക്ടറായിരുന്ന കാലത്ത് ഇത്തരം പ്രശ്നങ്ങളില്ലായിരുന്നെന്നും അൽഫോൺസ് കണ്ണന്താനം.


07.42 AM

വലിയ നടപ്പന്തലും താഴെതിരുമുറ്റവും പൊലീസിന്റെ നിയന്ത്രണത്തിൽ. കഴിഞ്ഞദിവസം അക്രമികൾ സന്നിധാനത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണങ്ങൾ. ഇത് ഭക്തർക്ക് പ്രയാസമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. എന്നാൽ മറ്റ് മാർഗ്ഗങ്ങളില്ലെന്ന് പൊലീസ് പറയുന്നു. ഇന്നലെ സന്നിധാനത്ത് പ്രശ്നമുണ്ടാക്കിയ എഴുപത്തഞ്ചോളം പേർ പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.


07.36 AM

പൊലീസിന് ക്രമസമാധാനം പാലിക്കുക എന്നതിൽക്കവിഞ്ഞ് യാതൊരുദ്ദേശ്യവുമില്ലെന്ന് യതീഷ് ചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിക്കാർ കയറുകയും ഭക്തർക്ക് കയറാൻ പറ്റാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാകരുതെന്നേ തങ്ങൾക്കുള്ളൂ. ഇതിനാലാണ് ബസ്സിൽക്കയറി ശശികലയോട് ഉറപ്പ് വാങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.


07.35 AM

ശബരിമലയില്‍ താൻ തമ്പടിക്കില്ലെന്ന് കെപി ശശികല പൊലീസിന് വാക്ക് നൽകി. നിലയ്ക്കലിൽ നിന്നും കെഎസ്ആർടിസി ബസ്സിൽ പമ്പയിലേക്ക് യാത്ര തിരിച്ചു. ഇതിനിടയിൽ എസ്പി യതീഷ് ചന്ദ്ര ബസ്സിൽ കയറിച്ചെന്നാണ് ശശികലയുടെ ഉദ്ദേശ്യലക്ഷ്യം ഉറപ്പുവരുത്തിയത്. തുടക്കത്തിൽ മലയിൽ തങ്ങില്ലെന്ന് പറയാൻ ശശികല മടിച്ചെങ്കിലും പിന്നീട് പൊലീസിനോട് തനിക്ക് മറ്റുദ്ദേശ്യങ്ങളില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.


07.10 AM

കൊല്ലങ്ങൾക്ക് മുമ്പ് നേർന്ന വഴിപാടിനാണ് താൻ ശബരിമലയിലേക്ക് പോകുന്നതെന്ന് ശശികല പറഞ്ഞു. സന്നിധാനത്തേക്ക് പോയി ചോറൂണ് കഴിഞ്ഞാൽ തിരിച്ചിറങ്ങുമെന്നും രാഷ്ട്രീയ ഉദ്ദേശ്യങ്ങള്‍ ഈ യാത്രയ്ക്ക് ഇല്ലെന്നുമാണ് ശശികല പറയുന്നത്.

07.01 AM

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല പേരക്കുട്ടിയുടെ ചോറൂണിന് സന്നിധാനത്തേക്ക്.


പൊലീസ് സന്നിധാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെയെന്ന് അവകാശപ്പെട്ട് ഞായറാഴ്ച രാത്രി പ്രതിഷേധം. വലിയ നടപ്പന്തലിലാണ് പ്രതിഷേധം തുടർന്ന്. നിരോധനാജ്ഞ ലംഘിക്കപ്പെട്ടതോടെ പൊലീസ് ഇടപെട്ടു. പ്രതിഷേധം നടത്തിയ അമ്പതോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസ് നടപടിക്കിടെ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് യുവമോർച്ച പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് പ്രമാണിച്ച് പ്രതിഷേധദിനം ആചരിച്ചിരുന്നു.

രാത്രി പത്തരയോടെയാണ് മാളികപ്പുറം ക്ഷേത്രപരിസരത്തു നിന്ന് നൂറ്റമ്പതോളം പേർ പ്രതിഷേധം സംഘടിപ്പിച്ചത്. ശരണംവിളിയുമായി പ്രതിഷേധക്കാർ നടപ്പന്തലിൽ ഇരിക്കാൻ തുടങ്ങി. നടയടച്ച ശേഷം ഇവരിലെ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചപ്പോൾ തടയാനുള്ള ശ്രമവും നടന്നു. നെയ്യഭിഷേകം കഴിഞ്ഞേ അറസ്റ്റ് പാടുള്ളൂ എന്ന് ഇവർ നിലപാടെടുക്കാൻ തുടങ്ങി. രാത്രി പതിനൊന്നരയോടെ പ്രതിഷേധത്തിന് നേതൃത്വം നൽകിയവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞദിവസം പകൽ അക്രമികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. 11.30 മുതൽ ഒരു മണിവരെ തീർത്ഥാടകരെ പമ്പയിൽ തടഞ്ഞു. നിലയ്ക്കൽ-പമ്പ കെഎസ്ആർടിസി ബസ്സുകളുടെ ഓട്ടവും പൊലീസ് നിർദ്ദേശപ്രകാരമാക്കി. രാത്രിയിലും 9.30 മുതൽ 12 വരെ നിയന്ത്രണം തുടർന്നു. മലയിറങ്ങിയ വരുന്നവരെ പമ്പയിൽ വിരിവെക്കാനും സമ്മതിച്ചില്ല.

രാത്രി 9.30ന് മലകയറാനെത്തുന്നവരെ തടഞ്ഞ് പുലർച്ചെ 2 മണി മുതലാണ് കടത്തിവിടുന്നത്.

അറസ്റ്റ് ചെയ്യപ്പെട്ടവർക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് വരും. പൊലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍