UPDATES

ട്രെന്‍ഡിങ്ങ്

നിലയ്ക്കലില്‍ ആദിവാസികളെ രംഗത്തിറക്കി മാറി നിന്ന് കളിക്കുന്ന വിഎച്ച്പിയും ബിജെപിയും

അട്ടത്തോട്, നിലയ്ക്കല്‍, ളാഹ ഊരുകളില്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് എത്തിയപ്പോഴാണ് പലരും ശബരിമലയിലെ വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന വിധി ഹൈന്ദവ സമൂഹത്തിലെ ഒരു വിഭാഗം ആളുകള്‍ അംഗീകരിക്കാതെ പ്രതിഷേധത്തിനിറങ്ങിയിരിക്കുന്ന പശ്ചാത്തലത്തിലാണ് പന്തളത്ത് നിന്നും പമ്പയിലേക്ക് യാത്ര നടത്തിയത്. പന്തളം എത്തിയത് തന്നെ പല വാദങ്ങളും മറുവാദങ്ങളും ഒക്കെ കേട്ടുകൊണ്ടാണ്. സവര്‍ണവിഭാഗങ്ങള്‍ക്ക് മേല്‍ക്കൈ ഉള്ള ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം ഭാഗങ്ങളില്‍ എന്‍എസ്എസും, യോഗക്ഷേമ സഭയും, തന്ത്രി സഭയും, ക്ഷേത്രിയ സഭയും ഒക്കെ സജീവമായി രംഗത്ത് നില്‍ക്കുന്നതിനോടൊപ്പം എസ്എന്‍ഡിപി ഉള്‍പ്പടെയുള്ള പിന്നോക്ക സംഘടനകളിലെ ആളുകളെ പ്രതിഷേധത്തിന് കൂടെനിര്‍ത്താനും കഴിഞ്ഞിട്ടുണ്ട്; ഈ സംഘടനകളില്‍ പലതും പരസ്യമായി പ്രതിഷേധത്തില്‍ എത്തിയിട്ടില്ല എങ്കില്‍ പോലും.

പലയിടത്തും പ്രതിഷേധ സമരത്തിന് നേതൃത്വമില്ലെന്നാണ് പറയുന്നത്. എന്നാല്‍ പന്തളത്തും നിലയ്ക്കലുമൊക്കെ വിഎച്ച്പിയും ബിജെപിയും എന്‍എസ്എസും യോഗക്ഷേമ സഭയും തന്ത്രിസഭയും ക്ഷേത്രിയ സഭയുമൊക്കെ പിന്നിലുണ്ട്. നിലയ്ക്കലിലെ പ്രാര്‍ത്ഥനാ കൂട്ടായ്മ പ്രതിഷേധത്തിനും നേതൃത്വം ഇല്ലെന്നാണ് പറയുന്നത്. എന്നാല്‍ അവിടുത്തെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത (ഭയപ്പെടുന്ന) ആദിവാസി പ്രതിനിധികള്‍ പറഞ്ഞത്, നാമജപ കൂട്ടായ്മയില്‍ എത്തിയിരിക്കുന്ന നല്ലൊരു വിഭാഗം ആളുകളും (പ്രത്യേകിച്ച് സ്ത്രീകള്‍) ഇവിടുത്തെ മലംപണ്ടാരം, മല അരയ, ഉള്ളാട സമൂഹത്തില്‍ നിന്ന് എത്തിയവരാണ് എന്നാണ്.

ഇവരെ ഇവിടെ എത്തിച്ചത് വിശ്വഹിന്ദു പരിഷത്തും ബിജെപി പ്രവര്‍ത്തകരുമൊക്കെയാണ്. നിലയ്ക്കലിലെ കുരിശ് സമരത്തിന് ശേഷം കുമ്മനം രാജശേഖനും വിഎച്ച്പിയുമൊക്കെ നിലയ്ക്കലിലെ ആദിവാസികളുടെ ഇടയില്‍ സുപരിചിതരാണ്. കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങള്‍ക്കിടയില്‍ ആദിവാസികള്‍ക്കിടയില്‍ അവരുടെ സ്വാധീനം വളരെയധികം ശക്തി പ്രാപിച്ചു. മലംപണ്ടാരം വിഭാഗത്തിന്റെ പെരുമാള്‍ അച്ഛന്‍ എന്ന പൂര്‍വീകന്‍ ഉപയോഗിച്ചിരുന്ന ശംഖ് ഇവര്‍ ആരാധിച്ചിരുന്നു. പക്ഷേ മൂന്ന് വര്‍ഷം മുമ്പ് വിഎച്ച്പി പ്രവര്‍ത്തകരുടെ ഇടപെടലില്‍ അവിടെ ഒരു ക്ഷേത്രവും വിഗ്രഹവും ഒക്കെ ഉയര്‍ന്ന് വന്നു. ഇപ്പോള്‍ എല്ലാവരും ആ ശംഖിനെ മറന്ന മട്ടാണ്. അന്ന് തൊട്ട് വിഎച്ച്പി പ്രവര്‍ത്തകര്‍ ആദിവാസി കോളനികളില്‍ വല്ലപ്പോഴും അരിയും തുണിയും സാധനങ്ങളുമൊക്കെ നല്‍കും. കഴിഞ്ഞാഴ്ചയും ഈ 12-ാം തീയതിയും ഒക്കെ കോളനികളില്‍ വിഎച്ച്പിയുടെ കിറ്റ് വിതരണമുണ്ടായിരുന്നു.

അട്ടത്തോട്, നിലയ്ക്കല്‍, ളാഹ ഊരുകളില്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് എത്തിയപ്പോഴാണ് പലരും ശബരിമലയിലെ വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നത്. പക്ഷേ വിധിയിലെ പല കാര്യങ്ങളും കാര്യമായി വിദ്യാഭ്യാസമില്ലാത്ത, പുറംനാടുമായി പൂര്‍ണമായും ഇപ്പോഴും ഇടപെടാത്ത വലിയൊരു വിഭാഗം ആദിവാസികള്‍ക്ക് ഇതിലെ രാഷ്ട്രീയവും മറ്റ് കാര്യങ്ങളും മനസ്സിലായിട്ടില്ലെന്നതാണ് സത്യം. ഇവരെ മുന്‍നിര്‍ത്തിയാണ് കഴിഞ്ഞ ഒരാഴ്ചയിലേറെയായി നിലയ്ക്കലില്‍ പ്രതിഷേധ നാമജപ കൂട്ടായ്മ നടത്തിയത്. ഇവര്‍ക്ക് പിന്തുണയുമായി എരുമേലിയില്‍ നിന്നും വടശ്ശേരിക്കരയില്‍ നിന്നുമൊക്കെ ആളുകള്‍ എത്തുകയും ചെയ്തു. കിടക്കാനും ഭക്ഷണത്തിനും ഒക്കെ സംവിധാനങ്ങള്‍ ഒക്കെ ഒരുക്കിയിരുന്ന നിലയ്ക്കലിലെ പന്തലിലേക്ക് ആദിവാസികള്‍ എത്തിപ്പെട്ടതില്‍ അത്ഭുതപ്പെടാനില്ല. വിശ്വാസികളുടെ ചെക്ക് പോസ്റ്റ് എന്ന് പറഞ്ഞ് പമ്പയിലേക്കുള്ള വാഹനങ്ങള്‍ തടഞ്ഞ് സത്രീകളുണ്ടോ എന്ന് പരിശോധിക്കുന്നത് വരെ എത്തി കാര്യങ്ങള്‍. കഴിഞ്ഞ ദിവസം ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇവരില്‍ ചിലരെ അറസ്റ്റ് ചെയ്യുകയും കേസ് എടുക്കുകയും ചെയ്തിരുന്നു. പ്രതിഷേധം നടന്നിരുന്ന പന്തല്‍ പൊളിച്ച് മാറ്റി പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. പക്ഷെ ഇതെല്ലാം ബാധിക്കുന്നത് ആദിവാസികളെ മാത്രമാണ്.

ദശകങ്ങളായി ആദിവാസി വിഭാഗക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും അട്ടത്തോടിലെ അംഗന്‍വാടി ടീച്ചറുമായ കുഞ്ഞുമോള്‍ ടീച്ചര്‍ പറഞ്ഞത്- “ഈ പാവങ്ങളെ പ്രലോഭിപ്പിച്ചാണ് പ്രതിഷേധത്തിനൊക്കെ കൊണ്ടുപോയത്. വിഎച്ച്പിയും ബിജെപിയും ഒക്കെ തന്നെയാണ് അതിന് പിന്നില്‍. ഇവരില്‍ പലര്‍ക്കും കള്ള് മേടിച്ച് കൊടുത്താണ് ഇത് കാണിക്കുന്നത്. ലഹരികളില്‍ നിന്ന് ഇവരില്‍ പലരെയും മോചിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതെല്ലാം വച്ച് മുതലെടുക്കുവാണ്. കേസും അറസ്റ്റുമൊക്കെ ഉണ്ടാകുന്നത് ഇവര്‍ക്ക് മാത്രമാണ്. കാര്യം കഴിയുമ്പോള്‍ ഇവരെ തള്ളി കളയുകയും ചെയ്യും. വിഎച്ച്പിയും ബിജെപിയും സ്വാധീനത്തിന്റെ ഫലമായി ഇവര്‍ ഇവരുടെ ആചാരങ്ങളെപ്പറ്റിയോ ശബരിമലയുമായുള്ള ബന്ധത്തെപ്പറ്റിയോ ഒന്നും പറയില്ല. അവരെ പേടിപ്പിച്ചിരിക്കുകയാണ്, ഇതൊക്കെ പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്തോ കുഴപ്പം വരുമെന്നൊക്കെ… ആദിവാസികള്‍ക്ക് ഭയമുണ്ടാകും; 1950-ല്‍ ശബരിമല ക്ഷേത്രം തീവച്ച് നശിപ്പിച്ചപ്പോഴും 1983-ല്‍ നിലയ്ക്കലിലെ കുരിശ് പ്രക്ഷോഭം വന്നപ്പോഴും പോലീസ് ഒക്കെ ക്രൂരമായി ദ്രോഹിച്ചവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട് ഇവിടെ. അവര്‍ക്ക് പേടിയാണ്. വല്ലപ്പോഴും അരിയും ചില സാധനങ്ങളുമൊക്കെ വിഎച്ച്പിയും ബിജെപിയുമൊക്കെ കൊണ്ടുകൊടുക്കുന്നത് കൊണ്ട് അവരോട് അവര്‍ക്ക് ചെറിയ ചായ്‌വ് ഉണ്ടാവുന്നതും സ്വഭാവികം. പക്ഷെ ആദിവാസികളെ അവര്‍(വിഎച്ച്പി, ബിജെപി) മുതലെടുക്കുകയാണ്,” എന്നാണ്.

നിലയ്ക്കലില്‍ നിന്ന് ഒരു കിലോ മീറ്റര്‍ മാറി പമ്പയിലേക്കുള്ള പാതയില്‍ അട്ടത്തോടിലാണ് മലംപണ്ടാരങ്ങള്‍ എന്ന ആദിവാസി വിഭാഗത്തിലെ കുറച്ചാളുകള്‍ താമസിക്കുന്നത്. ഒരു കാലത്ത് ശബരിമല സന്നിധാനത്തിനോട് ചേര്‍ന്ന് താമസിച്ചിരുന്നവരായിരുന്നു ഇവര്‍. ശബരിമലയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളില്‍ ഇവര്‍ക്ക് പല രീതിയിലും ബന്ധമുണ്ടായിരുന്നു. ദേവസ്വം ബോര്‍ഡും സര്‍ക്കാരും നിയമവുമെല്ലാം ഇവരെ മലയിറിക്കി (ശബരിമല). ഇന്ന് ഇവരില്‍ പലരും അപ്പാച്ചിമേട്, ചാലക്കയം, അട്ടത്തോട്, നിലയ്ക്കല്‍, ളാഹ പരിസരങ്ങളിലാണ് താമസിക്കുന്നത്. ഇവരില്‍ വളരെ കുറച്ച് പേര്‍ മാത്രമെ സ്വന്തമായി വീട് കെട്ടി താമസിക്കുന്നുള്ളൂ. ചാലക്കയത്ത് താമസിച്ചിരുന്നവര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിലയ്ക്കലിലെ കുടിലില്‍ എത്തിയിരുന്നു. പിന്നീട് അടുത്ത ദിവസങ്ങളില്‍ ശബരിമല നാമജപ കൂട്ടായ്മ തൊടങ്ങുന്നതിന് മുമ്പ് അവര്‍ക്ക് ളാഹയിലേക്ക് താമസം മാറ്റേണ്ടി വന്നു. 52 ഓളം മലംപണ്ടാരം കുടുംബങ്ങള്‍ കൂടാതെ മല അരയരും, ഉള്ളാട വിഭാഗക്കാരുമായി നിലയ്ക്കലും സമീപ പ്രദേശങ്ങളിലുമായി ഇരുന്നൂറോളം കുടുംബക്കാരും ഇവിടെയുണ്ട്.

“വിഎച്ച്പി-ബിജെപിക്കാര്‍ കോളനിയിലെത്തി കൂട്ടിക്കൊണ്ടുപോയതാണ് ഞങ്ങടെ സ്ത്രീകളെ; കേസ് വന്നപ്പോള്‍ ആരുമില്ല”, ശബരിമല സമരത്തില്‍ ആദിവാസികളെ ബലിയാടാക്കുന്നുവെന്ന് ആരോപണം

‘പന്തളം കൊട്ടാരം കൈയേറിയതാണ് ശബരിമല’; അയ്യപ്പന് തേനഭിഷേകം നടത്തിയിരുന്ന മലംപണ്ടാരം ആദിവാസികള്‍ പറയുന്നു

ആചാരങ്ങൾ മാറേണ്ടവയാണ്; പുത്തരിക്കണ്ടത്തെ ഒരു മണിക്കൂർ പ്രസംഗത്തിൽ നിലപാട് പറഞ്ഞ്‌ പിണറായി/ പ്രസംഗത്തിന്റെ പൂര്‍ണരൂപം

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍