UPDATES

ട്രെന്‍ഡിങ്ങ്

പത്മ പിള്ളയെ ആര് ക്ഷണിച്ചെന്ന് ശശികല, ക്ഷണിക്കാന്‍ ശശികല ആരാണെന്ന് പത്മ പിള്ള; ശബരിമലയെ ചൊല്ലിയുള്ള ആഭ്യന്തര കലഹം മുറുകുന്നു

“ചർച്ചകളിലൂടെയും കർമ്മ സമിതിക്കുൾപ്പെടെയുള്ള സാമ്പത്തിക സംഭാവനയായും, ടീവിക്കു മുന്പിൽ നെഞ്ചുപൊട്ടിയിരുന്നു കരഞ്ഞു പ്രാർത്ഥിച്ച വകയിലും പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ വെറും നികൃഷ്ടരായിക്കാണുന്ന പ്രവണത നന്നല്ല”

കേരളത്തെ കലാപകലുഷിതമാക്കിയ ശബരിമല യുവതീ പ്രവേശനത്തിനെതിരെ ആര്‍എസ്എസും അനുബന്ധ സംഘടനകളും നടത്തിയ പ്രക്ഷോഭത്തിനു പിന്നാലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത്. ബിജെപി ശക്തികേന്ദ്രങ്ങളായി കരുതുന്ന പത്തനംതിട്ട, തൃശൃര്‍, തിരുവനന്തപുരം, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ നടന്ന പ്രചരണ പ്രവര്‍ത്തനങ്ങളുടെ പ്രധാന വിഷയവും ശബരിമല തന്നെയായിരുന്നു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഈ വിഷയത്തില്‍ ആര്‍എസ്എസിലെ വിവിധ വിഭാഗങ്ങള്‍ തമ്മിലും ഔദ്യോഗികമായി സംഘത്തിന്റെ ഭാഗമല്ലെങ്കിലും ഇവരുടെ ആശീര്‍വാദത്തോടു കൂടി പ്രവര്‍ത്തിക്കുന്ന റെഡി ടു വെയിറ്റ് സംഘവും തമ്മിലുള്ള ചക്കളത്തിപ്പോരാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. ഇതിനു പിന്നാലെ ഹിന്ദു ഐക്യവേദി നേതാവും ശബരിമല കര്‍മ സമിതി നേതാക്കളില്‍ ഒരാളുമായ കെ.പി ശശികലയും വിഷയത്തില്‍ ഇടപെട്ടു രംഗത്തു വന്നതും ഇതിന് മറുപടിയുമായി റെഡി ടു വെയിറ്റ് നേതാവ് പത്മ പിള്ള വീണ്ടും രംഗത്തെത്തിയതും യാദൃശ്ചികമല്ലെന്ന സൂചനയാണ് വിവിധ സംഘപരിവാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുക. ശബരിമല പ്രക്ഷോഭത്തിന്റെ കുത്തക സ്വന്തമാക്കുക എന്നതിനേക്കാള്‍ വിഷയം സജീവ ചര്‍ച്ചയാക്കി നിലനിര്‍ത്തുക എന്നതും കൂടി ഇപ്പോഴത്തെ തര്‍ക്കങ്ങളുടെ പിന്നിലുണ്ടെന്നാണ് വിശ്വസനീയ വൃത്തങ്ങള്‍ പറയുന്നത്.

ശബരിമല പ്രക്ഷോഭത്തിന്റെ അവകാശവാദത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നതിനിടെ ശശികല കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചതിലെ പ്രധാന വിഷയങ്ങള്‍ ഇവയായിരുന്നു:

1. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളില്‍ റെഡി ടു വെയിറ്റ് എന്ന പ്രസ്ഥാനത്തിനോ പത്മ പിള്ളയ്‌ക്കോ യാതൊരു പങ്കുമില്ല. അത് നടത്തിയത് വിവിധ ഹിന്ദു സംഘടനകളാണ്.

2. ശബരിമല പ്രക്ഷോഭങ്ങളിലൊന്നും താന്‍ പത്മ പിള്ളയെ കണ്ടിട്ടില്ല. അവരുമായി തനിക്ക് യാതൊരു ബന്ധവുമില്ല, അവര്‍ക്ക് കര്‍മസമിതിയുമായും ബന്ധമില്ല.

3. ഞങ്ങളൊരിക്കലും പത്മ പിള്ളയെ പോലുള്ളവരെ ശബരിമല പ്രക്ഷോഭത്തിലേക്ക് ക്ഷണിച്ചിട്ടില്ല. പലരും തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങള്‍ ടിവി ചാനലുകളില്‍ പ്രകടിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കറിയില്ല അവരെങ്ങനെയാണ് വഞ്ചിക്കപ്പെട്ടതെന്ന്.

4. തനിക്ക് എന്തെങ്കിലും പരാതിയുണ്ടോ എന്ന കാര്യം പത്മ പിള്ള ഇതുവരെ കര്‍മ സമിതിയെ അറിയിച്ചിട്ടില്ല. സിപി സുഗതന്‍ ചെയ്തത് ഹിന്ദു വികാരങ്ങളെ പിണറായി വിജയന് അനുകൂലമാക്കി തിരിക്കുന്ന തരത്തില്‍ ചാനലൈസ് ചെയ്യുകയായിരുന്നു.

5. ആര്‍ ഹരിക്ക് അയാളുടെ അഭിപ്രായം ഉണ്ടായിരിക്കാം, അത് ആര്‍എസ്എസിന്റെ അഭിപ്രായമല്ല. ഹിന്ദു പ്രതിനിധി സഭ ശബരിമല വിഷയത്തില്‍ ഒരഭിപ്രായം പറഞ്ഞതിനു ശേഷം ആരും ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.

എന്നാല്‍ ശശികലയ്ക്കുള്ള മറുപടിയായി രൂക്ഷമായ പ്രതികരണമാണ് പത്മ പിള്ള ഇന്നലെ ഫേസ്ബുക്കില്‍ നടത്തിയത്. ശശികലയുടെ പ്രസ്താവനയ്ക്ക് അവര്‍ അക്കമിട്ടു പറഞ്ഞ മറുപടി ഇങ്ങനെ:

ശശികല ടീച്ചർ ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങളോട് എന്റെ പ്രതികരണം.

1. ശബരിമല പ്രക്ഷോഭത്തിൽ Ready to Wait (RTW) പങ്കെടുത്തിട്ടില്ല എന്ന് പറയാനുള്ള ഒരധികാരവും ടീച്ചർക്കില്ല. അവരുടെ സംഘടന നടത്തിയ പ്രക്ഷോഭം മാത്രമേ (solely) അവർ പരിഗണിക്കുന്നുള്ളൂ എന്നത് തികച്ചും സങ്കുചിത മനോഭാവമാണ്, രാഷ്ട്രീയമാണ്. NSS, AHP മുതൽ തികച്ചും സംഘടനാസ്വഭാവമില്ലാതെ ആളുകൾ നടത്തിയ നാമജപഘോഷയാത്രകളെ തൃണവത്ക്കരിക്കാൻ ടീച്ചർക്ക് ആരാണ് അധികാരം കൊടുത്ത്? അതോ പോലീസുമായി നേരിട്ടുള്ള ഏറ്റുമുട്ടലുകൾ മാത്രമേ ടീച്ചർ പ്രക്ഷോഭമായി കൂട്ടുന്നുള്ളോ?

അങ്ങനെയെങ്കിൽ യുവതീ പ്രവേശനത്തെ ആദ്യം മുതൽക്കെതിർത്ത 50 വയസ്സിൽ താഴെയുള്ള കേരളത്തിലെ ഒരു വിശ്വാസി ഹിന്ദു സ്ത്രീക്കും ശബരിമല പ്രക്ഷോഭവുമായി ബന്ധമില്ല എന്ന് പറയേണ്ടി വരും.. അവരാരും സന്നിധാനത്ത് വന്നു അറസ്റ്റ് വരിക്കുകയോ കേസിൽ പ്രതിയാവുകയോ ചെയ്തിട്ടില്ലല്ലോ!!

2. എന്നെ പ്രക്ഷോഭങ്ങളിൽ എങ്ങും കണ്ടില്ല എന്ന് ടീച്ചർ പറഞ്ഞല്ലോ. വീണ്ടും പ്രക്ഷോഭം എന്നാൽ കായിക പ്രക്ഷോഭം മാത്രം എന്ന കാഴ്ചപ്പാട് ആണതിൽ പൊന്തി നിൽക്കുന്നത്. എന്തായാലും എന്നെ കൊണ്ട് സാധിക്കുന്ന തരത്തിൽ ഒക്കെ ഇവിടെ നടന്ന വലിയ വിശ്വാസ സംരക്ഷണ മുന്നേറ്റത്തിൽ ഞാനും പങ്കു ചേർന്നിട്ടുണ്ട്. കാണേണ്ടെന്ന് തീരുമാനിച്ചവർക്കല്ലാത്ത എല്ലാവരും അത് കണ്ടിട്ടുമുണ്ടാവണം. ഇനി ആരും കണ്ടില്ലെങ്കിലും സാരമില്ല. അയ്യപ്പൻ കണ്ടിട്ടുണ്ടെന്ന് ഉറപ്പാണ്. അങ്ങനെ കാണപ്പെടാൻ വേണ്ടിയല്ലാതെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ലക്ഷങ്ങൾക്ക് ആർക്കും അപ്പോൾ അഭിപ്രായം പറയാൻ പോലും അർഹതയില്ല എന്നാണോ ടീച്ചർ പറഞ്ഞു വെയ്ക്കുന്നത്?

3. Feel Exploited എന്ന് വെച്ചാൽ പല രീതിയിൽ ഉണ്ടല്ലോ. ഞാനുൾപ്പെടെയുള്ള അയ്യപ്പഭക്തരുടെ വികാരങ്ങളും ആകാംക്ഷയുമൊക്കെ പലരീതിയിൽ ഉയർത്തിക്കാട്ടിയാണ് പ്രക്ഷോഭങ്ങളും ഇലക്ഷൻ പ്രചാരണവുമൊക്കെ നടത്തിയതെന്നിരിക്കെ, നിങ്ങൾ agitation ലേക്ക് ക്ഷണിച്ചവർക്കു മാത്രമേ അതിനെക്കുറിച്ചു പറയാൻ പാടുള്ളൂ എന്ന് ഒരു നിയമം ഉണ്ടെന്നറിഞ്ഞില്ല.

4. ഞാൻ കർമ്മസമിതിയുടെയോ, ടീച്ചർ ഇപ്പറഞ്ഞ ഹിന്ദു സംഘടനകളുടെയോ അംഗം അല്ല. എനിക്ക് ആ സംഘടനകളോട് എന്തെങ്കിലും പരാതിയുണ്ടെങ്കിലല്ലേ അവരെ വിളിക്കേണ്ടൂ. R ഹരിയെയുംയും, അദ്ദേഹത്തിന്റേതായ അഭിപ്രായങ്ങൾ ആവർത്തിക്കുന്ന ഒരുപറ്റം വ്യക്തികളെയും, ആചാരമെന്തായാലും മാറ്റണം അതിനുള്ള മാർഗ്ഗം മാത്രമാണ് എതിർക്കുന്നത് എന്ന് പറയുന്നവരെയും പറ്റിയുള്ള എന്റെ എതിർപ്പുകൾ കർമ്മസമിതിയോടു പറയേണ്ട കാര്യമെന്ത്? അവരെ മാത്രമാണ് ഞാൻ പറഞ്ഞത് എന്നാവർത്തിച്ചു വിശദീകരിച്ചു കഴിഞ്ഞു.

(വ്യക്തികളുടെ opinion RSS ന്റേതാണ് എന്ന് ഞാൻ പറഞ്ഞിട്ടില്ല, പക്ഷെ RSS നുള്ളിലെ വ്യക്തികളെ വിമർശിക്കുന്നവരുമായി “ഒത്തുതീർപ്പു” വേണ്ട എന്ന് RV ബാബു പറഞ്ഞിട്ടുണ്ട്. ആ വൈരുധ്യം ടീച്ചർക്ക് മനസിലായോ ആവോ)

5. ഈ ഇന്റർവ്യൂവിൽ ഏറ്റവും ദുഷിച്ച, എനിക്കേറ്റവും എതിർപ്പുള്ള ഭാഗം CP സുഗതൻ മതിലുപണി വഴി പിണറായി വിജയനെയുനെ സിപിഎം നെയും ഒക്കെ സഹായിക്കാൻ ഇറങ്ങിയിരിക്കുന്നു എന്ന് പറയുക വഴി അവർ RTW നെയോ എന്നെയോ കൂടെ വ്യംഗ്യമായി അതെ പദ്ധതിയിൽ കൂട്ടിക്കെട്ടുകയാണ്. ഒരല്പം വിമർശനം വരുമ്പോൾ മുഴുവൻ കാര്യങ്ങൾ മനസിലാക്കാതെ ഉടനെ അജണ്ടയും ചാരപ്പണി ആരോപണവും ഒക്കെ പടച്ചു വിടുന്ന കുറെ ഓൺലൈൻ പോർട്ടലുകളുടെ നിലവാരമേയുള്ളൂ അത്തരം ജല്പനങ്ങൾക്കു.

ഞാൻ ഒരു സംഘടനയുടെയും ഭാഗമല്ല. കേരളത്തിലെ വിശ്വാസി ഹിന്ദു സ്ത്രീകൾ യുവതീ പ്രവേശനം ആഗ്രഹിക്കുന്നില്ലെന്നും, അതിനാൽ ആചാര പരിഷ്കരണം ആവശ്യമില്ലെന്നും സംഘടിത രൂപത്തിൽ ആദ്യമായി പ്രഖ്യാപിച്ച RTW എന്ന കൂട്ടായ്മയിലെ ഒരംഗം മാത്രമാണ്. RTW എന്ത് ചെയ്‌തെന്ന് വിശ്വാസ സമൂഹം വിലയിരുത്തട്ടെ. എന്നാൽ ശബരിമല യുവതിപ്രവേശനത്തിനു വേണ്ടി തങ്ങളാൽ ആവതു ചെയ്ത – ചർച്ചകളിലൂടെയും, കോടതി വ്യവഹാരത്തിലൂടെയും, കർമ്മ സമിതിക്കുൾപ്പെടെയുള്ള സാമ്പത്തിക സംഭാവനയായും, ടീവിക്കു മുന്പിൽ നെഞ്ചുപൊട്ടിയിരുന്നു കരഞ്ഞു പ്രാർത്ഥിച്ച വകയിലും – പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ അഭിപ്രായം പറയാൻ പോലും അർഹതയില്ലാത്ത വെറും നികൃഷ്ടരായിക്കാണുന്ന പ്രവണത നന്നല്ല”.

അടികൊള്ളുകയും കേസ് വരിക്കുകയും ചെയ്ത പാർട്ടിഭേദമന്യേ എല്ലാവരോടുമുള്ള തികഞ്ഞ കൃതജ്ഞത പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പക്ഷെ ആ നന്ദിയെ ഒരു കൂച്ചുവിലങ്ങായോ വായ്മൂടിക്കെട്ടാനുള്ള കാരണമായോ ഉപയോഗിക്കാൻ ആരെയും സമ്മതിക്കില്ല.

ശബരിമല സമരം ആരംഭിക്കുകയും ഇത് ‘സുവര്‍ണാവസര’മാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പ്രഖ്യാപിക്കുകയും ചെയ്ത് ആര്‍എസ്എസ്-ബിജെപി നേതൃത്വം സമരം ശക്തമാക്കുകയും ചെയ്തത് മുതല്‍ ശബരിമലയില്‍ നിന്ന് ഒരു വിഭാഗത്തെ മാറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്‍ നിരന്തരമായി നടന്നിട്ടുണ്ട്. ശബരിമല സമരം എങ്ങനെ ചിട്ടപ്പെടുത്തി എന്നതിനെക്കുറിച്ച് അഴിമുഖം ആ സമയത്ത് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇതാണ്:  [ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം] ഈ റിപ്പോര്‍ട്ടില്‍ റെഡി ടു വെയിറ്റ് പ്രസ്ഥാനം എങ്ങനെയാണ് സമരം സജീവമാക്കാന്‍ ശ്രമിച്ചത് എന്നതിനെ കുറിച്ച് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്.

മറ്റൊന്നായിരുന്നു മുന്‍ വിഎച്ച്പി നേതാവും ഇപ്പോള്‍ ആര്‍എസ്എസ്-ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ പ്രവീണ്‍ തൊഗാഡിയ ശബരിമല സമരം ഏറ്റെടുക്കുന്നതിനു മുന്നേ ബിജെപി ഇതിലേക്ക് എടുത്തു ചാടിയ സംഭവം. തൊഗാഡിയയെ ശബരിമലയില്‍ കൊണ്ടുവന്നു പ്രക്ഷോഭം ആളിക്കത്തിക്കാന്‍ പ്രതീഷ് വിശ്വനാഥനും കൂട്ടരും ശ്രമിക്കുന്നതിനിടെയായിരുന്നു ബിജെപി നേതൃത്വം പൊടുന്നെ സമരം പ്രഖ്യാപിച്ചത്. പി.എസ് ശ്രീധരന്‍ പിള്ള പിന്നീട് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴൊക്കെ ആവര്‍ത്തിക്കുന്ന ‘ഗുജറാത്തില്‍ നിന്നുള്ള ഒരു നേതാവ്’ തൊഗാഡിയയാണ്- [ശബരിമല: രാഹുല്‍ ഈശ്വറിനേയും പ്രതീഷ് വിശ്വനാഥനേയും സംഘപരിവാറും കര്‍മസമിതിയും തള്ളിപ്പറയുന്നതിന് പിന്നില്‍]അങ്ങനെ തൊഗാഡിയ, പിന്നാലെ രാഹുല്‍ ഈശ്വര്‍ തുടങ്ങിയവരെയും പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍ നിന്ന് ഒഴിവാക്കി ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള, ബിജെപിക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ രൂപം കൊടുത്തതായിരുന്നു ശബരിമല സമരം എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന തമ്മിലടിയിലൂടെ വെളിവാകുന്നത്.

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന നിലപാട് തുടക്കത്തില്‍ സ്വീകരിക്കുകയും പിന്നീട് മറുകണ്ടം ചാടുകയും ചെയ്ത ആര്‍എസ്എസില്‍ തന്നെ ഇപ്പോഴും യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നവരുണ്ട്. ആര്‍ ഹരി അടക്കമുള്ളവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഈ നിലപാടുമായി രംഗത്തു വന്നതും പത്മ പിള്ള അടക്കമുള്ളവര്‍ ഇത് ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടി രംഗത്തു വന്നതും ആര്‍എസ്എസിന്റെ പേരില്‍ ഇക്കാര്യത്തില്‍ പരസ്യ പ്രസ്താവന പാടില്ലെന്ന് സംഘടനയുടെ കേരള തലവന്‍ ഗോപാലന്‍ കുട്ടി മാസ്റ്റര്‍ പ്രസ്താവിച്ചതും ശ്രദ്ധിക്കേണ്ടതുണ്ട്. [ആര്‍എസ്എസില്‍ ‘റെഡി ടു വെയിറ്റ്’, ‘കെ.പി യോഹന്നാന്‍ വിഭാഗ’ങ്ങള്‍ തമ്മില്‍ തെറിവിളിയും പോരും; ശബരിമല യുവതിപ്രവേശനത്തില്‍ പരസ്യ പോര് വിലക്കി നേതൃത്വം]

ശബരിമലയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന തര്‍ക്കങ്ങള്‍ യുവതീ പ്രവേശനവുമായി മാത്രം ബന്ധപ്പെടുത്തരുതെന്നും ഇതുവഴി ഉണ്ടായിട്ടുള്ള ഹിന്ദു ഏകീകരണത്തെ മുന്നോട്ടു കൊണ്ടുപോവുകയും രാഷ്ട്രീയമായി ഉപയോഗിക്കാനുമുള്ള വഴിയായി മാറ്റിയെടുക്കുകയും വേണമെന്നതാണ് ഔദ്യോഗിക വിഭാഗത്തിന്റെ നിലപാട് എങ്കില്‍ തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്ന തോന്നലാണ് മറുഭാഗത്തിന്. സുപ്രീം കോടതി വിധി നിലനില്‍ക്കുകയും ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുകയും ചെയ്ത സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ ഇതൊരു സാധാരണ സംഭവം ആകുമെന്നും സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിര്‍ക്കാന്‍ കഴിയില്ലെന്നും ആര്‍എസ്എസ് നേതൃത്വം കണക്കുകൂട്ടുമ്പോള്‍ ആചാര സംരക്ഷണം എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തിയും നഷ്ടപ്പെടുകയാണെന്ന് മറുഭാഗവും തിരിച്ചറിയുന്നതിന്റെ പൊട്ടിത്തെറികളാണ് ഇപ്പോള്‍ നടക്കുന്നത് എന്നാണ് ഈ വിഷയങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ പറയുന്നത്. ഒപ്പം, വിഷയത്തെ സജീവമാക്കി നിലനിര്‍ത്താനും എപ്പോള്‍ വേണമെങ്കിലും തീവ്രരൂപത്തിലേക്ക് മാറ്റിയെടുക്കാന്‍ കഴിയുന്ന സാഹചര്യവും ഒരുക്കിയെടുക്കാനുമുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത് എന്നും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍