UPDATES

വനിതാ മതില്‍: പ്രതീക്ഷിക്കുന്നത് 30 ലക്ഷം പേരെ, അവസാനവട്ട ഒരുക്കങ്ങള്‍ തകൃതി- അറിയേണ്ടതെല്ലാം

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ മതില്‍ തീര്‍ക്കുന്നതിന് പരമാവധി സ്ത്രീകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് വനിതാ മതിലിന് നേതൃത്വം നല്‍കുന്ന സര്‍ക്കാരും സമുദായസംഘടനകളും പാര്‍ട്ടി പ്രവര്‍ത്തകരും.

വനിതാ മതിലിന് ഇനി രണ്ട് ദിവസം. ചേര്‍ന്നും ചേര്‍ത്തും വിയോജിച്ചും വിമര്‍ശിച്ചും പല കൂട്ടങ്ങള്‍ വനിതാ മതിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളും സംവാദങ്ങളും തുടരുമ്പോള്‍ അവസാനവട്ട ഒരുക്കങ്ങളിലാണ് സംഘാടകര്‍. കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നിരത്തില്‍ മതില്‍ തീര്‍ക്കുന്നതിന് പരമാവധി സ്ത്രീകളെ എത്തിക്കാനുള്ള ശ്രമത്തിലാണ് വനിതാ മതിലിന് നേതൃത്വം നല്‍കുന്ന സര്‍ക്കാരും സമുദായസംഘടനകളും പാര്‍ട്ടി പ്രവര്‍ത്തകരും. ജനുവരി ഒന്നിന് നാല് മണിക്കാണ് വനിതകള്‍ മതില്‍ തീര്‍ക്കുക. ഇതിന് മുന്നോടിയായി മൂന്നരയോടെ ട്രയല്‍റണ്ണും നടക്കും. 15 മിനിറ്റ് നീണ്ടു നില്‍ക്കുന്ന വനിതാ മതിലിന് ശേഷം പങ്കെടുത്തവര്‍ പ്രതിജ്ഞ ചൊല്ലും, തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ പൊതുയോഗങ്ങള്‍ നടക്കും. ഇതിനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നു.

കാസര്‍ഗോഡ്‌ മുതല്‍ തിരുവനന്തപുരം വരെയുള്ള 620 കിലോമീറ്റര്‍ ദൂരത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ 30 ലക്ഷത്തോളം സ്ത്രീകള്‍ അണിനിരക്കും എന്നാണ് സംഘാടകര്‍ പറയുന്നത്. നവോത്ഥാന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഏകദേശം 176 സംഘടനകൾക്ക് പുറമെ രാഷ്ട്രീയ സാമൂഹൃ സാംസ്കാരിക രംഗത്തെ നിരവധി സംഘടനകളും അണിചേരും. എന്‍എസ്എസ് തുടക്കത്തിലേ ആലോചനാ യോഗം മുതല്‍ ഇതില്‍ പങ്കാളികളല്ല. കേരള ധീവര മഹാസഭ, വിഎസ്ഡിപി, കേരള ബ്രാഹ്മണ സഭ എന്നിവയും വനിതാ മതിലില്‍ പങ്കെടുക്കുന്നില്ല. എസ്എന്‍ഡിപി യോഗം ആറു ലക്ഷം പേരെയും കെപിഎംഎസ് അഞ്ചു ലക്ഷം പേരെയും സംഘടിപ്പിക്കുമ്പോള്‍ മറ്റു സമുദായ സംഘടനകള്‍ എല്ലാവരും ചേര്‍ന്ന് 10 ലക്ഷത്തിനു മുകളില്‍ സ്ത്രീകളെയും അണി നിരത്തും.

വനിതാ മതിലിനായി ജില്ല, നിയോജകമണ്ഡലം, പഞ്ചായത്ത് തലങ്ങളില്‍ സംഘാടക സമിതികള്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ ഈ സംഘാടക സമിതിവഴി ഏകീകരിച്ചുള്ള പ്രവര്‍ത്തനമല്ല നടക്കുന്നതെന്ന വിവരമാണ് വിവിധ സാമുദായിക രാഷ്ട്രീയ സംഘടനാ പ്രതിനിധികള്‍ നല്‍കുന്നത്. സമുദായ സംഘടനാ പ്രവര്‍ത്തകരും രാഷ്ട്രീയ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും ഒറ്റതിരിഞ്ഞുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. വീടുവീടാന്തരം കയറിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാനിച്ചെങ്കിലും അവസാന വട്ട പ്രചരണങ്ങളുമായി വിവിധ സംഘടനാ പ്രതിനിധികള്‍ രംഗത്തുണ്ട്. നോട്ടീസുകള്‍ വിതരണം ചെയ്തും വീടുവീടാന്തരം കയറി വനിതാ മതിലില്‍ പങ്കെടുക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയും സമുദായ, രാഷ്ട്രീയ സംഘടനകള്‍ പ്രചരണങ്ങള്‍ തുടരുകയാണ്. വിദ്യാര്‍ഥികളടക്കം പരമാവധിയാളുകളെ മതില്‍ തീര്‍ക്കാന്‍ എത്തിക്കാനുള്ള പരിശ്രമത്തിലാണ് പ്രവര്‍ത്തകര്‍. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും അയല്‍ക്കൂട്ടം അംഗങ്ങള്‍ക്കുമെല്ലാം പ്രത്യേകം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായും പ്രവര്‍ത്തകര്‍ പറയുന്നു. നിര്‍ബന്ധിതമായി വനിതാ മതിലില്‍ പങ്കെടുക്കണമെന്ന നിര്‍ദ്ദേശങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി ചില സ്ത്രീകള്‍ രംഗത്ത് വന്നിട്ടുമുണ്ട്. കഴിഞ്ഞ ദിവസം കൊല്ലം ജില്ലയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

Also Read: വനിതാ മതില്‍ രഹസ്യമായി സംഘടിപ്പിക്കുന്നതല്ല, അത് എന്തിനെന്ന് പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് ഇവിടെയുള്ളത്- മുഖ്യമന്ത്രി പിണറായി വിജയന്‍

നവോത്ഥാന മൂല്യങ്ങളുടെ വീണ്ടെടുപ്പിനും നിലനില്‍പ്പിനും വനിതകള്‍ക്ക് തനതായ അസ്തിത്വം ഉറപ്പുവരുത്തുന്നതിനുമായി ജീവനക്കാര്‍ വനിതാ മതിലില്‍ പങ്കെടുക്കുന്നത് അനുയോജിതമായിരിക്കും എന്ന് കെഎസ്ഇബിയടക്കം വിവിധ വകുപ്പുകള്‍ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തിട്ടുണ്ട്. നിര്‍ബന്ധിച്ച് ആരേയും വനിതാ മതിലില്‍ പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ച് പറയുമ്പോഴും വിവിധ വകുപ്പുകള്‍ വഴി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് വിവിരം. ടെക്കികളെ വനിതാ മതിലില്‍ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം കളക്ടര്‍ കെ വാസുകി ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശ് നായര്‍ക്ക് കത്ത് നല്‍കി. ഇത്തരത്തില്‍ വനിതാ മതിലിന്റെ പ്രസക്തി ചൂണ്ടിക്കാട്ടി സ്ത്രീകളെ മതിലില്‍ അണിചേര്‍ക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.

നിരവധി സെലിബ്രിറ്റികളും സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും മതിലിന് പിന്തുണയറിയിച്ച് രംഗത്ത് വന്നിട്ടുണ്ട്. സി.കെ ജാനു, എഴുത്തുകാരായ എം ലീലാവതി, പി വത്സല, ഖദീജ മുംതാസ്, സാവിത്രി രാജീവന്‍, ബി.എം സുഹ്‌റ, മാനസി, അഷിത, കെ.പി സുധീര, ചലച്ചിത്ര മേഖലയില്‍ നിന്നുള്ള പാര്‍വതി, റിമ കല്ലിങ്ങല്‍, രമ്യ നമ്പീശന്‍, ബിനാ പോള്‍, ഗീതു മോഹന്‍ദാസ്, ഭാഗ്യലക്ഷ്മി, മുത്തുമണി, സജിതാ മഠത്തില്‍,  അത്‌ലറ്റുകളായ മേഴ്‌സിക്കുട്ടന്‍, പ്രീജാ ശ്രീധരന്‍ തുടങ്ങിയവര്‍ ഇതിനകം തന്നെ പിന്തുണയറിയിച്ചിട്ടുണ്ട്.

ഗാനങ്ങളും പരസ്യചിത്രങ്ങളും ഉപയോഗിച്ചുള്ള പ്രചരണങ്ങളും നടക്കുന്നുണ്ട്. വനിതാമതിലിനുള്ള പ്രതിജ്ഞയും കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അതേസമയം വിഎസ് അച്യുതാനന്ദന്‍ ഇടഞ്ഞ് നിന്നതും പിന്നീട് കാനം രാജേന്ദ്രനുള്ള മറുപടി എന്നോണം, മനസ്സില്‍ മതിലുള്ളവരാണ് താന്‍ വനിതാ മതിലിന് എതിരാണെന്ന് പറയുന്നതെന്ന പ്രസ്താവനയും, ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അഴകൊഴമ്പന്‍ പ്രസ്താവനയും വനിതാ മതിലുമായി ബന്ധപ്പെട്ടുണ്ടായ മറ്റു കാര്യങ്ങളാണ്.

Also Read: സെറ്റുമുണ്ടും അയ്യപ്പജ്യോതിയും കൊണ്ട് അവര്‍ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുമ്പോള്‍ ഞാന്‍ മലയും കയറും വനിതാ മതിലിലും പങ്കെടുക്കും; ബിന്ദു തങ്കം കല്യാണി സംസാരിക്കുന്നു

ജില്ലകളില്‍ മന്ത്രിമാര്‍ പങ്കെടുക്കും

വനിതാ മതിലിന് ഐക്യദാര്‍ഢ്യവുമായി ജില്ലകളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും കടകംപള്ളി സുരേന്ദ്രന്‍, ഡോ. ടി എം തോമസ് ഐസക് എന്നിവരും തിരുവനന്തപുരം ജില്ലയിലെ യോഗങ്ങളില്‍ സംബന്ധിക്കും.

മറ്റ് ജില്ലകളും പങ്കെടുക്കുന്ന മന്ത്രിമാരും ക്രമത്തില്‍

ഇ പി ജയരാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ- കണ്ണൂര്‍, കെ. രാജു, പി തിലോത്തമന്‍, ജി സുധാകരന്‍- ആലപ്പുഴ, എ സി മൊയ്തീന്‍, എംഎം മണി- എറണാകുളം, സി രവീന്ദ്രനാഥ്, വി എസ് സുനില്‍കുമാര്‍- തൃശൂര്‍, എ കെ ബാലന്‍, കെ കൃഷ്ണന്‍കുട്ടി- പാലക്കാട്, കെ ടി ജലീല്‍- മലപ്പുറം, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍- കോഴിക്കോട്, ഇ ചന്ദ്രശേഖരന്‍, കെ കെ ശൈലജ- കാസര്‍ഗോഡ്- കെ.കെ ശൈലജയാണ് മതിലിന്റെ ആദ്യത്തെ കണ്ണി.

വനിതാ മതില്‍ ഇതുവഴി

കാസര്‍കോഡ് നിന്ന് വെള്ളയമ്പലം വരെയാണ് മതില്‍ തീര്‍ക്കുന്നത്. ജനുവരി ഒന്നിന് വൈകിട്ട് മതിലിന്റെ വഴിയിങ്ങനെ:

കാസര്‍ഗോഡ്‌ താലൂക്ക് ഓഫീസിനടുത്തുള്ള മല്ലികാര്‍ജുന ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന മതില്‍ തിരുവനന്തപുറം വെള്ളയമ്പലത്ത് അയ്യങ്കാളി പ്രതിമയ്ക്ക് മുന്നിലാണ് സമാപിക്കുന്നത്.

കാസര്‍കോഡ് ചന്ദ്രഗിരിപാലം വഴി കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണൂര്‍, തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട് (മുതലക്കുളം), രാമനാട്ടുകര, കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, പുലാമന്തോള്‍, പട്ടാമ്പി, തൃശൂര്‍, ഒല്ലൂര്‍, ചാലക്കുടി, കൊരട്ടി, കറുകുറ്റി, അങ്കമാലി, ആലുവ, എടപ്പള്ളി, വൈറ്റില, അരൂര്‍, ചേര്‍ത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, ഓച്ചിറ, കരുനാഗപ്പള്ളി, കൊല്ലം, കൊട്ടിയം, ചാത്തന്നൂര്‍, പാരിപ്പള്ളി, കടമ്പാട്ടുകോണം, ആറ്റിങ്ങല്‍, കഴക്കൂട്ടം, കേശവദാസപുരം, പിഎംജി, മ്യൂസിയം, വെള്ളയമ്പലം.

കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നായി ആറു ലക്ഷം പേര്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തി വരെ ഉണ്ടാകുമെന്നാണ് സംഘാടകര്‍ പറയുന്നത്. വയനാട്ടില്‍ നിന്നുള്ള സ്ത്രീകളും കോഴിക്കോട് ജില്ലയില്‍ അണിനിരക്കുന്നതിനാല്‍ ഇവിടെ മാത്രം മൂന്നര ലക്ഷം സ്ത്രീകളെയാണ് പ്രതീക്ഷിക്കുന്നത്.

Also Read: വനിതാ മതിൽ ലോക റിക്കോർഡിലേക്ക്?

മലപ്പുറം ജില്ലയില്‍ പാലക്കാട് അതിര്‍ത്തി വരെ രണ്ടു ലക്ഷത്തിനടത്ത് സ്ത്രീകളും പാലക്കാട് ജില്ലയില്‍ രണ്ടു ലക്ഷം സ്ത്രീകളും തൃശൂരില്‍ മൂന്നു ലക്ഷം സ്ത്രീകളും പങ്കെടുക്കുമെന്ന് സംഘാടകര്‍ പറയുന്നു.

എറണാകുളം ജില്ലയില്‍ ഇടുക്കി ജില്ലയില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുലക്ഷം സ്ത്രീകള്‍ മതിലിന്റെ ഭാഗമാകും. വനിതാ മതില്‍ നടക്കുന്നത് ദേശീയപാത-47-ല്‍ കൂടിയായതിനാല്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള സ്ത്രീകള്‍ ആലപ്പുഴ ജില്ലയിലെ മതിലിലാണ് ചേരിക. ഇവിടെ നാലു ലക്ഷത്തോളം പേരെയാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.

കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ മൂന്നുലക്ഷം സ്ത്രീകള്‍ വീതം വനിതാ മതിലില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പറയുന്നു.

Also Read: ‘കണ്ട പെലയന്മാരുടെയും ചോവന്മാരുടെയും കൂടെ മോളെ മതില് പണിക്ക് വിട്ടാല്‍ അതിലൊരുത്തന്റെ കൂടെ അവളിറങ്ങിപ്പോകുന്നത് കാണേണ്ടിവരും’; ഇങ്ങനെയാണ് ജാതി ഒളിച്ചു കടത്തുന്നത്

Also Read: എന്തുകൊണ്ട് ഞങ്ങള്‍ ‘ചരിത്രത്തിന്റെ ചവറ്റുകോട്ട’യിലേക്ക് പോകാന്‍ തീരുമാനിച്ചു? വനിതാ മതിലിനോടുള്ള വിയോജിപ്പ് വിശദീകരിച്ചു പി ഗീത

Also Read: വനിതാ മതില്‍ നടക്കുക തന്നെ വേണം, പിന്തുണയ്ക്കുന്നു; പക്ഷേ ശബരിമലയില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ കാരണമുണ്ട്- സണ്ണി എം കപിക്കാട് സംസാരിക്കുന്നു

Also Read: മനിതിയടക്കമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാന്‍ പറ്റാത്തതിന്റെ പേരില്‍ വനിതാ മതില്‍ ബഹിഷ്കരിക്കുന്ന ഉപരിപ്ലവകാരികള്‍ അറിയാന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍