UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ നിന്നും പോലീസ് തിരിച്ചിറക്കിയ രേഷ്മയും ഷനിലയും അജ്ഞാതകേന്ദ്രത്തില്‍; സെല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു

പോലീസും സംഘപരിവാറും ഒന്നിച്ചതോടെ തങ്ങളുടെ പദ്ധതി പൊളിയുകയായിരുന്നു എന്ന് ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ ഫേസ്ബുക്ക് കൂട്ടായ്മ

പോലീസും സംഘപരിവാറും ഒന്നിച്ചതോടെ തങ്ങളുടെ പദ്ധതി പൊളിയുകയായിരുന്നു എന്ന് ശ്രേയസ് കണാരന്‍. മഞ്ജുവിനെ മലകയറ്റിയപ്പോള്‍ ഉണ്ടായ സൂക്ഷ്മതക്കുറവ് തങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായി. നടക്കുന്നതിനിടയില്‍ രേഷ്മയും കൂടെയുണ്ടായിരുന്നയാളും സംഘത്തില്‍ നിന്ന് വേര്‍പെട്ട് പോയതാണ് പിടിക്കപ്പെടാന്‍ കാരണമായത്. എന്നാല്‍ പോലീസ് തിരിച്ചിറക്കിയ രേഷ്മയും ഷനിലയും ഇപ്പോള്‍ എവിടെയെന്ന് അറിയില്ലെന്നും ശ്രേയസ് കണാരന്‍ അഴിമുഖത്തോട് പറഞ്ഞു.

ശ്രേയസ് കണാരന്‍ പറയുന്നതിങ്ങനെ, ‘ഞങ്ങളെ അവിടെ നിന്ന് ഇറക്കി രണ്ട് സംഘമായിട്ടാണ് തിരികെ വിട്ടത്. ഞാനടക്കം കുറച്ച് പേരെ എരുമേലിയില്‍ എത്തിച്ച് ഞങ്ങളുടെ വാഹനത്തില്‍ കോട്ടയത്തേക്കയച്ചു. എന്നാല്‍ രേഷ്മയും ഷനിലയും കൂടെയുണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികളും എവിടെയെന്ന് അറിയില്ല. അവരെ പോലീസ് എവിടേക്കോ മാറ്റിയിരിക്കുകയാണ്. ഇപ്പോഴും യാത്ര തുടരുകയാണെന്നാണ് അറിവ്. അവസാനം ലഭിച്ച വിവരമനുസരിച്ച് മൂവാറ്റുപുഴ ഭാഗത്തേക്കാണ് പോലീസ് വാഹനം പോവുന്നത്. സംഘത്തിലുണ്ടായിരുന്ന എല്ലാവരുടേയും ഫോണുകള്‍ ഇപ്പോള്‍ സ്വിച്ച്ഓഫ് ആണ്. എവിടേക്കാണ് അവരെ കൊണ്ടുപോവുന്നതെന്ന് ഇതേവരെ അറിയില്ല.

നേരത്തെ സ്ത്രീകള്‍ മലകയറിയപ്പോള്‍ അവരെ ആരും തിരിച്ചറിഞ്ഞിരുന്നില്ല. ദിവസേന അറുപതിലധികം യുവതികള്‍ ശബരിമലയില്‍ എത്തുന്നുണ്ടെന്നാണ് വിവരം. പക്ഷെ അവരെയെല്ലാം പോലീസ് തന്നെ മടക്കി അയക്കുകയാണ് ചെയ്യുന്നത്. പോലീസ് എല്ലാ ബസും കയറി പരിശോധിച്ച് സ്ത്രീകളുണ്ടെങ്കില്‍ തിരിച്ച് പറഞ്ഞയക്കുകയും ചെയ്യുന്നു. മഞ്ജുവിനെ ഞങ്ങളാണ് കയറ്റിയത്. അന്ന് മഞ്ജുവുമായി മല കയറുന്ന ദിവസം എന്റെ മുന്നില്‍ വച്ച് തെലുങ്കാന സ്വദേശിയായ ഒരു യുവതിയെ പോലീസ് തിരികെ അയച്ചു. പമ്പ വരെ പോയാല്‍ മതിയെന്ന അവരുടെ അഭ്യര്‍ഥന പോലും പോലീസ് മാനിച്ചില്ല. പോലീസ് തന്നെ യുവതികളെ തടഞ്ഞ് തിരിച്ചയക്കുന്നതിനാല്‍ സംഘപരിവാറിനും അല്‍പ്പം ജാഗ്രതക്കുറവുണ്ടായിരുന്നു. അതുകൊണ്ട് മഞ്ജുവിനെ കയറ്റാനായി.

പക്ഷെ മഞ്ജു കയറിയതിന് ശേഷം പോലീസിനൊപ്പം സംഘപരിവാര്‍ പ്രവര്‍ത്തകരും ജാഗ്രതയോടെയാണിരിക്കുന്നത്. അതുകൂടി മറികടക്കാന്‍ ശേഷിയുള്ളവരാണെങ്കിലേ ഇനി മലകയറാനൊക്കുകയുള്ളൂ. ഞങ്ങളുടെ ഭാഗത്തു നിന്നും സൂക്ഷ്മതക്കുറവ് ഉണ്ടായിട്ടുണ്ട്. പ്ലാന്‍ ചെയ്ത രീതിയില്‍ അവരെ കവര്‍ ചെയ്തുകൊണ്ടുപോവാനായില്ല.

Read More: കൊല്ലണം അപ്പാ എന്നാണ് അവരുടെ ശരണം വിളി; ദര്‍ശനത്തിന് അനുവദിക്കാതെ ശബരിമലയില്‍ നിന്നും തിരിച്ചിറക്കിയ യുവതികള്‍ പറയുന്നു

രേഷ്മയും കൂടെ ഒരു ആണ്‍കുട്ടിയും ഞങ്ങള്‍ക്ക് മുന്നിലായിപ്പോയി. നടന്നപ്പോള്‍ സംഘത്തില്‍ നിന്ന് വേര്‍പെട്ട് പോയതാണ്. അവരെ തടയുന്നത് ഞങ്ങള്‍ കാണുന്നുണ്ട്. ഞങ്ങളുടെ മുന്നിലും അവരുടെ പുറകിലുമുണ്ടായിരുന്ന ഒരാളാണ് ‘ഇത് യുവതിയാണ്’ എന്ന് വിളിച്ച് ഓടിച്ചെല്ലുന്നത്. ഒമ്പത് പേരാണ് ഞങ്ങളുടെ സംഘത്തിലുണ്ടായിരുന്നത്. രേഷ്മയും ഒരാണ്‍കുട്ടിയും ഒഴികെ ബാക്കി ഏഴ് പേരും ഒന്നിച്ച് തന്നെയായിരുന്നു. അത് ഞങ്ങളുടെ സംഘത്തിലുള്ളതല്ല എന്ന് ഭാവിച്ച് പോയിരുന്നെങ്കില്‍ ഷനിലയെയെങ്കിലും മലയില്‍ എത്തിക്കാമായിരുന്നു. പക്ഷെ രേഷ്മയെ ഇട്ടിട്ട് പോവാന്‍ പറ്റുന്ന അവസ്ഥയായിരുന്നില്ല. തടഞ്ഞെങ്കിലും പറ്റിയാല്‍ ഇന്ന് സായാഹ്ന പൂജയ്ക്ക് മുമ്പ് അവരെ തിരികെ ശബരിമലയിലെത്തിക്കാമെന്നാണ് ഞങ്ങള്‍ കരുതിയത്. പക്ഷെ പോലീസ് അവരെ മാറ്റിയ സ്ഥിതിക്ക് ഇനി അത് നടക്കില്ല.

ഇവര്‍ ഇരുവരും അടുത്ത കാലത്താണ് നവോഥാന കൂട്ടായ്മയുമായി ബന്ധപ്പെടുന്നത്. സത്യത്തില്‍ ഇന്നത്തെ പദ്ധതി പരാജയപ്പെടുമെന്ന ഒരു ചിന്ത ഞങ്ങള്‍ക്ക് നേരത്തെ തന്നെയുണ്ടായിരുന്നു. സാഹചര്യങ്ങളെ മറികടന്ന് മലകയറുന്നതിന് ആ സ്ത്രീകളെ മാനസികമായി തയ്യാറാക്കുന്നതില്‍ ഞങ്ങള്‍ക്ക് വീഴ്ച പറ്റി. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് യുവതികളെക്കൂടി മലയിലെത്തിക്കാമെന്ന ആലോചനയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അത്ര നല്ലതല്ല. ഈ അവസ്ഥയില്‍ അത് ദുഷ്‌ക്കരമായിരിക്കുമെന്ന് തോന്നുന്നു. അക്കാര്യം നവോഥാന കൂട്ടായ്മ യോഗത്തില്‍ തീരുമാനിക്കും.’

Read More: ശബരിമലയിലേക്ക് യുവതികള്‍ക്ക് ഒപ്പം പോവാന്‍ പത്ത് ആണുങ്ങളെ കിട്ടിയില്ല; കേരളത്തിലെ ‘ആണത്തം’ എന്ന അശ്ലീലം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍