UPDATES

കേരളം

51 യുവതികളുടെ കണക്കില്‍ തടഞ്ഞ് സര്‍ക്കാര്‍; വിവരങ്ങള്‍ പുറത്ത് വന്ന വഴി ഇങ്ങനെ

ദേശീയ മാധ്യമങ്ങളിലടക്കം ഈ വിഷയം ചര്‍ച്ചയായതോടെ സര്‍ക്കാരിന് 51 പേരുടെ ലിസ്റ്റ് തലവേദനയായിരിക്കുകയാണ്

51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന സര്‍ക്കാര്‍ കണക്ക് പൊളിഞ്ഞത് ഒരു കൂട്ടം അഭിഭാഷകരുടെ ‘ഓപ്പറേഷനി’ലൂടെ. സര്‍ക്കാര്‍ നല്‍കിയ രേഖകളില്‍ ദര്‍ശനം നടത്തിയവരുടെ ഫോണ്‍ നമ്പറുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഫോണ്‍നമ്പറും ഉള്‍പ്പെടുന്ന ലിസ്റ്റ് ചില അഭിഭാഷകര്‍ക്ക് ലഭിച്ചു. കോടതി ഹര്‍ജിയില്‍ ഉത്തരവ് പുറപ്പെടുവിച്ച മിനുറ്രുകള്‍ക്കകം തെലുങ്ക് ഭാഷ സംസാരിക്കാനറിയാവുന്ന ഒരു അഭിഭാഷകന്‍ ലിസ്റ്റില്‍ ആദ്യമുണ്ടായിരുന്ന സ്ത്രീയെ വിളിച്ച് സംസാരിച്ചു. പിന്നീട് അഭിഭാഷകര്‍ ലിസ്റ്റിലെ പലരോടുമായി സംസാരിച്ചു. ഇതില്‍ നിന്നാണ സര്‍ക്കാര്‍ നല്‍കിയത് തെറ്റായ രേഖയാണെന്ന വിവരം പുറത്തുവരുന്നത്. ദേശീയ മാധ്യമങ്ങളിലടക്കം ഈ വിഷയം ചര്‍ച്ചയായതോടെ സര്‍ക്കാരിന് 51 പേരുടെ ലിസ്റ്റ് തലവേദനയായിരിക്കുകയാണ്.

ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും പോലീസ് സംരക്ഷണമാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് സര്‍ക്കാര്‍ 51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന കണക്ക് നല്‍കിയത്. ഈ കണക്കില്‍ അവിശ്വാസം തോന്നിയ അഭിഭാഷകര്‍ കോടതിയില്‍ അത് ചോദ്യം ചെയ്തു. എന്നാല്‍ ഹര്‍ജിക്കാര്‍ക്ക് ദര്‍ശനം നല്‍കുക എന്നത് മാത്രമാണ് കോടതിയുടെ പരിഗണനാ വിഷയമെന്ന് പറഞ്ഞ കോടതി ‘എല്ലാം ഞങ്ങള്‍ക്കറിയാം’ എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു എന്നും അഭിഭാഷകര്‍ പറയുന്നു.
സുപ്രീംകോടതി അഭിഭാഷകനായ എം ആര്‍ അഭിലാഷ് പറയുന്നു ‘ കോടതിയില്‍ സര്‍ക്കാര്‍ ഈ കണക്ക് നല്‍കിയപ്പോള്‍ തന്നെ ഒരു സബ്മിഷനിലൂടെ ഞാന്‍ അത് ചോദ്യം ചെയ്തിരുന്നു. പ്രൊപ്പഗന്‍ഡുടെ ഭാഗമാണെന്ന് സംശയവും ഉന്നയിച്ചു. അതിന് കാരണമുണ്ട്. രണ്ട് സ്ത്രീകള്‍ കയറിക്കഴിഞ്ഞ് മൂന്നാമത്തെ സ്ത്രീ കയറിയെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ തന്നെയാണ് ഫൂട്ടേജ് പുറത്തുവിട്ടത്. മൂന്നാമത്തെ സ്ത്രീ കയറിയോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പതിനെട്ടാംപടിയ്ക്ക് സമീപം എന്ന് പറയുന്ന ഫൂട്ടേജ് പുറത്ത് വിട്ടത് സര്‍ക്കാര്‍ തന്നെയാണ്. കണക്ക് പ്രകാരമുള്ള 51 സ്ത്രീകള്‍ ശബരിമല ദര്‍ശനം നടത്തിയിരുന്നെങ്കില്‍ സര്‍ക്കാര്‍ തന്നെ അത് പബ്ലിക്കിനെ അറിയിക്കുമായിരുന്നു എന്ന കാര്യം വ്യക്തമാണ്. കോടതിയില്‍ ഈ വാദം ഉന്നയിച്ചപ്പോള്‍ ഈ കണക്ക് കോടതിയുടെ പരിഗണനയിലേ വരുന്ന വിഷയമല്ലെന്നും സംരക്ഷണം ചോദിച്ചു, അത് കൊടുക്കുന്നു എന്നാണ് കോടതി പറഞ്ഞത്. ദര്‍ശനം നടത്തിയ രണ്ട് യുവതികള്‍ക്ക് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്ന സമയത്ത് എത്ര യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് കണക്ക് നല്‍കിയത് സര്‍ക്കാരിന്റെ സ്ട്രാറ്റജിക് മൂവ് ആയിരിക്കാം. 22-ാം തീയതിയിലെ റിവ്യൂ ഹര്‍ജി പരിഗണിക്കുന്നതിന് മുന്നോടിയായുള്ള ഒരു മൂവ് ആയിരിക്കാം. പക്ഷെ ആ കണക്ക് സത്യസന്ധമല്ല എന്നിരിക്കെ അത് നല്‍കിയത് സര്‍ക്കാരിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യാനിടയുള്ള ഒന്നാണ്. കോടതി സര്‍ക്കാര്‍ നല്‍കിയ പേപ്പര്‍ പോലും വാങ്ങിയില്ല. നല്‍കിയ കണക്ക് ചോദ്യം ചെയ്തപ്പോള്‍ ‘ വീ നോ എവരിതിങ്’ എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് അറിയാവുന്നവര്‍ക്ക് മുഖത്തെ നീരസവും വ്യക്തമായിരുന്നു.

ആര്‍ക്ക് വേണമെങ്കിലും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ഒരാള്‍ക്ക് മറ്റൊരാളുടെ ഐഡിയിലും ചെയ്യാം. ഇതെല്ലാം യാഥാര്‍ഥ്യമായിരിക്കെ സത്യമല്ലാത്ത വിവരം പരമോന്നത കോടതിയെ ധരിപ്പിച്ചത് സര്‍ക്കാരിന്റെ നിരുത്തരവാദപരമായ സമീപമനമാണ്. പക്ഷെ ഞങ്ങളുടെ സംശയം ശരിയാണെന്ന് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ തന്നെ തെളിയുകയും ചെയ്തു. സര്‍ക്കാര്‍ സമര്‍പ്പിച്ചവരുടെ പേരുവിവരത്തോടൊപ്പം അഡ്രസ്സും ഫോണ്‍നമ്പറുമുള്ള ലിസ്റ്റ് കോണ്‍ഫിഡന്‍ഷ്യലായി ഞങ്ങള്‍ക്ക് കിട്ടിയിരുന്നു. സംശയം തോന്നിയതുകൊണ്ച് അതില്‍ ഏറ്റവും ആദ്യമുള്ളയാളെത്തന്നെ വിളിച്ചു. തെലുങ്ക് സംസാരിക്കാനറിയുന്ന ഒരു അഭിഭാഷകനാണ് വിളിച്ചത്. വിളിച്ചപ്പോള്‍ അവര്‍ക്ക് 59 വയസ്സുണ്ട്. പിന്നീട് കോടതിക്ക് പുറത്തു നിന്ന് തന്നെ ഞങ്ങള്‍ നാലഞ്ച് പേരെ വിളിച്ചു. അപ്പോഴെല്ലാം ലിസ്റ്റിലെ വിവരങ്ങള്‍ തെറ്റാണെന്ന വിവരങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്.’

സര്‍ക്കാര്‍ നല്‍കിയ കണക്കുകളില്‍ ദുരൂഹതയുണ്ടെന്ന് ദേശീയമാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. ലിസ്റ്റിലുള്ളവരെ നേരില്‍ പോയിക്കണ്ട് വ്യക്തിവിവര രേഖകള്‍ പരിശോധിച്ചും ചില മാധ്യമങ്ങള്‍ റിപ്പോര്‍്ട്ട് ചെയ്തു. സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ ഫോണ്‍ നമ്പറുകളില്ലാത്തതിനാല്‍ അത്തരം വിവരങ്ങളൊന്നും പുറത്തുവരില്ലെന്ന ധാരണയായിരുന്നിരിക്കാമെന്ന് അഭിഭാഷകര്‍ പറയുന്നു.

ഇതിനിടെ സര്‍ക്കാര്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന ലിസ്റ്റ് നല്‍കിയെങ്കിലും മന്ത്രി കടകംപള്ളി ഇതിന് വ്യക്തമായ ഉത്തരം നല്‍കിയില്ല. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത 51 യുവതികളുണ്ടെന്ന് ദേവസ്വം മന്ത്രി പറഞ്ഞു. എന്നാല്‍ ഇവരെല്ലാം ദര്‍ശനം നടത്തിയോ എന്ന ചോദ്യത്തിന് സന്നിധാനത്തെത്തി എന്ന് എങ്ങനെ ഉറപ്പിക്കാനാവും എന്ന മറുചോദ്യം ചോദിച്ച് മന്ത്രി ഒഴിയുകയായിരുന്നു. 51 പേരുടെ കണക്ക് സംബന്ധിച്ചും തനിക്ക് വ്യക്തതയില്ല എന്നും മന്ത്രി പറഞ്ഞു. ഓണ്‍ലന്‍ രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് 51 യുവതികള്‍ ശബരിമലയിലേക്ക് കടന്നുപോയി്ടുണ്ടെന്നല്ലാതെ അവര്‍ എപ്പോള്‍ പോയി എങ്ങനെ പോയി എന്നത് സംബന്ധിച്ച് തനിക്ക് അറിയില്ലെന്നും അത് പരിശോധിക്കാന്‍ സംവിധാനങ്ങള്‍ വേറെയുണ്ടായിരുന്നുവെന്നും മന്ത്രി കടകംപള്ളി പറയുന്നു.

ശബരിമല യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് 22ന് സുപ്രീംകോടതി വാദം കേള്‍ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ സത്യമല്ലാത്ത കണക്ക് നല്‍കിയത് ഒരുപക്ഷേ സര്‍ക്കാരിന് തിരിച്ചടിയാകാമെന്നാണ് വിലയിരുത്തല്‍. പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കവെ ഇക്കാര്യം കോടതിയില്‍ ഉന്നയിക്കാനാണ് എതിര്‍പക്ഷത്തിന്റെ നീക്കം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍