UPDATES

ട്രെന്‍ഡിങ്ങ്

അവരെ കാര്യങ്ങള്‍ ‘പറഞ്ഞ് മനസിലാക്കി’ തിരിച്ചയച്ചു, ശബരിമലയ്ക്ക് പോയ ട്രാന്‍സ്ജെന്‍ഡര്‍മാരെ തടഞ്ഞ സംഭവത്തില്‍ പോലീസ്

നിങ്ങള്‍ വേറെ പണിക്ക് പോവുന്നവരല്ലേ, ഭക്തരല്ലല്ലോ എന്ന് പറഞ്ഞ് ട്രാന്‍സ്ജെന്‍ഡര്‍മാരെ പോലീസ് അധിക്ഷേപിച്ചതായും ആരോപണം

ശബരിമലയിലേക്ക് പോയ ട്രാന്‍ജെന്‍ഡര്‍മാരെ പോലീസ് തടഞ്ഞ് തിരിച്ചയച്ചു. പുരുഷ വേഷത്തില്‍ പോയാല്‍ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നായിരുന്നു പോലീസിന്റെ നിലപാട്. ‘ട്രാന്‍ജെന്‍ഡര്‍ വേഷ’ത്തില്‍ തന്നെ പോയാല്‍ പ്രശ്നങ്ങള്‍ ഉണ്ടാവും എന്നു പറഞ്ഞാണ് പോലീസ് ഇവരെ തിരിച്ചയച്ചത്.

സംഭവത്തില്‍ ഡിവൈഎസ്പി എസ്. മധുസൂദനന്റെ പ്രതികരണം ഇങ്ങനെ: “നാല് പേരുടെ കൂട്ടത്തില്‍ വന്നിരുന്ന ഒരാള്‍ കഴിഞ്ഞ 13 വര്‍ഷമായി പുരുഷന്റെ വേഷത്തില്‍ തന്നെ ശബരിമലയില്‍ പോയിരുന്നയാളാണ്. ഇത്തവണ കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞ് ഈ വര്‍ഷം ട്രാന്‍സ്ജന്‍ഡറായി തന്നെ ശബരിമലയില്‍ പോവണമെന്ന് പറഞ്ഞെത്തിയപ്പോള്‍ ഞങ്ങള്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. അങ്ങനെ പോയാല്‍ പ്രശ്‌നങ്ങളുണ്ടാവും, അതുകൊണ്ട് നിങ്ങള്‍ ആലോചിച്ച് തീരുമാനമെടുക്കാന്‍ പോലീസ് പറഞ്ഞു. നിലയ്ക്കലില്‍ നിന്ന് പോലീസ് സംരക്ഷണമാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നിലയ്ക്കലില്‍ അന്വേഷിച്ചപ്പോള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് അനുവദിക്കാന്‍ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി. അവര്‍ തിരികെ പോയി”.

ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട നാല് ട്രാന്‍സ്ജന്‍ഡറുകളെയാണ് എരുമേലിയില്‍ പോലീസ് തടഞ്ഞത്. സ്ത്രീവേഷം മാറ്റി പുരുഷന്‍മാരുടെ വേഷം അണിഞ്ഞാല്‍ ശബരിമലയില്‍ ദര്‍ശനം അനുവദിക്കാമെന്നായിരുന്നു പോലീസ് നിലപാട്. എന്നാല്‍ ഇത് നിരസിച്ചതോടെ പോലീസ് ഇവരെ മടക്കിയയച്ചു. ഒടുവില്‍ ദര്‍ശനം നടത്താന്‍ പുരുഷവേഷവും ധരിക്കാം എന്ന് പറഞ്ഞിട്ടും പോലീസുകാര്‍ തങ്ങളെ മടക്കിയയക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു. നിലവില്‍ കോട്ടയം എസ് പി ഓഫീസിലാണ് നാല് പേരും.

ഇന്നലെ രാത്രിയാണ് ഇവര്‍ കെട്ടുനിറച്ച് എറണാകുളത്തു നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടത്. സ്‌പ്യെല്‍ബ്രാഞ്ചില്‍ തങ്ങള്‍ ശബരിമലയിലേക്ക് പോവുന്ന വിവരം അറിയിച്ചിരുന്നു. കെട്ടുനിറക്കുന്ന സമയത്തും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരോടൊപ്പം എറണാകുളത്തുണ്ടായിരുന്നു. ശബരിമല ദര്‍ശനത്തിന് പുറപ്പെട്ട നാലംഗ സംഘത്തിലെ അനന്യ പറയുന്നു: “ഞങ്ങള്‍ അവിടെ നിന്ന് ഒരു ടാക്‌സിയിലാണ് പുറപ്പെട്ടത്. നേരത്തെ തന്നെ ഞങ്ങള്‍ ശബരിമല ദര്‍ശനത്തിന് പോവുന്ന കാര്യം സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ അറിയിച്ചിരുന്നു. സംഘത്തിലുണ്ടായിരുന്ന രഞ്ജുവിന്റെ വീട്ടില്‍ നിന്നാണ് ഞങ്ങള്‍ കെട്ടുനിറച്ചത്. ആ സമയം സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥര്‍ അവിടെയുണ്ടായിരുന്നു. അവര്‍ കെട്ടുനിറക്കാന്‍ പോലും ഞങ്ങള്‍ക്ക് സഹായം നല്‍കി.

എന്നാല്‍ ടാക്‌സിയില്‍ കയറി പുറപ്പെട്ടതിന് ശേഷം ഞങ്ങള്‍ ഏത് വണ്ടിയിലാണ് പോവുന്നത്? എവിടെയെത്തി തുടങ്ങിയ വിവരങ്ങള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം വിളിച്ച് ചോദിച്ചിരുന്നു. പിന്നീട് തുടരെ ഫോണ്‍കോളുകളായിരുന്നു. നിലയ്ക്കല്‍ സ്‌റ്റേഷനില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞ് എരുമേലി പോലീസ് ആണ് വിളിച്ചത്. ഞങ്ങള്‍ എരുമേലിയിലെത്തിയപ്പോള്‍ പോലീസ് തടഞ്ഞു. ട്രാന്‍സ്ജന്‍ഡറുകളായ ഞങ്ങളെ അധിക്ഷേപിച്ചുകൊണ്ടാണ് പോലീസ് സംസാരിച്ചത്.

എരുമേലി ഡിവൈഎസ്പി മധുസൂധനന്റെ നേതൃത്വത്തിലുള്ള സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. നിങ്ങള്‍ ആണുങ്ങളല്ലേ, പെണ്ണുങ്ങളല്ലല്ലോ എന്നാണ് ഡിവൈഎസ്പി ചോദിച്ചത്. ഞങ്ങള്‍ ആണുങ്ങളുമല്ല, പെണ്ണുങ്ങളുമല്ല എന്ന് അദ്ദേഹത്തോട് പറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ വേഷത്തില്‍ വന്നാല്‍ മതി. പുരുഷന്‍മാരുടെ പോലെ ഷര്‍ട്ടും പാന്റ്‌സും അല്ലെങ്കില്‍ ഷര്‍ട്ടും മുണ്ടും ഇട്ടുകൊണ്ട് വന്നാല്‍ ശബരിമലയില്‍ കയറാം എന്നാണ് അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ വേറെ പണിക്ക് പോവുന്നവരല്ലേ, ഭക്തരല്ലല്ലോ എന്ന് പറഞ്ഞ് ഞങ്ങളുടെ ഭക്തിയേയും ഐഡന്റിറ്റിയേയും ചോദ്യം ചെയ്തു. അത്രയും നേരം ആവശ്യപ്പെട്ടിട്ടും പോലീസ് ഞങ്ങളെ ദര്‍ശനത്തിന് അനുവദിച്ചില്ല.

ഒടുവില്‍ ശബരിമലയില്‍ പോവണമെന്ന ആഗ്രഹമുണ്ടായിരുന്നതുകൊണ്ട് വേണമെങ്കില്‍ പുരുഷന്‍മാരുടെ വേഷത്തില്‍ ഞങ്ങള്‍ വരാം എന്ന് പോലീസിനോട് പറഞ്ഞു. പക്ഷെ അപ്പോ പോലീസ് വീണ്ടും സ്റ്റാന്‍ഡ് മാറ്റി. ഇത്രയും നേരം പറഞ്ഞിട്ടും കേട്ടില്ലല്ലോ, ഇനിയിപ്പോ എനിക്ക് കൊണ്ടുപോവാന്‍ സൗകര്യമില്ല എന്നാണ് ഡിവൈഎസ്പി പറഞ്ഞത്. ഞങ്ങള്‍ സംരക്ഷണം ആവശ്യപ്പെട്ട് എസ് പി ഹരികുമാര്‍ സാറിനെ കാണാന്‍ പോവുകയാണ്. അതിന് കോട്ടയം എസ് പി ഓഫീസില്‍ നില്‍ക്കുന്നു.”

അനന്യ, തൃപ്തി, രഞ്ജു, അവന്തിക എന്നിവരാണ് സംഘത്തിലുള്ളത്.

മലകയറണമെങ്കില്‍ ആണ്‍വേഷം ധരിക്കണമെന്ന് പോലീസ്, ‘മറ്റേ പണി’ക്ക് പോവുന്ന നിങ്ങള്‍ ഭക്തരല്ലല്ലോ’ എന്ന് ചോദ്യം; ശബരിമലക്ക് പുറപ്പെട്ട ട്രാന്‍സ്ജന്‍ഡര്‍മാരെ തടഞ്ഞു

ദർശനത്തിന് സുരക്ഷ തേടി ട്രാൻസ്ജെൻഡേഴ്‌സ്; യുവതികളടങ്ങുന്ന സംഘം ഡിസംബര്‍ 23ന് ശബരിമലയിലേക്ക്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍