UPDATES

വനിതാ മതില്‍ നടക്കുക തന്നെ വേണം, പിന്തുണയ്ക്കുന്നു; പക്ഷേ ശബരിമലയില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ കാരണമുണ്ട്- സണ്ണി എം കപിക്കാട് സംസാരിക്കുന്നു

സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം ശബരിമലയ്ക്ക് പോവും, തടയണമെങ്കില്‍ തടഞ്ഞോട്ടെ.

ദളിത്-ആദിവാസി സ്ത്രീകള്‍ ശബരിമലയില്‍ കയറുമെന്ന് പ്രഖ്യാപിക്കുന്നതിനൊപ്പം ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് നല്‍കിയ പിന്തുണ പിന്‍വലിക്കുന്നതായും ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ സണ്ണി എം കപിക്കാട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഈ വിഷയത്തിലുള്ള തന്റെ നിലപാട് വ്യക്തമാക്കുകയാണ് അദ്ദേഹം. വനിതാ മതില്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അ്‌ദ്ദേഹം അഭിപ്രായപ്പെടുന്നു.

എന്തുകൊണ്ട് വനിതാ മതില്‍ അനിവാര്യമാണ്?

നവോത്ഥാന മതില്‍ എന്ന ഒരാശയം മുന്നോട്ട് വരുന്നത് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളും വിവാദങ്ങളും എല്ലാം രൂപപ്പെട്ടതിന് ശേഷമാണ്. വനിതാ മതില്‍ തീരുമാനം വരുന്ന യോഗത്തില്‍ പങ്കെടുത്തയാളാണ് ഞാന്‍. മുഖ്യമന്ത്രി വ്യക്തമായ ഭാഷയില്‍ തന്നെ യോഗത്തില്‍ ചില കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നു. നമ്മുടെ നവോത്ഥാന മൂല്യങ്ങളേയും ജനാധിപത്യ മൂല്യങ്ങളേയും വെല്ലുവിളിക്കുന്ന അല്ലെങ്കില്‍ അട്ടിമറിക്കുന്ന പുതിയ ഒരു മൂവ്‌മെന്റ് ഇവിടെ രൂപപ്പെട്ട് വരുന്നു. അതിനെ നമ്മള്‍ പ്രതിരോധിക്കേണ്ടതുണ്ട്. കേരളത്തില്‍ നടന്ന നവോത്ഥാനത്തിന്റെ അടിസ്ഥാന പ്രകൃതം അത് കീഴ്ത്തട്ടില്‍ നിന്ന് ആരംഭിച്ചു എന്നതാണ്. കീഴ്ത്തട്ടിലുണ്ടായ നവോത്ഥാനത്തിന്റെ പ്രതിഫലനങ്ങളാണ് മുകള്‍ത്തട്ടില്‍ ഉണ്ടായത്. ഇങ്ങനെയായിരുന്നു നവോത്ഥാനത്തെക്കുറിച്ചുള്ള അപ്രോച്ച് അദ്ദേഹം ഉണ്ടാക്കിയത്. നമ്മളെല്ലാം വളരെക്കാലമായി പറയുന്ന നിലപാടാണ് അവിടെ ആവര്‍ത്തിക്കപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് അന്ന് അവിടെക്കൂടി ദളിത് പിന്നോക്ക സംഘടനകളെല്ലാം തന്നെ നവോത്ഥാന മതിലിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വരികയും കമ്മിറ്റിയില്‍ അംഗങ്ങളാവുകയും ചെയ്തത്.

ആ സമ്മേളനത്തിന്റെ ഒരു പ്രത്യേകത, എന്‍എസ്എസ് അടക്കമുള്ള സംഘങ്ങള്‍, ക്ഷത്രിയസംഘങ്ങള്‍, ബ്രാഹ്മണ സംഘങ്ങള്‍ ഒന്നും തന്നെ പങ്കെടുത്തിരുന്നില്ല. അവര്‍ ആ സമ്മേളനത്തെ ബഹിഷ്‌കരിക്കുകയായിരുന്നു. അവര്‍ ബഹിഷ്‌കരിച്ച സമ്മേളനം എന്ന നിലയ്ക്ക് തീരുമാനിച്ച വനിതാ മതില്‍ നടക്കേണ്ടതുണ്ട് എന്നതാണ് അതിന്റെ പൊളിറ്റിക്കലായ പ്രാധാന്യം. എന്നാല്‍ ആ യോഗത്തില്‍ നിന്ന് പുറത്ത് വന്ന് അതിന്റെ ചെയര്‍മാന്‍ തന്നെ ആ മതിലിന്റെ സാംഗത്യത്തെ ചോദ്യം ചെയ്യുന്ന പ്രസ്താവനയിറക്കുകയുണ്ടായി. വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത് ശബരിമലയുമായി ഇതിന് ബന്ധമില്ല, ശബരിമലയും മതിലും കൂട്ടിക്കുഴക്കേണ്ട എന്നാണ്. ശബരിമലയുടെ കോണ്‍ടക്‌സ്റ്റിലാണ് മതില്‍; എങ്കില്‍ മാത്രമേ മതിലിന് എന്തെങ്കിലും പ്രാധാന്യമുള്ളൂ. അത് ഇവര്‍ തന്നെ നിഷേധിക്കുന്നുണ്ടെങ്കില്‍ മതിലിന്റെ രാഷ്ട്രീയ പ്രാധാന്യവും അതിന്റെ നൈതികതയും ദുര്‍ബലപ്പെട്ടിട്ടുണ്ട് എന്നത് ഒരു യാഥാര്‍ഥ്യമാണ്. പാര്‍ട്ടി സെക്രട്ടറിയും ഏതാണ്ട് സമാനമായ കാര്യം തന്നെ പറയുകയുണ്ടായി. വനിതാ മതിലിന് ശബരിമലയായി ബന്ധമില്ല എന്ന്. അവര്‍ അത് തിരുത്തുകയാണ് ചെയ്യേണ്ടത്. കേരളത്തിലെ സംഘടിത സവര്‍ണ സമുദായങ്ങള്‍ വെല്ലുവിളിക്കുന്ന ഒരു ഘട്ടത്തില്‍, കേരളത്തിലെ ദളിത് പിന്നോക്ക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഒരു വനിതാ മതില്‍, പലരും അതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും, വളരെ വിജയകരമായിത്തന്നെ അത് നടക്കേണ്ടതുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. അത് വലിയ മുന്നേറ്റം കൊണ്ടുവരുമെന്ന് ഉദ്ദേശിക്കുന്നത് കൊണ്ടല്ല. കേരളത്തില്‍ അനിവാര്യമായി സംഭവിക്കേണ്ട ഒരു വിഭജനം നമുക്ക് അവിടെ കാണാന്‍ കഴിയും എന്നുള്ളതുകൊണ്ടാണ്. കേരളത്തിലെ ക്രിസ്ത്യന്‍, മുസ്ലിം സമുദായങ്ങളെ ഉള്‍പ്പെടുത്താത്ത വനിതാ മതിലിനോട് പലരും പ്രതികരിക്കുന്നതില്‍, അവര്‍ പറയുന്നതില്‍ ഒരു സത്യമുണ്ട്. പക്ഷെ ഇവര്‍ സ്വയം അത്തരത്തില്‍ ഒരു കെണിയിലേക്ക് ചെന്നുപെട്ടതാണ്. മതിലിന് ശബരിമലയായിട്ട് ബന്ധമില്ല എന്ന് പറഞ്ഞ പ്രസ്താവനയാണ് ഇവരെ കുടുക്കിലാക്കിയത്. അതുണ്ട് എന്ന് പറഞ്ഞിരുന്നെങ്കില്‍ ഇങ്ങനെയൊരു പ്രശ്‌നം തന്നെയുണ്ടാവില്ല.

ഇനി മുഖ്യമന്ത്രിയുടെ പുറകെ നടക്കില്ല, ശബരിമലയില്‍ ദളിത്, ആദിവാസി യുവതികള്‍ കയറിയിരിക്കും; പിണറായി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു- സണ്ണി.എം.കപിക്കാട്

എല്ലാ വിമര്‍ശനങ്ങളേയും ഉള്‍ക്കൊണ്ട് തന്നെ, വിമര്‍ശനങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തന്നെ പറയുകയാണെങ്കില്‍ കേരളത്തിലെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് മതിലിന്റെ കാര്യത്തില്‍ ഐക്യദാര്‍ഢ്യം ഉണ്ടാവേണ്ടതുണ്ട്. എനിക്കടക്കം വിമര്‍ശനങ്ങളുണ്ട്. പക്ഷെ അപ്പോള്‍ തന്നെ ഒരു മെഗാസ്ട്രക്ചറില്‍ ഇതിനെ കാണുമ്പോള്‍ എന്‍എസ്എസും കേരളത്തിലെ പ്രതിപക്ഷ നേതാവും അടക്കം ഇതിനെ നിഷേധിക്കുന്നുണ്ട്. ഇത് വര്‍ഗീയ മതില്‍ ആണെന്നാണ് അവര്‍ പറയുന്നത്. അതിന് നമ്മള്‍ കീഴ്‌പ്പെട്ടാല്‍, നവോത്ഥാനമതിലിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ മനസ്സിലാക്കാതിരുന്നാല്‍, ഏതെങ്കിലും തരത്തില്‍ വനിതാ മതില്‍ കേരളത്തില്‍ പരാജയപ്പട്ടാല്‍ അതുണ്ടാക്കാവുന്ന ഒരു ഇംപാക്ട് ഉണ്ട്. അതിന് നമ്മള്‍ നിന്നുകൊടുക്കാന്‍ പാടില്ല എന്നാണ് എനിക്കുള്ളത്.

എന്തുകൊണ്ട് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചു?

രണ്ട് തീരുമാനങ്ങളാണ് ഞാന്‍ പ്രസംഗത്തില്‍ വ്യക്തമാക്കിയത്. ഒന്ന്, ശബരിമല വിധി വരുമ്പോള്‍ ആ വിധി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചയാളാണ് പിണറായി വിജയന്‍. എന്നുമാത്രമല്ല വിധി നടപ്പാക്കാതിരിക്കാനുള്ള ഭരണപരമായ കൗശലങ്ങളൊന്നും നടത്താത്തയാളുമാണ്. ക്രമസമാധാന പ്രശ്‌നമുണ്ടെന്ന് കോടതിയെ അറിയിച്ച് നീട്ടി വയ്ക്കണം അല്ലെങ്കില്‍ സാവകാശം വേണം എന്നൊന്നും ആദ്യഘട്ടത്തില്‍ അദ്ദേഹം തീരുമാനമെടുത്തില്ല. വിധി നടപ്പിലാക്കും എന്ന ഉറച്ച തീരുമാനമെടുക്കുകയും നവോത്ഥാന പാരമ്പര്യത്തെക്കുറിച്ച് പഞ്ചായത്ത് തലത്തിലടക്കം പ്രചാരണങ്ങളൊക്കെ നടത്തുകയും ചെയ്തു. ആ ഘട്ടത്തില്‍, വിധി നടപ്പിലാക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെയാണ് നിരുപാധികം നമ്മള്‍ പിന്തുണച്ചത്. അത് പുന:പരിശോധിക്കണമെന്ന് തോന്നാന്‍ കാര്യമുണ്ട്. കഴിഞ്ഞ കുറേ കാലങ്ങളായി വിധി നടപ്പിലാക്കുന്നില്ല. അതില്‍ ഒന്നും പറയാനില്ല. കാരണം ഇപ്പോള്‍ തന്നെ വിധി നടപ്പാക്കണമെന്ന് പറഞ്ഞ് ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നതില്‍ വലിയ കഥയുണ്ടെന്ന് തോന്നുന്നില്ല. പക്ഷെ രംഗങ്ങള്‍ ഒന്ന് ശാന്തമായി വരുമ്പോള്‍ അത് നടപ്പിലാക്കും എന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം ഉണ്ട് മുഖ്യമന്ത്രിക്ക്. അത് നടപ്പിലാക്കിയില്ല എന്ന് മാത്രമല്ല, കഴിഞ്ഞ ദിവസം ട്രാന്‍സ്ജന്‍ഡേഴ്‌സ് അവിടെ ചെല്ലുന്ന സമയത്ത് അവിടെ കലഹിച്ചത് നാമജപഘോഷയാത്രക്കാരല്ല. പോലീസുകാരാണ് തടഞ്ഞത്. പോലീസ് തടഞ്ഞ് അപമാനിച്ച് ആ കുട്ടികളെ പറഞ്ഞുവിടുകയാണ് ചെയ്തത്. അത് തികച്ചും പ്രകോപനപരമായ കാര്യമാണ്. ട്രാന്‍സ്ജന്‍ഡേഴ്‌സ് പോലീസിനെ വിളിച്ച് സംരക്ഷണം വേണമെന്ന് പറയുന്നു, സംരക്ഷണം വേണമെങ്കില്‍ പോലീസ് സ്‌റ്റേഷനിലേക്ക് വരാന്‍ പറയുന്നു, വന്ന് കഴിയുമ്പോള്‍ ആണാണോ പെണ്ണാണോ എന്ന് പരിശോധിക്കണമെന്നൊക്കെ പറയുന്ന തരത്തിലുള്ള അധിക്ഷേപങ്ങളാണ് അവര്‍ നടത്തിയത്. അത് നമുക്ക് കണ്ടുകൊണ്ടിരിക്കാന്‍ പറ്റില്ല. അതില്‍ മുഖ്യമന്ത്രി ആക്ട് ചെയ്യണമായിരുന്നു എന്നതാണ് ഞാന്‍ പറഞ്ഞ ഒരു കാര്യം. പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്ന തരത്തില്‍ ആക്ട് ചെയ്യേണ്ടുന്ന ഒരു കാര്യമാണത്. അത്രയും ഗൗരവമുള്ള ഒരു കാര്യമാണ് നമ്മുടെ കണ്‍മുന്നില്‍ നടക്കുന്നത്. പോലീസുകാര്‍ തടഞ്ഞ് ആളുകളെ തിരിച്ചുവിടുന്ന ഒരു സ്ഥിതിവിശേഷം കേരളത്തിലുണ്ട്. ആ കുട്ടികളെ പറഞ്ഞുവിടുമ്പോള്‍ അവിടെ യാതൊരുവിധ സംഘര്‍ഷവുമില്ല. സംഘര്‍ഷമുണ്ടെങ്കില്‍, ശരി, അവരെ പറഞ്ഞുവിട്ടോട്ടെ. ഒരു സംഘര്‍ഷവുമില്ലാത്ത സാഹചര്യത്തില്‍ അവരെ പറഞ്ഞ് വിട്ടത് അധാര്‍മ്മികമായ നടപടിയായിരുന്നു. ആ അധാര്‍മ്മികതയെ മുന്‍നിര്‍ത്തിയിട്ടാണ് പിണറായി വിജയനുള്ള പിന്തുണ ഏകപക്ഷീയമായി പിന്‍വലിക്കുന്നു എന്നും എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുത്താല്‍ തിരിച്ച് ഒരു തീരുമാനമെടുക്കും എന്നും വ്യക്തമായ ഭാഷയിലാണ് ഞാന്‍ പറഞ്ഞത്. (ട്രാന്‍സ്ജന്‍ഡേഴ്‌സിനെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതില്‍ പ്രശ്നമില്ല എന്ന നിലപാട് തന്ത്രിയും പന്തളം കൊട്ടാരവും സ്വീകരിച്ചതോടെയാണ് കഴിഞ്ഞ ദിവസം അവര്‍ക്ക് പ്രവേശനം സാധ്യമായത്)

അഭിമുഖം/എം ഗീതാനന്ദന്‍: ബ്രാഹ്മണ കുത്തക അവസാനിപ്പിക്കണം; തന്ത്രികള്‍ ശബരിമലയുടെ പവിത്രത നശിപ്പിച്ചു

നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്ന ഒരുകാര്യം, വിധി നടപ്പിലാക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയെന്നതാണ്. പോലീസ് തന്നെ ആളുകളെ തിരികെ പറഞ്ഞുവിടുമ്പോള്‍ മനസ്സിലാകുന്ന ഒരു കാര്യം, ഇനി സര്‍ക്കാര്‍ ഒരു പക്ഷേ വിധി നടപ്പാക്കാന്‍ താത്പര്യമെടുത്തെന്ന് വരില്ല എന്നതാണ്. ഞങ്ങളുടെ നിലപാട് സുപ്രീം കോടതി വിധി നടപ്പിലാക്കണം എന്ന് തന്നെയാണ്. സുപ്രീം കോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുന്ന ഏതൊരു സാമൂഹിക സാഹചര്യത്തേയും പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കുണ്ട്. ദളിതര്‍ക്കും ആദിവാസികള്‍ക്കും മനുഷ്യജീവിതം സാധ്യമാക്കിയ ഒന്നാണ് ഭരണഘടന. ആ ഭരണഘടനയെ വെല്ലുവിളിക്കുകയും, ആ ഭരണഘടനയെ വ്യാഖ്യാനിച്ചുകൊണ്ട് നടപ്പിലാക്കിയ ഒരു വിധിയെ തടഞ്ഞുനിര്‍ത്തുകയും, സ്റ്റേറ്റ് തന്നെ അത് നടപ്പിലാക്കാന്‍ തയ്യാറാവാതിരിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ പിന്നെ നമ്മള്‍ നേരിട്ട് ആ വിധി നടപ്പിലാക്കുകയെന്നേയുള്ളൂ. അതില്‍ അമ്പലത്തില്‍ കയറണമെന്ന താത്പര്യമല്ല ഉള്ളത്. വിധി നടപ്പിലാക്കുക എന്നതാണ്. അത് ഞങ്ങളുടെ ആവശ്യമാണ്. സുപ്രീംകോടതി വിധി നടപ്പിലാകാതിരിക്കുക, ഭരണഘടന ദുര്‍ബലപ്പെടുക എന്നതിനെ വളരെ കോണ്‍ഷ്യസ് ആയി പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ഉത്തരവാദിത്തമായിരുന്നു എന്റെ പ്രസ്താവന. ഞങ്ങള്‍ക്ക് ആരെയും വെല്ലുവിളിക്കേണ്ട കാര്യമില്ല. ഞങ്ങള്‍ വരും, വേണമെങ്കില്‍ നിങ്ങള്‍ തടഞ്ഞോ എന്നേ പറയാനുള്ളൂ. അന്ന് ആ തീരുമാനമുണ്ടാവുന്നത് ട്രാന്‍സ്ജന്‍ഡര്‍ കുട്ടികളെ തടഞ്ഞ ഘട്ടത്തിലാണ്. ഞങ്ങളുടെ നേതൃത്വത്തില്‍ അവിടെ സ്ത്രീകളെ കയറ്റണമെന്ന താത്പര്യം ഇപ്പോഴുമില്ല. ആവശ്യമുള്ളവര്‍ പോവട്ടെ, സംരക്ഷണം കൊടുക്കട്ടെ എന്നതാണ് ഞങ്ങളുടെ നിലപാട്. കാരണം ഹിന്ദുത്വ സംവിധാനത്തിലേക്ക് ആളുകള്‍ പോവുന്നതിനോട് യാതൊരു താത്പര്യവുമില്ല. ഡിസംബര്‍ 25-ന് ഞങ്ങള്‍ യോഗം ചേരുന്നുണ്ട്. ആ യോഗത്തില്‍ എന്ന് പോവും എന്ന് തീരുമാനിക്കും. ഏതായാലും സ്ത്രീകളും പുരുഷന്‍മാരും അടങ്ങിയ സംഘം അവിടേക്ക് പോവും. തടയണമെങ്കില്‍ തടഞ്ഞോട്ടെ.

സ്ത്രീകളെ മാത്രമല്ല, ബ്രാഹ്മണനല്ലാത്ത ഈ പൂജാരിയേയും ശബരിമലയില്‍ കയറ്റില്ലെന്നാണ് അവര്‍ പറയുന്നത്

അഭിമുഖം/വെള്ളാപ്പള്ളി നടേശന്‍; എന്‍എസ്എസ്സും ആര്‍എസ്എസ്സും ഇരട്ട സഹോദരങ്ങള്‍, ശബരിമലയില്‍ നടക്കുന്നത് സവര്‍ണലോബിയുടെ സമരം

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍