UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയില്‍ സര്‍ക്കാരിന് അജണ്ടയുണ്ടെന്ന് നിരീക്ഷക സമിതി; പുരുഷന്മാര്‍ വിശ്വാസികളാണോയെന്ന് പരിശോധിക്കാറില്ല, സ്ത്രീകള്‍ക്ക് മാത്രമെന്തിന് പരിശോധനയെന്ന് സര്‍ക്കാര്‍

ബിന്ദുവിനും കനകദുര്‍ഗയ്ക്കും വിഐപി പരിഗണന നല്‍കിയെന്നും ഇവര്‍ എങ്ങനെ ശബരിമലയില്‍ എത്തിയെന്നത് വ്യകതമായിട്ടില്ലെന്നും കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിരീക്ഷക സമിതി

മകരവിളക്കിന് ശേഷവും ശബരിമലയിലെ സ്ത്രീ പ്രവേശനവും പ്രതിഷേധവും വാർത്തകളിൽ നിറയുകയാണ്. ദർശനം നടത്തണമെന്ന് ആവശ്യവുമായെത്തിയ യുവതികളെ പ്രതിഷേധക്കാർ സംഘം ചേർന്ന് തടഞ്ഞതായിരുന്നു ഇന്നലത്തെ ആദ്യവാർത്ത. ഇവരെ പോലീസ് ഇടപെട്ട് തിരിച്ചിറക്കി. ബലം പ്രയോഗിച്ച് തിരിച്ചിറക്കിയെന്നും, പോലീസ് നിസംഗത പാലിച്ചെന്നും ദർശനത്തിനെത്തിയ യുവതികൾ പിന്നീട് ആരോപിച്ചു. ഇതിന് പിറകെയാണ് ശബരിമലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഹൈക്കോടതി നിർദേശിച്ച നിരീക്ഷക സമിതി റിപ്പോർട്ട് സമർപ്പിച്ചത്. യുവതീ പ്രവേശന വിഷയത്തിൽ സർക്കാറിനെയും പോലീസിനെയും പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു റിപ്പോർട്ട്.

ജനുവരി 2-ന് മലപ്പുറം കോഴിക്കോട് സ്വദേശിനികളായ ബിന്ദു, കനകദുർഗ എന്നിവർ ശബരിമലയിലെത്തിയതിനെ കുറിച്ചുള്ള റിപ്പോർട്ടിലാണ് സമിതി പോലീസിനെതിരെ തിരിഞ്ഞത്. ശബരിമല സന്നിധാനത്ത് യുവതികള്‍ എങ്ങനെ എത്തിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന പരാമർശം. യുവതികൾക്കായി പ്രത്യേക പോലീസ് സഹായം ഒരുക്കി. വിഐപികളെ പരിഗണിക്കുന്നത് പോലെയാണ് ഇവരെ പരിഗണിച്ചത്. അഞ്ച് അജ്ഞാതരായ വ്യക്തികളാണ് ഇവർക്കൊപ്പം ഉണ്ടായത്. ഈ സാഹചര്യത്തിൽ പൊലീസുകാര്‍ കാവലുള്ള ഗേറ്റിലൂടെ ഏതുതരത്തിലാണ് ഇവർ കടന്നുപോയതെന്ന് വ്യക്തമല്ലെന്നും റിപ്പോർട്ട് പരാമർശിക്കുന്നു.

ഇതിന് പുറമെ ദർശനത്തിനും പ്രത്യേക സഹായം ഉണ്ടായി. സന്നിധാനത്തെ കൊടിമരത്തിന് മുന്നിലുള്ള ഗെയ്റ്റ് തുറന്ന് നേരിട്ടാണ് ഇവരെ കടത്തിവിട്ടത്. ദേവസ്വം ജീവനക്കാരെയും വിഐപികളേയും മാത്രമേ ഈ ഗെയ്റ്റിലൂടെ കടത്തിവിടാറുള്ളൂ എന്നിരിക്കെയാണ് ഇതുവഴി യുവതികൾ ദർശനം നടത്തിയതെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു. ശബരിമല പ്രതിഷേധങ്ങളിൽ പങ്കെടുത്തവരെ തിരുവാഭരണ ഘോഷയാത്രയിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചെന്നും നിരീക്ഷക സമിതി അറിയിച്ചു. തിരുവാഭരണഘോഷയാത്രയിൽ നിന്ന് പ്രതിഷേധക്കാരെ ഒഴിവാക്കരുതെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇത് പാലിക്കപ്പെട്ടില്ല. വിഷയത്തിൽ ജില്ലാ പൊലീസ് മേധാവിയെ സന്നിധാനത്തേക്ക് വിളിച്ചെങ്കിലും എത്തിയില്ലെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ ശബരിമലയിലെത്തുന്നത് യഥാർഥ ഭക്തരാണോ അല്ലയോ എന്നു പരിശോധിക്കുക പ്രായോഗികമല്ലെന്നാണ് വിഷയത്തിലെ സർക്കാർ നിലപാട്. രണ്ടു യുവതികൾ ജനുവരി രണ്ടിനു ശബരിമലയിൽ പ്രവേശിച്ചതിൽ സർക്കാരിനും പൊലീസിനും രഹസ്യ അജൻഡയുണ്ടായിരുന്നില്ലെന്നും സർക്കാർ‌ റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുകയെന്ന അജൻഡ പാലിക്കാൻ സർക്കാർ ശ്രമിച്ചു. മറിച്ചുള്ളവ ആരോപണം മാത്രമാണ്. ദർശനത്തിനെത്തുന്ന സ്ത്രീകളെ തിരഞ്ഞുപിടിച്ച് പശ്ചാത്തലവും ഭക്തിയും പരിശോധിക്കന്നത് ലിംഗവിവേചനമാകും. സുപ്രീംകോടതി അംഗീകരിച്ച അവകാശങ്ങൾ വിനിയോഗിച്ചാണ് ഇവർ ദർശനത്തിന് എത്തുന്നത്. എന്നാൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതു തടയുകയെന്ന ലക്ഷ്യം രാഷ്ട്രീയ പാർട്ടികൾക്കുണ്ടെന്നും സർക്കാർ പറയുന്നു.

ക്ഷേത്രത്തിന്റെയും ഭക്തരുടെയും സുരക്ഷയെ ബാധിക്കാത്തവിധം സാഹചര്യം കൈകാര്യം ചെയ്യാനേ പൊലീസിനു പറ്റൂ. ഇതാണ് ശബരിമലയിൽ നടപ്പാക്കാൻ ശ്രമിച്ചത്. യുവതികൾ വിശ്വാസികളല്ലെന്നു സർക്കാരിനു വിവരമില്ല. പുരുഷന്മാർ വിശ്വാസികളാണോ എന്നു പൊലീസ് പരിശോധിക്കാത്ത നിലയ്ക്ക് സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേക പരിശോധന വിവേചനമാകമെന്നും റിപ്പോർട്ട് പറയുന്നു.

പോലീസ് ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങൾ തീർഥാടനത്തെ ബാധിക്കുംവിധം പെരുമാറുകയും ചെയ്തിട്ടില്ല. ശബരിമല കർമസമിതി, ആചാരസംരക്ഷണ സമിതി തുടങ്ങി സംഘടനകളും ചില രാഷ്ട്രീയ പാർട്ടികളും രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിച്ചു. ഇവർ ശബരിമലയിലും സംസ്ഥാനം ഒട്ടാകെയും പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചു. യുവതികളുടെ സന്ദർശനമല്ല പ്രശ്നമുണ്ടാക്കിയതെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. യുവതികൾക്കു പിന്നിൽ മറ്റേതെങ്കിലും ഏജൻസികൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളില്ല. നിയമവിരുദ്ധ നടപടികളൊന്നും ഉണ്ടാവാതിരുന്നതിനാലും അവരുടെ സന്ദർശനത്തെക്കുറിച്ചു പുറമെയുള്ള ഏജൻസികൾ അന്വേഷിക്കണ്ട സാഹചര്യം നിലവിലില്ലെന്നും റിപ്പോർട്ടിൽ സർക്കാർ വ്യക്തമാക്കുന്നു.

എന്നാൽ ജനുവരി രണ്ടിന് യുവതികൾക്ക് ദർശനം നടത്താനായെങ്കിൽ ഇന്നലെ അതിന് സാധിച്ചില്ലെന്നതാണ് മറ്റൊരു പ്രത്യേകത. അന്ന് രണ്ടുപേർ‌ ദർശനം നടത്തി മടങ്ങിയ ശേഷമായിരന്നു വാർത്ത പുറത്ത വന്നത്. എന്നാൽ ഇത്തവണ മരക്കൂട്ടത്ത് വച്ച് തന്നെ തടയപ്പെട്ടു. മുന്നരമണിക്കൂറാണ് ഇന്നലെ യുവതികളെ പ്രതിഷേധക്കാൻ മരക്കൂട്ടത്ത് തടഞ്ഞ് വച്ചതെന്നതും ശ്രദ്ധേയമാണ്. കുടുതൽ ആളുകൾ സംഘടിക്കുന്നത് വരെ പോലീസ് കാത്തുനിന്നെന്നും ആരോപണമുണ്ട്. ഈ സാഹച്യത്തിലാണ് നിരീക്ഷക സമിതിപോലും പറയന്ന അജണ്ട എന്ന ആരോപണം വീണ്ടും ഉയരുന്നുത്. മകരവിളക്കിന് ശേഷം അനിഷ്ട സംഭവങ്ങൾ ഉണ്ടാവില്ലെന്ന നിഗമനത്തിൽ മേഖലയിൽ ഉണ്ടായിരുന്ന നിരോധനാജ്ഞ പിൻവലിച്ചതിന് പിറകെയാണ് ഇന്നലത്തെ യുവതികളെ തടയലെന്നതും ശ്രദ്ധേയമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍