UPDATES

കേരളം

കോര്‍പറേറ്റുകള്‍ക്ക് കടലും തീറെഴുതുന്നു; സാഗര്‍മാല മത്സ്യത്തൊഴിലാളികളുടെ അന്നം മുട്ടിക്കുമ്പോള്‍

കപ്പല്‍ചാല്‍ നിലവില്‍ വന്നാല്‍ ഭാവിയില്‍ ഈ മേഖലയില്‍ പ്രവേശനം നിഷേധിക്കപ്പെടാനിടയുണ്ടെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആശങ്കപ്പെടുന്നുണ്ട്.

2018 ഓഗസ്റ്റ് 7, മുനമ്പത്ത് നിന്ന് കടലില്‍ പണിക്ക് പോയ ഓഷ്യാന മത്സ്യബന്ധനബോട്ട്  കപ്പലിടിച്ച് മൂന്ന് പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2012 ഫെബ്രുവരി 15ന് കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ രണ്ട്
മത്സ്യബന്ധനത്തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്നു.

ഈ രണ്ട് വാര്‍ത്തകളും പ്രത്യക്ഷത്തില്‍ സാഗര്‍മാല പദ്ധതിയുമായി യാതൊരു ബന്ധവുമില്ല. പക്ഷേ കപ്പല്‍ചാലുകളെപ്പറ്റിയും കടല്‍നിയമങ്ങളെപ്പറ്റിയും കൂടുതല്‍ മനസിലാക്കിയാല്‍ ഈ രണ്ട് സംഭവങ്ങളും സാഗര്‍മാല പദ്ധതിയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലാക്കാവുന്നതാണ്.

കേന്ദ്ര ഫിഷറീസ് മന്ത്രാലയം നടപ്പാക്കാനിരിക്കുന്ന സാഗര്‍മാല പ്രോജക്ട് 12 തുറമുഖങ്ങളും 1208 ദ്വീപുകളും വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 415 സാഗര്‍മാല പദ്ധതികള്‍ക്കുമായി ഏകദേശം 8 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഉണ്ടാകുമെന്നും കണക്കാക്കുന്നു. 2030-തിനുള്ളില്‍ ഘട്ടംഘട്ടമായി പുതിയ തുറമുഖങ്ങള്‍ നിര്‍മിക്കുന്നതിനും നിലവിലുള്ളവ പുനരുദ്ധരിക്കുന്നതിനും മെച്ചപ്പെട്ട തുറമുഖ കണക്ടിവിറ്റിക്കും തുറമുഖവുമായി ബന്ധപ്പെട്ട വ്യവസായവത്കരണത്തിനും തീരദേശ സമൂഹ വികസനവുമാണ് സാഗര്‍മാലയിലൂടെ നടപ്പാക്കുക.

എന്നാല്‍ പദ്ധതിയെ തുടര്‍ന്നുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം അനുസരിച്ച് കച്ച് മുതല്‍ കന്യാകുമാരി വരെയുള്ള കടലില്‍, കരയില്‍ നിന്ന് 15 മുതല്‍ 20 നോട്ടിക്കല്‍ മൈല്‍ വീതിയില്‍ സാഗര്‍മാല പ്രോജക്ടുമായി അനുബന്ധിച്ച് കപ്പല്‍ ചാല്‍ നിര്‍മിക്കാന്‍ പോകുകയാണ്.
“പരമ്പരാഗത മല്‍സ്യത്തൊഴിലാളിക്ക് കടലില്‍ 200 നോട്ടിക്കല്‍ മൈല്‍ വരെ പോകാന്‍ നിലവില്‍ അവകാശമുണ്ട്. മത്സ്യസമ്പത്ത് ഏറെ കാണപ്പെടുന്നതും ഇവിടെയാണ്. ഈ 200 നോട്ടിക്കല്‍ മൈലിലാണ് പ്രസ്തുത കപ്പല്‍ ചാല്‍ നിര്‍മിക്കാനൊരുങ്ങുന്നത്”, നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ടി പീറ്റര്‍ പറയുന്നു.

“കപ്പല്‍ചാല്‍ വരുന്ന മേഖലകളിലാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ അധികവും പണിക്കായി പോകുന്നത്. അവരുടെ ഉപജീവനമാര്‍ഗമായിരുന്ന സ്ഥലത്ത് കപ്പല്‍ചാലാകുമ്പോള്‍ മത്സ്യദൗര്‍ലഭ്യത്തിന് ഉപരി തൊഴില്‍ നഷ്ടവും ഉണ്ടാകും. 590 കിലോമീറ്റര്‍ ദൂരമുള്ള കടല്‍ത്തീരം കോര്‍പറേറ്റുകള്‍ക്ക് അടിയറവ് വെച്ചാല്‍ മത്സ്യത്തൊഴിലാളി എന്ന വിഭാഗം ഇല്ലാതാവും. അതിനുള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. അതിനെതിരെയുള്ള കൃത്യമായ പ്രതിഷേധം മത്സ്യത്തൊഴിലാളികളുടെ ഭാഗത്ത് നിന്നുണ്ടാകും”, എഐടിയുസി മത്സ്യത്തൊഴിലാളി യൂണിയന്‍ നേതാവ് നെല്‍സണ്‍ അഭിപ്രായപ്പെട്ടു.

അന്താരാഷ്ട്ര നിയമപ്രകാരം ഒരു ഇന്നസെന്റ് പാസേജ് നിലവിലുണ്ട്. അപ്പോഴും സ്വദേശ, വിദേശ കപ്പലുകള്‍ നിയമം ലംഘിച്ച് കരയോടടുത്ത് വന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ചെറുവള്ളങ്ങളെയും കപ്പലുകളെയും മറിച്ചിടാറുണ്ട്. കൂടാതെ ഓഖി ദുരന്തത്തിന് ശേഷം ഉള്‍ക്കടലില്‍ പോകാന്‍ മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് ആശങ്കയുമുണ്ട്.

“15 മുതല്‍ 55 – 60 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പ്രദേശത്താണ് ആഴം കൂടുതലുള്ളത്. ആ പ്രദേശത്താണ് മീന്‍ കൂടുതല്‍ ലഭ്യമാകുക. അവിടെ നിന്നാണ് വല ഉപയോഗിച്ചും ഹൂക്ക് ഉപയോഗിച്ചും മീന്‍ പിടിക്കുക. അവിടെ വല ഇടാന്‍ പറ്റിയില്ലെങ്കില്‍ ഞങ്ങളുടെ പണി മുടങ്ങും. തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികള്‍ ഒഴുക്കന്‍ വല ഉപയോഗിച്ചാണ് മീന്‍ പിടിക്കുന്നത്. അഞ്ച് കിലോമീറ്റര്‍ മുതല്‍ 10 കിലോമീറ്റര്‍ നീളത്തിലുള്ള വല ഇരുപത്തി രണ്ട് മുതല്‍ നൂറ് നോട്ടിക്കല്‍ മൈലിനപ്പുറത്താണ് വിരിക്കുന്നത്. വല വള്ളത്തില്‍ വലിച്ചു കയറ്റുന്നതിന് അഞ്ചര മണിക്കൂര്‍ മുതല്‍ പത്തര മണിക്കൂര്‍ വരെ വേണം. ഈ പ്രദേശത്ത് കൂടെ കപ്പല്‍ പോകുമ്പോള്‍ കപ്പല്‍ തട്ടി വല മുറിഞ്ഞ് പോകും. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് അതിലൂടെ ഉണ്ടാകുന്നത്”, നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം അംഗം ആന്റോ ഏലിയാസ് വിശദീകരിച്ചു.

“റോഡുകളില്‍ നടക്കുന്ന അപകടം പോലെയല്ല കടലിലേത്. പലപ്പോഴും കപ്പല്‍ അടുത്തെത്തി കഴിയുമ്പോഴാണ് അറിയാന്‍ സാധിക്കുന്നത് തന്നെ. തീരത്തിന് അടുത്തുകൂടി പോകുന്ന കപ്പലുകള്‍ വല നശിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധി തവണ ഉണ്ടായിട്ടുണ്ട്. വല വിരിച്ചതിന് ശേഷം ബോട്ടില്‍ കിടന്നുറങ്ങാറാണ് പരമ്പാരാഗത മത്സ്യത്തൊഴിലാളികളുടെ പതിവ്. അതുകൊണ്ട് തന്നെ കപ്പല്‍ അടുത്തെത്തി കഴിയുമ്പോഴാകും മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് അറിയാന്‍ കഴിയുക. കൂടാതെ കപ്പല്‍ ഉണ്ടാക്കുന്ന ഓളങ്ങളില്‍ പെട്ട് ചെറുവള്ളങ്ങളും ബോട്ടുകളും മറിഞ്ഞ് അപകടം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. കടലില്‍ ഉണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ക്ക് മരണമടഞ്ഞാല്‍ മാത്രമേ നഷ്ടപരിഹാരം കിട്ടാറുള്ളൂ. മറ്റൊന്നിനും നഷ്ടപരിഹാരം കിട്ടാറില്ല’,‘ തിരുവനന്തപുരത്തെ തീരദേശവാസിയായ ഷിജു ബേസില്‍ പറയുന്നു.

കപ്പല്‍ചാല്‍ നിലവില്‍ വന്നാല്‍ ഭാവിയില്‍ ഈ മേഖലയില്‍ പ്രവേശനം നിഷേധിക്കപ്പെടാനിടയുണ്ടെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ആശങ്കപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ ഒക്ടോബര്‍ 30-തിന് ഗുജറാത്തിലെ കച്ച് മുതല്‍ കന്യാകുമാരി വരെയുള്ള തീരങ്ങളില്‍ കടല്‍പ്പണിക്ക് പോകുന്ന മത്സ്യബന്ധനത്തൊഴിലാളികള്‍ കടലില്‍ വള്ളങ്ങളും ബോട്ടുകളും അണിനിരത്തി പ്രതിഷേധസംഗമം നടത്തി. കരയില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലം പാലിച്ച് കപ്പല്‍ചാല്‍ നിര്‍മിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് കൊച്ചി സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ നേരിട്ട് കാണാനും മത്സ്യത്തൊഴിലാളികള്‍ ശ്രമിച്ചിരുന്നു. കേരളത്തില്‍ കൊച്ചി, ചെല്ലാനം, വിഴിഞ്ഞം എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്.

മീനകുമാരി കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ മംഗലാപുരത്ത് നിന്നും ശംഖുമുഖം വരെ ശക്തമായ കടല്‍യാത്ര നടത്തിയത് പോലെ സാഗര്‍മാലയ്‌ക്കെതിരെയും ശക്തമായ പ്രതിഷേധസമരങ്ങള്‍ നടപ്പാക്കുമെന്നും അതിനുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി നാഷണല്‍ ഫിഷര്‍ വര്‍ക്കേഴ്‌സ് ഫോറത്തിന്റെ ജനറല്‍ ബോഡി യോഗം ഡിസംബറില്‍ ഗുജറാത്തില്‍ സംഘടിപ്പിക്കുമെന്നും മത്സ്യത്തൊഴിലാളി സംഘടനകള്‍ ഏകസ്വരത്തില്‍ പറയുന്നു.

തീരം തിന്നുന്ന പുതിയ തീരദേശ നിയന്ത്രണ മേഖല ഉത്തരവിന് പിന്നിൽ വാജ്പേയ് സര്‍ക്കാര്‍ കൊണ്ടുവന്ന സാഗർ മാല പദ്ധതി

ഗുജറാത്ത് മോഡലില്‍ വികസിപ്പിച്ച് ‘കേരള സൈന്യ’ത്തിന്റെ ഉള്ള കഞ്ഞികുടി കൂടി മുട്ടിക്കരുത്

മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ച ഫ്‌ളാറ്റുകള്‍ വിതരണം ചെയ്തു; ചരിത്രമുഹൂര്‍ത്തമെന്ന് മുഖ്യമന്ത്രി

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍