UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് സാഹിത്യ അക്കാഡമിയോ അതോ ഡിഫന്‍സ് അക്കാഡമിയോ: അന്‍വര്‍ അലി

Avatar

മാവോവാദ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവര്‍ കേരള സാഹിത്യ അക്കാഡമി ക്യാമ്പസിനെ ഒത്തുചേരല്‍ കേന്ദ്രമാക്കി മാറ്റുന്നുവെന്ന് ആരോപിച്ച് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച അധികൃതരുടെ നടപടിയ്‌ക്കെതിരെ പ്രശസ്ത കവി അന്‍വര്‍ അലി പ്രതികരിക്കുന്നു. തയ്യാറാക്കിയത്: രാകേഷ് നായര്‍

നമ്മുടെ പൊതുവിടങ്ങള്‍ എല്ലാംതന്നെ ക്യാമറക്കണ്ണുകളുടെ വലയത്തിനുള്ളിലായിക്കഴിഞ്ഞിരിക്കുകയാണ്. ആരും അതിനെ ചോദ്യം ചെയ്യുന്നില്ല. നിങ്ങള്‍ ഓരോ നിമിഷവും നിരീക്ഷിക്കപ്പെടുന്നു എന്ന മുന്നറിയിപ്പ് ഈ ഇടങ്ങള്‍ നമുക്ക് തന്നുകൊണ്ടേയിരിക്കുന്നു. നാസി ഭരണത്തിലെ ഗസ്റ്റപ്പോയെപ്പോലെ ആ ക്യാമറകള്‍ പരിധികളെക്കുറിച്ച് നമ്മളെ ഓര്‍മ്മിപ്പിക്കുകയാണ്. എവിടെയും പ്രതിഷേധങ്ങളില്ല. അനുസരണമാത്രം.

സാഹിത്യ അക്കാഡമി പൊതുവിടമല്ലേ. അപ്പോള്‍ അവിടെ നിരീക്ഷണ ക്യാമറകള്‍ വച്ചാല്‍ എന്താണ് കുഴപ്പം? വേറെയൊരിടത്തും ഇല്ലാത്ത പ്രതിഷേധം ഇവിടെയെന്തിന്? ഇതാണ് നിരീക്ഷണ ക്യാമറയെ ന്യായീകരിക്കുന്നവരുടെ വാദം. എന്നാല്‍ ഈ വാദത്തില്‍ അടിസ്ഥാനപരമായ ഒരു കുഴപ്പമുണ്ട്. ബസ് സ്റ്റാന്‍ഡും തെരുവുകളും പൊതുവിടങ്ങളാണ്, പക്ഷേ മുഖമില്ലാത്ത പൊതുവിടങ്ങള്‍. സാഹിത്യ അക്കാഡമിയെ അങ്ങനെ കാണരുത്. അതിനൊരു മുഖമുണ്ട്. പെരുംചന്തകളിലും പെരുവഴികളിലും നിന്ന് അതിനെ മാറ്റി നിര്‍ത്തുന്ന ഒരു സര്‍ഗ്ഗാത്മകമുഖം. എന്നാല്‍ അക്കാഡമി പോലുളള സാംസ്കാരികകേന്ദ്രങ്ങളെ മാത്രമല്ല, കഴിയുന്നത്ര പൊതുവിടങ്ങളെ ഇത്തരം നീരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കാനാണ് സമൂഹവും സദ്ഭരണവും ശ്രമിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം. പൊതുവിടങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന സമൂഹം അതാതിടങ്ങളില്‍ ആദ്യമേ എതിര്‍പ്പുകളുയര്‍ത്തിയിരുന്നെങ്കില്‍ ഭരണകൂടത്തിന്റെ ആധിപത്യം അത്ര സുഗമമാകില്ലായിരുന്നു. എതിര്‍പ്പുകള്‍ ഇനിയുമാകാം. അതിനൊരു തുടക്കമാകട്ടെ അക്കാഡമിയിലെ പ്രതിഷേധം.

ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക് കുറച്ച് എക്‌സ്‌ക്ലൂസീവായി തോന്നുന്ന ഇടമാണ് സാഹിത്യ അക്കാഡമി. എല്ലാ പൊതുസ്ഥലങ്ങളും ഒരേ സ്ഥലമല്ല. ഒരേ തലത്തിലോ നിലവാരത്തിലോ ഉളളവയല്ല. ‘പൊതു’ എന്നതുമാത്രം മാനദണ്ഡമാക്കിയാല്‍, സാഹിത്യ അക്കാഡമി സ്ഥാപിച്ച കാലം മുതല്‍ അവിടെയിരുന്ന് കളളും കഞ്ചാവും അടിച്ച, അബോധവസ്ഥയില്‍ നിര്‍വ്വാഹക സമിതിക്കും പൊതുയോഗത്തിനും വന്നിട്ടുളള മഹാരഥരായ അനേകം സാഹിത്യ കാരരുടെ സാമൂഹികവിരുദ്ധതകൂടി മുന്‍കാലപ്രാബല്യത്തോടുകൂടി പരിഗണി ക്കേണ്ടിവരും. വാസ്തവത്തില്‍ സര്‍ഗ്ഗാത്മകതയ്ക്ക് സാമൂഹികവിരുദ്ധവും വിധ്വംസകവും ഭരണകൂടവിരുദ്ധവുമൊക്കെയായ വശങ്ങളുമുണ്ട്. അതിനെക്കൂടി പരിഗണിക്കുന്ന, പരിഗണിക്കേണ്ട സ്ഥലമാണ് സാഹിത്യ അക്കാഡമി എന്ന് ഞാന്‍ കരുതുന്നു. വ്യക്തിപരമായി പറയട്ടെ, പൊലീസിനെ ഭയമില്ലാതെ പുകവലിക്കാന്‍ ഞാന്‍ തെരഞ്ഞെടുക്കുന്ന സുരക്ഷിത ഇടം സാഹിത്യ അക്കാഡമിയാണ്. അതായത്, മാനദണ്ഡങ്ങള്‍ ഒന്നാണെങ്കില്‍ ഞാനുള്‍പ്പെടെ നിയമലംഘകരാണ്.

ഇവിടെയിപ്പോള്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതിലുപരി അതെന്തിനുവേണ്ടി സ്ഥാപിക്കപ്പെട്ടു എന്നതാണ് വിവാദമായിരിക്കുന്നത്. പ്രചരിക്കുന്ന ഒരു പൊതുധാരണ മാവോവാദികള്‍ എന്ന ഭീഷണിയെ നേരിടാന്‍ ആണത്രേ ഈ ക്യാമറകള്‍ എന്നാണ്. കള്‍ച്ചറല്‍ സെന്ററുകള്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാകും എന്നൊരു യുക്തിയുണ്ടല്ലോ. സ്വാഭാവികമായും മാവോവാദ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവര്‍ അക്കാഡമിയെ അവരുടെ ഒത്തുചേരല്‍ കേന്ദ്രമാക്കി മാറ്റുമെന്നും അത്തരം ഒത്തുചേരലുകള്‍ക്ക് വരുന്നവരെ കണ്ടെത്താന്‍ ഈ ക്യാമറകള്‍ സഹായിക്കുമെന്നും ആരെല്ലാമോ വിശ്വസിക്കുന്നുണ്ടെന്ന് തോന്നുന്നു. അതെന്തായാലും, അക്കാഡമി സെക്രട്ടറിയുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞകാര്യങ്ങള്‍ പങ്കുവയ്ക്കാം. സെക്രട്ടറി പറഞ്ഞതിന്റെ രത്‌നച്ചുരുക്കം ഇപ്രകാരം ‘അക്കാഡമിയില്‍ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാമെന്ന തീരുമാനം കഴിഞ്ഞ മെയ്- ജൂണ്‍ കാലത്ത് തന്നെ കൈക്കൊണ്ടതാണ്. അക്കാഡമിയുടെ നിര്‍വാഹകസമിതിയോഗത്തിന്റെ മിനിട്‌സ് പരിശോധിച്ചാല്‍ വ്യക്തമാകുന്നതേയുള്ളൂ ഇക്കാര്യങ്ങള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷയെ മുന്‍നിര്‍ത്തിയും ലൈബ്രറിയിലെ കളവുതടയാനും അണ്‍വാണ്ടഡ് ആയ പലരും അക്കാഡമി പരിസരം ഉപയോഗിക്കുന്നുവെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലുമാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. അല്ലാതെ പോലീസോ സര്‍ക്കാരോ പറഞ്ഞിട്ടല്ല’.

അങ്ങനെയെങ്കില്‍ കൂടൂതല്‍ ഗുരുതരമായ ജനാധിപത്യധ്വംസനമാണ് നടന്നിരിക്കുന്നത്. 12 ക്യാമറയോ മറ്റോ ഉണ്ട് കെട്ടിടങ്ങള്‍ക്ക് അകത്തും പുറത്തുമായി. ഇതില്‍ നിന്നുളള ദൃശ്യങ്ങള്‍ നീരിക്ഷിക്കുന്ന ‘പോലീസുത്തരവാദിത്തം’ അപ്പോള്‍ ആര്‍ക്കാണ്? പ്രസിഡന്റിനോ? സെക്രട്ടറിക്കോ? അതോ മറ്റ് എതെങ്കിലും ഉദ്യോഗസ്ഥനോ? സര്‍ക്കാരോ പോലീസോ ഇതില്‍ ഭാഗഭാക്കല്ലെന്ന സെക്രട്ടറിയുടെ വാദം അംഗീകരിക്കുകയാണെങ്കില്‍, അക്കാഡമി തന്നെയാണ് പോലീസ് എന്നുവരുന്നു. അങ്ങനെയെങ്കില്‍ നമ്മെ നീരിക്ഷിക്കുന്ന അക്കാഡമിക്കുള്ളിലെ പോലീസിനെതിരെ നിയമനടപടി തന്നെ സ്വീകരിക്കേണ്ടി വരും. ഇത് സാഹിത്യ അക്കാഡമിയാണ്, ഡിഫന്‍സ് അക്കാഡമിയല്ല.

വസ്തുതാപരമായ കാര്യങ്ങളാണ് സെക്രട്ടറി പറഞ്ഞതെങ്കില്‍ ഈ നടപടിയെ ഇന്നത്തെ പ്രത്യേക പൊളിറ്റിക്കല്‍ സാഹചര്യത്തില്‍ മാവോവാദരാഷട്രീയവുമായി ചേര്‍ത്തുനിര്‍ത്തി ആരെങ്കിലും വിവാദങ്ങള്‍ സൃഷ്ടിക്കുന്നതാകാം. പക്ഷേ ആരാണ് അത്തരമൊരു ബോധപൂര്‍വ്വമായ പ്രചാരണത്തിന് തയ്യാറാകുന്നത്! അത് ഭരണകൂടം തന്നെ; പിന്നെ മാധ്യമങ്ങളും. കഴിഞ്ഞദിവസം തൃശൂരില്‍ നടത്തിയ പ്രസ് കോണ്‍ഫറന്‍സില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്, നില്‍പ്പുസമരവും ചുംബനസമരവും പോലുള്ള സമരങ്ങള്‍ തീവ്രവാദ മൂവ്‌മെന്റുകളെ പോഷിപ്പിക്കാന്‍ കൂടിയുള്ളതാണെന്നാണ്. ഭരണകൂടത്തിന്റെ ചിന്ത ആ വഴിയിലാണ്. സമൂഹത്തിലെ സാമ്പത്തിക അസമത്വം, ദൈനംദിന ജീവിതത്തിലെ നൈതിക പ്രശ്‌നങ്ങള്‍, പാര്‍ലമെന്ററി സംവിധാനത്തിലെ ജീര്‍ണത, ശക്തമാകുന്ന കണ്‍സ്യൂമറൈസ്ഡ് കള്‍ച്ചര്‍ ഇതിന്റെയെല്ലാം ഇടയില്‍ ജീവിക്കുന്ന സെന്‍സിബിള്‍ ആയിട്ടുള്ള ആളുകള്‍ തമ്മില്‍ നിരവധികാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇതെല്ലാം തങ്ങള്‍ക്കെതിരായിട്ടുള്ളതാണെന്ന് ഭരണകൂടം വിശ്വസിക്കുന്നു. എന്നാല്‍ ഭരണകൂടത്തിനെതിരായുള്ള ചിന്തകള്‍ ഭരണഘടന തന്നെ അനുവദിച്ചിട്ടുള്ളതാണെന്ന് ഇവര്‍ മറന്നുപോവുകയും ചെയ്യുന്നു. ആ നിലയ്ക്ക് നില്‍പ്പുസമരവും ചുംബനസമരവും കോണ്‍സ്റ്റിറ്റ്യൂഷനെ ലംഘിച്ചുകൊണ്ടു നടക്കുന്നതല്ല. കേവലം നില്‍ക്കാനും ചുംബിക്കാനും അല്ല ഈ സമരങ്ങള്‍ നടന്നത്. സമൂഹത്തില്‍ അടിസ്ഥാനപരമായി ഉണ്ടാകേണ്ട മാറ്റങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ എക്സ്റ്റന്‍ഷനായിട്ടാണ് ഈ സമരങ്ങളെ കാണേണ്ടത്. എന്നാല്‍ ഗവണ്‍മെന്റ് ഇതിനെയെല്ലാം കാണുന്നത് വിധ്വംസക പ്രവര്‍ത്തനങ്ങളായിട്ടാണ്. എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങളും അവര്‍ക്കിപ്പോള്‍ മാവോയിസവുമായി ബന്ധപ്പെട്ട് വ്യാഖ്യാനിക്കാനാണ് താല്‍പര്യം. ഒരു വശത്ത് സര്‍ക്കാരും യാഥാസ്ഥിതിക സംഘടനകളും, മറുവശത്ത് സ്വതന്ത്ര ചിന്ത വച്ചുപുലര്‍ത്തുന്ന മനുഷ്യരും, പ്രത്യേകിച്ച് ചെറുപ്പക്കാര്‍, എന്നിങ്ങനെ ധ്രുവീകരണം നടന്നിരിക്കുകയാണ്. ഈ ധ്രൂവീകരണത്തില്‍ തങ്ങളുടെ എതിര്‍ ചേരിയില്‍ നില്‍ക്കുന്നവരെയാണ് മാവോയിസ്റ്റുകള്‍ എന്ന് സര്‍ക്കാര്‍ വിളിക്കുന്നത്. ഇത്തരം അടിസ്ഥാനമില്ലാത്ത ഭയങ്ങളും മുന്‍വിധികളും കൊണ്ട് അസമത്വം സൃഷ്ടിക്കുന്ന ഭരണകൂടനടപടികളുടെ തുടര്‍ച്ചതന്നെയാണ് സാഹിത്യഅക്കാഡമിയിലെ ക്യാമറക്കണ്ണുകളും പ്രതിനിധീകരിക്കുന്നത്.

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍