UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അക്കാഡമിയിലെ നിരീക്ഷണ കാമറ; കല്‍പ്പറ്റ നാരായണന്‍, കെ ഇ എന്‍,അക്കാഡമി സെക്രട്ടറി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പ്രതികരിക്കുന്നു

Avatar

മാവോവാദ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നവര്‍ കേരള സാഹിത്യ അക്കാഡമി ക്യാമ്പസിനെ ഒത്തുചേരല്‍ കേന്ദ്രമാക്കി മാറ്റുന്നുവെന്ന് ആരോപിച്ച് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച അധികൃതരുടെ നടപടിയ്‌ക്കെതിരെ പ്രമുഖരുടെ പ്രതികരണങ്ങള്‍ തുടരുന്നു . (തയ്യാറാക്കിയത് സുഫാദ് ഇ. മുണ്ടക്കൈ)


 കല്‍പ്പറ്റ നാരായണന്‍
‘സാഹിത്യ അക്കാഡമിയില്‍ ഇത്തരത്തില്‍ ഒരു മേല്‍നോട്ടത്തിന്റെ ആവശ്യമില്ല. അത് നമ്മുടെ നാടിനെ ബാധിച്ചു കൊണ്ടിരിക്കുന്ന ഒരു ഭയത്തിന്റെ സൂചനയാണ്. ഫാസിസ്റ്റ്പരമായ ഒരു ഇടപെടലാണത്. സാഹിത്യ അക്കാഡമി ഒരു സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തിന്റെ വേദിയാണ്. സ്വാതന്ത്ര്യത്തിന്റെ വേദിയാണ്. ഇങ്ങനെ ഒരു സ്ഥലത്ത് നിരീക്ഷണ കാമറ വയ്ക്കുന്നതിലൂടെ ഈ സര്‍ഗ്ഗാത്മകതയേയും സ്വാതന്ത്ര്യത്തേയും അപഹസിക്കുകയാണ്. ഭയപ്പെടേണ്ടതില്ലാത്ത ഒരു മേഘലയാണ് അക്കാഡമി. അതും ഇത് പോലൊരു ഭയത്തിന്റെ പിടിയിലമരുമ്പോള്‍ എന്തൊക്കെയോ സംഭവിച്ചു തുടങ്ങുന്നു നമ്മുടെ നാട്ടില്‍ എന്ന സൂചനയാണ് അത് നല്‍കുന്നത്. എത്രയും പെട്ടെന്ന് അത് നീക്കം ചെയ്യുന്നതാണ് ഭംഗി. ലൈബ്രറിയില്‍ നിന്നും പുസ്തകം മോഷണം പോകുന്നുണ്ടെങ്കില്‍ അതിനകത്ത് മാത്രം കാമറ വച്ചാല്‍ പോരേ? അവിടെ വരുന്ന ആളുകളൊന്നും കുത്സിതപ്രവര്‍ത്തനത്തനങ്ങള്‍ക്ക് വരുന്നതല്ല, സാഹിത്യപ്രവര്‍ത്തകരോ അതുമായി ബന്ധമുള്ളവരോ ആകാം. അക്കാഡമി ഹാളുകളില്‍ ദിവസവും നിരവധി പരിപാടികളുണ്ടാകും. അതില്‍ പങ്കെടുക്കാന്‍ പലരും വരും. സാംസ്‌കാരിക പ്രവര്‍ത്തകരാണ് കൂടുതലായും വരാറ്. അവരെ ഇങ്ങനെ കാമറ വച്ച് നിരീക്ഷിക്കുന്നതില്‍ ഒരു കാര്യവുമില്ല. എല്ലാ പൊതുസ്ഥലങ്ങളിലും കാമറ വേണമെന്ന് ഒരുപക്ഷേ സര്‍ക്കാര്‍ ആശിക്കുന്നുണ്ടാവാം. കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ടാവാം. അങ്ങനെ ഒരു നിര്‍ദ്ദേശത്തിന്റെ ഫലമായിട്ടായിരിക്കും കാമറ വച്ചിട്ടുള്ളത്. അതിന് ശേഷം വച്ചതിന്റെ കാരണങ്ങള്‍ തേടി നടക്കുകയാണ് ഉദ്ദ്യോഗസ്ഥര്‍. അങ്ങനെയാണ് അവര്‍ ഇത്തരം കണ്ടെത്തലുകളിലെത്തുന്നത്. അല്ലാതെ മോഷണത്തിന്റെ ഫലമായിട്ടോ, പലതരക്കാര്‍ അവിടെ വന്ന് പോകുന്നതിന്റെ ഫലമായിട്ടോ അല്ല. ഇന്ത്യയിലുടനീളം പൊതുസ്ഥലങ്ങളില്‍ വരാന്‍ പോകുന്ന കാമറയുടെ തുടക്കം ഇവിടെ കണ്ടു എന്നതാണ് യാഥാര്‍ത്ഥ്യം. അതിനെതിരായുള്ള ഈ പ്രതിഷേധം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് കൂടി വേണ്ടിയുള്ളതാണ്.’

കെ ഇ എന്‍ കുഞ്ഞഹമ്മദ്
‘സര്‍വ്വത്ര നിരീക്ഷണം എന്നുള്ളത് നമ്മുടെ ജനാധിപത്യ ഇടങ്ങളെ പരമാവധി ചുരുക്കാനുള്ള അധികാരവര്‍ഗ്ഗത്തിന്റെ ശ്രമമാണ്. തീര്‍ച്ചയായും അത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. കാരണം കര്‍ത്തൃപദവിയിലേക്ക് വികസിക്കാന്‍ മനുഷ്യനെ അനുവദിക്കാതിരിക്കുകയും അവനെ വെറുമൊരു കര്‍മ്മമായിട്ട് വെട്ടിച്ചുരുക്കുകയുമാണ് ഇത് വഴി ചെയ്യുന്നത്. സാഹിത്യ അക്കാഡമി പോലുള്ള ഒരു സാംസ്‌കാരിക സ്ഥാപനത്തില്‍ ഇത്തരം നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക വഴി പോലീസ് സ്റ്റേഷനും കലാ-സാംസ്‌കാരിക അന്വേഷണ കേന്ദ്രങ്ങളും തമ്മിലുള്ള അകലം വളരെ കുറയുകയാണ്. അത് കൊണ്ട് തന്നെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ ശക്തമായി പ്രതികരിക്കേണ്ടതാണ്.’

ഗോപാലകൃഷ്ണന്‍ (കേരള സാഹിത്യ അക്കാഡമി സെക്രട്ടറി)
‘ഇത് പൊതു ഇടമാണ്. സ്വകാര്യ പ്രവൃത്തികള്‍ക്ക് വേണ്ടിയുള്ള ഇടമല്ല. എഴുത്തുകാരുടെയും സന്ദര്‍ശകരുടെയും സുരക്ഷിതത്വത്തെ ബാധിക്കുന്ന ചില പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കഴിഞ്ഞ ജൂണില്‍ അക്കാഡമി ഐക്യകണ്‌ഠേന എടുത്ത തീരുമാനമാണ് ഇത്. ഇവിടെ വന്നെത്തുന്ന എഴുത്തുകാര്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും അക്കാദമിയുടെ വിശുദ്ധിക്ക് കളങ്കം തട്ടാതെ പ്രവര്‍ത്തിക്കാന്‍ വേണ്ടിയാണ് കാമറ വച്ചിരിക്കുന്നത്. പൊതു ഇടങ്ങളിലെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് വേണ്ടി എല്ലാ സ്ഥാപനങ്ങളിലും ചെയ്യുന്നതാണ് ഇത്. ലൈബ്രറിയില്‍ നിന്ന് പുസ്തകം മോഷണം പോകുന്നത് തടയുന്നതിന് പുറമേ അഭികാമ്യമല്ലാത്ത പല കാര്യങ്ങളും തടയാന്‍ വേണ്ടിയാണ് കാമറ വച്ചത്. അക്കാഡമി പരിസരത്ത് വരുന്നവരെല്ലാം സാംസ്‌കാരികപ്രവര്‍ത്തകരാവില്ല. അങ്ങനെ വരുന്നവരുടെയൊക്കെ പ്രവര്‍ത്തനങ്ങളെ വിലയിരുത്താന്‍ ആര്‍ക്കും കഴിയില്ല. ഇവിടെ വരുന്നവര്‍ക്കെല്ലാം സാംസ്‌കാരികപ്രവര്‍ത്തകന്റെ ബാഡ്ജ് കൊടുക്കാനൊന്നും അക്കാഡമിക്ക് കഴിയില്ല.

ഈ വിഷയവുമായി ബന്ധപ്പെട്ടു അഴിമുഖം നല്‍കിയ മറ്റ് പ്രതികരണങ്ങള്‍ 

ഇത് സാഹിത്യ അക്കാഡമിയോ അതോ ഡിഫന്‍സ് അക്കാഡമിയോ: അന്‍വര്‍ അലി
അക്കാദമിയിലെ അധിനിവേശ കാമറ: സാറ ജോസഫ്, കെ.ആർ മീര, എം.എൻ കാരശ്ശേരി…

മാവോവാദി ഭീഷണിയുമായി ഇതിനെ കൂട്ടിവായിക്കേണ്ട കാര്യമില്ല. മാവോവാദികള്‍ അക്കാഡമി പോലെ നഗരത്തിന്റെ നടുവിലുള്ള ഒരു സ്ഥാപനത്തില്‍ വരുമെന്ന് ഞങ്ങള്‍ വിചാരിക്കുന്നില്ല. അത്തരത്തിലുള്ള ആരോപണങ്ങള്‍ എഴുത്തുകാരുടെ അനുതാപം പ്രതീക്ഷിച്ചു കൊണ്ട് മാത്രം സൃഷ്ടിക്കപ്പെട്ടതാണ്. അടുത്തിടെ ഒരു മദ്യപന്‍ ഒരു സാംസ്‌കാരിക പ്രവര്‍ത്തകന്റെ കരണത്തടിച്ചു. പോലീസ് എത്തിയപ്പോഴേക്കും അയാള്‍ രക്ഷപ്പെട്ടു. പിന്നീട് അയാളെ കണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ തടയാന്‍ നമുക്ക് ഇവിടെ പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്താന്‍ പറ്റുമോ? കാമറ സ്ഥാപിക്കലല്ലേ അഭികാമ്യം? അക്കാഡമിയില്‍ നിന്നും പലപ്പോഴായി പല സാധനങ്ങളും മോഷണം പോയിട്ടുണ്ട്. പുസ്തകങ്ങള്‍ മാത്രമല്ല നിര്‍മ്മാണപ്രവൃത്തികള്‍ക്ക് വേണ്ടി കൊണ്ടു വന്ന സാധനങ്ങളും ഇതിലുള്‍പ്പെടും. അക്കാഡമി പരിസരം മദ്യക്കുപ്പികളാല്‍ നിറഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്. ഇരുട്ടിന്റെ മറവില്‍ ഇവിടെ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ആര്‍ക്കറിയാം? സ്‌കൂള്‍ കുട്ടികള്‍ ക്ലാസില്‍ പോവാതെ ഇവിടങ്ങളില്‍ വന്നിരിക്കുന്ന അവസ്ഥയുണ്ട്.

 

ഇത് സാംസ്‌കാരിക പ്രവര്‍ത്തകരുടെ പൂര്‍ണ്ണസുരക്ഷ ഉറപ്പ് വരുത്താന്‍ വേണ്ടി മാത്രം ചെയ്തതാണ്. ഇത് സാമൂഹിക വിരുദ്ധരെ തടയിടാന്‍ വേണ്ടിയുള്ളതാണ്. അഥവാ വന്നാല്‍ അവരെ തിരിച്ചറിയാനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുമുള്ള മുന്‍കരുതലാണ്. ഇതൊരിക്കലും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരല്ല. എന്തെങ്കിലും തെറ്റിധാരണ മൂലമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രേരണ കൊണ്ടോ ആവാം പലരും ഇതിനെ എതിര്‍ക്കുന്നത്. ഇത് പൊതു ഇടം, പൊതു ഇടമായി സൂക്ഷിക്കുന്നതിന് വേണ്ടിയുള്ള നടപടി മാത്രമാണ്.’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍