UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്യാമറകള്‍ ഭരിക്കുന്ന കാലത്ത് ജനാധിപത്യത്തെക്കുറിച്ചും പറയേണ്ടതുണ്ട്

Avatar

ഹരിനാരായണന്‍ എസ്. 

  

ടോട്ടാലിറ്റെറിയന്‍ സ്റ്റേറ്റ് സംവിധാനങ്ങള്‍ എല്ലാക്കാലത്തും ഭയക്കുന്നതും അതിഭീകരമായി അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതും സ്വതന്ത്ര ചിന്തയെയും പ്രതികരണ ശേഷിയുള്ള ജനതയേയുമാണ്. കൊട്ടിഘോഷിക്കപ്പെടാറുള്ള ജനാധിപത്യം മിക്കപ്പോഴും പ്രഹസനം മാത്രമായി തരംതാഴുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ചരിത്രത്തിന്‍റെ മങ്ങിയ ഏടുകളില്‍ നിന്ന് നിഷ്പ്രയാസം കണ്ടെത്താനാവും. പ്രതികരിക്കുന്ന പൗരസമൂഹത്തെ ഭയക്കുന്ന അധികാര കേന്ദ്രങ്ങള്‍ അതിവിദഗ്ദ്ധമായി മെനഞ്ഞെടുക്കുന്ന തന്ത്രങ്ങളിലൂടെ ചിന്തയെ തന്നെ ഇല്ലാതാക്കുകയും, അനുസരിക്കാന്‍ മാത്രം ശീലിച്ച ഒരു മാതൃകാ ജനസഞ്ചയത്തെ സൃഷ്ടിക്കാനുള്ള നിരന്തര പ്രയത്നങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. സ്റ്റേറ്റിന്‍റെ നിരീക്ഷണം പൗരന്‍റെ സ്വകാര്യതയെന്ന മൗലികമായ അവകാശത്തെ തന്നെ റദ്ദ് ചെയ്യുന്ന ആഗോളീകൃത ലോകസമൂഹത്തില്‍, നിരീക്ഷണ ക്യാമറകള്‍ നിയന്ത്രണ സമൂഹത്തിന്‍റെ കാവലാളായി വര്‍ത്തിക്കുകയും, അധികാര വൃന്ദത്തിന്‍റെ  മൂന്നാം കണ്ണായി രൂപം പ്രാപിക്കുകയുമാണ്. തൃശൂര്‍ സാഹിത്യ അക്കാദമി പോലെ സ്വതന്ത്ര ചിന്തയുടെയും ചര്‍ച്ചയുടെയും കേന്ദ്രമായ പൊതു ഇടത്തെ നിരീക്ഷണ വലയത്തിനുള്ളിലാക്കാനുള്ള അധികാരികളുടെ തീരുമാനവും ചേര്‍ത്തു വായിക്കപ്പെടേണ്ടത് പൗരസ്വാതന്ത്രത്തിനു മൂക്കു കയറിടാനുള്ള സ്റ്റേറ്റിന്‍റെ നിഗൂഢതന്ത്രങ്ങളുമായി വേണം. മാവോയിസ്റ്റ് ചിന്താഗതികളെ പിന്തുണയ്ക്കുന്നവര്‍ അക്കാദമി പരിസരം സ്വൈര്യവിഹാര കേന്ദ്രമാക്കുന്നുവെന്ന കാരണം പോലും ആശയങ്ങളെ അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് ഭരണകൂടങ്ങളുടെ രീതിശാസ്ത്രങ്ങളെ ഓര്‍മിപ്പിക്കും. സ്വതന്ത്രമായ സംവാദങ്ങളും ആശയ രൂപീകരണങ്ങളും നടക്കാറുള്ള അക്കാദമിയില്‍ പ്രഹസനമായ മാവോ പേടിയുടെ പേരില്‍ സ്ഥാപിച്ചിരിക്കുന്ന കാമറകള്‍, ബൗദ്ധിക വ്യവഹാരങ്ങളെ വരുതിയില്‍ നിര്‍ത്താനുള്ള അധികാരികളുടെ താക്കീതിന്‍റെ രൂപത്തില്‍ തുറിച്ചു നോക്കി പല്ലിളിച്ചു ചിരിക്കുന്നത്, ജനാധിപത്യ –മനുഷ്യത്വ ബോധത്തില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ഒരു തലമുറയുടെ ധൈഷണിക ജീവിതത്തിന് സാക്ഷിയായ ചരിത്ര പശ്ചാത്തലത്തെ കൂടിയാണ്.

 

സാംസ്കാരിക പ്രവര്‍ത്തകരെയും ഭരണകൂട ഭീകരതയെ തുറന്നെതിര്‍ക്കുന്ന ബുദ്ധിജീവികളെയും മാവോവാദി ലേബലില്‍ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ട് നാളുകള്‍ കുറച്ചായി. എതിര്‍പ്പിനെ ഭീതിയോടെ വീക്ഷിക്കുകയും അനുസരണയും അച്ചടക്കവും മുഖമുദ്രയാക്കിയ പൗര സമൂഹത്തെ സ്വപ്നം കാണുകയും ചെയ്യുന്ന ഭരണകൂട വ്യവസ്ഥയാണ്‌ ഇവിടെയും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വിവിധ ജനകീയ പ്രക്ഷോഭങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കാറുള്ള  കേരളത്തിലെ അറിയപ്പെടുന്ന ചില ആക്ടിവിസ്റ്റുകളുടെ ചിത്രങ്ങള്‍  മാവോയിസ്റ്റുകള്‍ എന്നാരോപിച്ച് പോലിസ് സ്റ്റേഷനുകളില്‍ അടുത്ത കാലത്ത് പതിച്ച സംഭവം വിരല്‍ ചൂണ്ടുന്നതും ഈ പ്രവണതയിലേക്കാണ്. അത്തരമൊരു സ്റ്റേറ്റ് സംവിധാനത്തിന് തങ്ങളുടെ പ്രജകളെ നിയന്ത്രിച്ചേ തീരൂ. അവര്‍ ചിന്തിക്കുന്നതും, സംവേദിക്കുന്നതും പോലും നിരീക്ഷിക്കാനുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് വിശ്വസിക്കുന്ന ഭരണകൂടങ്ങളുടെ അധികാരോന്മാദത്തിന്‍റെ നവലോക ഗെസ്റ്റപ്പോ ആയി മാറുന്നുണ്ട് നിരീക്ഷണ കാമറകള്‍. ഇവിടെ വ്യക്തിസ്വാതന്ത്ര്യം വെറും മിഥ്യയാവുകയും, സ്വകാര്യത അധികാരി വര്‍ഗ്ഗത്തിന്‍റെ നിഘണ്ടുവിലെ ഏറ്റവും അശ്ലീലമായ പദമായി മാറുകയും കൂടി ചെയ്യുകയാണ്. ചിന്തകള്‍ പോലും സെന്‍സര്‍ ചെയ്തേക്കാവുന്ന ഫാസിസ്റ്റ് കാലത്തിലേക്കുള്ള ദൂരം കുറയ്ക്കുകയാണ് സര്‍വവും നിരീക്ഷണ വലയത്തിലാക്കുന്നതിലൂടെ  ഭരണവര്‍ഗ്ഗം ലക്ഷ്യമിടുന്നത്. തീയേറ്ററുകളില്‍, ഓഫീസുകളില്‍, ഷോപ്പിംഗ്‌ മാളുകളില്‍, കലാലയങ്ങളില്‍ തുടങ്ങി സാമൂഹികമായ ഇടപെടലുകള്‍ നടക്കുന്ന മിക്ക പൊതുസ്ഥലങ്ങളിലും സ്റ്റേറ്റിന്‍റെ മൂന്നാം കണ്ണായ നിരീക്ഷണ കാമറകള്‍ ജനത്തിന്‍റെ ചലനങ്ങളിലേക്ക് തുറിച്ചു നോക്കുന്നത് കാണാം. വ്യക്തിസ്വതന്ത്രത്തിനു മേലുള്ള അതിഭീകരമായ ഈ കടന്നു കയറ്റം തികച്ചും സാധാരണമായ ഒരു പ്രവൃത്തിയായി ചിത്രികരിച്ച്‌, അതി വിദഗ്ധമായി ജനതയെ സുരക്ഷയെന്ന അപ്പക്കഷണത്തിന്‍റെ പ്രലോഭനത്തില്‍ കുരുക്കിയിടുക കൂടിയാണെന്നതും വിസ്മരിച്ചു കൂടാ. ഈ സത്യം തിരിച്ചറിയാതിരിക്കുകയോ, അങ്ങനെ ഭാവിക്കുകയോ ചെയ്യുന്ന സമൂഹം നാളെ സ്വന്തം വീടുകളിലും സ്ഥാപിക്കപ്പെട്ടേക്കാവുന്ന  നിരീക്ഷണ യന്ത്രങ്ങള്‍ നോക്കി ഞെട്ടി തരിച്ചിരിക്കുന്ന കാലം വിദൂരമല്ല.

 

 

സാഹിത്യ അക്കാദമി, ആരോഗ്യപരമായ ചര്‍ച്ചകളുടെയും, തുറന്ന സംവാദങ്ങളുടെയും തുറസ്സായ പൊതുവേദിയാണ്. അവിടെ വരുന്നവരില്‍ വിവിധ മത, ജാതി, പ്രത്യയശാസ്ത്ര വിശ്വാസങ്ങള്‍ പിന്തുടരുന്നവരുണ്ട്. ജനവിരുദ്ധ നടപടികളെ, ഭരണകര്‍ത്താക്കളുടെ ഏകാധിപത്യ പ്രവണതകളെ തുറന്നെതിര്‍ക്കുകയും അരികുവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പക്ഷത്തു നിന്ന് നീതിക്കായി ജനാധിപത്യപരമായി പോരാടുകയും ചെയ്യുന്ന, ചിന്തിക്കുന്ന മനുഷ്യരുടെ താവളമാണ് അക്കാദമി. അവിടം മാവോയിസ്റ്റുകള്‍ തങ്ങളുടെ സങ്കേതമാക്കി മാറ്റുന്നുവെന്ന ആരോപണം തന്നെ അസംബന്ധമാണെന്നതിനു കൂടുതല്‍ തെളിവുകള്‍ വേണ്ട. സ്വതന്ത്ര ചര്‍ച്ചകള്‍ നടക്കുന്ന പൊതു ഇടങ്ങളെ നിരീക്ഷണ വലയത്തിലാക്കാന്‍  അധികാരികള്‍ ഒരുങ്ങിയിറങ്ങുമ്പോള്‍ അവര്‍ ഭയക്കുന്നത് മാവോയിസ്റ്റുകളെയല്ല മറിച്ച് ആശയങ്ങളെയും അവ സൃഷ്ടിച്ചേക്കാവുന്ന സാമൂഹ്യ ചിന്താധാരയിലെ അടിയൊഴുക്കുകളെയുമാണെന്നത് തീര്‍ച്ചയാണ്. മഞ്ജുള പത്മനാഭന്‍റെ ‘ഹാര്‍വെസ്റ്റ്’ എന്ന നാടകത്തില്‍ സര്‍വ്വവും  നിരീക്ഷിക്കുന്ന ഭരണകൂട യന്ത്രങ്ങളുടെ ലക്ഷ്മണരേഖകളില്‍ കുരുങ്ങി വ്യക്തികള്‍ വെറും യന്ത്രങ്ങള്‍ മാത്രമായി മരിച്ചു ജീവിക്കുന്ന ആഗോളീകൃത സാമൂഹ്യാവസ്ഥയെ വിമര്‍ശന വിധേയമാക്കുന്നുണ്ട്. ലോകരാജ്യങ്ങളുടെ  ബിഗ്‌ ബ്രദര്‍ അമേരിക്കയുടെ ചാരക്കണ്ണുകള്‍ രാജ്യാതിര്‍ത്തികള്‍ ഭേദിച്ച് സകല കോണുകളെയും സദാ നിരീക്ഷിക്കുന്ന നവ ലോകക്രമത്തില്‍, അതിന്‍റെ ഒരു ചെറു പതിപ്പായി പൗരന്‍റെ സ്വൈര്യ വിഹാരത്തെയും ആശയവിനിമയത്തെയും നിയന്ത്രിച്ചു നിര്‍ത്താനുള്ള ഗൂഢതന്ത്രങ്ങളെ ശക്തമായി തന്നെ ചെറുത്തു തോല്‍പ്പിക്കേണ്ടതാണ്. ഇംഗ്ലീഷ് തത്വചിന്തകനായ ജെറമി ബെന്‍ഥാമിന്‍റെ മണ്ഡലാകാര ജയില്‍ (panopticon) എന്ന ആശയം ഇവിടെ പ്രസക്തമാണ്. തടവറകള്‍ക്ക് നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കാവല്‍ ഗോപുരമാണിത്. ഇതിലൂടെ തടവുകാര്‍ സദാ നിരീക്ഷിക്കപ്പെടുകയും അദൃശ്യമായ ഒരു ചങ്ങലപ്പൂട്ടാല്‍  ഇവരുടെ ദൈനംദിന പ്രവര്‍ത്തികള്‍ പോലും എല്ലായ്പ്പോഴും അധികാരികളാല്‍ നിയന്ത്രിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. തങ്ങളുടെ ശരീരവും ആന്തരിക ചിന്തകളും പോലും സ്വതന്ത്രമല്ലെന്ന ഭയാനകമായ തിരിച്ചറിവ് കൂടിയാണിത്. വിവരസാങ്കേതിക വിപ്ലവാനന്തര ലോക ക്രമത്തില്‍ ആധുനിക panopticon ആയി സേവയനുഷ്ഠിക്കുകയാണ് പൊതുസ്ഥലങ്ങളിലെ നിരീക്ഷണ കാമറകള്‍. ഇവിടെ സമൂഹം തന്നെ ഒരു വലിയ ജയില്‍ ആയി മാറുകയും മനുഷ്യര്‍ സ്വതന്ത്ര ചലനം നിഷേധിക്കപ്പെട്ട്, ധിക്ഷണയെ സ്റ്റേറ്റിന് അടിയറവു വച്ച് ആധുനിക ലോകത്ത് ‘ആട് ജീവിതം’ നയിക്കുക്കുന്ന അവസ്ഥ അതിവേഗം സംജാതമാവുകയുമാണ്.

 

എന്തു കൊണ്ട് സാഹിത്യ അക്കാദമി എന്നൊരു ചോദ്യവും ഈ ഘട്ടത്തില്‍ ഉന്നയിക്കപ്പെടെണ്ടതാണ്. കഴിഞ്ഞ വര്‍ഷം അക്കാദമിയുടെ പ്രവേശന കവാടങ്ങള്‍ നാലു മണിയോടെ അടയ്ക്കാനുള്ള ഒരു തീരുമാനവും അധികാരികള്‍ എടുത്തിരുന്നു. അക്കാദമിയെ വെറുമൊരു സര്‍ക്കാര്‍ ഓഫീസ് ആക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ആദ്യ പടി കൂടിയായിരുന്നു അത്. ഒട്ടേറെ വിമര്‍ശനങ്ങളേറ്റു വാങ്ങിയ ആ തീരുമാനത്തിന് കാരണമായി പറഞ്ഞത് സാമൂഹിക വിരുദ്ധരുടെ വിളയാട്ടമാണ് അക്കാദമി പരിസരത്ത് എന്നതാണ്. ഇന്ന് അതേ സാമൂഹിക വിരുദ്ധരുടെ സ്ഥാനത്ത് ‘മാവോയിസ്റ്റുകള്‍’ എന്നൊരു സ്റ്റൈലന്‍ പേരും ഉയര്‍ന്നുവന്നിരിക്കുന്നു. ബൗദ്ധിക ഇടപാടുകളുടെ കേന്ദ്രമായ അക്കാദമി പോലൊരു സ്ഥലത്തെ അധികാരികള്‍ സംശയത്തോടെ വീക്ഷിക്കുമ്പോള്‍, പൗരസ്വാതന്ത്ര്യമെന്ന വാക്കു തന്നെ പ്രഹസനമായി അനുഭവപ്പെടുകയാണ്. ഹരിഹരന്‍ സംവിധാനം ചെയ്ത ആരണ്യകം എന്ന സിനിമയില്‍ നക്സലൈറ്റുകളെ രൂപപ്പെടുത്തുന്നതില്‍ ലൈബ്രറികള്‍ക്ക് വലിയ പങ്കുണ്ടെന്നും, അതിനാല്‍ വായനശാലകളില്‍ പോലീസിന്‍റെ നിരീക്ഷണം ഉണ്ടായിരിക്കണമെന്നും ഒരു ഉദ്യോഗസ്ഥന്‍ പറയുന്ന രംഗമുണ്ട്. വായനയെയും ചിന്തയെയും  ചര്‍ച്ചകളേയും എല്ലാക്കാലത്തും ജനവിരുദ്ധ ഭരണകൂടങ്ങള്‍ വെറുപ്പോടെ മാത്രം വീക്ഷിക്കുന്ന പ്രതിഭാസത്തിന്‍റെ തുടര്‍ച്ച മാത്രമാണ് അക്കാദമിയിലും സംഭവിച്ചിട്ടുള്ളത്. ചലച്ചിത്രോത്സവത്തിന് ഇംഗ്ലീഷ് അറിയാത്തവര്‍ വരേണ്ടതില്ലെന്നും മറ്റുമുള്ള തിട്ടൂരങ്ങളിലും തെളിഞ്ഞു കാണുന്നത് ജനകീയമായ പൊതുഇടങ്ങളെ വരേണ്യവല്‍ക്കരിക്കാനുള്ള ഗൂഢപപദ്ധതിയുടെ അടയാളങ്ങളാണ്. ഈ വരേണ്യവല്‍ക്കരണം ചിന്തിക്കുന്ന ജനതയുടെ പങ്കിനെ  അതിവേഗം അരികുകളിലേക്ക്‌ ഒതുക്കുകയും, അനുസരണയുള്ള, ചോദ്യങ്ങള്‍ ചോദിക്കാത്ത, പ്രതികരണ ശേഷിയില്ലാത്ത നവയുഗ അടിമത്ത ജീവിതത്തില്‍ അഭിരമിക്കുന്ന ഒരു തലമുറയ്ക്കായി സമൂഹത്തെ പാകപ്പെടുത്തുകയും ചെയ്യുന്നു.

 

 

ഭരണകൂടത്തിന്‍റെ ഈ ‘ക്യാമറ ഭരണ’ത്തോട് മലയാളി സമൂഹം എങ്ങനെ പ്രതികരിക്കും എന്നത് ശ്രദ്ധയോടെ വീക്ഷിക്കേണ്ട ഒന്നാണ്. രാജ്യത്തെ ഒന്നടങ്കം കല്‍ത്തുറങ്കിലാക്കിയ അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ്സിനെ വിജയിപ്പിച്ച ചരിത്രമാണ് നമ്മുടെത്. അടിച്ചേല്‍പ്പിക്കുന്ന അച്ചടക്കം ഇഷ്ടപ്പെടുന്ന ഒരു ജനസമൂഹത്തില്‍ നിന്ന് യാതൊരു പ്രതികരണങ്ങളും ഇത്തരം വിഷയങ്ങളില്‍ ഉണ്ടായില്ലെങ്കിലും അത്ഭുതപ്പെടാനില്ല. നിരീക്ഷണ കാമറകള്‍ എത്രത്തോളം നിഷ്പക്ഷമാണെന്ന വസ്തുതയും ഈ ഘട്ടത്തില്‍ പ്രസക്തമാണ്. ആരുടെ പ്രത്യശാസ്ത്രത്തെയാണ് ഈ മൂന്നാം കണ്ണ് പ്രതിനിധീകരിക്കുന്നത്? ഏതു കാഴ്ചകളെയാണ് അത് ഉന്നം വയ്ക്കുന്നത്? ഈ ചോദ്യങ്ങളുടെ ഉത്തരം നല്‍കേണ്ട അധികാരകേന്ദ്രങ്ങള്‍ മൗനം ദീക്ഷിക്കുകയും ജനാധിപത്യം ഉറപ്പു നല്‍കുന്ന അവകാശങ്ങളെ നോക്കി കൊഞ്ഞനം കുത്തുകയുമാണ്‌. ഫ്രഞ്ച് സൈദ്ധാന്തികന്‍ മിഷേല്‍ ഫൂക്കോയുടെ ചില ചിന്തകളും ഈ അവസരത്തില്‍ അത്യധികം പ്രസക്തമാണ്‌. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ശിക്ഷണമാണ് ആധുനിക സമൂഹത്തില്‍ സ്റ്റേറ്റിന് വേണ്ട ‘വ്യക്തികളെ’ സൃഷ്ടിക്കുന്നത്. വ്യക്തികളെ നിയമബദ്ധരായി പെരുമാറാന്‍ നിര്‍ബന്ധിക്കുന്ന പ്രക്രിയയാണ് ശിക്ഷണം. തുടര്‍ന്ന് ആ വ്യക്തി അനുസരണയുള്ള പ്രജയായി സ്വയം രൂപം പ്രാപിക്കുന്നു. വ്യക്തികളെ ശാരീരിക പീഡകളേല്‍പ്പിക്കുന്നതിനേക്കാളും, ജയിലുകളിലടയ്ക്കുന്നതിനേക്കാളും ആധുനിക ഭരണകൂടങ്ങള്‍ താല്പര്യപ്പെടുന്നത്, അവരെ നിരന്തരമായ സര്‍വേയിലന്‍സ് (surveillance)ന് വിധേയരാക്കുന്നതിനാണെന്നും ഫൂക്കോ നിരീക്ഷിക്കുന്നു. പോവുന്നിടത്തെല്ലാം വ്യക്തിയെ പിന്തുടരുന്ന ക്യാമറ മാനസികമായ അടിമത്തത്തിലേക്ക് ഒരു ജനതയെ ഒട്ടാകെ തള്ളി വിടുമ്പോള്‍ കുറ്റം എന്നത് നിര്‍വചിക്കാനാവാത്ത ഒരു സമസ്യയായി മാറുകയും ഓരോ പ്രജയും കുറ്റവാളിയെന്ന ലേബലില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളില്‍ നഷ്ടമാവുന്ന വ്യക്തിസ്വാതന്ത്രത്തെ കുറിച്ച് ഒട്ടും തന്നെ വേവലാതിപ്പെടാതിരിക്കുകയും ചെയ്യുന്ന നവീന സാഹചര്യത്തിലാണ് സര്‍വേയിലന്‍സ് അദൃശ്യമായ ഒരു മര്‍ദനോപകരണമായി സ്വതന്ത്ര ചിന്തയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയും തറയ്ക്കുന്നത്.

 

സ്റ്റേറ്റ് സര്‍വേയിലന്‍സിനെതിരെ പ്രതികരിക്കാന്‍ സാഹിത്യ അക്കാദമിയില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കുംവരെ കാത്തിരിക്കേണ്ടി വേണ്ടി വന്നുവെന്നതും മലയാളിയുടെ സാമൂഹ്യ ബോധത്തിന്‍റെ  പരിതാപകരമായ അവസ്ഥാന്തരങ്ങള്‍ക്ക് ദൃഷ്ടാന്തമാണ്. വ്യക്തിസ്വാതന്ത്രത്തിന് നേരെയുള്ള കടന്നു കയറ്റങ്ങളുടെ ആദ്യത്തെ സൂചനകളില്‍ തന്നെ പ്രതിഷേധിച്ചിരുന്ന ഒരു ചരിത്രവും നമുക്കുണ്ടായിരുന്നു. ആവിഷ്കാര സ്വാതന്ത്രം ഏറ്റവുമധികം വെല്ലുവിളികള്‍ നേരിട്ട് കൊണ്ടിരിക്കുന്ന, വര്‍ഗീയ ശക്തികള്‍ സ്വയം സെന്‍സര്‍ ബോര്‍ഡ് ചമഞ്ഞ് കലാസൃഷ്ടികളെ തെരുവില്‍ നേരിടുന്ന ‘മോഡിക്കാലത്ത്’ അക്കാദമിയിലെയും മറ്റും നിരീക്ഷണം അടിസ്ഥാന അവകാശങ്ങളെ തന്നെ ഹനിക്കുന്ന  ഭീതിതമായ വരും കാലത്തേക്ക് നമ്മെ ഞെട്ടി ഉണര്‍ത്തിക്കുന്നുണ്ട്. മാവോയിസം എന്നാരോപിച്ചാല്‍ ജനകീയമായ ഏതു പ്രതിഷേധത്തെയും അടിച്ചമര്‍ത്താനുള്ള ലൈസന്‍സ് ആയി അതിനെ മാറ്റാമെന്ന മിഥ്യാധാരണകളില്‍ ‘അതിവേഗം-ബഹുദൂരം’ ജനവിരുദ്ധ നയങ്ങളുമായി മുന്നേറുന്ന സര്‍ക്കാരുകള്‍ക്ക് നിരീക്ഷണ ക്യാമറകള്‍ പ്രതിനിധാനം ചെയ്യുന്ന ജനാധിപത്യ വിരുദ്ധത മനസ്സിലാവണമെന്നില്ല. ഇതു മനസ്സിലാക്കി പ്രതികരിക്കാനും, സ്വതന്ത്ര ചിന്തകള്‍ക്കു മേലുള്ള സര്‍വേയിലന്‍സ് അവകാശങ്ങളിലെക്കുള്ള കടന്നു കയറ്റമാണെന്ന് വലിയൊരു ജനസമൂഹത്തിന് മനസ്സിലാക്കി കൊടുക്കാനുമുള്ള വലിയ ഉത്തരവാദിത്തമാണ് ഈ നാട്ടിലെ ജനാധിപത്യസ്നേഹികള്‍ക്കുള്ളത്. നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ച് വൈകാതെ തന്നെ സോഷ്യല്‍ മീഡിയയിലും അല്ലാതെയുമായി നടന്ന ചര്‍ച്ചകളും  ശക്തമായ പ്രതിഷേധങ്ങളും കുറച്ചെങ്കിലും ശുഭസൂചകമാണ്. സാറ ജോസഫ്‌, ഐ. ഷണ്മുഖദാസ്, അന്‍വര്‍ അലി തുടങ്ങിയ എഴുത്തുകാരും സാംസ്കാരിക പ്രവര്‍ത്തകരും ഇത്തരം ഏകാധിപത്യ നടപടികളെ തുടക്കത്തിലെ ചെറുക്കേണ്ടതുണ്ടെന്നും, സംസ്ഥാനമൊട്ടുക്ക് പ്രക്ഷോഭപരിപാടികള്‍ സംഘടിക്കപ്പിക്കുമെന്നും അഭിപ്രായപ്പെടുകയുണ്ടായി. ജനാധിപത്യം ഇതു വരെ നേരിട്ടിട്ടില്ലാത്ത വിധമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന കാലം കൂടിയാണിത്. വ്യക്തികളുടെ അവകാശങ്ങള്‍ ജലരേഖകള്‍  മാത്രമായി ഒതുക്കുവാനുള്ള അധികാരിവര്‍ഗ്ഗ തന്ത്രങ്ങളുടെ പലവിധത്തിലുള്ള രൂപങ്ങളില്‍ ഏറ്റവുമൊടുവിലുത്തേതാണ് അക്കാദമിയെ നിരീക്ഷണ വലയത്തിലാക്കാനുള്ള തീരുമാനം.

 

ഫാസിസത്തിനെതിരെ കേരള യുവത സ്നേഹചുംബനങ്ങള്‍ കൊണ്ട് പ്രതിഷേധത്തിന്‍റെ കൊടുങ്കാറ്റുകള്‍ തീര്‍ക്കുമ്പോള്‍, സ്വകാര്യതയിലേക്കും, വ്യക്തി സ്വാതന്ത്രതിലേക്കും കാമറക്കണ്ണുകള്‍ നടത്തുന്ന നീതികരിക്കാനാവാത്ത കടന്നു കയറ്റങ്ങളേയും ഫാസിസമായി തന്നെ കണക്കിലെടുത്ത് ചെറുത്തു തോല്‍പ്പിക്കേണ്ടത് ജനാധിപത്യമൂല്യങ്ങളില്‍ ഇന്നും വിശ്വസിക്കുന്ന ഒരു സമൂഹത്തിന്‍റെ ശ്വാസം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. 

 

അഴിമുഖം പ്രസിദ്ധീകരിച്ച ഹരിനാരായണന്റെ മറ്റൊരു ലേഖനം: ഞാന്‍: അരങ്ങില്‍ വീണു മരിച്ച ചലച്ചിത്രം

 

(ഒറ്റപ്പാലം എന്‍.എസ്.എസ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍