UPDATES

ട്രെന്‍ഡിങ്ങ്

സഹകരണ മേഖലയില്ലാത്ത കേരളത്തെ കുറിച്ച് കൂടി ആലോചിച്ചു നോക്കൂ; സാലറി ചലഞ്ചിലും അവര്‍ ജനങ്ങള്‍ക്കൊപ്പമാണ്

പ്രളയ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിൽ ‘കെയർ കേരള’ പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് 1500 വീടുകൾ നിർമ്മിച്ച് നൽകുന്നുണ്ട്

ഗ്രാമീണ മേഖലകളിലെ കർഷകരുടെയും സാധാരണക്കാരുടെയും ചെറിയ തുകകൾ ശേഖരിച്ചുകൊണ്ട് വലിയ നിക്ഷേപമായി മാറ്റിയെടുത്ത കരുത്തിൽ മുന്നോട്ട് പോകുന്നതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. നബാർഡിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ നാല്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് നിലവിലുള്ളത്. രാജ്യത്തെ മറ്റേതൊരു സഹകരണ സംരംഭങ്ങൾക്കും ഈ വളർച്ച അവകാശപ്പെടാനാവില്ല. ഗ്രാമ ഗ്രാമാന്തരങ്ങളിലെ സാധാരണ മനുഷ്യരുടെ കഠിനാദ്ധ്വാനത്തിൽ നിന്നുള്ള വരുമാനമാണ് സഹകരണ സംഘങ്ങളിൽ നിക്ഷേപമായി മാറിയ ഈ തുക.

സമാനതകളില്ലാത്ത പ്രകൃതി ദുരന്തം നേരിട്ട കേരളം, സന്നദ്ധരാകുന്ന ഏതൊരാളിൽ നിന്നും, പ്രസ്ഥാനങ്ങളിൽ നിന്നും, ഏത് നാട്ടിൽ നിന്നുമുള്ള സഹായം തേടുകയും അത് സ്വീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന നാളുകളാണിത്. പ്രളയം ബാക്കിനിർത്തിയ നഷ്ടങ്ങൾ അത്രയേറെയാണ്. അതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളം അല്ലെങ്കിൽ നിശ്ചിത ദിവസങ്ങളിലെയെങ്കിലും കേരളത്തിന്റെ പുനരുജ്ജീവനത്തിനായി നൽകണമെന്ന് ജീവനക്കാരോടും മറ്റു വിഭാഗങ്ങളോടും സർക്കാർ അഭ്യർത്ഥിച്ചത്. അഭൂതപൂർവമായ പ്രതികരണമാണ് ആ അഭ്യർത്ഥനയോട് കേരളീയ സമൂഹത്തിൽ നിന്നുണ്ടായത്. പ്രളയം ദുരിതം വിതച്ച നാടുകളെയും ജനങ്ങളെയും സഹായിക്കാൻ അഭ്യർത്ഥന പ്രകാരവും അല്ലാതെയും സന്നദ്ധരായി സർവ്വ മേഖലയിലുള്ളവരും സംഘടനകളും സർക്കാർ സ്ഥാപനങ്ങളും ജീവനക്കാരും തൊഴിലാളി വിഭാഗങ്ങളുമെല്ലാം മുന്നോട്ട് വരികയും ചെയ്തു. ഇപ്പോഴും ആ പ്രക്രിയ തുടരുന്നുമുണ്ട്. സ്വാഭാവികമായും വാണിജ്യ ബാങ്കുകളേക്കാൾ സാധാരണ ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന സംസ്ഥാനത്തെ സഹകരണ സംഘങ്ങളും ഈ ഉദ്യമത്തിൽ സർക്കാരിന്റെ അഭ്യർത്ഥനയെ മാനിച്ചു രംഗത്തു വരികയുണ്ടായി.

സർക്കാർ ഔദ്യോഗികമായി അഭ്യർത്ഥിക്കുന്നതിനു മുൻപ് തന്നെ കേരളത്തെ സഹായിക്കാൻ മുന്നിട്ടിറങ്ങിയതാണ് സഹകരണ മേഖല. സഹകരണ സ്ഥാപങ്ങളും അവയിലെ ജീവനക്കാരും സ്വമേധയാ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു. സ്ഥാപനങ്ങളോ ഈ രംഗത്തു പ്രവർത്തിക്കുന്ന യുണിയനുകളോ ഒരു തരത്തിലുള്ള നിർബന്ധവും ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി ആരോടും കാണിച്ചിട്ടില്ലെന്നും ജീവനക്കാരും യൂണിയൻ പ്രതിനിധികളും വ്യക്തമാക്കിയിട്ടുമുണ്ട്. ശമ്പളം സംഭാവന ചെയ്യാൻ മടിച്ചു നിന്നവർ സർക്കാർ ജീവനക്കാരുടെ ഇടയിലും ഉള്ളത് പോലെ ചെറിയൊരു വിഭാഗം സഹകരണ മേഖലയിലും ഉണ്ട്. പക്ഷെ അവരോട് ഒരു തരത്തിലുള്ള നീരസവും പ്രകടിപ്പിക്കപ്പെട്ടിട്ടില്ല. അങ്ങനെ നൽകാൻ സാധിക്കാത്തതിന് പിന്നിൽ നിരവധി ഘടകങ്ങൾ ഉണ്ടാവാം. പക്ഷെ അതൊരു രാഷ്ട്രീയ നീക്കവും ബോധപൂർവം സർക്കാരിനെ വിമർശിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും ചില മാധ്യമങ്ങളെങ്കിലും ആ പ്രചാരണത്തെ പ്രത്യേക അജണ്ട പോലെ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണിപ്പോൾ.

Also Read: സാലറി ചലഞ്ചില്‍ അള്ള് വയ്ക്കുന്നവര്‍ ഗതികേടുകൊണ്ട് മാത്രം ചെയ്യുന്നതാണ് അതെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്

സഹകരണ സംഘം രജിസ്ട്രാർ ഈ മാസം 17-നു സഹകരണ സംഘങ്ങൾക്ക് അയച്ച 46/18 നമ്പർ സർക്കുലറിനെ ബന്ധപ്പെടുത്തിയാണ് ചിലരെങ്കിലും വിവാദങ്ങൾ സൃഷ്ടിക്കുകയോ ഒപ്പം ചേരുകയോ ചെയ്യുന്നത്. ആ സർക്കുലർ പക്ഷെ നിർബന്ധമായും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിക്കൊള്ളണം എന്ന ഉള്ളടക്കത്തോടെയല്ല തയ്യാറാക്കിയിരിക്കുന്നത്. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നിധിയിലേക്ക് നൽകുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ മാത്രമുൾക്കൊള്ളുന്നതാണ് രജിസ്ട്രാറുടെ ആ സർക്കുലർ.

2018 സെപ്റ്റംബറിലെ ഗ്രോസ് സാലറി അടിസ്ഥാനമാക്കിയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള സഹകരണ ജീവനക്കാരുടെ ശമ്പളത്തുക കണക്കാക്കേണ്ടതെന്നു സർക്കുലറിൽ പറയുന്നു. ഒരു മാസത്തെ ആകെ ശമ്പളത്തിന് തുല്യമായ തുക പരമാവധി പത്ത് ഗഡുക്കളായി നൽകാവുന്നതാണ്. കഴിഞ്ഞ മാസത്തെ ശമ്പളത്തിൽ നിന്നും ജീവനക്കാർ സംഭാവന നൽകിയിട്ടുണ്ടെങ്കിൽ അത് ഒരു മാസത്തെ ശമ്പളത്തുകയിൽ നിന്നും കുറവ് വരുത്തി ബാക്കിയുള്ള തുക മാത്രം സംഭാവനയായി നൽകാവുന്നതാണ്.

പ്രാപ്തിയുള്ള സംഘങ്ങൾക്ക് പരമാവധി പത്തു മാസം കൊണ്ട് തിരികെ അടക്കണമെന്ന വ്യവസ്ഥയിൽ ജീവനക്കാർ ആവശ്യപ്പെടുന്ന പക്ഷം ഒരു മാസത്തെ ശമ്പളം മുൻകൂറായി നൽകാവുന്നതാണ്. ജീവനക്കാർക്ക് താല്പര്യമുണ്ടെങ്കിൽ ഒരു മാസത്തെ ശമ്പളം നൽകുന്നതിന് പകരമായി സെപ്റ്റംബറിലെ ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ മുപ്പത് ദിവസത്തെ ആർജിതാവധി സറണ്ടർ ചെയ്ത അവധി ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകാം എന്നും രജിസ്ട്രാർ നിർദേശിക്കുന്നു. ഇത്രയുമാണ് സർക്കുലറിൽ മാർഗ നിർദേശങ്ങൾ. ഇതിലൊരിടത്തും ഒരു മാസത്തെ ശമ്പളം ജീവനക്കാർ നിർബന്ധമായും നൽകിയിരിക്കണം എന്ന ഉത്തരവ് ഇല്ല. സംഭാവന നൽകുമ്പോൾ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ എങ്ങനെയാണ് നിർബന്ധിതമായി പണം നല്കണമെന്ന തരത്തിലുള്ള ഉത്തരവായി ചിലർ പ്രചരിപ്പിക്കുന്നതെന്ന് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ ചോദിക്കുന്നു.

Also Read: ഒരു മാസത്തെ ശമ്പളം നൽകാൻ തയ്യാറാകാത്ത സർക്കാർ ഉദ്യോഗസ്ഥർ ജനശത്രുക്കളിൽ കുറഞ്ഞൊന്നുമല്ല

“സർക്കാരിന്റെ ഉത്തരവ് വരുന്നതിനു മുൻപ് തന്നെ ഞങ്ങൾ യൂണിയൻ എന്ന നിലയിൽ ജീവനക്കാരുടെ ശമ്പളം സംഭാവന ചെയ്യാൻ തീരുമാനമെടുത്തിരുന്നു. കണ്ണൂർ ജില്ലയിൽ നിന്ന് സഹകരണ രംഗത്തെ ജീവനക്കാർ മാത്രം രണ്ട് കോടിയിലേറെ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. മുൻപ് ഇത് സംബന്ധിച്ച് സഹകരണ ജോയിന്റ് രജിസ്ട്രാർ ഒരു യോഗം വിളിച്ചു ചേർത്തപ്പോൾ പ്രതിപക്ഷ പാർട്ടികളിലെ യൂണിയൻ പ്രതിനിധികൾ പോലും ശമ്പളം സംഭാവന ചെയ്യാനുള്ള തീരുമാനത്തെ നല്ല നിലയിൽ പിന്തുണച്ചിരുന്നു”, കോ ഓപ്പറേറ്റീവ് എപ്ലോയീസ് യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി. മുകുന്ദൻ പറയുന്നു.

പ്രളയ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളിൽ ‘കെയർ കേരള’ പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് 1500 വീടുകൾ നിർമ്മിച്ച് നൽകുന്നുണ്ട്. ഒരു വീടിന് അഞ്ചു ലക്ഷം രൂപയാണ് അനുവദിക്കുക. അതാത് വീട്ടുകാർക്ക് താല്പര്യമുള്ള പ്ലാനും എസ്റ്റിമേറ്റും ഇതിനായി ഉപയോഗിക്കാം. ആകെ 75 കോടി രൂപ ഈ പദ്ധതിക്കായി സഹകരണ വകുപ്പ് കണ്ടെത്തണം. ഇതിലേക്ക് കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം സഹകരണ സംഘങ്ങൾ 6 കോടി 77 ലക്ഷം രൂപ ഇതിനകം നൽകി കഴിഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4 കോടി 58 ലക്ഷം രൂപ ജില്ലയിലെ സംഘങ്ങൾ നൽകിയിട്ടുണ്ട്. രണ്ടു കോടിയിലേറെ രൂപ ജീവനക്കാരുടെ വിഹിതമാണ്. ഇങ്ങനെ ജില്ലയിൽ നിന്ന് ഇതിനകം ഏകദേശം 15 കോടിയിലേറെ രൂപ സഹകരണ രംഗത്തു നിന്ന് കേരളത്തെ സഹായിക്കാനായി നൽകിയിട്ടുണ്ട്. ഇതിനു പുറമെ ചില സംഘങ്ങൾ തുണികളും മറ്റും വിതരണം ചെയ്തിട്ടുമുണ്ട്.

“ഏതെങ്കിലും സംഘങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ ആ സ്ഥാപനത്തിന്റെ ഭരണ സമിതിയാണ് തീരുമാനമെടുക്കേണ്ടത്. ഭരണ സമിതിയാണ് പരമാധികാരി. ഒരു സഹകരണ സംഘത്തിനോടും തുക നൽകാൻ നിർബന്ധിതമായി ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങൾ എല്ലാം അടിസ്ഥാനരഹിതമാണ്.” സഹകരണ വകുപ്പ് ഡപ്യൂട്ടി രജിസ്ട്രാർ എം കെ ദിനേശ്ബാബു വ്യക്തമാക്കുന്നു.

Also Read: ഞാന്‍ എന്തുകൊണ്ട് ശമ്പളം കൊടുക്കില്ല? സാലറി ചലഞ്ചിനോട് നോ പറയേണ്ടി വന്ന ഫോറസ്റ്റ് വാച്ചറായ ആദിവാസി സ്ത്രീ സംസാരിക്കുന്നു

സംസ്ഥാനത്താകെ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിൽ 14000 സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 1999 ൽ കേരളം കോ ഓപ്പറേറ്റീവ് അമെൻഡ്മെന്റ് ആക്ട് നിലവിൽ വന്നതോടുകൂടി സുപ്രധാനമായ മാറ്റങ്ങൾ സഹകരണ മേഖലയിൽ ഉണ്ടായിരുന്നു. കെഎസ്ആർടിസി പെൻഷൻകാരുടെ ദുരിതം പരിഹരിക്കാൻ സഹകരണ പ്രസ്ഥാനമാണ് രംഗത്തിറങ്ങിയത്. 284 കോടി രൂപയാണ് ആയിനത്തിൽ സഹകരണ ബാങ്കുകളുടെ കൺസോർഷ്യം കെഎസ്ആർടിസി ജീവനക്കാർക്ക് പെൻഷൻ നൽകാനായി കൊടുത്തത്. ക്ഷേമപെൻഷനുകൾ വീടുകളിലെത്തിച്ചതും സഹകരണ സംഘങ്ങൾ ആയിരുന്നു.

വിവാദങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് നൽകാൻ മടിച്ച നൂറ് കോടിയുടെ വായ്പ കെഎസ്ആർടിസിക്ക് കഴിഞ്ഞ വര്‍ഷം അനുവദിച്ചത് കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് ആയിരുന്നു. ആത്മഹത്യ ചെയ്ത കർഷകരുടെ രണ്ടു ലക്ഷം വരെയുള്ള കടങ്ങൾ എഴുതി തള്ളിയതും ഒറ്റത്തവണ തീർപ്പാക്കലിലൂടെ 270 കോടി രൂപയുടെ പലിശയിളവ് നൽകിയതും സഹകരണ സംഘങ്ങളാണ്. കാർഷിക വായ്പയുടെ പലിശ 9 ശതമാനത്തിൽ നിന്നും 5.5 ശതമാനമായി കുറച്ചു. ഇങ്ങനെ സഹായങ്ങളുടെയും ക്ഷേമ പദ്ധതികളുടെയും വലിയൊരു പട്ടിക സഹകരണ പ്രസ്ഥാനങ്ങൾക്ക് അവകാശപ്പെടാനുണ്ട്.

1946 ൽ 1669 സംഘങ്ങളും 32 ലക്ഷം രൂപ ഷെയർ ക്യാപിറ്റലുമായി യാത്ര തുടങ്ങിയതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനം. അതിനു മുൻപ് 1904 ൽ സഹകരണ നിയമം പാസ്സാക്കപ്പെട്ടതോടെയാണ് ഇന്ത്യയിൽ സഹകരണ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. സഹകരണ ബാങ്കുകളുടെ ജനകീയാടിത്തറ വ്യക്തമാക്കുന്ന റിസർവ് ബാങ്കിന്റെ ഒരു പഠനം 2013 ൽ വന്നിട്ടുണ്ട്. കേരളത്തിൽ ദരിദ്രർ തങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾക്ക് വാണിജ്യ ബാങ്കുകളേക്കാൾ ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ് എന്നതായിരുന്നു ആ പഠനത്തിന്റെ ഉള്ളടക്കം. ആ കാഴ്ചപ്പാട് അടിസ്ഥാനമാക്കിക്കൊണ്ട് തന്നെ കേരളത്തിന്റെ പുനരുജ്ജീവനത്തിന് സഹകരണ മേഖലയ്ക്ക് ഇനിയുമേറെ സഹായങ്ങൾ ചെയ്യാനാവും. അതിൽ ആരുടെയെങ്കിലും നിർബന്ധത്തിന്റെ ആവശ്യമില്ലെന്നാണ് ആ രംഗത്തുള്ളവർ വ്യക്തമാക്കുന്നത്. അതൊരു സന്നദ്ധതയാണ്.

പിണറായിയില്‍ നടത്തിയ ‘വിപ്ലവം’ മുഖ്യമന്ത്രി വിജയന്‍ കേരളത്തില്‍ നടത്തുമോ?

സഹകരണ മേഖലയെ തകര്‍ക്കുന്നവര്‍ ഐടി പാര്‍ക്ക് വരെ നടത്തുന്ന ഈ കൂട്ടായ്മയുടെ ചരിത്രം വായിക്കണം

സഹകരണ മേഖലയുടെ മേല്‍ കുതിര കയറുന്നവരോട്; നിങ്ങളുടെ കളി ജനങ്ങളുടെ ജീവിതം കൊണ്ടാണ്

ഞാന്‍ എന്തുകൊണ്ട് ശമ്പളം കൊടുക്കില്ല? സാലറി ചലഞ്ചിനോട് നോ പറയേണ്ടി വന്ന ഫോറസ്റ്റ് വാച്ചറായ ആദിവാസി സ്ത്രീ സംസാരിക്കുന്നു

ഷിജിത്ത് വായന്നൂര്‍

ഷിജിത്ത് വായന്നൂര്‍

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍