UPDATES

‘കലാപം തന്നെയായിരുന്നു അവരുടെ ലക്ഷ്യം, അല്ലാതെ കൊലവിളി മുഴക്കി അടച്ചിട്ട കടകള്‍ തല്ലിത്തകര്‍ക്കില്ലല്ലോ, മിഠായിത്തെരുവ് പറയുന്നത്

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് മിഠായിത്തെരുവില്‍ നടന്നത് കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമങ്ങളെന്ന് വ്യാപാരികള്‍

ശ്രീഷ്മ

ശ്രീഷ്മ

“എത്ര വര്‍ഷമായി ഞങ്ങളൊക്കെ ഇവിടെ ഒരുമിച്ച് കച്ചവടവുമായി ജീവിക്കുന്നു. ഇക്കാലത്തിനിടെയൊന്നും ഉണ്ടായിട്ടില്ലാത്ത സംഭവങ്ങളാണ് വ്യാഴാഴ്ചത്തെ ഹര്‍ത്താലില്‍ ഉണ്ടായത്. ഇവര്‍ ഇങ്ങനെ ഒരു പ്രത്യേക വിഭാഗക്കാരെ മാത്രം ലക്ഷ്യം വയ്ക്കുകയാണെന്ന് പുറത്ത് ആരോടെങ്കിലും പറയാന്‍ പോലും വിഷമമാണ്. നമ്മുടെ സ്ഥലത്തിനല്ലേ അതിന്റെ മോശം? കച്ചവടക്കാരില്‍ പലരുടേയും അയല്‍ക്കാരും പരിചയക്കാരുമൊക്കെയുണ്ടായിരുന്നു അക്രമി സംഘത്തിനൊപ്പം”, പറയുന്നത് മിഠായിത്തെരുവിലെ കച്ചവടക്കാരാണ്. ദിവസങ്ങള്‍ക്കു മുന്നെയുണ്ടായ അക്രമപരമ്പരകളില്‍ തങ്ങളുടേയും സുഹൃത്തുക്കളുടെയും കടകള്‍ തല്ലിത്തകര്‍ക്കുന്നത് കണ്ടു നില്‍ക്കേണ്ടിവന്നവര്‍. അക്രമികള്‍ക്കെതിരെ കേസെടുക്കുകയും നടപടികള്‍ കര്‍ശനമാക്കുകയും ചെയ്തിട്ടുണ്ടെങ്കിലും, ഹര്‍ത്താല്‍ ദിനത്തിലെ അനുഭവങ്ങള്‍ വലിയ അരക്ഷിതാവസ്ഥയാണ് ഇവരില്‍ സൃഷ്ടിച്ചിരിക്കുന്നത്.

കടകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ വ്യാപാരി സംഘടനകള്‍ നികത്തുമെന്ന ഉറപ്പു ലഭിച്ചതോടെ അത്തരം ആശങ്കകള്‍ക്ക് ശമനമായിട്ടുണ്ട്. പകരം, നാളിതുവരെയില്ലാത്ത മറ്റൊരു ഭീതിയാണ് കച്ചവടക്കാര്‍ക്കുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനവ്യാപകമായി അക്രമമഴിച്ചുവിട്ട സംഘപരിവാര്‍ പ്രവര്‍ത്തകര്‍, ശബരിമല വിഷയത്തിന്റെ മറവില്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന വര്‍ഗ്ഗീയ ചേരിതിരിവിന്റെ വെളിപ്പെടുത്തലായിരുന്നു മിഠായിത്തെരുവില്‍ കണ്ടത്. തെരുവിനകത്തെ ഗണപതി മാരിയമ്മൻ ക്ഷേത്രത്തോടു ചേര്‍ന്നുള്ള വിഎച്ച്പി ഓഫീസില്‍ നിന്നും വര്‍ഗ്ഗീയ കലാപാഹ്വാനങ്ങള്‍ നടത്തുന്ന ഹര്‍ത്താല്‍ അനുകൂലികളുടെ ദൃശ്യങ്ങള്‍ വിവിധ ദൃശ്യമാധ്യമങ്ങള്‍ അന്നു തന്നെ പുറത്തു വിട്ടിരുന്നു. പള്ളികള്‍ പൊളിക്കുമെന്നതടക്കമുള്ള ആക്രോശങ്ങള്‍ക്കു മറുപടിയായി 153-എ ചുമത്തി കേസുമെടുത്തിട്ടുണ്ട്.

എങ്കിലും, തീര്‍ത്തും സമാധാനപരമായി കച്ചവടം നടത്തിപ്പോന്നിരുന്ന തങ്ങള്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കാന്‍ ആര്‍ക്കാണ് തിടുക്കമെന്ന സംശയമാണ് വ്യാപാരികള്‍ക്കുള്ളത്. പേരു വെളിപ്പെടുത്തില്ലെന്ന ഉറപ്പിന്റെ പുറത്താണ് പലരും ആശങ്കകള്‍ പങ്കുവയ്ക്കാന്‍ പോലും തയ്യാറായത്. “പോലീസ് എണ്ണത്തില്‍ വളരെ കുറവായിരുന്നതിനാല്‍ ഇവരെ നിയന്ത്രിക്കാനാകുന്നില്ലായിരുന്നു. കടകളൊക്കെ അടിച്ച് തകര്‍ത്തു കൊണ്ടാണ് ഇവര്‍ ജാഥയായി വന്നത്. ഞങ്ങളെല്ലാവരും ഇറങ്ങി ഓരോരുത്തരെയായി പിടിച്ചുകൊടുക്കാന്‍ തുടങ്ങിയതോടെ ഇവരൊക്കെ കോര്‍ട്ട് റോഡിലേക്ക് കടന്ന് ക്ഷേത്രത്തിനകത്തേക്ക് കയറി. അവിടെ ഗേറ്റിനപ്പുറത്തു നിന്നുകൊണ്ടാണ് പുറത്തേക്ക് നോക്കി വെല്ലുവിളിച്ചുകൊണ്ടിരുന്നത്. കട തുറക്കാന്‍ സമ്മതിക്കില്ല, ഒറ്റ പള്ളി ബാക്കിയുണ്ടാവില്ല എന്നൊക്കെ വിളിച്ചു പറഞ്ഞു. ഇവിടെ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ആരു കരുതി?” കൊയന്‍കോ ബസാറിലെ ഫുട്‌വെയര്‍ കടയുടമ പറയുന്നു.

പുറകെ പോയ ഞങ്ങളൊക്കെ ഗേറ്റിനു പുറത്ത് റോഡില്‍ കൂട്ടമായി നില്‍ക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ കോംപൗണ്ടിനകത്തു നിന്നാണ് അവര്‍ ബിയര്‍ ബോട്ടിലും കരിങ്കല്‍ കക്ഷ്ണങ്ങളും പുറത്തേക്കെറിഞ്ഞത്. തിരിച്ചൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് അവര്‍ക്കറിയാം. ക്ഷേത്രത്തിന്റെ സ്ഥലത്തല്ലേ അവര്‍ നില്‍ക്കുന്നത്. ഞങ്ങള്‍ തിരിച്ചാക്രമിച്ചാല്‍ വിഷയം മാറില്ലേ. കമ്മീഷണറടക്കമുള്ളവര്‍ ഞങ്ങളോട് പറഞ്ഞതും അതാണ്. ഞങ്ങള്‍ സംയമനം പാലിച്ചിട്ടുമുണ്ട്. വര്‍ഗ്ഗീയത കൊണ്ടുവരണമെന്ന് അവര്‍ക്കുണ്ടാകും. പക്ഷേ അതിന് ഇവിടെയാരും കൂട്ടുനില്‍ക്കാന്‍ പോകുന്നില്ല. പതിനെട്ടു വര്‍ഷമായി മിഠായിത്തെരുവില്‍ ഞാന്‍ കച്ചവടം ചെയ്യുന്നു. ഗണപതി മാരിയമ്മന്‍ ക്ഷേത്രത്തോടു ചേര്‍ന്ന് വിഎച്ച്പി ഓഫീസുണ്ടായിരുന്ന കാര്യം എനിക്ക് ഇത്രനാളായി അറിയുക പോലുമില്ലായിരുന്നു”, അക്രമത്തിനിടെ ഏറ്റവുമധികം നഷ്ടം സംഭവിച്ച വ്യാപാരികളിലൊരാള്‍ പറയുന്നതിങ്ങനെ.

Also Read: ‘അവനൊക്കെ ഒരു കല്ലെടുത്തെറിഞ്ഞാല്‍ മതി, ഞങ്ങളിത് എവിടെ നിന്നുണ്ടാക്കും?’ മിഠായിത്തെരുവില്‍ നടന്നത് ആസൂത്രിത കലാപ ശ്രമം; ഇനി പേടിച്ച് പിന്മാറില്ലെന്ന് വ്യാപാരികള്‍

മിഠായിത്തെരുവില്‍ ഏറ്റവുമധികം നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത് കൊയന്‍കോ ബസാറിലാണ്. കൊയന്‍കോ ബസാര്‍ മാത്രം കേന്ദ്രീകരിച്ച് ഇത്രയേറെ ആക്രമണങ്ങളുണ്ടായതിനു പിന്നിലെ കാരണമെന്താണെന്ന് അറിയില്ലെന്നാണ് പല വ്യാപാരികളുടെയും പക്ഷം. എന്നാല്‍, മുസ്ലിം മതവിശ്വാസികളുടെ കടകള്‍ തെരഞ്ഞുപിടിച്ചാണ് ആക്രമണങ്ങള്‍ നടന്നിരിക്കുന്നതെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ട്. “ക്ഷേത്രത്തിനകത്തു നിന്നും വിഎച്ച്പിക്കാര്‍ വിളിച്ചു പറഞ്ഞത് എല്ലാവരും ചാനലില്‍ കേട്ടതല്ലേ. ഞങ്ങളൊക്കെ വല്ലാതെ ഞെട്ടിപ്പോയി. ഇവിടെ കച്ചവടം ചെയ്യുന്ന പലരുടെയും പരിചയക്കാരും അയല്‍ക്കാരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. കണ്ടു പോലും പരിചയമില്ലാത്തവരായിരുന്നു കൂടുതല്‍. പുറത്തു നിന്നും ഒരുപാടാളെ കൊണ്ടുവന്നിട്ടുണ്ട്. ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവരുടെ കടകളാണ് കൊയന്‍കോ ബസാറില്‍ തല്ലിത്തകര്‍ത്തതെല്ലാം. അല്ലെങ്കില്‍പ്പിന്നെ ഇവരെന്തിനാണ് അടച്ചിട്ട കടകള്‍ തല്ലിപ്പൊട്ടിക്കുന്നത്? കടകള്‍ തുറന്നവരോടല്ലേ ദേഷ്യം തോന്നേണ്ടത്?”

ഹര്‍ത്താലിന്റെ മറവില്‍ നടന്നത് വ്യക്തമായ കലാപാഹ്വാനമാണെന്ന് തീര്‍ച്ചപ്പെടുത്താന്‍ വ്യാപാരികള്‍ സംശയിക്കുന്നതിനു കാരണമിതെല്ലാമാണ്. വര്‍ഗ്ഗീയ-രാഷ്ട്രീയ ചേരിതിരിവുകളില്‍പ്പെടാതെ സമാധാനപരമായി കച്ചവടം നടത്താനാഗ്രഹിക്കുന്ന ഒരു വിഭാഗമാളുകളാണ് മിഠായിത്തെരുവിലുള്ളത്. നിപ, പ്രളയം എന്നിവയെടുത്ത വിപണി, ജിഎസ്ടി മൂലം വന്ന അങ്കലാപ്പുകള്‍, മിഠായിത്തെരുവ് വികസനത്തിന്റെ ഭാഗമായി ഗതാഗതം ഒഴിവാക്കിയപ്പോള്‍ കുത്തനെയിടിഞ്ഞ വ്യാപാരം എന്നിവയൊക്കെയാണ് ഇവരെ ബാധിക്കുന്ന വിഷയങ്ങള്‍. മുന്‍പെങ്ങുമില്ലാത്ത പോലെ തങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയമായ ചേരിതിരിവുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ തെല്ലൊരു ആശങ്കയോടല്ലാതെ ഇവര്‍ക്ക് കാണാനാകുന്നില്ല താനും. വര്‍ഷങ്ങളായി ഒരുമിച്ച് ജോലി ചെയ്യുന്ന വിവിധ മതവിഭാഗങ്ങളില്‍പ്പെട്ടവരെ ഭിന്നിപ്പിക്കാന്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് സാധിക്കില്ലെന്ന ആത്മവിശ്വാസത്തിന്റെ ബലത്തിലാണിവരെല്ലാം.

Also Read: മിഠായിത്തെരുവിന്റെ ഭൂമിശാസ്ത്രം അറിയാത്തതോ അതോ അറിയില്ലെന്ന് നടിച്ചതോ? ഉന്നത ഉദ്യോഗസ്ഥന്റെ പിഴവിന് പഴി കേള്‍ക്കേണ്ടവരല്ല കോഴിക്കോട്ടെ പോലീസുകാര്‍

എത്ര വലിയ കലാപാഹ്വാനങ്ങളുണ്ടായാലും, ഹര്‍ത്താല്‍ ദിനത്തില്‍ തുറന്നിരിക്കാനാണ് വ്യാപാരി സംഘടനകളുടെ തീരുമാനമെങ്കില്‍ അതിനൊപ്പം തന്നെ നില്‍ക്കുമെന്ന നിലപാടിലാണ് കച്ചവടക്കാര്‍.

ശ്രീഷ്മ

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍