UPDATES

പച്ചതുരുത്ത് ഉണ്ടാക്കാന്‍ പോകുന്നവര്‍ ഓര്‍ത്തോളൂ, നാളെ നിങ്ങളുടെ ഗതിയും ഇതുപോലെയാകും; മുടി മുറിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച ശാന്തിവനം ഉടമ മീന മേനോന്‍ പറയുന്നു

ആകെ മൂന്നു മരങ്ങള്‍ മാത്രമേ മുറിച്ചുവുള്ളൂവെന്നു പറയുകയും അതേസമയം ശാന്തിവനം ആകെ നശിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയാണ് കെഎസ്ഇബി ചെയ്യുന്നതെന്ന് മേനോന്‍

ആകെ മൂന്നു മരങ്ങള്‍ മാത്രമേ മുറിച്ചുവുള്ളൂവെന്നു പറയുകയും അതേസമയം ശാന്തിവനം ആകെ നശിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തിയാണ് കെഎസ്ഇബി ചെയ്യുന്നതെന്ന് ഉടമ മീന മേനോന്‍. ശിഖരങ്ങള്‍ നീക്കം ചെയ്യുകയെന്ന പേരില്‍ മരങ്ങള്‍ വെട്ടി നശിപ്പിക്കുകയാണ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രിയും വൈദ്യുതിവകുപ്പ് മന്ത്രിയുമെല്ലാം അതിന് കൂട്ടുനില്‍ക്കുകയാണെന്നും മീന മേനോന്‍ അഴിമുഖത്തോട് പറഞ്ഞു.

കഴിഞ്ഞ ദിവസം മരത്തിന്റെ ശിഖരങ്ങള്‍ മുറിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ സ്വന്തം മുടി മുറിച്ച് മീന മേനോന്‍ പ്രതിഷേധിച്ചിരുന്നു. ചില്ലകളെന്നു പറഞ്ഞ് മുറിക്കുന്നത് മരങ്ങളുടെ തലകളാണെന്നും ഇത്തരത്തില്‍ മുറിച്ച മരങ്ങള്‍ താമസിയാതെ നശിച്ചു പോകുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. ശാന്തിവനത്തെ ഇല്ലാതാക്കുകയാണ് ഭരണകൂടം ചെയ്യുന്നതെന്നും മീന മേനോന്‍ പറയുന്നു.

എത്ര മരങ്ങള്‍ക്കും ശാന്തിവനത്തിലെ ജൈവ വൈവിധ്യങ്ങള്‍ക്കും നാശം വരുത്തിയെന്നു ചോദിച്ചാല്‍ കെഎസ്ഇബിക്ക് മറുപടിയില്ലെന്നാണ് മീന മേനോന്റെ വിമര്‍ശനം. മൂന്നു മരങ്ങള്‍ മുറിച്ചു എന്നാണ് അവരുടെ കൈയിലെ രേഖയില്‍ ഉള്ളത്. ഒരു കവുങ്ങും തെങ്ങും പിന്നെ അവരുടെ ഭാഷയില്‍ പാഴ്മരം എന്നു പറഞ്ഞ, അമ്പതിലേറെ വര്‍ഷം പഴക്കമുള്ള ഒരു വെള്ള പൈനും. ഇവ മുറിച്ചതിന്റെ രേഖയില്‍ എന്നെ കൊണ്ട് ഒപ്പിട്ട് വാങ്ങിക്കുകയും ചെയ്തിരുന്നു. ശാന്തിവനത്തിന് അകത്ത് ആകപ്പാടെ മൂന്നു മരങ്ങള്‍ മുറിച്ചതല്ലാതെ മറ്റൊരു നാശനഷ്ടവും വരുത്തിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ റെക്കോര്‍ഡില്‍ പറയുന്നത്. എന്നാല്‍ അതിനുശേഷം ശാന്തിവനത്തില്‍ നടത്തിയ നശീകരണത്തെ കുറിച്ച് അവര്‍ക്ക് ഒന്നും പറയാനില്ല. ഞങ്ങളാകെ മൂന്നു മരങ്ങളല്ലേ മുറിച്ചുള്ളൂ എന്നു പറഞ്ഞൊഴിയുകയാണ്. പൂര്‍ണമായി വെട്ടി താഴെയിട്ടവ മാത്രമെ അവര്‍ കണക്കാക്കുന്നുള്ളൂ. ബാക്കി ചെയ്യുന്നതൊന്നും പ്രകൃതിയോടുള്ള ദോഷമായിട്ട് അവര്‍ കാണുന്നില്ല.

ചില്ലകള്‍ വെട്ടുന്നു, ശിഖരം മുറിക്കുന്നു എന്നാണ് കെഎസ്ഇബി മാധ്യമങ്ങളോടക്കം പറയുന്നത്. ഒരു മരത്തിന്റെ തല മുറിക്കുന്നത് എങ്ങനെയാണ് ശിഖരം വെട്ടലാകുന്നത്? സാധാരണ 11 കെവി ലൈനിന് സമീപത്തുള്ള മരങ്ങളുടെ കൊമ്പുകള്‍ അരിവാള്‍ കെട്ടിയ തോട്ടികൊണ്ട് കോതി മുറിക്കാറുണ്ട്. ഇവിടെ അങ്ങനെയല്ല നടക്കുന്നത്. കെഎസ്ഇബി എനിക്ക് തന്ന നോട്ടീസില്‍ തന്നെ പറയുന്നുണ്ട്, 13. 5 മീറ്ററിനു മുകളില്‍ വച്ച് മരം മുറിക്കുമെന്ന്. ഇത്രയും ഭാഗം വെട്ടിക്കളിഞ്ഞിട്ട് ഞങ്ങള്‍ ചില്ലകള്‍ നീക്കം ചെയ്തതേയുള്ളൂവെന്നു പറയുന്നത് ആരെ പറ്റിക്കാനാണ്?

കെഎസ്ഇബിയുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന മറ്റൊരു ചതിയുമുണ്ട്. അവര്‍ കഴിഞ്ഞ ദിവസം എനിക്ക് തന്നെ നോട്ടീസില്‍ ആഞ്ഞിലി, മാവ്, ചേറ് തുടങ്ങി എട്ടു മരങ്ങള്‍ അടിഭാഗത്തു നിന്നും 13.5 മീറ്റര്‍ മുകളിലായി വെട്ടുമെന്നായിരുന്നു. പൊലീസും സംഘവുമൊക്കെയായി വന്നിട്ട് അവരാകെ മൂന്നോ നാലോ മരങ്ങളുടെ തല ഭാഗം മാത്രമെ വെട്ടിയുള്ളൂ. ബാക്കി എന്തുകൊണ്ട് വെട്ടിയില്ല എന്നു ചോദിച്ചാല്‍ വ്യക്തമായി മറുപടി പറയില്ല. വെട്ടുന്നില്ലെന്നു മാത്രം പറയും. മുകളില്‍ കയറി നോക്കിയപ്പോള്‍ കുഴപ്പമില്ലെന്നു കണ്ടതുകൊണ്ടാണ് വെട്ടാത്തതെന്നാണ് പിന്നെ പറയുന്ന ന്യായം. 11 കെ വി ലൈനിനു താഴെ മരങ്ങള്‍ വളര്‍ന്നു നില്‍ക്കരുതെന്ന് കെഎസ്ഇബിയുടെ തന്നെ സുരക്ഷ മാനദണ്ഡത്തില്‍ പറയുന്നതാണ്. പിന്നെന്തുകൊണ്ട് ഇവിടെയവര്‍ അത് പാലിക്കുന്നില്ല? ഇതിലൂടെ ലൈന്‍ പോയിരുന്നില്ലെങ്കില്‍ എനിക്കൊന്നും പേടിക്കാനില്ലായിരുന്നു. എന്നാല്‍ അങ്ങനയെല്ലല്ലോ ഇപ്പോഴത്തെ സാഹചര്യം. ഇവിടെ അപകടഭീതി എനിക്കല്ലേ, ഞാനല്ലേ ഇവിടെ താമസിക്കുന്നത്. മനുഷ്യജീവന് ഭീഷണിയാകും എന്നറിഞ്ഞിട്ടും അവര്‍ ഇങ്ങനെ പെരുമാറുന്നത്, ഞാന്‍ തന്നെ അങ്ങോട്ട് ചെന്ന് ഇവിടുത്തെ മരങ്ങളൊക്കെ മുറിച്ച് കളയാന്‍ പറയാന്‍ വേണ്ടിയാണോ? അതോ കാവിനകത്ത് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചാല്‍ പ്രശ്‌നമാകുമെന്നു കണ്ടോ? കാവിന്റെ മുകളിലൂടെ 11 കെ വി ലൈന്‍ വലിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇവര്‍ മരം മുറിച്ചാല്‍ നിയമലംഘനം ശാന്തിവനത്തില്‍ നടന്നിരിക്കുന്നുവെന്ന് തെളിയും. അത് മറയ്ക്കാന്‍ വേണ്ടിയാണ് ബാക്കി മരങ്ങള്‍ വെട്ടാതെ വിട്ടതെന്നും കരുതാം.

വൃക്ഷങ്ങളുടെ തല മുറിയ്ക്കുന്നതിനു പിന്നില്‍ മറ്റൊരു ലക്ഷ്യവും അവര്‍ക്കുണ്ട്. നഷ്ടപരിഹാരം നല്‍കേണ്ടി വരില്ല. ഇതുവരെ അങ്ങനെയൊരു കാര്യത്തെ കുറിച്ച് അവര്‍ സംസാരിച്ചിട്ടില്ല. പൂര്‍ണമായി ഒരു മരം വെട്ടിയാലല്ലേ നഷ്ടപരിഹാരത്തിന് സാധ്യതയുള്ളൂ. ഇവിടെയവര്‍ തല മുറിക്കുകയല്ലേ( അവരുടെ ഭാഷയില്‍ കേവലം ചില്ലകള്‍) നഷ്ടപരിഹാരത്തെ കുറിച്ച് പറയേണ്ടി വരുമ്പോഴാണല്ലോ മരങ്ങളുടെ മൂല്യവും പഴക്കവുമൊക്കെ ചര്‍ച്ചയാകുന്നത്. അമ്പതിലേരെ വര്‍ഷം പഴക്കമുള്ള വെള്ള പൈന്‍ അവരുടെ കണക്കില്‍ ഒരു പാഴ്മരം മാത്രമാണ്. എല്ലാ മരങ്ങളും അവരെ സംബന്ധിച്ച് പാഴാണ്. ഒരു മരം മുറിക്കുന്നതു മാത്രമല്ല, ഇരുന്നൂറിലേറെ വര്‍ഷം പഴക്കമുള്ള കാവാണ് ശാന്തിവനത്തിനില്‍ ഉള്ളത്. അവിടെയൊരു മരം അറുത്ത് താഴെയിടുമ്പോള്‍ അതിനൊപ്പം നശിച്ചു പോകുന്ന ജൈവ വൈവിധ്യങ്ങളുമുണ്ട്. അതെക്കുറിച്ചൊന്നും ഇവര്‍ മസിലാക്കുന്നില്ല. തല വെട്ടി മാറ്റിയ മരങ്ങളുടെ ഉള്ളിലേക്ക് ഇനി വെള്ളം ഇറങ്ങും. പോരാത്തതിന് ഇത് മഴക്കാലം കൂടിയാണ്. വെള്ളം അകത്തേക്കിറങ്ങിയാല്‍ മരം പെട്ടു പോകും. ഒന്നു രണ്ട് മരങ്ങള്‍ക്കു മുകളില്‍ പ്ലാസ്റ്റിക് കവര്‍ ഇട്ടിട്ടുണ്ട്. പക്ഷേ, അതുകൊണ്ട് പ്രയോജനമൊന്നുമുണ്ടാകുമെന്ന് തോന്നുന്നില്ല. ആ മരങ്ങള്‍ നശിക്കും. അങ്ങനെ മരങ്ങളുടെ തല മുറിക്കുന്നതിലൂടെ അവര്‍ക്ക് നഷ്ടപരിഹാരം കൊടുക്കാതെ കഴിുകയും ചെയ്യാം, ഈ വനം നശിപ്പിക്കുകയും ചെയ്യാം.

സര്‍ക്കാരിനെതിരേയും ശക്തമായ ഭാഷയില്‍ പ്രതിഷേധിക്കുന്നുണ്ട് മീന മേനോന്‍. ശാന്തിവനത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതാണ്. പത്തു ദിവസത്തിനുള്ളില്‍ തീരുമാനം ഉണ്ടാക്കണമെന്നും കോടതി പറഞ്ഞിരുന്നു. ഇതുവരെ സര്‍ക്കാരോ മുഖ്യമന്ത്രിയോ ഇക്കാര്യത്തില്‍ ഒരു തീരുമാനം പറഞ്ഞിട്ടില്ല. അതിനര്‍ത്ഥം അവര്‍ക്ക് ഇതില്‍ ഒട്ടും താത്പര്യമില്ലെന്നാണ്. വൈദ്യുതി വകുപ്പ് മന്ത്രി പറയുന്നത് ശാന്തിവനം നോട്ടിഫൈഡ് വനം അല്ലെന്നാണ്. എങ്കില്‍ എന്റെയൊരു സംശയം, സര്‍ക്കാര്‍ ഇപ്പോള്‍ പച്ചതുരുത്ത് പദ്ധതിയുമായി വരുന്നുണ്ടല്ലോ. ഇത് വിശ്വസിച്ചു ഒരേക്കര്‍ ഭൂമിയില്‍ സമയവും പണവും അദ്ധ്വാനവുമെല്ലാം ചെലവഴിച്ച് പച്ചത്തുരുത്ത് ഉണ്ടാക്കുന്നവരോടും നാളെ ഇങ്ങനെ തന്നെ പറയുമോ? നിങ്ങളുടെത് നോട്ടിഫൈഡ് വനമല്ലെന്ന്! എപ്പോള്‍ വേണമെങ്കിലും നശിപ്പിക്കപ്പെടാവുന്നതല്ലേ ആ പച്ചത്തുരുത്തുകളും? നിങ്ങള്‍ ഉണ്ടാക്കിയ പച്ചത്തുരുത്ത് എപ്പോള്‍ വേണമെങ്കിലും ഞങ്ങള്‍ ഏറ്റെടുക്കുമെന്നല്ലേ സര്‍ക്കാര്‍ ശാന്തിവനത്തിന്റെ കാര്യത്തിലൂടെ പറഞ്ഞിരിക്കുന്നത്. നാളെയവര്‍ വരുമ്പോള്‍ നിങ്ങളതിനെ പച്ചത്തുരുത്തെന്നോ വനമെന്നോ പറഞ്ഞിട്ട് കാര്യമില്ല, ഇത് കാട് പിടിച്ചു കിടക്കുന്നൊരിടമെന്നേ ഉദ്യോഗസ്ഥര്‍ പറയൂ, മുഖ്യമന്ത്രിയും മന്ത്രിയുമൊക്കെ അത് ശരിവയ്ക്കുകയും ചെയ്യും. എന്തെങ്കിലും നിയമപരിരക്ഷ നിങ്ങള്‍ക്ക് കിട്ടുമോ? കാവുകള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നു നമ്മള്‍ പറഞ്ഞാല്‍, അതേ എന്ന് ഉറപ്പിക്കാന്‍ നിയമമുണ്ടോ? മീന മേനോന്‍ ചോദിക്കുന്നു.

ശാന്തിവനം പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറില്ലെന്നു വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിലപാട് ആവര്‍ത്തിച്ചിരുന്നു. നാല്‍പ്പതിനായിരം കുടുംബങ്ങള്‍ക്ക് ഗുണം ചെയ്യുന്ന ഒരു പദ്ധതി ഒരാള്‍ക്കായി നിര്‍ത്തിവയ്ക്കാനാവില്ലെന്നും ശാന്തിവനത്തിലൂടെ വലിച്ച ലൈനില്‍ നിന്നും കണക്ഷന്‍ നല്‍കുമെന്നും പ്രതിഷേധക്കാര്‍ വസ്തുത മനസിലാക്കി പെരുമാറണമന്നും മന്ത്രി പറയുമ്പോള്‍, ശാന്തിവനത്തിനെ കൈയൊഴിഞ്ഞ ഭരണകൂടത്തിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു കഴിഞ്ഞ ദിവസം സ്വന്തം മുടി മുറിച്ചുകൊണ്ട് മീന മേനോന്‍ നടത്തിയതും. ശാന്തിവനത്തിലെ വൃക്ഷങ്ങളുടെ തലപ്പുകള്‍ നീക്കം ചെയ്യുന്ന അതേ സമയത്തായിരുന്നു മീന മേനോന്‍ മുടി മുറിച്ചതും. മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിക്കും കെഎസ്ഇബിക്കും ജനാധിപത്യത്തിനും സമര്‍പ്പിക്കുന്നുവെന്നു പറഞ്ഞായിരുന്നു മീന തന്റെ മുടി മുറിച്ചെടുത്തത്.

തല മുറിക്കാന്‍ കഴിയില്ലാത്തതുകൊണ്ട് മുടി മുറിക്കുന്നു. നോക്കി നില്‍ക്കുന്ന ജനാധിപത്യത്തിന്റെ മുന്നില്‍ വച്ചാണ് എന്റെയീ പ്രതിഷേധം. എനിക്ക് ആകെയുള്ള സമ്പാദ്യം ശാന്തിവനമാണ്. ഇന്നിവിടെ ഈ നാശം ചെയ്യുന്നവര്‍ അവരുടെ ഭാവി തലമുറയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം ഇല്ലാതെ നില്‍ക്കേണ്ടി വരും. എന്നാല്‍, എന്റെ പിന്‍തലുമറയ്ക്ക് മുന്നില്‍ എനിക്ക് തലയുയര്‍ത്തി നില്‍ക്കാനാകും. ഈ ശാന്തിവനത്തിനായി ഞാന്‍ എന്റെ പരമാവധി ചെയ്തു എന്നെനിക്കവരോട് ആര്‍ജ്ജവത്തോടെ പറയാം. പോരാടാവുന്നതിന്റെ പരമവാധി പോരാടിയെന്നു കുറ്റബോധമില്ലാതെ പറയാം. ഇവിടെ നടക്കുന്ന അന്യായത്തിനെതിരേ നിയമപരമായി എങ്ങനെയെല്ലാം പോരാടാമോ അതിനുള്ളതെല്ലാം ഞാന്‍ ചെയ്തു. പക്ഷേ, ഫലമൊന്നും ഉണ്ടായില്ല. അതുകൊണ്ട് ഇങ്ങനെയൊരു പ്രതിഷേധം. തലപ്പുകള്‍ മരത്തിന്റെ മുടി കൂടിയാണല്ലോ, അതു മുറിക്കുമ്പോള്‍ ഞാനുമെന്റെ തലമുടി മുറിക്കുന്നു. സഖാക്കള്‍ക്കായി ഒരുപാട് മുദ്രാവാക്യം വിളിച്ചിട്ടുള്ളയാളാണ് ഞാനും. ഇപ്പോള്‍ എന്റെയീ മുടി സഖാവ് പിണറായി വിജയന് സമര്‍പ്പിക്കുകയാണ്. അദ്ദേഹത്തിന്റെ മറുപടി കാത്ത് ഇത്രയും ദിവസം പ്രതീക്ഷയോടെ നിന്നു. ഒന്നും ഉണ്ടായില്ല.

പച്ചതുരുത്ത് ഉണ്ടാക്കാന്‍ പോകുന്നവര്‍ ഓര്‍ത്തോളൂ; നാളെ നിങ്ങളുടെ ഗതിയും ഇതുപോലെയാകും. ഭരണകൂടം അവര്‍ക്ക് വേണ്ടപ്പെട്ടവരുടെ ഭൂമിയും കെട്ടിടങ്ങള്‍ നില്‍ക്കുന്ന ഭൂമിയും ബാക്കി വയ്ക്കും. അതു മാറ്റിവച്ചിട്ടാണ് മുറിക്കാന്‍ വേണ്ടി അവര്‍ക്ക് പച്ചതുരുത്തുകള്‍ തേടിയവര്‍ എതത്തുന്നത്. ഈ പച്ചത്തുരുത്തികള്‍ എല്ലാം അവര്‍ നശിപ്പിക്കും. അതിനുള്ള തെളിവാണ് ഞാന്‍. ഇരുന്നൂറിലേരെ വര്‍ഷം പഴക്കമുള്ള കാവും അമ്പതിലേറെ വര്‍ഷം പഴക്കമുള്ള ശാന്തിവനവും നശിപ്പിക്കാന്‍ മടിയില്ലാത്തവര്‍ക്ക് എന്തും ചെയ്യാനാകും. അവരീ പ്രകൃതിയുടെ തലയരിഞ്ഞുകൊണ്ടേയിരിക്കും… മീന മേനോന്‍ ഇന്നലെ പറഞ്ഞു.

Read More: ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ; മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു, മന്ത്രി ഓഫീസില്‍ നിന്നും ഇറക്കിവിട്ടു

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍