UPDATES

ശാന്തിവനം ഉടമയുടെ വീട്ടിലേക്കുള്ള നടവഴി പോലും അടച്ച് പോലീസ്; സമരക്കാര്‍ ടവര്‍ നിര്‍മാണം തടയാതിരിക്കാനാണെന്ന് വ്യാഖ്യാനം

ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാനുള്ള പ്രൊജക്ട് എന്തിനാണ് ശാന്തിവനത്തിലൂടെ വളച്ചു കൊണ്ടു പോകുന്നതെന്നും നേരെ പോയാല്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലേ എന്ന ചോദ്യം മീന മേനോന്‍ ആവര്‍ത്തിക്കുകയാണ്

“എന്റെ വീടിന്റെ നടവഴി അടയ്ക്കാന്‍ ഒരാള്‍ക്കായാലും അവകാശമില്ല, അത് പോലീസ് ആയാലും പട്ടാളമായാലും. എന്റെ വീടിന്റെ നടവഴി എനിക്ക് അവകാശപ്പെട്ടതാണ്. അതിലൂടെ ഞാന്‍ സ്വീകരിക്കുന്ന ആര്‍ക്കും കടന്നു വരാം. പോലീസ് വര്‍ക്ക് സൈറ്റില്‍ നില്‍ക്കട്ടെ. അവിടെ സംരക്ഷണം കൊടുക്കാനാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. അവിടെ ആരെങ്കിലും അക്രമം ഉണ്ടാക്കുകയാണെങ്കില്‍ അത് തടയട്ടെ, അല്ലാതെ എന്റെ വീട്ടിലേക്കുള്ള നടവഴി അടയ്ക്കാന്‍ ഒരാള്‍ക്കും അവകാശമില്ല”, 110 കെവി ലൈന്‍ വലിക്കുന്നതിന്റെ അലൈന്‍മെന്റ് മാറ്റേണ്ടതില്ലെന്നും മൂന്നു മരങ്ങള്‍ മുറിച്ചും അഞ്ചു മരങ്ങളുടെ തലവെട്ടിയും പാരിസ്ഥിതികാഘാതം ‘കുറച്ചുകൊണ്ട് ശാന്തിവനത്തില്‍ കൂടി തന്നെ പദ്ധതി നടപ്പാക്കാമെന്നും കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം ആയതോടെ കെഎസ്ഇബി ടവര്‍ നിര്‍മാണത്തിന് പോലീസ് ബന്തവസ് തീര്‍ത്തതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ശാന്തിവനം ഉടമ മീന മേനോന്‍.

ശാന്തിവനം സംരക്ഷണ സമിതിയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തുന്നവരെ തടഞ്ഞും തിരിച്ചയച്ചും പോലീസ് ഒരു ജനകീയ സമരം പൊളിക്കാന്‍ നോക്കുകയാണെന്നാണ് ആക്ഷേപം. ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നൂറിലേറെ പോലീസുകാരെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാവലെന്നപോലെ ശാന്തിവനത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഇവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന് സഹായിക്കുന്നത് കൂടാതെ ശാന്തിവനം ജനകീയ സമരത്തെ നിശബ്ദമായി അടിച്ചമര്‍ത്താനും നോക്കുകയാണെന്നാണ് സമര സമിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. തങ്ങളാരെയും തടയുന്നില്ലെന്നാണ് പോലീസ് പറയുന്നത്. വര്‍ക് സൈറ്റിലേക്ക് ആരെങ്കിലും പോയാല്‍ മാത്രമാണ് തടയുന്നതെന്നും അതല്ലാതെ തങ്ങളായിട്ട് യാതൊരു പ്രശ്‌നവും ഉണ്ടാക്കുന്നില്ലെന്നും പോലീസ് പറയുന്നു. തടയാന്‍ അല്ലെങ്കില്‍ എന്തിനാണ് നിര്‍മാണം നടക്കുന്നിടത്ത് സംരക്ഷണത്തിന് നില്‍ക്കാതെ തന്റെ വീടിനു മുന്നില്‍ പോലീസുകാര്‍ കൂട്ടമായി നില്‍ക്കുന്നതെന്നാണ് മീന മേനോന്‍ ഉയര്‍ത്തുന്ന മറുചോദ്യം.

ഒരു വീട് ആണെന്ന കാര്യം പോലും പരിഗണിക്കാതെയാണ് ഇങ്ങോട്ട് വരുന്നവരെ പോലീസ് തടയുന്നതെന്നും വളരെ സമാധാനപരമായി സമരം നടത്തി വരുന്നവരെ എന്തിന്റെ പേരിലാണ് പോലീസ് തടയാന്‍ ശ്രമിക്കുന്നതെന്നുമാണ് മീന മേനോനും മകളും ശാന്തിവനം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചോദിക്കുന്നത്. ഒരമ്മയും മകളും മാത്രം ഇരുന്ന് സമരം ചെയ്യുന്നിടത്തേക്ക് അവര്‍ക്കു പിന്തുണയുമായി എത്തുന്നവരെ തടയുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയവരും ചോദിക്കുന്നത്. സമര സമിതിയുടെ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടവരെ പോലും തടഞ്ഞു നിര്‍ത്തി എങ്ങോട്ടു പോവുകയാണെന്നു ചോദിക്കുകയാണെന്നും പോലീസിനെ പേടിച്ച് പിന്തുണയര്‍പ്പിച്ച് എത്താനുള്ള പലരും വരാന്‍ മടിക്കുന്നുവെന്നും ഇവര്‍ പറയുന്നു. ഇത് പോലീസിന്റെ ഗൂണ്ടാ വിളയാട്ടം ആണെന്നും ഇതാണോ ജനാധിപത്യമെന്നും ഇവര്‍ ചോദിക്കുന്നു.

തങ്ങളെ പോലീസ് തടയുകയും അങ്ങോട്ട് പോകരുതെന്നു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നു സമരത്തിനെത്തിയവരും മാധ്യമങ്ങളോട് സമ്മതിക്കുന്നുണ്ട്. നിര്‍മാണം നടക്കുന്ന സ്ഥലത്തേക്കാള്‍ കൂടുതല്‍ സ്ഥലം കെട്ടിവളച്ചിരിക്കുകയാണെന്നും ശാന്തിവനത്തില്‍ മൊത്തത്തില്‍ എന്നപോലെ പോലീസ് ബന്തവസ് തീര്‍ത്തിരിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്. സമര സമിതിയില്‍ ഉള്ളവരോടു പോലും പോലീസ് പറയുന്നത് ശാന്തിവനത്തിലേക്ക് പോകാന്‍ പെര്‍മിഷന്‍ ഇല്ലെന്നാണെന്നും പരാതി ഉയരുന്നു.

“ഞങ്ങള്‍ ഇവിടെ ന്യായമായ സമരമാണ് നടത്തുന്നത്. ആളുകളെ ആട്ടിപ്പായിച്ചിട്ടല്ല സമരത്തെ നേരിടേണ്ടത്. സമരം ചെയ്യാനുള്ള അവകാശം ഈ നാട്ടിലെ ഓരോ പൗരനുമുണ്ട്. ഇത് അനീതിയാണെന്നു ബോധ്യപ്പെടുന്ന ഓരോ ആളും ഇവിടെ വന്ന് സമരം ചെയ്യട്ടേ. ശാന്തിവനത്തില്‍ 144 പ്രഖ്യാപിച്ചിട്ടില്ലല്ലോ. പോലീസ് അവരുടെ അവകാശവും അധികാരവും ഉപയോഗിച്ചാല്‍ മതി. കെഎസ്ഇബിക്ക് വേണ്ടി ഗുണ്ടാ പണി ചെയ്യേണ്ട. അത് തെറ്റാണ്, അംഗീകരിക്കാന്‍ കഴിയില്ല”, സമര സമിതിയംഗം കുസുമം ജോസഫിന്റെ വാക്കുകള്‍.

ഇത്രയും വര്‍ഷം ഈ ശാന്തിവനം സംരക്ഷിച്ച് നിര്‍ത്തിയിട്ട് താന്‍ എന്തു നേടിയെന്ന നിരാശയും രോഷവും പോലീസ് നടപടിയെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയില്‍ മീന മേനോന്‍ പങ്കുവയ്ക്കുന്നുണ്ട്. ഉള്ള കാടുകള്‍ നശിപ്പിച്ചിട്ട് പരിസ്ഥിതി സംരക്ഷണം എന്ന പേരില്‍ എന്തു പ്രസഹനമാണ് ഈ നാട്ടില്‍ നടക്കുന്നതെന്നും ലോകപരിസ്ഥിതി ദിനത്തില്‍ നട്ടുവയ്ക്കുകയും പിന്നീട് ചവിട്ടിയരച്ചു കളയുകയും ചെയ്യുന്ന തൈകള്‍ കൊണ്ടാണോ ഇവിടെ കാട് ഉണ്ടാക്കാന്‍ പോകുന്നതെന്നുമാണ് മീന മേനോന്‍ ചോദിക്കുന്നത്. ഇത്തരം കൊള്ളകള്‍ക്ക് ചൂട്ടുപിടിച്ചു കൊടുക്കുകയാണ് സര്‍ക്കാരും പോലീസും എന്നും മീന മേനോന്‍ വിമര്‍ശിക്കുന്നു.

ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കാനുള്ള പ്രൊജക്ട് എന്തിനാണ് ശാന്തിവനത്തിലൂടെ വളച്ചു കൊണ്ടു പോകുന്നതെന്നും നേരെ പോയാല്‍ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലേ എന്ന ചോദ്യം മീന മേനോന്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്. ചെറായിലേക്കുള്ള വൈദ്യുതി നേരെ പോയാല്‍ വേഗം എത്തുമെന്നും കാശുകാരന്റെ പറമ്പ് കണ്ടപ്പോള്‍ എന്തുകൊണ്ടാണ് വളഞ്ഞതെന്നും ഇവര്‍ ചോദിക്കുന്നു. ഈ വികസനപദ്ധതി വൈകുന്നതിനു കാരണവും ലൈന്‍ വലിക്കുന്നത് വളച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണെന്നും ഇവര്‍ ആരോപിക്കുന്നു. ആദ്യത്തെ അലൈമെന്റ് ശാന്തിവനത്തിലൂടെ തന്നെയായിരുന്നുവെന്നും പിന്നീടത് നേരെയാക്കാമെന്നു പറഞ്ഞപ്പോള്‍ താന്‍ അതിന് സമ്മതിച്ചില്ലെന്ന തരത്തില്‍ എഡിഎം എഴുതി വയ്ക്കുകയാണ് ഉണ്ടായതെന്നും മീന മേനോന്‍ പറയുന്നു. അന്ന് അലൈമെന്റ് നേരെ പോകാമെന്ന തീരുമാനം ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഈ പ്രശ്‌നങ്ങളൊന്നും ഉണ്ടാകുമായിരുന്നില്ലെന്നും അവര്‍ പറയുന്നു. നഷ്ടം വരുമായിരുന്നുവെങ്കില്‍ കൂടി നേരെയുള്ള അലൈമെന്റിന് താന്‍ സമ്മതം അറിയിച്ചതാണെന്നും പക്ഷേ താനതിന് അംഗീകരിച്ചില്ലെന്ന തരത്തില്‍ തന്റെ അഭിപ്രായം വളച്ചൊടിക്കുകയാണ് എഡിഎം ചെയ്തതെന്നും ഇവര്‍ പറയുന്നു. ശാന്തിവനത്തിനു നടുവില്‍ കൂടി ലൈന്‍ വലിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും മീന മേനോന്‍ ആരോപിക്കുന്നു.

അന്നും ഇന്നും താന്‍ ചോദിക്കുന്ന അടിസ്ഥാന ചോദ്യവും എന്തുകൊണ്ടാണ് ഈ അലൈമെന്റ് ശാന്തിവനത്തിന് അകത്തുകൂടി കയറി വരുന്നുവെന്നതാണെന്നും ഇതിങ്ങനെയല്ല, നേരെയാണ് പോകേണ്ടതെന്ന് ഇതിനു മുമ്പും പിമ്പും ഉള്ള ടവറുകള്‍ കാണുന്ന ഏതൊരു സാധാരണക്കാരനും മനസിലാകുന്ന കാര്യമാണെന്നും അതുകൊണ്ടാണ് ഇത്രയും ജനങ്ങള്‍ കൂടെ നില്‍ക്കുന്നതെന്നും മീന മേനോന്‍ പറയുന്നു.

Read More: പിടി-കോഴിക്കറി, ചക്കപ്പുഴുക്കും ബീഫും, കള്ളപ്പം; കൊച്ചിയില്‍ ‘രുചിമുദ്ര’ ഒരുങ്ങുന്നു; രാജ്യത്തെ ആദ്യ ട്രാന്‍സ് കഫേ

എറണാകുളം പറവൂരിലെ വഴിക്കുളങ്ങരയിലാണ് മനുഷ്യനിര്‍മ്മിത വനമായ ശാന്തിവനം സ്ഥിതിചെയ്യുന്നത്. എറണാകുളം നോര്‍ത്ത് പറവൂര്‍, വഴിക്കുളങ്ങരയിലാണ് രണ്ട് ഏക്കറോളം വരുന്ന മനുഷ്യ നിര്‍മ്മിത ശാന്തിവനം സ്ഥിതിചെയ്യുന്നത്. രവീന്ദ്രനാഥ് എന്ന പരിസ്ഥിതി സ്നേഹിയാണ് കാവും കുളവും കാടും അടങ്ങുന്ന ശാന്തിവനത്തിന്റെ സൃഷ്ടാവ്. അദ്ദേഹത്തിന്റെ മകള്‍ മീനാ മേനോനാണ് ഇപ്പോള്‍ ശാന്തിവനം പരിപാലിക്കുന്നത്.

2013 ലാണ് കെഎസ്ഇബിയുടെ ഭാഗത്ത് നിന്ന് ശാന്തിവനത്തിന്റെ മധ്യഭാഗത്ത് വലിയ ടവര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പുണ്ടായത്. കെഎസ്ഇബി 110 കെ.വി ലൈന്‍ വലിക്കുന്നതോടെ ഇവിടുത്തെ മൂന്ന് കാവും മൂന്ന് കുളവും ചേര്‍ന്ന സൂക്ഷ്മ ആവാസ വ്യവസ്ഥ തകര്‍ന്നടിയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ശാന്തിവനം ഇന്നിപ്പോള്‍ സ്വകാര്യ ഭൂമി എന്നതിനപ്പുറം പ്രകൃതി പഠനത്തിനായുള്ള കേന്ദ്രമായി കൂടി മാറിയിരിക്കുകയാണ്. മൂന്ന് വലിയ സര്‍പ്പക്കാവുകളും മൂന്ന് വലിയ കുളങ്ങളും ഒരു കുടുംബക്ഷേത്രാരാധനാസ്ഥലവും ഉള്ള ഇവിടം പലതരം ഔഷധസസ്യങ്ങളും കൂടാതെ പാല, കരിമ്പന, കാട്ടിലഞ്ഞി, ആറ്റുപേഴ് തുടങ്ങിയ വന്മരങ്ങളും കരയിലും വെള്ളത്തിലുമുള്ള ധാരാളം ജന്തുജാലങ്ങളുംകൊണ്ടു സമൃദ്ധമാണ്. നാകമോഹന്‍, പിറ്റ, സൈബീരിയന്‍ കൊക്കുകള്‍, തുടങ്ങി പലതരം ദേശാടനക്കിളികളും അന്യംനിന്നുപോകുന്ന വെരുക്, തച്ചന്‍കോഴി, മരപ്പട്ടി പോലുള്ള ജീവികളും പലയിനം ചിത്രശലഭങ്ങളും ഇന്ത്യന്‍ ബുള്‍ ഫ്രോഗ് പോലുള്ള വലിയയിനം തവളകളും എല്ലാം ഇവിടുത്തെ ആവാസവ്യവസ്ഥയില്‍ ഉള്ളതായി പരിസ്ഥിതിപഠനങ്ങള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

Read More: ചെയര്‍മാന്‍ പിവി ചന്ദ്രന് സാമൂഹ്യ പ്രതിബദ്ധതയ്ക്കുള്ള പുരസ്കാരം, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മാസങ്ങളായി ശമ്പളമില്ല; അടച്ചുപൂട്ടല്‍ ഭീഷണിയുമായി പിവിഎസ് ആശുപത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍