UPDATES

ഇനി പോകാനിടമില്ല, കാണാന്‍ ആളുകളില്ല; ചോദ്യം കേരള സമൂഹത്തോടും സര്‍ക്കാരിനോടുമാണ്; പ്രീതയും കുടുംബവും ഇനി എന്തു ചെയ്യണം?

സംഭവത്തില്‍ 222 ദിവസത്തോളം നടത്തിയ സമരം ഫലം കാണാതെ വന്നപ്പോഴാണ് പ്രീത അനിശ്ചിതകാല നിരാഹാര സമരത്തിന് തയ്യാറായത്.

“1994-ല്‍ രണ്ട് ലക്ഷം രൂപ ലോണ്‍ എടുക്കാന്‍ വേണ്ടി ജാമ്യം നിന്നുവെന്നതാണ് ഞങ്ങള്‍ ചെയ്ത തെറ്റ്. സാജന്‍ എന്ന് പേരുള്ള ഞങ്ങളുടെ ഒരു ബന്ധു, വര്‍ഷങ്ങളായി പരിചയമുള്ള ഒരാള്‍ വന്നു ചോദിച്ച സഹായം ചെയ്തതിന് ഇപ്പോള്‍ ഞങ്ങളുടെ ജീവന്റെ വിലയാണ് കൊടുക്കേണ്ടി വന്നിരിക്കുന്നത്”, പ്രീത പറഞ്ഞു തുടങ്ങി.

രണ്ടുലക്ഷം രൂപയുടെ വായ്പക്ക് ജാമ്യം നിന്നതിന്റെ പേരില്‍ രണ്ടരക്കോടിയുടെ കിടപ്പാടം ജപ്തി ചെയ്തു പോകുമ്പോള്‍ നിലനില്‍പ്പിനായുള്ള അവസാന ശ്രമത്തിലാണ് പ്രീതാ ഷാജിയെന്ന സ്ത്രീ.

1994-ലാണ് ഷാജി അകന്ന ബന്ധുവായ സാജന് വേണ്ടി തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ലോര്‍ഡ് കൃഷ്ണാ ബാങ്കിന്റെ ആലുവാ ശാഖയില്‍ വായ്പാ ജാമ്യം നില്‍ക്കുന്നത്. രണ്ട് ലക്ഷം രൂപ വായ്പയ്ക്ക് ഷാജിയുടെ 22.5 സെന്റ് ഭൂമി ഈട് വച്ചായിരുന്നു ഇത്. 20.75 ശതമാനം പലിശയ്ക്കായിരുന്നു വായ്പ. കടം തിരിച്ചടക്കാതെ വന്നതോടുകൂടി കടബാധ്യത ഷാജിയുടെ മേല്‍ വന്നു ചേരുകയായിരുന്നു എന്ന് പ്രീത പറയുന്നു.

[ഇതിനെ കുറിച്ച് അഴിമുഖം ചെയ്ത വിശദമായ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം:  എടുക്കാത്ത വായ്പ, ഇപ്പോള്‍ വീടും സ്ഥലവും ജപ്തി; ഈ കുടുംബം ഇല്ലാതാകുന്നതിന് മുമ്പ് മുഖ്യമന്ത്രീ, വാക്ക് പാലിക്കണം]

ഒരു മാസം, രണ്ട് മാസം എന്നൊക്കെ പറഞ്ഞ് അയാള്‍ അവധികള്‍ പറഞ്ഞുകൊണ്ടിരുന്നു, വിശ്വസിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മാര്‍ഗങ്ങളൊന്നും തന്നെയില്ലായിരുന്നു. എപ്പോള്‍ ചോദിച്ചാലും അയാള്‍ പറയുക നിങ്ങള്‍ സംസാരിച്ച് ഒത്തുതീര്‍പ്പാക്കിയാല്‍ മതി, പണം ഞാന്‍ കൊടുത്തോളമെന്നാണെന്നാണ്. എന്നാല്‍ കടം തിരിച്ചടക്കേണ്ട ബാധ്യത ആയതോട് കൂടി 1997ല്‍ ജാമ്യം വച്ചതില്‍ നിന്നും നാല് സെന്റ് വിറ്റ് ഒരു ലക്ഷം അടച്ചു. എന്നാല്‍ അവര്‍ പറയുന്ന കൊള്ളപ്പലിശ വീട്ടാനുള്ള വരുമാനം ഞങ്ങള്‍ക്കില്ല. ഒരു ഒത്തുതീര്‍പ്പിനും അവര്‍ തയ്യാറായില്ല’,
പ്രിത പറയുന്നു.

പണമിടപാടിലെ ക്രമക്കേടുകള്‍ കാരണം നഷ്ടത്തിലായ ലോര്‍ഡ് കൃഷ്ണ ബാങ്ക് 2007ല്‍ പഞ്ചാബ് ആസ്ഥാനമായുള്ള സെഞ്ചൂറിയന്‍ ബാങ്കില്‍ ലയിപ്പിക്കുകയും തൊട്ടടുത്ത വര്‍ഷം തന്നെ വന്‍കിടക്കാരായ എച്ച്ഡിഎഫ്‌സി ബാങ്ക് സെഞ്ചൂറിയന്‍ ബാങ്ക് ഏറ്റെടുക്കുകയും ചെയ്തു. ഇതോടുകൂടി കടബാധ്യത എച്ച്ഡിഎഫ്‌സി ബാങ്കിനായി. 2010 ആവുമ്പോഴേക്കും ഷാജിയുടേയും കുടുംബത്തിന്റെയും ബാധ്യത ഒരു കോടിയോളം ആയി ഉയര്‍ന്നാതായാണ് ബാങ്ക് കണക്കുകള്‍. 2013ല്‍ പണയത്തിലുള്ള വീടും പുരയിടവും സര്‍ഫാസി നിയമപ്രകാരം വില്‍ക്കുകയും കടം തിരിച്ചു പിടിക്കുകയും ചെയ്യുക എന്ന തീരുമാനത്തിലേക്ക് ബാങ്ക് എത്തിച്ചേര്‍ന്നു.

“ഇനി കൊടുക്കാത്ത കേസുകളില്ല, മുട്ടാത്ത വാതിലുകളില്ല, എല്ലാ കോടതി വിധികളും ബാങ്കിന് അനുകൂലമാകുന്നു. നീതിക്ക് വേണ്ടി എവിടെയാണ് ഞങ്ങളിനി പോകേണ്ടത്? വീട് ബാങ്ക് ലേലം ചെയ്തത് ഞങ്ങള്‍ അറിയാതെയാണ്, നിയമപ്രകാരം ലഭിക്കേണ്ട നോട്ടീസുകളൊന്നും തന്നെ എനിക്കോ കുടുംബത്തിനൊ ലഭിച്ചിട്ടില്ല. 38 ലക്ഷം രൂപയ്ക്കാണ് അവര്‍ ഞങ്ങള്‍ അറിയാതെ ഞങ്ങളുടെ വീട് ഓണ്‍ലൈന്‍ ലേലം വഴി വിറ്റത്. സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് ഞങ്ങള്‍ ഈ വിവരം അറിയുന്നത് തന്നെ. അപ്പോഴൊക്കെയും ലോണെടുത്ത ഈ മനുഷ്യന്‍ ഞങ്ങളെ കബളിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അടുത്ത മാസം, രണ്ട് മാസം, എന്നൊക്കെ പറഞ്ഞു. ഇയാള്‍ കേസ് നടത്തുമ്പോഴും വക്കീലിനെ കാണാന്‍ കൂടെ പോകാറുണ്ടായിരുന്നു, മാത്രമല്ല പലപ്പോഴും വക്കീല്‍ ഫീസ് അടക്കം ഞാന്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ലേലത്തിലെടുത്ത ആളുകള്‍ക്ക് 38 ലക്ഷത്തിന് പകരം 60 ലക്ഷം രൂപ വരെ കൊടുക്കാമെന്ന് ഞങ്ങള്‍ പറഞ്ഞു. എന്നാല്‍ യാതൊരു വിധ ഒത്തുതീര്‍പ്പിനും അവര്‍ തയ്യാറാവുന്നില്ല. ഒരു കോടി രൂപയാണ് ചോദിക്കുന്നത്”, വര്‍ഷങ്ങളായി സ്വന്തം വീട് നഷ്ടപ്പെടുമെന്ന ഭീതിയില്‍ ജീവിക്കുന്ന ഒരു വീട്ടമ്മയാണ് ഈ പറഞ്ഞ് കൊണ്ടിരിക്കുന്നത്.

“ഇരുപത്തിനാല് വര്‍ഷമായി ഇത് തുടങ്ങിയിട്ട്. ഒരു മകനും ഒരു മകളുമാണ് എനിക്കുള്ളത്. പഠിക്കാന്‍ മിടുക്കനായിരുന്ന മകന്റെ ഡിഗ്രി കാലത്താണ് ജപ്തി നടപടികള്‍ ആരംഭിക്കുന്നത്. ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ട്. മാനസിക വിഷമം കാരണം അവന് പഠനം നിര്‍ത്തി ഡ്രൈവര്‍ പണിക്ക് പോവേണ്ടി വന്നു. എല്ലാവര്‍ക്കും മക്കളെ നന്നാക്കാനാണ് ആഗ്രഹം. ഞങ്ങള്‍ക്കത് വിചാരിച്ചിട്ടും നടന്നില്ല. കഴിഞ്ഞ വര്‍ഷം വീട് ജപ്തി ചെയ്യാന്‍ വന്നതിന് പിന്നാലെയാണ് ഇവിടുത്തെ അമ്മ ഹൃദയാഘാതം വന്ന് മരിക്കുന്നത്. ഹൈക്കോടതി അഞ്ച് പ്രാവശ്യമായി അവര്‍ക്കനുകൂലമായി മാത്രമാണ് വിധി പറഞ്ഞത്. സമരത്തില്‍ കൂടെ നിന്ന ആളുകളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി, പതിനാല് ദിവസമായി അവര്‍ ജയിലിലാണ്. അവര്‍ക്കുള്ള ജാമ്യം പോലും നിഷേധിക്കപ്പെടുകയാണ്, എന്ത് നീതിയാണ് ഈ കോടതികളില്‍ നിന്നും ഞാന്‍ പ്രതീക്ഷികേണ്ടത്?” പ്രീത ചേദിക്കുന്നു.

സർഫാസി നിയമം: കോർപ്പറേറ്റുകൾക്ക് വാജ്പേയി സര്‍ക്കാര്‍ നൽകിയ സമ്മാനം

സംഭവത്തില്‍ 222 ദിവസത്തോളം നടത്തിയ സമരം ഫലം കാണാതെ വന്നപ്പോഴാണ് പ്രീത അനിശ്ചിതകാല നിരാഹാര സമരത്തിന് തയ്യാറായത്. നിരാഹര സമാരംഭിച്ച് 19ാം ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടിടപെട്ട് ജില്ലാ ഭരണകൂടം പ്രീതയുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ചിരുന്നു. ഡെപ്യൂട്ടി കളക്ടര്‍ സുരേഷ് കഴിഞ്ഞ ദിവസം രാവിലെ പത്തടിപ്പാലത്തെ വീട്ടിലെത്തി പ്രീതയെ നേരില്‍ കണ്ടാണ് സര്‍ക്കാരിന്റെ സഹായം അറിയിച്ചത്.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എന്ത് ഇടപെടലാണ് പിന്നീടുണ്ടായത്? “നിരാഹര സമരം നിര്‍ത്താന്‍ ആവശ്യപ്പെട്ട് കളക്ടര്‍ വന്ന് ഉറപ്പ് പറഞ്ഞതല്ലാതെ ഇന്നേ വരെ അധികാരപ്പെട്ട ഒരാളും ഞങ്ങളെ ബന്ധപ്പെടുകയോ, പരിഹാരത്തിന് ശ്രമിക്കുകയോ ചെയതിട്ടില്ല. സംസ്ഥാന മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ടിവിയില്‍ പ്രസ്താവനകള്‍ ഇറക്കുന്നതല്ലാതെ ആരും ഞങ്ങളുമായി ബന്ധപെട്ടിട്ടില്ല. പല പാര്‍ട്ടിക്കാരും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പന്തലിലെത്തും. എന്നാല്‍ പരിഹാരം എന്താണെന്ന് മാത്രം ആരും പറഞ്ഞു തരുന്നില്ല”, പ്രീത പറയുന്നു.

കേസ് നടത്തിയിട്ട് ജയിക്കാമെന്ന് പ്രതീക്ഷയുണ്ടോ? എന്താണ് വക്കീല്‍ പറയുന്നത്? “നിയമം
ഞങ്ങള്‍ക്ക് വേണ്ടിയുള്ളതല്ല, ഈ പാവപ്പെട്ട ഞങ്ങളെ ഇട്ട് കഷ്ടപ്പെടുത്തുകയാണ്, കോടതിയില്‍ ഞങ്ങള്‍ റിട്ട് ഹര്‍ജി കൊടുത്തു, കൂടാതെ ചീഫ് ജസ്റ്റിസിന് ദയാഹര്‍ജി കൊടുത്തു. കൂടാതെ കാര്യങ്ങള്‍ പല തവണ പലരുടെയും ശ്രദ്ധയില്‍പ്പെടുത്തി, എന്നിട്ടും ഞങ്ങളെ പരിഗണിക്കാന്‍ മാത്രമാണ് ആളില്ലാത്തത്. എപ്പോഴും ബാങ്ക് പറയുന്നതേ എല്ലാവരും കേള്‍ക്കുന്നുള്ളൂ. ഇനി പിടിച്ച് തൂങ്ങാന്‍ കച്ചിത്തുരുമ്പൊന്നും ബാക്കിയില്ലെന്നാണ് വക്കീല്‍ പറയുന്നത്”, പ്രീത പറയുന്നു.

വര്‍ഷങ്ങളായി പാരമ്പര്യമായി താമസിച്ച് വരുന്ന സ്ഥലം, ജീവിതത്തില്‍ ബാക്കിയെന്ന് പറയാന്‍ അവശേഷിക്കുന്ന പതിനെട്ടര സെന്റ് സ്ഥലം, കിടപ്പാടം നഷ്ടപ്പെടാതിരിക്കാനാണ് ഇവര്‍ ഈ പോരാട്ടം നടത്തുന്നത്.

ഇതില്‍ ഇടപെടുന്നവരല്ലാം തന്നെ ബാങ്കിനും സ്ഥലം വാങ്ങിയവര്‍ക്കും വേണ്ടിയാണ് സംസാരിക്കുന്നതെന്നും പ്രീത പറയുന്നു. “പൈസ കൊടുക്കുന്നവര്‍ക്ക് വേണ്ടിയാണ് ഈ നിയമവ്യവസ്ഥ. ആളുകളെ കൊന്ന് തിന്നാനാണ് ഇവരെല്ലാം കൂടി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മാനുഷികപരിഗണനയില്ലാത്ത നിയമങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ്? ആളുകളെ സമരം ചെയ്തു എന്നതിനാണ് പിടിച്ചുകൊണ്ട് പോയത്, ജാമ്യമില്ലാത്ത എന്ത് കുറ്റമാണ് അവര്‍ ചെയതത്? സ്ത്രീകളെ പീഡിപ്പിച്ച പള്ളീലച്ചന്മാര്‍ക്ക് വരെ കോടതി മുന്‍കൂര്‍ ജാമ്യം നല്‍കുന്നു. അങ്ങനെയിരിക്കെ സമരത്തില്‍ പങ്കെടുത്തതിനാണ് ഇവര്‍ക്ക് ജാമ്യം നല്‍കാതിരിക്കുന്നത്. 14 ദിവസമായി; അവര്‍ എന്ത് ചെയ്തിട്ടാണ്. ഞങ്ങള്‍ കുടുംബമടക്കം ഈ കോടതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നാണ് എനിക്ക് തോന്നുന്നത്. ഇവിടെ നിന്നും ഇറങ്ങിയാല്‍ ഞങ്ങള്‍ക്ക് പോകാന്‍ ഇടമില്ല”, നിസ്സായതയുടെ വാക്കുകളാണിത്.

വെറുത്ത ജീവിതമാണ് ജീവിക്കുന്നത്, ലോകത്തെ മുഴുവന്‍ മനുഷ്യരോടും എനിക്ക് ഇപ്പോള്‍ വെറുപ്പ് മാത്രമാണ് തോന്നുന്നതെന്നും പ്രീത ഷാജി പറയുമ്പോള്‍ അവരുടെ മാനസിക നില ഊഹിക്കാവുന്നതിലും അപ്പുറമാണ്.

സമരത്തിന്റെ ഭാഗമായിരുന്ന സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം ജനറല്‍ കണ്‍വീനര്‍ വി സി ജെന്നി, ബ്ലേഡ് ബാങ്ക് ജപ്തി വിരുദ്ധ സമിതി പ്രസിഡന്റ് പി ജെ മാനുവല്‍, ബൈജു കണ്ണന്‍, വിജിഷ്, ജയകുമാര്‍, പ്രകാശ്, പ്രശാന്ത്, ദിവേഷ്, രെജു, ഡോ. ഹരി, സി എസ് മുരളി, ജിഷാദ്, നഹാസ്, ശ്രീകാന്ത്, ക്രിസ്റ്റി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചാര്‍ത്തി പോലീസ് ഇവരെ ജയിലിലടയ്ക്കുകയായിരുന്നു. 50-ഓളം പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുകയും ചെയ്തു. അതേസമയം, സമരത്തിനിടെ അറസ്റ്റിലായ 25 സിപിഎം പ്രവര്‍ത്തകരെ പോലിസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു. ജൂലൈ 9-ന് ഹൈക്കോടതി വിധിപ്രകാരം പ്രീതയേയും കുടുംബത്തേയും കുടിയൊഴിപ്പിക്കാനെത്തിയ പോലീസും അഡ്വക്കറ്റ് കമ്മീഷനും സമരസമിതിയുടെ എതിര്‍പ്പ് മൂലം തിരിച്ചു പോയിരുന്നു. ഇതേ തുടര്‍ന്നാണ് സമരക്കാര്‍ക്കെതിരേ പോലിസ് നടപടി ആരംഭിച്ചത്. സമരക്കാരെ ജയിലില്‍ അടയ്ക്കാന്‍ പൊലീസ് ചുമത്തിയത് ആത്മഹത്യാപ്രേരണ കുറ്റമടക്കമുള്ള വകുപ്പുകളാണ്. ഇതിന് പുറമെ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിക്കല്‍, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളും പോലീസ് ചുമത്തിയിട്ടുണ്ട്.

എടുക്കാത്ത വായ്പ, ഇപ്പോള്‍ വീടും സ്ഥലവും ജപ്തി; ഈ കുടുംബം ഇല്ലാതാകുന്നതിന് മുമ്പ് മുഖ്യമന്ത്രീ, വാക്ക് പാലിക്കണം

ജാസ്മിന്‍ പി കെ

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍