ഓലയും ഷീറ്റും മേഞ്ഞ, പാതി ഇടിഞ്ഞു പൊളിഞ്ഞ ഒരു കൂരയായിരുന്നു ഹൃദ്രോഗി കൂടിയായ സുനിലിന് ഉണ്ടായിരുന്നത്, പ്രളയത്തില്‍ അതും നശിച്ചുപോയി
ആറു മാസങ്ങള്‍ക്കു മുന്‍പ് ആകെയുണ്ടായിരുന്ന കൊച്ചുവീടിനു മുന്നില്‍ പകച്ചു നിന്ന ദിവസങ്ങള്‍ ഇപ്പോഴും ഓര്‍മയുണ്ട് സുനില്‍ കുമാറിന്. പേരാമ്പ്രയിലെ കൈപ്രത്തുള്ള ഓലയും ഷീറ്റും മേഞ്ഞ, പാതി ഇടിഞ്ഞു പൊളിഞ്ഞ വീട്ടില്‍ വെള്ളം കയറി നശിച്ചപ്പോള്‍ പ്രളയകാലത്തെ ഏതൊരു മലയാളിയെയും പോലെ അതിജീവനത്തിനുള്ള സമരമായി പതിയെ മാറുകയായിരുന്നു സുനിലിന്റെ ജീവിതം. എന്നാല്‍, ആറുമാസങ്ങള്‍ക്കിപ്പുറം ഇന്നും സുനില്‍ സ്വന്തം വീടിനു പുറത്താണ്. അന്നു തന്റെ പഴയ വീട് നിലംപൊത്താറായത് നോക്കിയാണ് നില്‍ക്കേണ്ടിവന്നതെങ്കില്‍, ഇന്ന് സുനിലിനു മുന്നിലുള്ളത് ധനകാര്യ സ്ഥാപനത്തിന്റെ ഉദ്യോഗസ്ഥര്‍ പട്ടികയടിച്ച് പൂട്ടിയിട്ട തന്റെ പുതിയ വീടാണ്. നിര്‍മാണത്തൊഴിലാളിയായ സുനിലിനിത് വീടുമാത്രമല്ല, എത്രയോ വര്‍ഷക്കാലത്തെ സമ്പാദ്യം ചെലവഴിച്ച സ്വപ്‌നം തന്നെയാണ്.
പ്രളയത്തില്‍ വീടു പാടേ തകരുന്നതിനു മുന്‍പു തന്നെ, അടച്ചുറപ്പുള്ള പുതിയ വീടിനുവേണ്ടി പരിശ്രമമാരംഭിച്ചിരുന്നു സുനില്‍. ദിവസക്കൂലിക്കാരനായ സുനിലിന്റെ പ്രതിഫലം കൊണ്ട് പയ്യെ ഇഴഞ്ഞുനീങ്ങിയിരുന്ന വീടുപണി ധ്രുതഗതിയിലാക്കേണ്ട അവസ്ഥയുണ്ടാകുന്നതും പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടതിനു ശേഷമാണ്. ഏതുവിധേനയും കഷ്ടപ്പെട്ട് വീടിന്റെ നിര്‍മാണജോലികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിനിടെയാണ് മഹീന്ദ്ര റൂറല്‍ ഹൗസിംഗ് ഫിനാന്‍സിന്റെ അധികൃതരും സര്‍ഫാസി നിയമവും സുനിലിന് കനത്ത അടിയായിരിക്കുന്നത്. വായ്പാ തിരിച്ചടവിന്റെ കാലാവധി കഴിയുന്നതിനു മുന്നേ തന്നെ ഈ ദളിത് കുടുംബത്തെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്നും ഇറക്കിവിട്ടിരിക്കുകയാണെന്നാണ് ആരോപണം. 2014ലാണ് സുനില്‍ മഹീന്ദ്രയില്‍ നിന്നും ഹൗസിംഗ് ലോണ്‍ എടുക്കുന്നത്. 1,60,000 രൂപ വായ്പ എടുക്കുകയും, 1,50,000 രൂപ കൈയില്‍ കിട്ടുകയും ചെയ്തുവെന്ന് സുനില്‍ പറയുന്നു. ഇരുപത്തിയയ്യായിരം രൂപയോളം തിരിച്ചടച്ച ശേഷമാണ് സുനില്‍ ഹൃദ്രോഗബാധിതനാകുന്നതും ജോലിക്കു പോകാനാകാത്ത വിധം അവശനാകുന്നതും. സുനിലിന്റെ വരുമാനത്തെ മാത്രമാശ്രയിക്കുന്ന കുടുംബത്തിന് താങ്ങാനാകാത്ത ചികിത്സാ ചെലവുകള്‍ക്കിടയില്‍ തിരിച്ചടവ് മുടങ്ങിപ്പോകുകയും ചെയ്തു.
അതിനിടയിലും വീടുപണി പൂര്‍ത്തീകരിക്കാനും ചികിത്സാചെലവുകള്‍ കണ്ടെത്താനുമുള്ള നെട്ടോട്ടത്തിനിടെയാണ് മൂന്നു ലക്ഷത്തി നാല്‍പത്തിയയ്യായിരം രൂപയുടെ കുടിശ്ശിക ഉടനെ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഹൗസിംഗ് ഫിനാന്‍സ് അധികൃതര്‍ സുനിലിനെ സമീപിക്കുന്നത്. തുടര്‍ന്നു നടന്ന സംഭവങ്ങളെക്കുറിച്ച് സുനില്‍ പറയുന്നതിങ്ങനെ ‘വിവരമറിഞ്ഞപ്പോള്‍ ഞാന്‍ അധികൃതരെ പോയി കണ്ടു സംസാരിച്ചു നോക്കിയെങ്കിലും ഒരു ഫലവുമുണ്ടായില്ല. രണ്ടേകാല്‍ ലക്ഷം രൂപ വരെ ഒറ്റത്തവണയായി അടയ്ക്കാമെന്നു പോലും പറഞ്ഞുനോക്കി. ഒത്തുതീര്‍പ്പിനൊന്നും അവര്‍ തയ്യാറായതേയില്ല. അങ്ങിനെയുള്ള സാഹചര്യത്തിലാണ് കഴിഞ്ഞ ശനിയാഴ്ച ഉച്ച കഴിഞ്ഞ് ഉദ്യോഗസ്ഥരും പൊലീസുകാരുമൊക്കെയെത്തി ജപ്തിയിലേക്ക് കടന്നത്. എനിക്ക് രണ്ടു ചെറിയ പെണ്‍കുട്ടികളാണ്. അവര്‍ക്കു വേണ്ട സുരക്ഷ പോലും ഈ വീട്ടില്‍ ഉറപ്പാക്കാന്‍ ഇതുവരെ പറ്റിയിട്ടില്ല. പണിയൊന്നും കഴിഞ്ഞിട്ടില്ല. ഷീറ്റും താര്‍പ്പായയുമൊക്കെയിട്ടാണ് മറച്ചിരിക്കുന്നത്. മുന്‍വശത്ത് വാതിലു പോലും വച്ചിട്ടില്ല. വാതില്‍ വയ്ക്കാതെ തുറന്നു കിടക്കുന്ന ഈ ഭാഗം അവര്‍ പട്ടികക്കഷണങ്ങള്‍ കൊണ്ടുവന്ന് ആണിയടിച്ച് അടച്ചു കളഞ്ഞു. ഞങ്ങള്‍ അകത്തു കടക്കാതിരിക്കാന്‍ ചെയ്തതാണ്. ഞാന്‍ കുറ്റിയാടിയില്‍ ജോലിക്കു പോയ സമയമായിരുന്നു. പൊലീസിനെയൊക്കെ കണ്ട് ഭയന്നുപോയ ഭാര്യയ്ക്കും മക്കള്‍ക്കും അപ്പോള്‍ പ്രതികരിക്കാന്‍ പോലും പറ്റിയില്ല. സഹോദരന്റെ വീട് അപ്പുറത്തുണ്ട്. പേടിച്ചിട്ട് അവര്‍ അങ്ങോട്ടാണ് പോയത്. ഉച്ച കഴിഞ്ഞ സമയമായതുകൊണ്ട് ആ പദേശത്തൊന്നും ആരും ഉണ്ടായിരുന്നുമില്ല. 201011 കാലത്ത് രണ്ടു ലക്ഷം രൂപ കൊണ്ട് തുടങ്ങിവച്ചതാണ് ഈ വീടിന്റെ പണി. ഇതിന്റെ പണി എങ്ങനെയെങ്കിലും തീര്‍ക്കാനാണ് ലോണെടുത്തത്. പക്ഷേ, മെയിന്‍ സ്ലാബ് ഇടാനേ പറ്റിയുള്ളൂ, വാര്‍പ്പു തീര്‍ന്നിട്ടില്ല.’
ഏഴു വര്‍ഷത്തെ കാലാവധി പറഞ്ഞെടുത്ത വായ്പ, കാലാവധി പോലും കഴിയുന്നതിനു മുന്നേ തന്നെ ജപ്തിയിലെത്തിച്ചത് എങ്ങിനെയാണെന്ന് സുനിലിനറിയില്ല. രോഗബാധിതനാണെങ്കിലും, വീട്ടിലെ ചെലവുകളും വായ്പ തിരിച്ചടവും ഉള്ളതുകാരണം കിട്ടുന്ന ജോലിയ്‌ക്കെല്ലാം പോകാറുണ്ട് സുനില്‍. ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്കു പോലും തയ്യാറാകാതെ, തന്നെയും കുടുംബത്തേയും തെരുവിലിറക്കിവിടുകയാണെന്ന് സുനില്‍ പറയുന്നുണ്ട്. വിവരമറിഞ്ഞ് വൈകിട്ടോടെ എത്തിയ പ്രദേശവാസികളും സാമൂഹിക പ്രവര്‍ത്തകരുമാണ് ധനകാര്യ സ്ഥാപനം അടച്ചുപൂട്ടിയ വീടു തുറന്ന് സുനിലിനെയും കുടുംബത്തേയും അകത്തു കയറ്റിത്താമസിപ്പിച്ചത്. നാലു സെന്റെ ഭൂമിയും അതിലൊരു പണിതീരാത്ത വീടും മാത്രമുള്ള തനിക്ക് പോകാന്‍ മറ്റൊരിടമില്ലെന്ന് നാട്ടുകാര്‍ക്കറിയാമെന്ന് സുനില്‍ പറയുന്നു. പൂട്ടു തകര്‍ത്ത് വീട്ടില്‍ക്കയറി താമസിച്ചിട്ടും, ബാങ്ക് അധികൃതര്‍ ഇതുവരെ വിശദീകരണമാവശ്യപ്പെട്ടിട്ടില്ലെന്നും, അധികം വൈകാതെ അവര്‍ സ്ഥലത്തെത്തുമെന്നും സുനില്‍ വിശദീകരിക്കുന്നുണ്ട്.
പ്രളയത്തില്‍ തകര്‍ന്നു പോയ പഴയ വീടിന്റെ അവശിഷ്ടങ്ങള്‍ സുനിലിന്റെ പുതിയ വീടിന്റെ അടുത്തു തന്നെയുണ്ട്. വീടു പൂര്‍ണമായും വാസയോഗ്യമല്ലാതായി മാറിയെങ്കിലും, എല്ലാവര്‍ക്കും ലഭിച്ചതു പോലെ പതിനായിരം രൂപ മാത്രമാണ് നാളിതുവരെ സുനിലിനും ലഭിച്ചിട്ടുള്ളത്. വീടു നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീടു വച്ചു കൊടുക്കാനുള്ള പദ്ധതിയില്‍ പേരു ചേര്‍ക്കാന്‍ കോഴിക്കോട് കലക്േ്രടറ്റില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തിരുന്നെങ്കിലും, ഇതുവരെ വിവരമൊന്നുമായിട്ടില്ല. രോഗവും പ്രളയവും ചേര്‍ന്ന് തളര്‍ത്തിക്കളഞ്ഞ ഒരു കുടുംബത്തിലേക്കാണ് ജപ്തി നടപടികളും ഇപ്പോള്‍ വന്നുവീണിരിക്കുന്നത്. സര്‍ഫാസി നിയമത്തിന്റെ കയ്യൂക്കിലാണ് സ്ഥാപനം കാലാവധിയെത്തുന്നതിനു മുന്നേ തന്നെ ജപ്തിയിലേക്ക് കടന്നതെന്നും സുനില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ഏറെ സര്‍ഫാസി ഇരകളുള്ള പേരാമ്പ്ര-കുറ്റിയാടി ഭാഗങ്ങളില്‍ നിന്നും കേള്‍ക്കുന്ന ഏറ്റവുമൊടുവിലത്തെ കഥയാണ് സുനിലിന്റേത്. വായ്പ തുക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ക്ക് പ്രത്യേകാധികാരങ്ങള്‍ നല്‍കുന്ന സര്‍ഫാസി നിയമം നടപ്പിലായതിനു ശേഷം സ്വകാര്യബാങ്കുകള്‍ക്കടക്കം വലിയ നേട്ടമാണുണ്ടായിരിക്കുന്നത്. അതേസമയം, കടക്കെണിയില്‍പ്പെട്ട് പെരുവഴിയിലിറങ്ങേണ്ടിവരുന്ന സാധാരണക്കാരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പ്രളയം കഴിഞ്ഞതോടെ, സര്‍ഫാസിക്കെണിയിലകപ്പെട്ട് ജീവനൊടുക്കുന്ന കര്‍ഷകരെക്കുറിച്ചും മലയോരഗ്രാമങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
തനിക്കോ തന്റെ കുടുംബത്തിനോ കയറിക്കിടക്കാന്‍ മറ്റിടങ്ങളില്ലെന്നും, ജയിലിലടയ്ക്കുമെങ്കില്‍ നാലു പേരെയും ഒരുമിച്ച് അടയ്ക്കട്ടെ എന്നുമാണ് സുനിലിന് പറയാനുള്ളത്. പ്രദേശവാസികള്‍ തനിക്കൊപ്പമുണ്ടെന്ന ധൈര്യവും സുനിലിനുണ്ട്. ബാങ്ക് അധികൃതര്‍ എത്തിയാല്‍ അവരുമായി സംസാരിച്ച് തീരുമാനത്തിലെത്താനാകും എന്ന പ്രതീക്ഷയും സുനിലിനുണ്ട്. നിലവില്‍ ബാങ്ക് നിയോഗിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ സുനിലിന്റെ വീട്ടിലുണ്ട്. ഉടനെ തന്നെ ബാങ്കുമായി ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുമെന്നും തന്റെ പരാധീനതകള്‍ക്ക് അന്ത്യമുണ്ടാകുമെന്നും തന്നെയാണ് സുനില്‍ കരുതുന്നത്.