UPDATES

വീടിനുള്ളില്‍ തലപ്പൊക്കം വെള്ളത്തില്‍ മുങ്ങിനിന്നത് മൂന്ന് ദിവസം; മരവിച്ച് മരിക്കാഞ്ഞത് ഭാഗ്യമെന്ന് സരോജിനി

മരണം തൊട്ടടുത്ത് കണ്ടതിന്റെ പേടിയും അതിജീവിച്ചതിന്റെ ആശ്വാസവും എല്ലാം ഉറഞ്ഞുകൂടിയ മുഖമായിരുന്നു സരോജനിക്ക്

പ്രളയത്തില്‍ മുങ്ങിപ്പോയ ചെങ്ങന്നൂരും പരിസര പ്രദേശങ്ങളും ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. പ്രളയം സംബന്ധിച്ച് ജനങ്ങള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നോ, പ്രളയം ബാധിച്ചതിനു ശേഷമുണ്ടായ നടപടികള്‍ ഫലവത്തായിരുന്നോ തുടങ്ങിയ കാര്യങ്ങളും ഇപ്പോള്‍ ചര്‍ച്ചകളുടെ ഭാഗമാണ്. ഇതിനൊപ്പമാണ് പ്രളയത്തെ അതിജീവിച്ചവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍. മൂന്ന് ദിവസം വീടിനു മുകളില്‍ മഴവെള്ളം മാത്രം കുടിച്ചു ജീവിച്ചവരും കനത്ത കുത്തൊഴുക്കില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നത് വരെ ജീവന്‍ കൈയില്‍ പിടിച്ചിരുന്നവരും ഒക്കെയായി വലിയൊരു വിഭാഗമുണ്ട്. ചെങ്ങന്നൂരില്‍ അഴിമുഖം കണ്ട കാര്യങ്ങള്‍ ഇവിടെ വായിക്കാം. 

(ഭാഗം 1 പുരപ്പുറത്ത് മഴവെള്ളം കുടിച്ചു ജീവിച്ച നാളുകള്‍; ചെങ്ങന്നൂരിപ്പോഴും ആ പ്രളയദിവസങ്ങളുടെ ഓര്‍മയിലാണ്)

(ഭാഗം 2 ‘എന്റെ ജനങ്ങളെ രക്ഷിക്കൂ’; രാജ്യം ഈ നിലവിളി കേട്ടതുകൊണ്ടാണ് ഇവിടെ സഹായമെത്തിയത്; സജി ചെറിയാന്‍ സംസാരിക്കുന്നു)

(ഭാഗം -3 സജി ചെറിയാന്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍; മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ നിന്നിറങ്ങി ജനത്തെ കേള്‍ക്കണം: പിസി വിഷ്ണുനാഥ് സംസാരിക്കുന്നു)

(ഭാഗം -4 എല്ലാം അവസാനിച്ചു എന്നാണ് കരുതിയത്; പ്രളയം മൂടിയ വീട്ടില്‍ നിന്ന് രക്ഷപെട്ടതിന്റെ ഓര്‍മയില്‍ ശാരിക)

ഭാഗം 5

സരോജനിക്കും ഗോപാലകൃഷ്ണനും കൈകാലുകളിലെ മരവിപ്പ് ഇപ്പോഴും ബാക്കിയാണ്. മൂന്ന് ദിവസം നിലകിട്ടാതെ വെള്ളത്തില്‍ ഉയര്‍ന്ന് നിന്നതിന്റെ ഭീതിയും അവരോടൊപ്പം തന്നെയുണ്ട്. താടി വരെ വെള്ളത്തില്‍ മുങ്ങി രണ്ട് ദിനങ്ങള്‍. പിന്നീട് കയ്യില്‍ കിട്ടിയെതെല്ലാം വാരിക്കൂട്ടി മുകളിലേക്ക് മുകളില്‍ ഇട്ട് ജീവന്‍ രക്ഷിക്കാനായി കയറി നിന്ന ഒരു ദിവസം. “രണ്ട് പേരേയും വീട്ടില്‍ നിന്ന് പുറത്തെടുക്കുമ്പോള്‍ കയ്യും കാലും എല്ലാം മരവിച്ചിരിക്കുകയായിരുന്നു. കുറച്ചു നേരം കൂടി കഴിഞ്ഞിരുന്നെങ്കില്‍ 74-ഉം 70-ഉം വയസുള്ള അവര്‍ മുഴുവനായും മുങ്ങിയേനെ. ഈ പ്രായത്തില്‍ അവര്‍ രക്ഷപെട്ടത് തന്നെ ഭാഗ്യം. അവരെ കാണാതെ നിങ്ങള്‍ മടങ്ങല്ലേ. അവര്‍ക്കാണ് പ്രളയത്തിന്റെ അനുഭവങ്ങള്‍ പറയാനുണ്ടാവുക”, പരുമല പള്ളിയിലെ ക്യാമ്പിലെത്തി സരോജിനിയേയും ഗോപാലകൃഷ്ണനേയും അന്വേഷിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന പ്രദീപിന്റെ വാക്കുകളില്‍ തന്നെ അവര്‍ അനുഭവിച്ച ദുരിതത്തിന്റെ തീവ്രത വ്യക്തമായിരുന്നു.

നേരില്‍ കണ്ടപ്പോള്‍ അത് കുറേക്കൂടി ബോധ്യമായി. മരണം തൊട്ടടുത്ത് കണ്ടതിന്റെ പേടിയും അതിജീവിച്ചതിന്റെ ആശ്വാസവും എല്ലാം ഉറഞ്ഞുകൂടിയ മുഖമായിരുന്നു സരോജനിക്ക്. പാണ്ടനാട് ആലുംമൂട്ടുനട സ്വദേശികളാണ് ഇരുവരും. അങ്ങേയറ്റത്തെ ശാന്തതയോടെയും സമാധാനത്തോടെയുമാണ് അവര്‍ സംസാരിച്ച് തുടങ്ങിയത്.

മോന് ജോലി ഉള്ളതോണ്ട്‌ പതിനഞ്ചിന് രാവിലെ എട്ട് മണി കഴിഞ്ഞപ്പോള്‍ കോട്ടയത്തോട്ട് പോയി. അമ്മേ വെള്ളം ഭയങ്കര വരവാ, അമ്മേം അച്ഛനും കൂടെ ആറന്മുളക്ക് പൊക്കോണം എന്ന് പറഞ്ഞേച്ചാണ് അവന്‍ പോയത്. ആറന്മുള അവന്റെ ഭാര്യവീടാണ്. മരുമോളും വിളിച്ചു. പക്ഷെ ഞങ്ങള്‍ രണ്ട് പേരും പോവാം പോവാന്ന് പറഞ്ഞിരുന്നപ്പഴേക്കും വെള്ളം മുറ്റം വരെയായി. പിന്നെ പടി ഓരോന്നോരോന്ന് കേറിക്കേറി വന്നു. നിക്കുന്നതിനകം വെള്ളം കയറിയങ്ങ് വന്നോളുവാ. പെരയ്ക്കകത്ത് അരയറ്റം വെള്ളം വരെയായി. അന്ന് ഞങ്ങള്‍ അവിടെ കഴിച്ചുകൂട്ടി. കെടക്കുന്ന കട്ടിലേല്‍ കെടന്ന് ഉറങ്ങി. രാത്രി ഒരു മണിയായപ്പോള്‍ കട്ടിലേല്‍ വെള്ളം കയറി. കട്ടിലേലേക്ക് വെള്ളമായപ്പോള്‍ സെറ്റി പിടിച്ചോണ്ട് വന്ന് അതിന് മുകളിലോട്ടിട്ട് അതിനകത്തോട്ട് ഇരുന്നു. സെറ്റിയുടെ മുമ്പില്‍ കസേര എടുത്ത് വച്ച് അതില്‍ കാല് വച്ചോണ്ടാണ് ഇരുന്നത്. നേരംവെളുക്കുവോളം അങ്ങനെതന്നെ. അടുത്തൊള്ളവരോടൊക്കെ പറഞ്ഞു ഞങ്ങളേം കൂടെ അക്കരെ ഇറക്കെന്ന്. നടന്നില്ല.

ആദ്യം അരയറ്റമായിരുന്നു വെള്ളം. പിന്നെ കഴുത്തറ്റമായി. ഇതിനിടക്ക് പടിഞ്ഞാറെ റോഡിലേക്ക് പോവാന്‍ ഞങ്ങള്‍ ശ്രമിച്ചു. പക്ഷെ മുറ്റത്ത് നിലയില്ലാതായി. രണ്ട് തവണ മുറ്റത്തിറങ്ങി നീന്തിയതാ. മുറ്റത്തിന്റെ പകുതി വരെയൊക്കെ എത്തി. പക്ഷെ അടിയിലൂടെ ഭയങ്കര ഒഴുക്കായിരുന്നു. ഒഴുക്കില്‍ നീന്താന്‍ പറ്റിയില്ല. താഴോട്ട് ചെന്നാല്‍ കാലും ഉറക്കില്ല. പിന്നേം ഞങ്ങള്‍ രണ്ട്‌പേരും കൂടെ പിടിച്ച് പിടിച്ച് പെരക്കകത്തോട്ട് കയറി. ഉച്ചക്ക് ഒരു മണി, രണ്ട് മണിയായപ്പഴേക്കും അടുത്ത വീട്ടിലെ പിള്ളേര്‍ ചങ്ങാടത്തില്‍ പോവുന്നത് കണ്ടു. ഞങ്ങളേക്കൂടെ ഇറക്കാന്‍ പറഞ്ഞപ്പോള്‍ വരാം വരാം എന്ന് പറഞ്ഞേച്ച് അവരങ്ങ് പോയി. മൂന്നാല് മണിയായപ്പോഴേക്കും ഓരോരുത്തരെ ഞങ്ങള്‍ വിളിച്ചു. ചങ്ങാടത്തില്‍ നിങ്ങള്‍ക്ക് ഇറങ്ങാന്‍ പറ്റില്ല എന്ന് അവര്‍ പറഞ്ഞു.

വൈകിട്ടായപ്പോള്‍ ഞങ്ങടെ മോന്‍ കോട്ടയത്ത് നിന്നും ചെങ്ങന്നൂര്‍ എത്തി. ചെങ്ങന്നൂരില്‍ ഞങ്ങളുടെ അടുത്തുള്ള ഒരു പോലീസുകാരനുണ്ട്. സുന്ദര്‍ലാല്‍. അദ്ദേഹത്തോട് മോന്‍ കാര്യം പറഞ്ഞു. സുന്ദര്‍ലാല്‍ ഞങ്ങളെ വിളിച്ചിട്ട് അങ്ങോട്ട് വരുന്നുണ്ടെന്ന് പറഞ്ഞു. അന്നും അവര് വന്നില്ല എന്നതാണ് സത്യം. അന്ന് രാത്രിയും വെള്ളത്തില്‍ തന്നെ കഴിച്ചുകൂട്ടി. ഹാളിനകത്ത് കട്ടില്‍ പിടിച്ചുകൊണ്ടിട്ട് അതിന് മുകളില്‍ സെറ്റിയിട്ട്, അതിനും മുകളില്‍ ദിവാന്‍ കോട്ട് ഇട്ട്, അതിനും മുകളില്‍ രണ്ട് മെത്ത കൊണ്ടുവന്നിട്ട് ആ രാത്രി അവിടെ കഴിച്ചുകൂട്ടി. പെരക്കകത്തും നിലയില്ലാത്ത അവസ്ഥയായിരുന്നു. താഴേക്കിറങ്ങിയാല്‍ മുങ്ങും.

നേരെ വെളുത്ത് കഴിഞ്ഞപ്പോഴും താഴേക്കിറങ്ങാന്‍ ഒരു രക്ഷയുമില്ല. തന്നെ നീന്തി പോരാനുമൊക്കില്ല. അങ്ങനെ നിന്ന് നിന്ന് നേരം ഉച്ചയായി. ഭക്ഷണവും ഇല്ല, വെള്ളവുമില്ല. ഇതിനിടക്കിടക്ക് ഉരുണ്ടുരുണ്ട് താഴോട്ടൊക്കെ വീഴും. അന്നേരം കുറച്ച് വെള്ളം വയറ്റില്‍ പോണുണ്ട്. അതങ്ങ് ഇറക്കും. ആ വെള്ളം ചെല്ലുമ്പഴത്തേക്കും ഭയങ്കര തണുപ്പാ. അത് കുടുകുടാന്നൊക്കെ വയറ്റിലേക്ക് പോയി. അങ്ങനെ അത് കുടിച്ച് അതിനകത്ത് കഴിഞ്ഞു. അന്ന് വൈകിട്ടായപ്പഴാണ് സുന്ദര്‍ലാല്‍ കൊല്ലത്തുനിന്ന് വന്ന മത്സ്യത്തൊഴിലാളികളുടെ ബോട്ടുമായിട്ട് വന്നത്. അതിന് മുമ്പെ എന്റെ കൂടെയിരുന്ന പുള്ളി (ഭര്‍ത്താവ്) ഞാന്‍ മുറ്റത്തോട്ടൊന്ന് ഇറങ്ങട്ടെ, മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ഇറങ്ങിയിരുന്നു. വാതില്‍ അടഞ്ഞതോടെ പിന്നെ പുള്ളിക്ക് അകത്തോട്ട് കയറാന്‍ പറ്റാതെയായി. കതകു തുറക്കെന്ന് വിളിച്ചു പറയുന്നുണ്ട്. ഞാന്‍ ചെന്ന് പിടിച്ചിട്ട് കതക് തുറക്കുന്നില്ല. അത്ര ബലത്തില്‍ നിക്കുവാണ്. അതോടെ പുള്ളിയങ്ങ് വെളിയിലും ഞാനിങ്ങ് അകത്തുമായി. അങ്ങനെയിരിക്കുമ്പോഴാണ് ബോട്ടുകാര് വരുന്നത്. അവര് വന്ന് എ്‌ന്നെ വിളിച്ചു. എങ്ങനെയെങ്കിലും വെളിയിലിറങ്ങാന്‍ പറഞ്ഞു. ഞാന്‍ ആവുന്നത് നോക്കിയിട്ടും കതക് തുറക്കാനും പറ്റുന്നില്ല.

ഹാളിന്റെ മുകളില്‍ ഷീറ്റാണ് ഇട്ടിരിക്കുന്നത്. വന്ന പിള്ളേരെല്ലാം കൂടി മുകളില്‍ കയറി ഷീറ്റ് രണ്ടെണ്ണമെടുത്ത് വെളിയില്‍ കളഞ്ഞു. ഷീറ്റിന്റെ അടിയിലെ സീലിങ്ങ് വെട്ടിക്കീറിക്കളഞ്ഞു. വെള്ളത്തില്‍ നില കിട്ടില്ലെങ്കിലും സുന്ദര്‍ലാല്‍ ചാടിയിറങ്ങിയിട്ട് എന്റെ കയ്യേത്തൂക്കിയെടുത്ത് ആ പിള്ളേരുടെ കയ്യിലേക്ക് കൊടുത്തു. അവര്‍ എന്റെ തോളേല്‍ പിടിച്ച് കയറ്റി വള്ളത്തിലാക്കി. അതിനിടക്ക് ഭര്‍ത്താവിനേയും വള്ളത്തിനകത്ത് കയറ്റിയിരുന്നു. ഞങ്ങളുടെ അടുത്ത് ആശുപത്രിയുണ്ട്. ആ ആശുപത്രിയോട് ചേര്‍ന്ന് വലിയ കോണ്‍ഫറന്‍സ് ഹാളുണ്ട്. അവിടെയാണ് ഞങ്ങളെയെല്ലാവരേയും കൊണ്ടിറക്കിയത്.

തുണിയെല്ലാം നനഞ്ഞിരിക്കുവാരുന്നു. അവരൊരു നൈറ്റി കൊണ്ടത്തന്നതാണ് ഞാനിട്ടത്. നാല് മണി വരെ അവിടെ കഴിച്ചുകൂട്ടി പിന്നെ ആ ബോട്ടില്‍ തന്നെ ഞങ്ങളെ സ്‌കൂളിലേക്ക് കൊണ്ടുപോയി. പിറ്റേന്ന് ഉച്ചകഴിഞ്ഞ് പരുമല പള്ളിയില്‍ കൊണ്ടുവന്നാക്കി. അങ്ങനെ ഒരു വിധം രക്ഷപെട്ടു. വെള്ളം ഇങ്ങനെ വരുന്ന കാരണം ഒരു രക്ഷയുമില്ലായിരുന്നു. കാല് നിലത്തും മോളിലുമല്ലാത്ത അവസ്ഥയില്‍ നിക്കുവാരുന്നു. ജീവന്‍ രക്ഷപെട്ടു. അതെന്തോ ഭാഗ്യം.”

എല്ലാം അവസാനിച്ചു എന്നാണ് കരുതിയത്; പ്രളയം മൂടിയ വീട്ടില്‍ നിന്ന് രക്ഷപെട്ടതിന്റെ ഓര്‍മയില്‍ ശാരിക

സജി ചെറിയാന്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍; മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ നിന്നിറങ്ങി ജനത്തെ കേള്‍ക്കണം: പിസി വിഷ്ണുനാഥ് സംസാരിക്കുന്നു

‘എന്റെ ജനങ്ങളെ രക്ഷിക്കൂ’; രാജ്യം ഈ നിലവിളി കേട്ടതുകൊണ്ടാണ് ഇവിടെ സഹായമെത്തിയത്; സജി ചെറിയാന്‍ സംസാരിക്കുന്നു

പുരപ്പുറത്ത് മഴവെള്ളം കുടിച്ചു ജീവിച്ച നാളുകള്‍; ചെങ്ങന്നൂരിപ്പോഴും ആ പ്രളയദിവസങ്ങളുടെ ഓര്‍മയിലാണ്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍