UPDATES

സയന്‍സ്/ടെക്നോളജി

ആരാ നെപ്പോളിയനെ തോല്‍പ്പിച്ചേ? ആരാ സാമൂതിരിപ്പടയെ തോല്‍പ്പിച്ചേ?

Avatar

ഡാ ലി

കുഞ്ഞുകുട്ടികളായിരിക്കുമ്പോള്‍ നമുക്ക് പലതരം കണ്ടുപിടിത്തത്വര ഉണ്ടാകാറില്ലേ? ഒരിക്കലും വറ്റാത്ത ഊര്‍ജ്ജസ്രോതസ്സ് ഉണ്ടാക്കുന്നത്, സൂര്യന്റെ താപം ഭൂമിയില്‍ നിന്നുമളക്കുന്ന ഒരു സംവിധാനമുണ്ടാക്കുന്നത്, അല്ലെങ്കില്‍ കൂര്‍ക്ക നന്നാക്കുന്ന ഒരു ഉപകരണമുണ്ടാക്കുന്നത്, അതുമല്ലെങ്കില്‍ പ്രിസം വഴി പിരിഞ്ഞു വരുന്ന വെള്ളനിറത്തിലെ പല നിറങ്ങളെ എങ്ങനെ കുപ്പിയിലാക്കാം എന്നിങ്ങനെ… ഒരല്‍പ്പം മുതിരുമ്പോള്‍ ഊറിചിരിക്കും എന്തൊക്കെ പൊട്ടത്തരമായിരുന്നു അവയെന്ന്‍. പക്ഷേ ആ ആലോചനയുടെ സമയത്ത് അവ നമ്മുടെ സ്വന്തം കണ്ടുപിടുത്തങ്ങളാണ്, ഒരു കുട്ടിയുടെ കണ്ടുപിടുത്ത ലോജിക് മുന്നോട്ട് പോകുന്ന വഴിയാണത്.

 

കുട്ടികളുമായി വലിയ സംസര്‍ഗ്ഗമില്ലാത്തത് കൊണ്ട് ഈയിടെ അത്തരം വമ്പന്‍ ആശയങ്ങള്‍ ഒന്നും കിട്ടാറില്ല. അപ്പോഴാണു ഇത് മുന്നില്‍ പെടുന്നത്; ‘മൈക്രോസ്‌കോപ്പിലൂടെ വലുതായിക്കണ്ട സാധനങ്ങള്‍ അതേ വലിപ്പത്തില്‍ നിലനിര്‍ത്താനാവുമോ… അതാ പുതിയ പരീക്ഷണം’, എന്നൊരു കുഞ്ചെറുക്കന്‍! എവിടെയാണെന്നോ? യുറീക്കയുടെ സൂക്ഷ്മജീവി പതിപ്പില്‍!

 

എനിക്കറിയാത്ത ചില കാര്യങ്ങള്‍ കൂടെ ഈ കുഞ്ഞിപ്പതിപ്പിലുണ്ടായിരുന്നെന്നേ, നെപ്പോളിയന്റെ പട്ടാളക്കാരെ തോല്‍പ്പിച്ചതും ഈ കുഞ്ഞികളാണെന്നു ഈയിടെയാണ് കണ്ടുപിടിച്ചത് പോലും. അതുമാത്രമല്ല സാമൂതിരിപ്പടയെ തോല്‍പ്പിച്ചതും ഇവരായിരുന്നുവെന്ന്! ചരിത്രത്തിലൂടെ സൂഷ്മാണുവിനെക്കുറിച്ച് മനസ്സിലാക്കുക, എന്തുരസമാണ്! നിസ്സാരക്കാരായ പേനുകള്‍ കുതിരയെ കുന്തത്തില്‍ കോര്‍ക്കുന്ന ഭാവന തന്നെ എത്ര വ്യത്യസ്തമാണ്. ശാസ്ത്രവിഷയങ്ങള്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് ചരിത്രത്തിലൂടെയും ശാസ്ത്രം പഠിക്കാം, മറിച്ചും. എന്താലേ!

 

 

ഈ പതിപ്പ് വായിച്ച് കഴിയുമ്പോള്‍ വടക്കഞ്ചേരിയും മറ്റ് വാക്‌സിന്‍ വിരുദ്ധ നിരയും പറയുന്ന ‘രോഗാണു സിദ്ധാന്തം ഒന്നും ഇല്ല’ എന്നത് കേള്‍ക്കുമ്പോള്‍ യുറീക്കാ കുഞ്ഞുങ്ങള്‍ വാപൊത്തി ചിരിക്കും. അവര്‍ക്കറിയാം മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ വൈസ്ചാന്‍സലാറായാലും വിഡ്ഡിത്തം പറഞ്ഞാല്‍ സ്‌കൂള്‍ കുട്ടികള്‍ക്കും തിരുത്താമെന്ന്‍, കാരണം അത്രവലിയ വിദ്യാഭ്യാസമില്ലാത്ത ലീവെന്‍ ഹുക്കിന്റെ കണ്ടുപിടുത്തവും അവര്‍ ഇപ്പോള്‍ വായിച്ച് കഴിഞ്ഞിരിക്കുന്നു. അതുമാത്രമല്ല, വര്‍ഷങ്ങളായി സ്റ്റാഫ് റൂമിന്റെ അറകളില്‍ കെട്ടിപ്പൊതിഞ്ഞ് ഫംഗസ് കേറി തുടങ്ങിയ സ്‌കൂള്‍ മൈക്രോസ്‌കോപ്പിനെ പൊടിതട്ടിയെടുക്കാനും ഈ യുറീക്ക നിര്‍ബന്ധിക്കും. അങ്ങനെ എല്ലാവരും കാണട്ടെ ഈ കുഞ്ഞിവീരരുടെ പ്രതാപം.

 

അറിവ് വന്നത് മുഴുവന്‍ യൂറോപ്പില്‍ നിന്നല്ലെന്നും ഇതിനിടയ്ക്ക് അറിവിനാല്‍ സമ്പന്നമായിരുന്ന ഒരു അറബ് ലോകം ഉണ്ടായിരുന്നു എന്നും അല്‍ ഹസ്സന്റെ കഥയിലൂടെ കുട്ടികളില്‍ ഇറങ്ങി ചെല്ലും. എന്നുവച്ചാല്‍ വിവരവും അറിവും (Information and Knowledge) തമ്മില്‍ വേര്‍തിരിച്ചറിഞ്ഞായിരിക്കും യുറീക്കാ കുട്ടികള്‍ വളരുക.

 

മറ്റൊരു സവിശേഷത, പ്ലാസ്റ്റിക് ബഹിഷ്‌കരിക്കാന്‍ കുട്ടികളെ പ്രത്യേകമായ രീതിയില്‍ പ്രേരിപ്പിക്കുന്നു എന്നതാണ്. സൂക്ഷ്മജീവി പതിപ്പില്‍ അത് നല്ല വര്‍ണ്ണങ്ങളിലുള്ള, പോക്കറ്റുള്ള തുണിസഞ്ചി ഉണ്ടാക്കാന്‍ പഠിപ്പിച്ച് കൊണ്ടാണ്. തുണിസഞ്ചിയുപയോഗിക്കുന്ന, പ്ലാസ്റ്റിക് കവറുകള്‍ വേണ്ട എന്ന് പറയുന്ന ഒരു തലമുറയിലൂടെ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ യുറീക്ക ഇവിടെ അടിസ്ഥാനമിടുന്നുണ്ട്. ലിംഗവ്യത്യാസത്തെ ചെറുക്കാനും യുറീക്ക ഒരുക്കുന്നവര്‍ ശ്രദ്ധിക്കുന്നുണ്ടെന്ന്‍ അതിലെ കാര്‍ട്ടൂണുകള്‍ വ്യക്തമാക്കും.

 

ഈ സൂക്ഷ്മജീവി പതിപ്പ് ഇപ്പോള്‍ പരിഷത്ത് പേജില്‍ എല്ലാവര്‍ക്കും ലഭ്യമാണ്. വായിക്കുക, രസിക്കുക. കാട്ടൂണുകളും വരകളും ഒക്കെ ബഹുരസമായിട്ടുണ്ട്: 
http://kssp.in/eureka_sookshmajeevi_pathipp

 

 

എന്റെ തലമുറയുടെ ബാല്യം യുറീക്ക വായിച്ച് വളര്‍ന്നതായിരുന്നു. വിജ്ഞാനോത്സവങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി കിട്ടുന്ന വൈദ്യുതിയുടെ കഥയും നിധിപ്പോലെ സൂക്ഷിച്ച് വായിച്ച് വളര്‍ന്ന ബാല്യം. കേരളത്തിന്റെ ശാസ്ത്രമനസ്സിനെ ഒരു വലിയ അളവ് വരെ വളര്‍ത്താന്‍ ഈ യുറീക്കാ ബാല്യം സഹായിച്ചിട്ടുണ്ടായിരിക്കണം. പിന്നീട്ട് പല വൈതരണികളില്‍ യുറീക്കയുടെ ഓജസ്സ് നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ഇതാ അതിശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുന്നു യുറീക്ക.

 

ഈ തിരിച്ചു വരവില്‍ ആര്‍ക്കും പങ്കാളികളാകാം. നിങ്ങളുടെ പഴയ സ്‌കൂളിലേക്ക് യുറീക്ക സ്‌പോണ്‍സര്‍ ചെയ്യാം. നിങ്ങളുടെ എഴുത്തുകള്‍ യുറീക്കയ്ക്ക് അയക്കാം. വരയ്ക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതും എഴുതി അറിയിക്കാം. നല്ല നല്ല ചിത്രങ്ങള്‍ കുട്ടികളുടെ ഹൃദയങ്ങളിലേക്കുള്ള എളുപ്പവഴിയാണല്ലോ. വിശദവിവരത്തിനു [email protected] എന്ന മെയിലിലോ 9400 583 200 എന്ന നമ്പറിലോ വിളിക്കുക.ഇതാണ് യുറീക്ക വരിസംഖ്യ അടക്കാനുള്ള അക്കൌണ്ട് നമ്പര്‍: SB A/c No.1144101026964, IFSC No. CNRB0001144. ഒരോ ജില്ലയിലും ബന്ധപ്പെടേണ്ടുന്ന നമ്പറുകള്‍ സൂക്ഷമജീവിപ്പതിപ്പിലെ അവസാന പേജില്‍ ലഭ്യമാണ്. യുറീക്കയുമായി ബന്ധപ്പെട്ട എന്തു സഹായത്തിനും ലേഖികയെ ബന്ധപ്പെടാവുന്നതാണ്.

 

വടക്കാഞ്ചേരിമാര്‍ തുലയട്ടെ, ലീവന്‍ ഹുക്കുമാര്‍ ഇനിയുമിനിയും ഉണ്ടാകട്ടെ!

 

(ഡാ ലി – 2006 മുതല്‍ സൈബറിടത്തില്‍ എഴുതുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍