UPDATES

സത്‌നാം സിംഗ് കൊല്ലപ്പെട്ടിട്ട് അഞ്ചു വര്‍ഷം; ഹരിയാനയിലല്ല, കേരളത്തില്‍; എന്തായി അന്വേഷണം?

ബലാത്സംഗ കേസില്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന കോടതി വിധിയെ പുകഴ്ത്തുന്ന മലയാളി എന്തുകൊണ്ട് സത്നാം സിംഗിന്റെ മരണത്തിനു നേരെ കണ്ണടയ്ക്കുന്നു?

ഹരിയാനയിലെ പഞ്ച്കുളയിലുള്ള സിബിഐ കോടതി റാം റഹിം എന്ന ആള്‍ദൈവത്തെ ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് വിധിക്കുകയും അതിന്റെ പേരില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ഇയാളുടെ അനുയായികള്‍ കലാപമുണ്ടാക്കിയതുമാണ് രണ്ട് ദിവസങ്ങളായി ദേശീയ തലത്തില്‍ ഏറെ ചര്‍ച്ച ചെയ്തു വരുന്നത്. കേരളത്തില്‍ ഇതൊന്നും നടക്കില്ലെന്ന തലത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. എന്നാല്‍ സത്‌നാം സിംഗ് എന്ന ചെറുപ്പക്കാരന്‍ ഊളമ്പാറ മാനസിക രോഗ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത് അഞ്ച് വര്‍ഷം മുമ്പാണ്. കൃത്യമായി പറഞ്ഞാല്‍ 2012 ഓഗസ്റ്റ് 4-ന്. ബിഹാറിലെ ഗയ ജില്ലയിലെ ഷെര്‍ഗാട്ടി സ്വദേശിയായ സത്‌നാം സിംഗ് മാതാ അമൃതാനനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ചാണ് അറസ്റ്റിലായത്. അതേവര്‍ഷം മെയ് 30-ന് വീട്ടില്‍ നിന്നും അപ്രത്യക്ഷനായ സത്‌നാം ഓഗസ്റ്റ് ഒന്നിനാണ് അറസ്റ്റിലായത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാനസിക രോഗ ആശുപത്രിയില്‍ വച്ച് തലയ്ക്ക് പിന്നില്‍ അടിയേറ്റ് സത്‌നാം സിംഗ് മരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

സത്‌നാം മാനസിക രോഗിയാണെന്ന് കാണിച്ച് അര്‍ദ്ധസഹോദരനും ആജ് തക് ലേഖകനുമായ വിമല്‍ കിഷോര്‍ തെളിവുകള്‍ നിരത്തിയിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ സത്‌നാമിന് ജാമ്യം അുവദിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാല്‍ മുകളില്‍ നിന്നുള്ള വലിയ സമ്മര്‍ദ്ദമുണ്ടെന്നും ജാമ്യം അനുവദിക്കാനാകില്ലെന്നുമാണ് ആദ്യഘട്ടത്തില്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ കിഷോര്‍ നടത്തിയെങ്കിലും ആരുമറിയാതെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി സത്‌നാമിനെ ജയിലിലേക്കും അവിടെ നിന്നും മാനസിക രോഗ ആശുപത്രിയിലേക്കും എത്തിക്കുകയാണ് അധികാരികള്‍ ചെയ്തത്. ഇവിടെ വച്ചാണ് ഈ യുവാവ് കൊല്ലപ്പെട്ടതും.

അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും സത്‌നാമിന്റെ അച്ഛന്‍ ഹരീന്ദ്ര കുമാര്‍ സിംഗ് നല്‍കിയ കേസിന് യാതൊരു പുരോഗതിയുമുണ്ടായിട്ടില്ലെന്നാണ് അഴിമുഖം നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. കേസ് ഇപ്പോഴും കോടതി വിളിച്ച് മാറ്റി വച്ചുകൊണ്ടിരിക്കുകയാണെന്ന് അമൃതാനന്ദമയി ആശ്രമവുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രൂപീകരിച്ച സത്‌നം സിംഗ് ഡിഫന്‍സ് കമ്മിറ്റി കണ്‍വീനര്‍ കെ എം ബേബി പറയുന്നു. കേസില്‍ എത്രയും വേഗം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും രജിസ്ട്രാര്‍ക്കും കത്ത് നല്‍കിയിരിക്കുകയാണ്. ഇതുവരെ നാല്‍പത്തഞ്ചോളം തവണ ഈ കേസ് കോടതിയില്‍ മാറ്റിവച്ചിട്ടുണ്ട്. അത് മന:പൂര്‍വമാണോ അല്ലയോ എന്ന് അറിയില്ലെന്നും ബേബി പറയുന്നു.

നാല്‍പ്പത്തഞ്ചോളം തവണ കോടതിയില്‍ കേസ് വിചാരണയ്ക്ക് വന്നിട്ടുണ്ടെങ്കിലും രണ്ടോ മൂന്നോ തവണ മാത്രമാണ് ഇത് സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടുള്ളത്. അപ്പോള്‍ പോലും പബ്ലിക് പ്രോസിക്യൂട്ടറും അഡ്വക്കേറ്റ് ജനറലും എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ ഉന്നയിച്ച് കേസ് മാറ്റിവയ്പ്പിക്കുകയാണ് ചെയ്യുന്നത്. കേസിന്റെ തുടക്കത്തില്‍ കേരളം ഭരിച്ചിരുന്നത് യുഡിഎഫ് സര്‍ക്കാരാണ്. സത്നാം സിംഗിന്റെ കൊലപാതകത്തെ തുടര്‍ന്ന് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ തുടക്കത്തില്‍ ആവശ്യപ്പെട്ടത് സിബിഐ അന്വേഷണം വേണമെന്നാണ്. 2012 ഓഗസ്റ്റ് എട്ടിന് തന്നെ ഹരീന്ദ്ര കുമാര്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. കേസില്‍ സര്‍ക്കാരിന് തടസമില്ലെന്നാണ് അന്ന് അവര്‍ പറഞ്ഞിരുന്നതെന്ന് ബേബി വ്യക്തമാക്കി. എന്നാല്‍ കോടതിയില്‍ ഈ നിലപാടല്ല അവര്‍ സ്വീകരിച്ചത്. സിബിഐ അന്വേഷണത്തിന് പകരം ക്രൈംബ്രാഞ്ച് അന്വേഷണം എന്ന നിലപാടാണ് സര്‍ക്കാര്‍ പിന്നീട് സ്വീകരിച്ചത്. എഡിജിപി ബി സന്ധ്യയ്ക്കായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ചുമതല. തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിക്കുകയും ചെയ്തു. 2013 ഡിസംബര്‍ ആക്ഷന്‍ കൗണ്‍സില്‍ വിചാരണക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. ഇപ്പോള്‍ ഫാസ്റ്റ് ട്രാക്ക് കോടതി കേസിന്റെ വിചാരണ സ്‌റ്റേ ചെയ്തിരിക്കുകയാണ്.

എല്‍ഡിഎഫ് അന്ന് സത്‌നാം സിംഗിന്റെ നീതി ആവശ്യപ്പെട്ട് വന്‍തോതിലുള്ള പ്രചരണമാണ് നടത്തിയത്. 2016-ല്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ അദ്ദേഹത്തെ കണ്ടും ഈ ആവശ്യം ഉന്നയിച്ചിരുന്നു. നാല് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ യാതൊരു പുരോഗതിയുമുണ്ടായില്ലെന്നാണ് സങ്കടഹര്‍ജിയില്‍ സൂചിപ്പിച്ചത്. എന്നാല്‍ ഒരു വര്‍ഷത്തോളമായിട്ടും ഇതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു മറുപടിയുമുണ്ടായിട്ടില്ലെന്ന് ബേബി വ്യക്തമാക്കി. “ഇപ്പോഴത്തെ മന്ത്രി വിഎസ് സുനില്‍ കുമാര്‍ ആണ് ഈ കേസിന് വേണ്ടി ഏറ്റവുമധികം സംസാരിച്ച ഇടതുപക്ഷ നേതാവ്. അദ്ദേഹം ഇപ്പോഴും ആക്ഷന്‍ കൗണ്‍സിലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുണ്ടെങ്കിലും കൃഷി മന്ത്രി വിചാരിച്ചാല്‍ ഈ കേസില്‍ ഒന്നും നടക്കാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടി സംവിധാനത്തിനുമാണ് ഈ വിഷയത്തില്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുക. കേസില്‍ അടിയന്തര നടപടിയെടുക്കണമെന്ന് അഡ്വക്കേറ്റ് ജനറലിനോട് ആവശ്യപ്പെടാന്‍ സര്‍ക്കാരിന് മാത്രമേ സാധിക്കൂ. അതേസമയം കോടതിയിലെ കാര്യങ്ങള്‍ വേഗതയിലാക്കേണ്ടത് കോടതി തന്നെയാണെ”ന്നും ബേബി പറയുന്നു. സ്റ്റേറ്റ് ആരുടെ പക്ഷത്താണോ നില്‍ക്കേണ്ടത് അവരുടെ പക്ഷത്ത് നില്‍ക്കുന്നില്ലെന്നതാണ് ആക്ഷന്‍ കൗണ്‍സിലിന്റെ പരാതി. കേരളത്തില്‍ നടക്കുന്ന കേസ് സംബന്ധിച്ച് ഹരീന്ദ്ര സിംഗിന് വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നത് ഈ കമ്മിറ്റിയാണ്.

കൊടുങ്ങല്ലൂര്‍ സ്വദേശി നാരായണന്‍ കുട്ടിയുടെ കൊലപാതകത്തിലും ഈ കമ്മിറ്റി ഇടപെടുന്നുണ്ട്. അമൃതാനന്ദമയി മഠം സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച നാരായണന്‍ കുട്ടിയെ രമേശ് റാവുവെന്ന ആശ്രമവാസി കൊലപ്പെടുത്തിയെന്നാണ് ആരോപണം. 1990 ഏപ്രിലിലാണ് നാരായണന്‍ കുട്ടിയുടെ മരണം സംഭവിച്ചത്. അമൃതാനന്ദമയിയുടെ മഠം സ്ഥിതി ചെയ്യുന്നത് നാരായണന്‍ കുട്ടിയുടെ തറവാട്ട് ഭൂമിയിലാണ്. മാര്‍ക്‌സിസ്റ്റ് ചിന്തകനും കേരള വര്‍മ്മ കോളേജിലെ അധ്യാപകനുമായ വി അരവിന്ദാക്ഷന്റെ മകനാണ് നാരായണന്‍ കുട്ടി. താന്‍ അറിയാതെ തന്റെ കുടുംബ സ്വത്ത് കൈവശമാക്കിയ മഠം അധികാരികളെയാണ് ഇദ്ദേഹം ചോദ്യം ചെയ്തത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്ക്ക് പിന്നിലെ ബ്രെയിന്‍ സ്റ്റെമ്മിന് അടിയേറ്റാണെന്ന് മരണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സത്‌നാം സിംഗിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. ഒരേ തരത്തിലുള്ള കുറ്റകൃത്യം നടത്തുന്നവരാണ് ഇരു കൊലപാതകങ്ങള്‍ക്കും പിന്നിലെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്ന് ബേബി പറയുന്നു. ഈ കുറ്റവാളികള്‍ ആരാണെന്നാണ് സത്‌നം സിംഗ് ഡിഫന്‍സ് കമ്മിറ്റിക്ക് അറിയേണ്ടത്.

തിരുവനന്തപുരം സ്വദേശിയായ അനില്‍കുമാര്‍ എന്ന വ്യക്തി അമൃതാനന്ദമയി മഠത്തില്‍ വച്ച് മരിക്കുന്നതും സമാനമായ രീതിയില്‍ തലയ്ക്ക് പിന്നില്‍ അടിയേറ്റാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം മരണം സംഭവിച്ച സമയമോ മരണകാരണമായേക്കാവുന്ന ആയുധം ഏതെന്നോ ഈ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമാക്കുന്നില്ല.

കമ്മിറ്റി ഇപ്പോള്‍ മുന്നോട്ട് പോകുന്ന കേസില്‍ സത്‌നം സിംഗ് മാത്രമാണ് വിഷയമെങ്കിലും ആശ്രമവുമായി ബന്ധപ്പെട്ട് നടന്ന മരണങ്ങളിലെ പൊതുസ്വഭാവം കണക്കിലെടുത്ത് ഈ കേസുകളെല്ലാം അന്വേഷിക്കണമെന്നാണ് ഇവരുടെ ആവശ്യം. വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തില്‍ പരിശീലനം ലഭിച്ച ഒരു കൊലയാളിയുണ്ടാകുമെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ഇതില്‍ ഉയര്‍ത്തുന്ന സംശയം. അല്ലെങ്കില്‍ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ഈ കേസുകളില്‍ മഠത്തിന് സഹായം ലഭിക്കുന്നുണ്ടാകുമെന്നും ഇവര്‍ സംശയിക്കുന്നു. വര്‍ഷങ്ങളായി കരുനാഗപ്പള്ളി പോലീസ് സ്‌റ്റേഷനും വള്ളിക്കാവ് മഠവുമായി അടുത്ത ബന്ധമാണ് പുലര്‍ത്തുന്നതെന്നും ബേബി ആരോപിക്കുന്നു.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍